Current Date

Search
Close this search box.
Search
Close this search box.

ആയിശയുടെ വിവാഹപ്രായവും ക്ലബ് ഹൗസിലെ നാസ്തിക വേഷങ്ങളും

ക്ലബ് ഹൗസ് തുടങ്ങിയത് മുതൽ ഒരു ദിവസം പോലും ഒഴിഞ്ഞു പോവാതെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് മുസ്ലിം സ്ത്രീ. ചർച്ചകളിലെ പ്രധാന പ്രമേയങ്ങളിൽ ഒന്നാണ് ആയിശാബീവിയുടെ വിവാഹപ്രായം. പ്രവാചകൻ ആയിശയുടെ ഒമ്പതാം വയസ്സിൽ അവരെ ഭാര്യയായി കൂടെക്കൂട്ടിയതാണ് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം എന്ന മട്ടിലാണ് സ്വതന്ത്ര ചിന്താ വേഷങ്ങളുടെ പകലന്തിയോളം നീണ്ടു നിൽക്കുന്ന കരച്ചിലുകൾ. ഇതിൽ പുതുതായൊന്നുമില്ല. ഇത് വരെ യുട്യൂബിലും ഫെയ്സ് ബുക്കിലും വിളമ്പിയ മാലിന്യങ്ങൾ ക്ലബ് ഹൗസിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നു എന്ന് മാത്രം. പക്ഷെ, യുട്യൂബിലെ ആളില്ലാ പോസ്റ്റിലേക്കുള്ള ഗോളടി ക്ലബ് ഹൗസിൽ വിചാരിച്ച പോലെ സാധ്യമാവുന്നില്ല എന്നതാണ് സ്വതന്ത്ര ചിന്തകർ എന്ന ബാനറിൽ പ്രത്യക്ഷപ്പെടുന്ന നാസ്തികരുടെ വലിയ പ്രതിസന്ധി. അവർ നയിക്കുന്ന ഏകപക്ഷീയമായ ചർച്ചകളെ പുതിയ ചാലുകളിലേക്ക് വഴി തിരിച്ചുവിടാനും സമാന്തര ചർച്ചകളിലൂടെ വിഷയത്തെ പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കാനും ക്ലബ് ഹൗസിലെ മുസ്ലിം ഇടപെടലുകൾക്ക് കഴിയുന്നുണ്ട്.

പ്രവാചകൻ്റെ ആയിശയുമായുള്ള വിവാഹം ബാലവിവാഹത്തെ സാധൂകരിക്കുന്നു എന്നാണ് കാര്യമായ വിമർശനം. ഈ വിമർശനത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടാവണമെങ്കിൽ ബാലവിവാഹം ഇന്നത്തെ മുസ്ലിംകൾ നേരിടുന്ന വലിയ സാമൂഹ്യ പ്രശ്നമായിരിക്കണം. ഇന്ത്യയിലെ സ്ഥിതിവിവരക്കണക്കുകൾ വെച്ചു നോക്കിയാൽ പോലും ഏറ്റവും കൂടുതൽ ശൈശവവാഹം/ ബാലവിവാഹം നടക്കുന്നത് മുസ്ലിംകൾക്കിടയിലല്ല. ആയിശയുമായുള്ള പ്രവാചകൻ്റെ വിവാഹത്തെ മാതൃകയാക്കിക്കൊണ്ട് ഇസ്ലാമിക പ്രമാണങ്ങളോ കർമശാസ്ത്ര ഗ്രന്ഥങ്ങളോ ബാലവിവാഹത്തെ മുസ്ലിംകൾ സ്വീകരിക്കേണ്ട ഒരു മാതൃകയായി അവതരിപ്പിച്ചിട്ടില്ല. പെണ്ണിൻ്റെ ശാരീരിക ക്ഷമത, മാനസികമായ പക്വത, സമ്മതം തുടങ്ങിയവ ഇസ് ലാമിലെ വിവാഹവുമായി ബന്ധപ്പെട്ട കർമശാസ്ത്ര ചർച്ചകളിൽ ധാരാളമായി കടന്നു വരുന്നത് കാണാം. ആയിശയുമായുള്ള വിവാഹത്തിലെ പ്രായം എന്ന ഘടകം മുസ്ലിംകൾ മാതൃകയാക്കേണ്ടതാണെങ്കിൽ പ്രായക്കൂടുതലുള്ള നിരവധി വിധവകളെ വിവാഹം ചെയ്ത പ്രവാചകൻ്റെ മാതൃകയും അവർ സ്വീകരിക്കേണ്ടി വരുമല്ലോ. പ്രവാചകൻ്റെ വിവാഹങ്ങളെ ലൈംഗികതയുടെ കണ്ണിലൂടെ മാത്രം കാണുന്നവർക്കാണ് ആശയക്കുഴപ്പം. പ്രവാചകൻ ആരാണെന്നും അദ്ദേഹത്തിൻ്റെ വിവാഹങ്ങളുടെ ലക്ഷ്യം എന്തായിരുന്നുവെന്നും പ്രവാചകൻ്റെ ജീവിതത്തിലും മുസ്ലിം സമൂഹത്തിലും അദ്ദേഹത്തിൻ്റെ ഭാര്യമാരുടെ സ്ഥാനം എന്താണെന്നും മനസ്സിലാക്കുന്നവർക്ക് ആയിശയുമായുള്ള വിവാഹത്തെയും മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല.

പ്രവാചകൻ്റെ സന്തത സഹചാരിയായ അബൂബക്കർ (റ) സ്വന്തം മകളെ അങ്ങേയറ്റത്തെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും ഇളംപ്രായത്തിൽ നബിക്ക് വിവാഹം ചെയ്തു കൊടുത്തതിനെയാണ് വിമർശകർ പീഡോഫീലിയ എന്ന് വിളിക്കുന്നത്. അടുത്ത കാലം വരെയും ബാലവിവാഹം ലോകത്തുടനീളം പ്രചാരത്തിലുണ്ടായിരുന്നുവെന്നും അത് ഒരു വലിയ സാമൂഹ്യ പ്രശ്നമായി കരുതപ്പെട്ടിരുന്നില്ലെന്നും ഗാന്ധിജി ഉൾപ്പെടെയുള്ള പല മഹാൻമാരും ബാലികമാരെ കല്യാണം കഴിച്ചവരായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുമ്പോൾ വിമർശകർ പറയുന്ന മറുപടി, മനുഷ്യർക്ക് എല്ലാ കാലത്തെയും മാതൃക എന്ന് മുസ്ലിംകൾ അവകാശപ്പെടുന്ന പ്രവാചകന് ഇത്തരം ന്യായങ്ങൾ എങ്ങനെ ബാധകമാക്കും എന്നാണ്. കാലം മുന്നോട്ടു പോവുമ്പോൾ വിവാഹ പ്രായത്തെക്കുറിച്ച കാഴ്ചപ്പാടുകൾ മാറുമെന്നും അപ്പോൾ പ്രവാചകൻ്റെ വിവാഹം വിമർശിക്കപ്പെടുമെന്നും സർവജ്ഞനായ ദൈവത്തിന് അറിയാമായിരുന്നില്ലെ എന്നാണ് ചോദ്യം. ആരും ഉത്തരം മുട്ടിപ്പോവും! യുക്തിവാദികളുടെ വിമർശനങ്ങൾ മുൻകൂട്ടി കണ്ട് പ്രവാചകൻ്റെ ജീവിതത്തെ അല്ലാഹു ചിട്ടപ്പെടുത്തിയിരുന്നെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ആ ജീവിതത്തിൽ നിന്ന് വെട്ടിമാറ്റേണ്ടി വരുമായിരുന്നു! പ്രവാചകൻ്റെ വ്യക്തിത്വത്തിലെ ഏത് അംശത്തെയാണ് ഇവർ അധിക്ഷേപത്തിനും വിമർശനത്തിനും വിധേയമാക്കാത്തത്.! മാതൃകായോഗ്യനായ പ്രവാചകൻ്റെ ജീവിതത്തിൽ ഒരു ചെറിയ തെറ്റു പോലും വരരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണല്ലോ പീഡോഫൈൽ, കാമഭ്രാന്തൻ തുടങ്ങിയ വിശേഷണങ്ങൾ പ്രവാചകന് വേണ്ടി മാത്രം ഇവർ സംവരണം ചെയ്തുവെച്ചിരിക്കുന്നത്! പ്രായം കുറഞ്ഞ പെൺകുട്ടികളെ കല്യാണം കഴിച്ച പ്രശസ്തരുടെയും മഹാൻമാരുടെയും ഒരു നീണ്ട ലിസ്റ്റ് തന്നെ സമർപ്പിക്കാൻ കഴിയും. അവരെയൊന്നും സോ കോൾഡ് സ്വതന്ത്ര ചിന്തകർ പീഡോഫൈൽ എന്ന് വിളിച്ച് അപഹസിക്കുന്നത് കേട്ടിട്ടില്ല.

യുക്തിവാദികൾ എന്ന ഒരു കൂട്ടർ വരുമെന്നും, മക്കയിലെ ദൈവ നിഷേധികൾ പ്രവാചകനെ അപഹസിച്ചതിനേക്കാൾ മോശമായ ഭാഷയിൽ അവർ പ്രവാചകനെ അപഹസിക്കുമെന്നും അവർക്ക് മറുപടി പറയാൻ മുസ്ലിംകളിൽ നിന്ന് തന്നെ ആളുകൾ മുന്നോട്ട് വരുമെന്നും സോഷ്യൽ മീഡിയയിൽ അവർക്കിടയിൽ സംവാദം നടക്കുമെന്നുമൊക്കെ അല്ലാഹുവിന് മുൻകൂട്ടി അറിയാം. അത് കൊണ്ട് കൂടിയാണ് എല്ലാ വിമർശനങ്ങൾക്കും മറുപടി പറയാൻ പാകത്തിൽ ഇസ്ലാമിലെ നിയമങ്ങളും മൂല്യങ്ങളും അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.

ആയിശാബീവിയുടെ വിവാഹപ്രായം മാത്രമാണ് യുക്തിവാദികളുടെ പ്രശ്നം. നബിയുടെയും ആയിശയുടെയും വിവാഹ ജീവിതം എങ്ങനെയുള്ളതായിരുന്നു എന്ന് ചർച്ച ചെയ്താൽ വിവാഹ പ്രായത്തെച്ചൊല്ലി അവർ കെട്ടിപ്പൊക്കിയ മിഥ്യകൾ തൽക്ഷണം തകർന്നു വീഴും. പ്രായം ചെന്ന ഒരു പുരുഷൻ്റെ കരവലയത്തിൽ ഞെരിഞ്ഞമരുന്ന കൊച്ചുബാലികയെയല്ല ആയിശയിൽ നാം കാണുന്നത്. സ്വന്തം പിതാവിൻ്റെ രോഷം പോലും ഏറ്റുവാങ്ങുന്ന വിധത്തിൽ, നബിയുമായി കളി ചിരിയിൽ ഏർപ്പെടുകയും നബിയോട് കയർക്കുകയും കുശുമ്പു കാണിക്കുകയും പിതാവിൻ്റെ രോഷത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പ്രവാചകൻ്റെ പിറകിൽ ഓടിയൊളിക്കുകയും ചെയ്യുന്ന കുസൃതിയും ബുദ്ധിമതിയുമായ പെൺകുട്ടിയെയാണ്. ബാലികയായ ആയിശ പണ്ഡിതയും ജ്ഞാനിയുമായ സ്വഹാബിയായി വളരുന്നു. പ്രവാചകൻ ജീവിച്ചിരിക്കുമ്പോഴും അദ്ദേഹത്തിൻ്റെ മരണശേഷവും പ്രവാചകൻ്റ ജീവിതത്തെക്കുറിച്ചും അദ്ധ്യാപനങ്ങളെക്കുറിച്ചും അപൂർവമായ അറിവുകൾ ചുറ്റുമുള്ളവർക്ക് പകർന്ന് നൽകുന്നു. ഒമ്പത് വർഷം മാത്രമാണ് ആയിര നബിയോടൊപ്പം ജീവിച്ചത്. അവരുടെ മഹത് വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് ആ ജീവിതമാണ്. ആയിശ എന്ന പെൺകുട്ടിയെ പ്രവാചകൻ്റെ പ്രിയതോഴിയാക്കിക്കൊണ്ട് ലോകത്തിലെ മുഴുവൻ മനുഷ്യർക്കും, സ്ത്രീ സമൂഹത്തിന് പ്രത്യേകമായും ശക്തയായ ഒരു സ്ത്രീ മാതൃക സൃഷ്ടിക്കുകയായിരുന്നു അല്ലാഹു. ആയിശയെ ഇളംപ്രായത്തിൽ പ്രവാചകൻ എന്തിന് വിവാഹം ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ധീരതയും തൻ്റേടവും അറിവും വിവേകവും ഒത്തിണങ്ങിയ, കർതൃത്വമുള്ള സ്ത്രീത്വത്തിൻ്റെ പ്രതീകമാണ് ആയിശ (റ). പെണ്ണ് എന്ന് കേൾക്കുമ്പോൾ സെക്സിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക്, പ്രവാചകൻ്റെ സൂര്യതേജസ്സിന് മുമ്പിൽ കണ്ണ് മഞ്ഞളിച്ചു പോയവർക്ക് നബിയുമൊത്തുള്ള ആയിശയുടെ വൈവാഹിക ജീവിതത്തിൻ്റെ മഹത്വവും വശ്യതയും തിരിച്ചറിയാൻ കഴിയാതെ പോകുന്നതിൽ അത്ഭുതമില്ല.

Children Having Children (കുട്ടികളുണ്ടാവുന്ന കുട്ടികൾ) എന്ന തലക്കെട്ടിൽ അമേരിക്കയിലെ ടൈം മാഗസിൻ വർഷങ്ങൾക്ക് മുമ്പ് ഒരു കവർ സ്റ്റോറി ചെയ്തതോർക്കുന്നു. അമേരിക്കയിൽ ഹൈസ്ക്കൂൾ പ്രായത്തിലുള്ള പെൺകുട്ടികളും ആൺകുട്ടികളും അനിയന്ത്രിതമായ ലൈംഗിക ബന്ധത്തിലൂടെ മാതാക്കളും പിതാക്കളുമായി മാറുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് മാഗസിൻ അനാവരണം ചെയ്തത്. സ്വതന്ത്ര ലൈംഗികതയുടെ വക്താക്കൾക്ക് അഭിമാനം കൊള്ളാവുന്ന കാര്യം. നമ്മുടെ നാട്ടിലെ സ്വതന്ത്ര ചിന്തകരുടെ പീഡോഫീലിയ ലിസ്റ്റിൽ ഇത് പെടാൻ സാധ്യതയില്ല. ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്ക് പരസ്പര സമ്മതമുണ്ടെങ്കിൽ പിന്നെ എതിര് പറയാൻ നിങ്ങൾക്കെന്തവകാശം എന്നായിരിക്കും അവരുടെ ചോദ്യം. ഗർഭനിരോധന ഉറകൾ കൊണ്ട് പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശ്നത്തെ നിങ്ങളെന്തിനാണ് പർവതീകരിക്കുന്നത്? ആയിശയുടെ വിവാഹത്തെ ഞങ്ങൾ എതിർക്കുന്നത് ആയിശയുടെ സമ്മതം മൗനമായത് കൊണ്ടല്ലെ ! നബിയുടെ കൂടെ ജീവിക്കാൻ ആയിശക്ക് എന്തിഷ്ടമായിരുന്നുവെന്ന് ആയിശ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയാൽ പോരാ, ഒമ്പതാം വയസ്സിലെ consent letter ഹാജരാക്കണം. Empirical Evidence മാത്രമേ ഞങ്ങൾക്ക് സ്വീകാര്യമാവുകയുള്ളൂ! അത് കിട്ടുന്നത് വരെ ഞങ്ങൾ ഐകകണ്ഠ്യേന ചിലച്ചു കൊണ്ടേയിരിക്കും!!

എല്ലാം പറഞ്ഞു കഴിയുമ്പോൾ അവസാനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇസ്ലാമിൽ ബാല വിവാഹം/ ശൈശവ വിവാഹം അനുവദനീയമല്ലെ എന്ന്. പണ്ഡിതൻമാർ ഇതിന് മറുപടി നൽകിക്കഴിഞ്ഞതാണ്. വിവാഹത്തിന് എല്ലാ കാലത്തേക്കും എല്ലാ സമൂഹങ്ങൾക്കും പറ്റിയ ഒരു പ്രായപരിധി നിശ്ചയിക്കാൻ കഴിയില്ല. കാലത്തിനും സാമൂഹിക സാഹചര്യങ്ങൾക്കുമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ഈ ആധുനിക കാലത്തും വിവിധ രാജ്യങ്ങളിൽ വിവാഹത്തിൻ്റെ നിയമപരമായ പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കുന്നത് കാണാം. ഒമ്പതും പത്തും വയസ്സിൽ വിവാഹിതരാവുന്നത് ഒരു കാലത്ത് ഒരു സാമൂഹിക പ്രശ്നമായിരുന്നില്ല. ഇസ്ലാം ബാലവിവാഹത്തെ നിർദ്ദേശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീകളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഹാനികരമാണെന്ന് കാണുകയാണെങ്കിൽ അത് നിയമം മൂലം നിയന്ത്രിക്കാനും പൊതു നൻമ ലക്ഷ്യം വെച്ച് കൊണ്ട് ആവശ്യമായി വന്നാൽ വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കാനും ഒരു ഇസ് ലാമിക ഭരണകൂടത്തിന് അധികാരമുണ്ട്. മീഡിയ പൊലിപ്പിച്ചു കാണിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാല വിവാഹം മുസലിം സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നമല്ല. വലിയ തുക മഹ്റ് കൊടുക്കാനും വിവാഹത്തിൻ്റെ മറ്റു ചെലവുകൾ വഹിക്കാനും പുരുഷൻമാർക്ക് കഴിയാത്തതിൻ്റെ പേരിൽ വിവാഹങ്ങൾ വൈകുന്നതാണ് ഗൾഫ് നാടുകളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയം. കേരളത്തിൽ തന്നെയും കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഒരു പക്ഷെ നാം ചർച്ച ചെയ്യേണ്ടി വരിക നേരത്തെ വിവാഹിതരാവാൻ ആൺകുട്ടികളും പെൺകുട്ടികളും തയ്യാറാവാത്തതിൻ്റെ പേരിൽ വിവാഹങ്ങൾ വൈകുന്നതിനെക്കുറിച്ചായിരിക്കും. അല്ലെങ്കിൽ സ്വതന്ത്ര ലൈംഗികതയുടെ കടന്നുകയറ്റത്തിൻ്റെ ഫലമായി പടിഞ്ഞാറൻ സമൂഹങ്ങളെ പോലെ നമ്മുടെ നാട്ടിലും വിവാഹപൂർവ ലൈംഗിക ബന്ധങ്ങൾ വർദ്ധിച്ചു വരുന്നതിനെക്കുറിച്ചായിരിക്കും. സമൂഹത്തോട് പ്രത്യേകിച്ച് പ്രതിബദ്ധതയൊന്നുമില്ലാത്ത സ്വതന്ത്രചിന്തകർക്ക് പക്ഷെ ഇതൊന്നും വിഷയമാവാൻ സാധ്യതയില്ല. അവർ അപ്പോഴും ആയിശയുടെ വിവാഹപ്രായത്തെ ചൊല്ലിയും സ്വർഗത്തിലെ ഹൂറിമാരെ ചൊല്ലിയും വിലപിച്ചുകൊണ്ടേയിരിക്കും. ഇന്ത്യൻ മുസ് ലിംകൾ അതിജീവനത്തിന് വേണ്ടി പൊരുതേണ്ടി വരുന്ന ഒരു സാമൂഹിക സാഹചര്യത്തിൽ ഇത്തരം വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ പതപ്പിച്ചു നിർത്തുന്നത് വിമർശകരുടെ സാമൂഹിക വിരുദ്ധമായ ഒരു മനോവൈകൃതത്തെയാണ് അനാവരണം ചെയ്യുന്നത്.

Related Articles