Current Date

Search
Close this search box.
Search
Close this search box.

കേരളം കാത്തുവെച്ച കാരുണ്യ നനവ്

സമ്പത്തുമായി ബന്ധപ്പെട്ട് മനുഷ്യ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന നിലപാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. സമ്പാദിക്കുന്നതിലും ചിലവഴിക്കുന്നതിലും മറ്റുള്ളവർക്ക് ദാനമായി നൽകുന്നതിലും വ്യക്തികളുടെ അഭിമാനത്തെയും അസ്ഥിത്വത്തെയും അംഗീകരിക്കുന്നതും ആത്മീയതയെ ത്വരിതപ്പെടുത്തുന്നതുമായ നിലപാടാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ആരാധന കർമങ്ങൾ വ്യക്തി വിശുദ്ധിയെ സ്ഫുടം ചെയ്തതെടുക്കുന്നതോടൊപ്പം തന്നെ സഹജീവികളെ ഉൾകൊള്ളാനും പരിഗണിക്കാനും കൂടി താൽപര്യപ്പെടുന്ന രീതിയിലാണ് ഇസ്‌ലാം സംവിധാനിച്ചിരിക്കുന്നത്. സക്കാത്തിന്റെ സൗന്ദര്യം മനസ്സിനെയും വ്യക്തികളെയും സമൂഹത്തെയും കൂടുതൽ ആനന്ദത്തിലാഴ്ത്തുന്നത് അതിനാലാണ്. ഏതു പ്രതിസന്ധിക്കിടയിലും സമൂഹത്തിന്റെ ആത്മവിശ്വാസത്തെ ജ്വലിപ്പിച്ചു നിർത്താൻ സാധ്യമാവുന്നുവെന്നതാണ് സകാത്തിനെ നിര്ണായകമാക്കുന്ന ഘടകം.

സംഘടിത സകാത്തിന്റെ പ്രാധാന്യം

സകാത്ത് എങ്ങിനെ നൽകണം എന്നതാണ് പ്രധാന ചർച്ച വിഷയം. ഇതുമായി ബന്ധപ്പെട്ട സുനിശ്ചിതമായ നിയമങ്ങൾ ഖുർആനിലും ഹദീസിലും ചരിത്രത്തിലും കാണാൻ കഴിയുമെങ്കിലും എങ്ങിനെയൊക്കെ സകാത്ത് നൽകാതിരിക്കാമെന്നതിനെകുറിച്ച ആലോചനയിലാണ് ധാരാളം ആളുകൾ എന്ന് പറയാതിരിക്കാൻ വയ്യ. സംഘടിത സകാത്തിനെതിരായ ആസൂത്രിതമായ പ്രചാരണങ്ങളും കോലാഹലങ്ങളുമൊക്കെ സകാത്ത് ലക്ഷ്യങ്ങൾക്കനുസൃതമായി നിർവഹിക്കുന്നതിൽ നിന്ന് സമൂഹത്തെ അകറ്റിക്കൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം വിശ്വാസികൾ മനസ്സിലാക്കേണ്ടതുണ്ട്.

സകാത്ത് ശേഖരിക്കെണ്ടതും വിതരണം ചെയ്യേണ്ടതും സമൂഹ നേതൃത്വമാണ്. ലോകത്തെ മുസ്‌ലിം ഭൂരിപക്ഷ – ന്യൂനപക്ഷ രാജ്യങ്ങളിലെ സകാത്ത് സംവിധാനങ്ങൾ വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക സർക്കാർ സംവിധാനങ്ങളായും സർക്കാർ നിയമങ്ങളുടെയും പിന്തുണയോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനങ്ങളായും സ്വതന്ത്ര എൻ.ജി.ഒകളായുമാണ് സകാത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സകാത്തിൻ്റെ അവകാശികളിൽ മൂന്നാമതായി എണ്ണിയത് സകാത്ത് ജോലിക്കാരെയാണ്. കൃത്യമായി സകാത്ത് കണക്കാക്കി അത് വ്യക്തികളിൽ നിന്ന് വസൂൽ ചെയ്യാനും അതിൻ്റെ അവകാശികൾക്ക് എത്തിക്കാനുമാണത്.

സംഘടിതമായി സകാത്ത് ശേഖരിച്ചു കേരളത്തിലെ സാമൂഹ്യ സുരക്ഷാ പദ്ധതികളിലും പുരോഗതിയിലും പങ്കാളികളായതിൻറെ മികച്ച മാതൃകയാണ് ബൈത്തുസ്സകാത്ത് കേരള. കേരളത്തിൻറെ സാമൂഹ്യ സാഹചര്യം വിലയിരുത്തി പദ്ധതികൾ ആസൂത്രണം ചെയ്ത് പാവപ്പെട്ടവരുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കുക എന്നതാണ് ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നത്. കടബാധ്യത തീർക്കുന്നതിനുള്ള സഹായം, തൊഴിൽ പദ്ധതികൾ, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, റേഷൻ/പെൻഷൻ, കുടിവെള്ള പദ്ധതികൾ, വീടുകളുടെ നിർമ്മാണ പൂർത്തീകരണത്തിന് സഹായം, വീടുകളുടെ നിർമ്മാണത്തിന് പൂർണ്ണ സഹായം, രോഗികൾക്ക് ചികിത്സാ സഹായം തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി സകാത്ത് വിനിയോഗിക്കാൻ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. സകാത്ത് സംഘടിതമായി ശേഖരിച്ച് സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കി വിനിയോഗിക്കുക എന്നതാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. അല്ലാഹു നിശ്ചയിച്ച അവകാശികൾക്ക് സകാത്ത് ലഭിക്കുന്നതിനും സകാത്ത് കൃത്യമായി ശേഖരിക്കുന്നതിനും സംഘടിത സകാത്ത് സംവിധാനങ്ങൾ അനിവാര്യമാണ്. സകാത്തിൻ്റെ അവകാശികളെ കണ്ടെത്തുകയെന്നത് വ്യക്തികൾക്ക് പൂർണമായും സാധ്യമായ കാര്യമല്ല.

ബൈത്തുസ്സകാത്ത് കേരള

സകാത്തിന്റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി രണ്ട് പതിറ്റാണ്ടായി കേരളക്കരയിൽ നിറഞ്ഞു നിൽക്കുകയാണ് ബൈത്തുസകാത്ത് കേരള. സകാത്ത് സംഘടിതമായി ശേഖരിച്ചു കൃത്യമായ ആസൂത്രണത്തോടെ നിർവഹിച്ചാൽ സമൂഹത്തിൽ പ്രകടമാവുന്ന മാറ്റങ്ങളെ കഴിഞ്ഞ 20 വർഷമായി അത് അടയാളപ്പെടുത്തുന്നുണ്ട് . പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ബൈത്തുസ്സകാത്ത് കേരള . സകാത്തിൻറെ വിശ്വാസപരവും സമൂഹ്യവുമായ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുക, സകാത്ത് ശേഖരണത്തിനും വിതരണത്തിനും സുശക്തമായ സംവിധാനമൊരുക്കുക, സമൂഹപുരോഗതിക്കനുസൃതമായ രീതിയിൽ സകാത്ത് ഫലപ്രദമായി വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക, സകാത്ത് വിഷയങ്ങളിൽ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾസംഘടിപ്പിക്കുക, പ്രാദേശിക സകാത്ത് സംരംഭങ്ങൾക്ക് അഫിലിയേഷൻ, ട്രെയിനിംഗ്, ഗൈഡൻസ്, ഓഡിറ്റിംഗ് തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരളയുടെ പ്രവർത്തനങ്ങൾ. കേരളം മുഴുവൻ പ്രവർത്തന സംവിധാനമുള്ള ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള.

സുതാര്യമായ സകാത്ത് അഡ്മിനിസ്ട്രേഷൻ

സകാത്ത് പാവപ്പെട്ടവരുടെയും ആവശ്യക്കാരുടെയും അവകാശമാണ്. ആ അവകാശം നേടണമെങ്കിൽ പൊതു സകാത്ത് മാനേജ്മെൻ്റ് സംവിധാനങ്ങളാണ് ആവശ്യം.സകാത്തിനർഹനായ വ്യക്തികൾക്ക് നേരിട്ട് സകാത്തിന് അപേക്ഷിക്കാൻ സാധിക്കണം. അത് വ്യക്തികളുടെ മുന്നിൽ പോയി യാചിച്ച് വാങ്ങേണ്ടതല്ല. സകാത്ത് നൽകേണ്ടവർ അത് സകാത്ത് ഏജൻസിയെ ഏൽപ്പിക്കുക. സകാത്തിനർഹരായവർ സകാത്ത് ഏജൻസിയിൽ അപേക്ഷിച്ച് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുക. ഇതാണ് ലോകത്തുടനീളം നടന്നു കൊണ്ടിരിക്കുന്നത്. തികച്ചും സുതാര്യമായ അഡ്മിനിസ്ട്രേഷൻ സംവിധാനമാണ് ബൈത്തുസ്സകാത്തിനുള്ളത്. മുഴുവൻ സമയ ഓഫീസ് സംവിധാനവും ജീവനക്കാരും ബൈത്തുസ്സകാത്തിനുണ്ട്. സകാത്തിനർഹനായ ഏതൊരുവ്യക്തിക്കും www.baithuzzakathkerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി ഭവന നിർമാണം, സ്വയംതൊഴിൽ, ചികിത്സ, കടബാധ്യത തീർക്കൽ, കുടിവെള്ള പദ്ധതി, റേഷൻ, പെൻഷൻ തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ അയക്കാം.

ഓൺലൈൻ ആയി ലഭിക്കുന്ന അപേക്ഷകളെക്കുറിച്ച് ബൈത്തുസ്സകാത്ത് കേരളയുടെ കോഡിനേറ്റർമാർ ഫീൽഡിൽപോയി പഠിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. കേരളത്തിൽ 1526 പ്രാദേശിക കോഡിനേറ്റർമാരും 142 ഏരിയ കോഡിനേറ്റർമാരും 14 ജില്ല കോഡിനേറ്റർമാരും ബൈത്തുസ്സകാത്ത് കേരളക്ക് വേണ്ടി സേവനമനുഷ്ട്ടിക്കുന്നുണ്ട്. അപേക്ഷകരുമായുള്ള അഭിമുഖം, പ്രാദേശിക സകാത്ത് യൂണിറ്റുകളുടെ അഭിപ്രായം, കോഡിനേറ്റർമാരുടെ റിപ്പോർട്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അർഹരായ ഗുണഭോക്താകളെ തെരഞ്ഞെടുക്കുന്നത്. പ്രാദേശിക സകാത്ത്/റിലീഫ് സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെ പങ്കാളിത്ത പദ്ധതികളും ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് സകാത്ത് എത്തിക്കുന്നു. വലിയ പ്രോജക്റ്റുകൾക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഘട്ടംഘട്ടമായി ഫണ്ട് അനുവദിക്കുന്നു. ഓരോ പദ്ധതിക്കും അനുവദിക്കുന്ന ഫണ്ട് അതാത് മേഖലയിൽ കൃത്യമായി ചിലവഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള വിപുലമായ സംവിധാനം ബൈത്തുസ്സകാത്ത് കേരളക്കുണ്ട്. പ്രാദേശിക സകാത്ത് സംരംഭങ്ങൾക്കുള്ള പരിശീലന പരിപാടികൾ, വാർഷിക ഓഡിറ്റ്‌, സർവേ, അവലോകന റിപ്പോർട്ടുകൾ തുടങ്ങിയവയും ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്ന സുപ്രധാന പ്രവർത്തനങ്ങളാണ്.സകാത്തിൻറെയും സംഘടിത സകാത്തിൻറെയും പ്രചാരണമാണ് ബൈത്തുസ്സകാത്ത് കേരളയുടെ സുപ്രധാനമായ മറ്റൊരു പ്രവർത്തന മേഖല. സകാത്തുമായും സംഘടിത സകാത്തുമായും ബന്ധപ്പെട്ട ആശയ പ്രചാരണത്തിൻറെ ഭാഗമായി കേരളത്തിലുടനീളം സകാത്ത് സെമിനാറുകൾ, ടേബിൾ ടോക്കുകൾ, സകാത്ത് പദ്ധതി വിതരണ പരിപാടികൾ, മൊബൈൽ ആപ് തുടങ്ങിയവ ബൈത്തുസ്സകാത് കേരളയുടെ സകാത്ത് അഡ്മിനിസ്ട്രേഷൻ സംവിധാനത്തിൻറെ ഭാഗമാണ്. കേരളത്തിലുടനീളം മഹല്ല് തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രാദേശിക സകാത്ത് സംരംഭങ്ങൾക്ക് അഫിലിയേഷനും അവയുമായി സഹകരിച്ചുള്ള പദ്ധതികളും ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നുണ്ട്.

പ്രതിസന്ധികളെ അതിജീവിക്കണം

കോവിഡ് 19 സൃഷ്ട്ടിച്ച സാമൂഹിക സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു മുന്നേറുക എന്നതാണ് വരും വർഷങ്ങളിലെ സുപ്രധാന വെല്ലുവിളി. ലോകത്തുടനീളം കൊറോണ വൈറസ് ആഞ്ഞടിക്കുമ്പോൾ ഓരോ മനുഷ്യരിലും ആശങ്ക വർധിക്കുകയാണ്. കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നത് എല്ലാവരും പ്രവചിച്ചു കഴിഞ്ഞു.

കോവിഡ് എത്രകാലം അതിൻ്റെ തീവ്രതയിൽ നിലവിൽക്കുമെന്നത് പ്രവചനാതീതമാണ്. ദീർഘകാലത്തേക്ക് ഈ സാഹചര്യം തുടരുകയാണെങ്കിൽ നിലവിലെ ജീവിതവീക്ഷണങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കണം. സാമ്പത്തിക മേഖലയിണ്ടാകുന്ന തിരിച്ചടികൾ, തൊഴിൽ നഷ്ടം, ജീവൻ നഷ്ടപ്പെടുമോയെന്ന ജനങ്ങളുടെ പേടി, ആരോഗ്യ സംരക്ഷണ മേഖലയിലെ സംവിധാനങ്ങളുടെ അപര്യാപ്തത, വീട്, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ നേടുന്നതിൽ സംഭവിച്ചേക്കാവുന്ന വലിയ പ്രയാസങ്ങൾ, സാമൂഹ്യ വിവേചനങ്ങൾ തുടങ്ങിയവയൊക്കെ സമൂഹത്തിൽ വലിയ പ്രതികരങ്ങൾ സൃഷ്ടിക്കും.

കോവിഡാനന്തരമുള്ള സാമ്പത്തിക രാഷ്ട്രീയ ചർച്ചകളിൽ നിരവധി സാധ്യതകൾ ഉണ്ട് എന്നതാണ് ആഗോളതലത്തിൽ നടക്കുന്ന പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. കോവിഡ് എത്രകാലം ലോക്ക്ഡൗൺ സൃഷ്ടിക്കും എന്നതിനെക്കൂടി ആശ്രയിച്ചാണ് ആ നിഗമനങ്ങൾ ശരിയാവുക. നിലവിലെ മാർക്കറ്റ് ഓറിയന്റഡ് എക്കണോമിക്ക് തന്നെയാണ് സാധ്യത കൂടുതലെങ്കിലും അതിൻ്റെ രീതിക്രമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം… തൊഴിൽ നഷ്ടം, തൊഴിലാളി അവകാശ നഷ്ടം, സാമൂഹ്യ സേവന മേഖലയിൽ നിന്നുള്ള കോർപറേറ്റുകളുടെ പിൻമാറ്റം എന്നതൊക്കെ അതിൽ സംഭവിക്കാം…

ദീർഘകാലം കോവിഡ് സാഹചര്യം നിലനിന്നാൽ ഏകാധിപത്യ സ്വഭാവമുള്ള ഭരകൂടങ്ങളുടെ രൂപീകരണമടക്കമുള്ള ചെറിയ സാധ്യതകൾ ചില ഭാഗങ്ങളിലെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പരസ്പരാശ്രിത സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുകളുമാണ് സുപ്രധാന സാധ്യതയായി വിലയിരുത്തപ്പെടുന്നത്.

കേരളത്തിൻറെ കഴിഞ്ഞ രണ്ടു മൂന്നു വർഷത്തെ സാഹചര്യം പരിശോധിച്ചാൽ തുടർച്ചയായ രണ്ട് പ്രളയങ്ങൾ, നോട്ട് നിരോധനം, നിപ്പ, കൊറോണ തുടങ്ങി മാരകമായ പകർച്ചവ്യാധികൾ കാരണം രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ നിത്യ ജീവിതം ഏറെ പ്രയാസമുള്ളതാക്കിത്തീർത്തിരിക്കുന്നു. ഈ യാഥാർഥ്യത്തെ പ്രായോഗികവും – ക്രിയാത്മകവുമായ പദ്ധതികളിലൂടെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യമാണ്. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ട്ടം സംഭവിച്ചു കഴിഞ്ഞു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യം കോവിഡിന്റെ വ്യാപനത്തോടെ ഏഷ്യൻ രാജ്യങ്ങളെ കൂടുതൽ ബാധിക്കുന്നതോടെ ജി.സി.സി രാജ്യങ്ങളിലുണ്ടാകുന്ന തൊഴിൽ നഷ്ട്ടം കൂടി വർധിക്കുമ്പോൾ കേരളത്തിലെ തൊഴിൽ സാമ്പത്തിക പ്രതിസന്ധി കൂടുതലാവും. സമൂഹത്തിലുണ്ടാക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധി സാമൂഹ്യ സുരക്ഷയെയും സാമൂഹ്യ നീതിയെയും സാരമായി ബാധിക്കും.

സാമൂഹ്യ സേവന സംരംഭങ്ങൾ കൂടുതൽ ജാഗ്രതയോടെ സജീവമായി പ്രവർത്തിക്കേണ്ട സമയമാണ് വന്നുചേരുന്നത്. ജനകീയമായ പ്രാദേശിക വിഭവ വികസന പ്രസ്ഥാനങ്ങളും വിഭവ വിതരണ പ്രസ്ഥാനങ്ങളും കൂടുതലായി വളരേണ്ടതുണ്ട്. തൊഴിൽ-സാമ്പത്തിക നഷ്ടത്തിന് കൂടുതൽ സാധ്യതയുള്ള ഭാവി പ്രതിസന്ധിയെ മറികടക്കുന്നതിന് ഫിസിക്കൽ – മനുഷ്യ വിഭവങ്ങളുടെ പരമാവധി ഉപയോഗവും പരിശീലനവും അനിവാര്യമാണ്. കാർഷിക മേഖലയുടെ പുനർജീവനം, മൈക്രോ ഫിനാൻസ്, ജനകീയ വിദ്യാഭ്യാസ സാമ്പത്തിക സുരക്ഷാ പദ്ധതികൾ, കണക്റ്റിവിറ്റിയുള്ള പൊതു തൊഴിൽ സംരംഭങ്ങളും സംവിധാനങ്ങളും തുടങ്ങിയവയൊക്കെ പങ്കാളിത്ത അടിസ്ഥാനത്തിൽ ആലോചിക്കേണ്ടതാണ്.

കഴിഞ്ഞ പ്രളയ കാലങ്ങളിൽ കേരളം ഒത്തൊരുമയോടെയാണ് പ്രതിസന്ധികളെ നേരിട്ടത്. സാമ്പത്തികവും ശാരീരികവുമായ സമർപ്പണത്തിലൂടെ പരസ്പരം കണ്ണീരൊപ്പാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കോവിഡാനന്തരം സന്നദ്ധ സംഘടനകളുടെ സഹായവും സകാത്ത് സംവിധാനങ്ങളുടെ ശ്രദ്ധയും വിദ്യാഭാസം, തൊഴിൽ, സാമ്പത്തിക പുരോഗതി, കാർഷിക പുരോഗതി, സ്കിൽ ഡവലപ്മെൻ്റ് തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ പതിയണമെന്നത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട വിപുലമായ പഠനങ്ങളും പദ്ധതികളും ബൈത്തുസകാത് കേരള തയ്യാറാക്കി വരുന്നുണ്ട്. വൈകാരിക സമീപനങ്ങളേക്കാൾ കൃത്യമായ പ്ലാനിംഗും ദീർഘ വീക്ഷണവും ഡവലപ്മെൻ്റ് അപ്രോച്ചുമാണ് ചാരിറ്റി മേഖലയിൽ അനിവാര്യം

സമൂഹത്തിൻറെ വളർച്ചക്കും പുരോഗതിക്കുമനുസരിച്ച് മാറ്റങ്ങളുണ്ടാകുന്നതാണ് സകാത്ത്. വ്യക്തികളുടെ സാമ്പത്തിക വളർച്ച തളർച്ചകൾ സകാത്തിനെ ബാധിക്കും. ഓരോ വർഷവും വ്യക്തികളുടെ സമ്പത്തിൽ നിർബന്ധമാവുന്ന ഘടകമാണ്‌ സകാത്ത്. സകാത്തിൻറെ അവകാശികളിലും സാമൂഹിക സ്ഥിതിയനുസരിച്ചും ലോക സാഹചര്യങ്ങളനുസരിച്ചും മാറ്റങ്ങലുണ്ടാകും. അന്തർദേശീയ തലത്തിലെ സകാത്ത് സംഘടനകൾ പിന്നോക്ക ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുന്നതോടൊപ്പം യുദ്ധങ്ങളിലും കലാപങ്ങളിലും ആഭ്യന്തര യുദ്ധങ്ങളിലും അഭയാർത്ഥികളാക്കപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും പുനരധിവാസത്തിനുമാണ് പ്രധാന മായും സകാത്ത് ചിലവഴിക്കുന്നത്. കോവിഡാനന്തര കാലത്ത് സകാത്ത് സംരംഭങ്ങളുടെ ഊന്നൽ സമൂഹങ്ങളുടെയും വ്യക്തികളുടെയും അടിസ്ഥാന മേഖലകളുടെ സംരക്ഷണവും ഉന്നതിക്കാവശ്യമായ പുനരധിവാസ പദ്ധതികളുമാണ്.

സകാത്തിൻറെ ലക്ഷ്യങ്ങളെക്കുറിച്ച് മഹാനായ പണ്ഡിതൻ ഡോ: യൂസുഫുൽ ഖറദാവി പറഞ്ഞു; “നാണയങ്ങളുടെ/കറൻസിയുടെ ദൌത്യം ചലിക്കുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുക എന്നതാണ്.വ്യവഹാരത്തിലേർപ്പെടുന്നവർക്കൊക്കെ അതിൻറെ പ്രയോജനം ലഭിക്കണം. ഇനി പണം തടഞ്ഞുവെക്കുകയും പൂഴ്ത്തിവെക്കുകയുമാണെന്ന് കരുതുക, അത് തൊഴിൽ മാന്ദ്യത്തിലേക്കും പിന്നീട് തൊഴിലില്ലായ്മയിലേക്കും കൊണ്ടെത്തിക്കും.അതോടെ കമ്പോളങ്ങൾ ചത്ത നിലയിലാവും. മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളെയും അത് അവതാളത്തിലാക്കും.”

മുഖ്യധാര സേവന സംരംഭങ്ങളും സർക്കാർ പദ്ധതികളും പടിക്ക് പുറത്ത് നിർത്തിയ മലയോര – തീരദേശങ്ങളിലും ചേരി പ്രദേശങ്ങളിലും ദുരിതപൂർണ ജീവിതം നയിക്കുന്ന മേഖലകളിൽ ബൈത്തുസ്സകാത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ദരിദ്ര കുടുംബങ്ങൾ, വിധവകൾ, അനാഥർ, മാരക രോഗങ്ങളുടെ ചികിത്‌സക്കുവേണ്ടി വീടും കിടപ്പാടവുമടക്കം നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടം സംഭവിച്ച് ദരിദ്രരായവർ, കടക്കെണിയിൽ പെട്ട് വലയുന്നവർ, പ്രവാസ ജീവിതം അവസാനിപ്പിച്ച് വെറുംകൈയോടെ മടങ്ങിയവർ, കുടിവെള്ളമില്ലാതെ വലയുന്നവർ, നട്ടെല്ലിനു ക്ഷതമേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ വീൽചെയറിലും മുച്ചക്ക്ര വാഹനങ്ങളിലും ജീവിതം തള്ളി നീക്കുന്നവർ, കടബാധ്യതയിൽ പൊറുതി മുട്ടി മാനം നഷ്ട്ടപ്പെടുന്ന ഹതഭാഗ്യർ, കാൻസർ, കിഡ്‌നി രോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാരക രോഗങ്ങളാൽ വീർപ്പ്മുട്ടി ചികിത്സ ചിലവിൽ പതറിപോവുന്നവർ തുടങ്ങിയവരെയാണ് ബൈത്തുസ്സകാത്ത് കേരള പ്രഥമമായി പരിഗണിക്കുന്നത്.

സുരക്ഷിതമായ വീട്, സുസ്ഥിരമായ തൊഴിൽ, മികച്ച വിദ്യഭ്യാസം, പെൻഷൻ പദ്ധതി, കുടിവെള്ള പദ്ധതി, ചികിത്സ പദ്ധതികൾ, കടബാധ്യത തീർക്കുന്നതിനുള്ള തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരള ഫണ്ട് വിനിയോഗിക്കുന്ന മേഖലകൾ. പുതിയ പ്രവർത്തന കാലയളവിൽ തൊഴിൽ പദ്ധതികൾ, വിദ്യാഭ്യാസം, ഭവന നിർമാണം, ചികിത്സ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുക. കേരളത്തിലെ ആയിരത്തി അഞ്ഞൂറ് കുടുംബങ്ങളുടെ പുനരധിവാസവും അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണവുമാണ് 2020 – 21 പ്രവർത്തന വർഷങ്ങളിൽ ബൈത്തുസകാത്ത് കേരള നിർവഹിക്കുക.

ആർത്തിയും പിശുക്കും തട്ടിപ്പും അധാർമിക സമ്പാദ്യവും വ്യക്തികളുടെ സാമ്പത്തിക ദർശനമായിതീർന്ന ഇക്കാലത്ത് തൻറെ സമ്പത്തിൽ ദരിദ്ര സഹോദരൻറെ അവകാശത്തെ യഥാവിധി നൽകി സമ്പത്തിനെ ശുദ്ധീകരിച്ച് ഇസ്‌ലാമിക സാമ്പത്തിക ദർശനത്തിൻറെ മാനവിക തലത്തെ മണ്ണിലിറക്കുന്ന വിശ്വാസികളുടെ പ്രവർത്തനമാണ് സകാത്ത്. ക്രിയാത്മക പ്രവത്തനങ്ങൾ നിർവഹിച്ച് പവിത്രമായ സകാത്തിലൂടെ സമൂഹം നേടിയെടുക്കേണ്ട ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് ബൈത്തുസ്സകാത്ത് കേരള. ഇസ്‌ലാം നിർദേശിച്ച പ്രകാരം സകാത്ത് നിർവഹിക്കണമെങ്കിൽ അർഹരായ വ്യക്തികളിലേക്ക് സകാത്ത് എത്തിച്ചേരണമെങ്കിൽ നിങ്ങളുടെ സകാത്ത് ബൈത്തുസ്സകാത്ത് കേരളയെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

( ബൈത്തുസ്സകാത്ത് കേരളയുടെ ചെയർമാനാണ്  ലേഖകൻ )

Related Articles