Current Date

Search
Close this search box.
Search
Close this search box.

ബറാഅത്ത് നോമ്പ് സുന്നത്തോ ?

ബറാഅത്ത്

ശഅ്ബാന് 15 ന് പ്രത്യേകമായി ഒരു നോമ്പ് സുന്നത്താണെന്ന് തെളിയിക്കുന്ന സ്വീകാര്യയോഗ്യമായ ഒരു ഹദീസ് പോലും സ്ഥിരപ്പെട്ടിട്ടില്ല.

തത്സംബന്ധമായി ഉദ്ധരിക്കപ്പെട്ട ഹദീസ് ളഈഫാണെന്നും അതുകൊണ്ടു തന്നെ അത് തെളിവിന് കൊള്ളില്ലെന്നും ശാഫിഈ മദ്ഹബിലെ ഇമാമുകളും പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

ഉദാഹരണമായി ഇമാം ഇബ്നു ഹജര് അൽ ഹൈതമി പറയുന്നത് കാണുക:

وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ، وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ.

-الفَتَاوَى الْفِقْهِيَّةِ الكُبْرَى لِاِبْنِ حَجَرٍ الْهَيْتَمِيِّ: 2/81، كِتَابُ الصَّوْمِ

അപ്പോൾ ബറാഅത്ത് രാവിന്റെ (Shab-e-barat) പകലിൽ നോമ്പെടുക്കൽ ആ പകൽ അയ്യാമുൽ ബീള് (എല്ലാ മാസത്തിലേയും 13,14,15 ദിവസങ്ങൾ) ന്റെ കൂട്ടത്തിൽ പെട്ടതാണെന്ന നിലക്ക് സുന്നത്താകുന്നു.

ആ പകലിന് എന്തെങ്കിലും പ്രത്യേകതയുണ്ട് എന്ന നിലക്കല്ല. തത്സംബന്ധമായി ഉദ്ധരിക്കപ്പെടുന്ന ഇബ്നു മാജയുടെ ഹദീസ് ബാലിശമാണ് (2/38)- ( അല് ഫതാവല് കുബ്റയുടെ രണ്ടാം വാള്യം വ്രതം എന്ന അദ്ധ്യായം)

അദ്ദേഹം തന്നെ പറയുന്നത് കാണുക: 

‘സ്വലാത്ത് റഗാഇബ് വല് ബറാഅഃ’ എന്ന പേരില് ശഅ്ബാന് 15 ന് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം മോശപ്പെട്ടതും ആക്ഷേപാര്‍ഹവുമായ ബിദ്അത്താകുന്നു.

തദ്ദ്വിഷയകമായി വന്നിട്ടുള്ള ഹദീസുകളാവട്ടെ കെട്ടിച്ചമക്കപ്പെട്ടവയുമാണ്. അതിനാല്‍ ഒറ്റക്കും കൂട്ടായുമെല്ലാം അത് നിര്‍വഹിക്കുന്നത് വെറുക്കപ്പെട്ടതുമാകുന്നു.

ശഅ്ബാന് 15-ാം രാവിലെ നമസ്‌കാരത്തെപ്പറ്റി ഇമാം നവവി വളരെ ശക്തമായ ഭാഷയില് വിമര്‍ശിച്ചിട്ടുണ്ടെന്നും, ഇമാം ഗസ്സാലിയെ പോലുള്ള മഹാന്മാര്‍ ഇഹ്‌യാഇലും മറ്റും ഉദ്ധരിച്ചത് കണ്ട് വഞ്ചിതരാകേണ്ട എന്നല്ലാമുള്ള ഇമാം നവവിയുടെ പ്രസ്താവന ഉദ്ധരിച്ച ശേഷം ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി തുടരുന്നു:

وَالْحَاصِلُ أَنَّ لِهَذِهِ اللَّيْلَةِ فَضْلًا وَأَنَّهُ يَقَعُ فيها مَغْفِرَةٌ مَخْصُوصَةٌ وَاسْتِجَابَةٌ مَخْصُوصَةٌ وَمِنْ ثَمَّ قال الشَّافِعِيُّ رضي اللَّهُ عنه إنَّ الدُّعَاءَ يُسْتَجَابُ فيها وَإِنَّمَا النِّزَاعُ في الصَّلَاةِ الْمَخْصُوصَةِ لَيْلَتهَا وقد عَلِمْت أنها بِدْعَةٌ قَبِيحَةٌ مَذْمُومَةٌ يُمْنَعُ منها فَاعِلُهَا وَإِنْ جاء أَنَّ التَّابِعِينَ من أَهْلِ الشَّامِ كَمَكْحُولٍ وَخَالِدِ بن مَعْدَانَ وَلُقْمَانَ وَغَيْرِهِمْ يُعَظِّمُونَهَا وَيَجْتَهِدُونَ فيها بِالْعِبَادَةِ وَعَنْهُمْ أَخَذَ الناس ما ابْتَدَعُوهُ فيها ولم يَسْتَنِدُوا في ذلك لِدَلِيلٍ صَحِيحٍ وَمِنْ ثَمَّ قِيلَ أَنَّهُمْ إنَّمَا اسْتَنَدُوا بِآثَارٍ إسْرَائِيلِيَّةٍ وَمِنْ ثَمَّ أَنْكَرَ ذلك عليهم أَكْثَرُ عُلَمَاء الْحِجَازِ كَعَطَاءٍ وَابْنِ أبي مُلَيْكَةَ وَفُقَهَاء الْمَدِينَة وهو قَوْلُ أَصْحَابِ الشَّافِعِيِّ وَمَالِكٍ وَغَيْرِهِمْ قالوا وَذَلِكَ كُلُّهُ بِدْعَةٌ إذْ لم يَثْبُت فيها شَيْءٌ عن النبي صَلَّى اللهُ عَلَيْهِ وَسَلَّمَ وَلَا عن أَحَدٍ من أَصْحَابِهِ.-

الفَتَاوَى الْفِقْهِيَّةِ الكُبْرَى لِاِبْنِ حَجَرٍ الْهَيْتَمِيِّ: 2/81، كِتَابُ الصَّوْمِ

ചുരുക്കത്തില്‍ ഈ രാവിന് ശ്രേഷ്ഠതയുണ്ട് എന്നത് തീര്ച്ചയാണ്. അതില് പ്രത്യേക മഗ്ഫിറത്തും പ്രാര്‍ഥനക്കുത്തരവും ലഭിക്കുന്നതുമാണ്. അതിനാലാണ് അതില്‍ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ആ രാത്രിയില്‍ പ്രത്യേക നമസ്‌കാരത്തിന്റെ വിഷയത്തിലാണ് തര്‍ക്കം. അത് മോശപ്പെട്ട, ആക്ഷാപാര്‍ഹമായ ബിദ്അത്താണെന്ന് മനസ്സിലാക്കി അത് ചെയ്യുന്നവന് അതില്‍ നിന്ന് തടയപ്പെടേണ്ടതാണ്.

ശാമുകാരായ മക്ഹൂല്‍, ഖാലിദ് ബിന് അദാന്‍ ലുഖ്മാന്‍ തുടങ്ങിയ താബിഉകള്‍ അതിനെ മഹത്വവത്കരിക്കുകയും ആരാധനകള്‍ വഴി സജീവമാക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ശരിയാണ്.

അവരില്‍ നിന്നാണ് ജനങ്ങള്‍ ഈ നൂതനാചാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്, അല്ലാതെ സ്വഹീഹായ വല്ല തെളിവിന്റെയും പിന്ബലത്തിലല്ല.

ഇസ്രാഈലിയ്യാത്തുകളെയാണ് അവരാവിഷയത്തില്‍ ആധാരമാക്കിയിട്ടുള്ളത് എന്നും പറയപ്പെടുന്നു. അക്കാരണത്താലാണ് ഹിജാസ് പണ്ഡിതന്മാരിലധികവും അത്വാഅ്, ഇബ്‌നു അബീ മുലൈക, മദീനയിലെ ഫുഖഹാക്കള് എല്ലാവരും അത് തള്ളിക്കളഞ്ഞത്.

ഇമാം ശാഫിഈ, മാലികി മദ്ഹബുകളിലെ പണ്ഡിതന്മാര്‍ എന്നിവരുടെയും അഭിപ്രായം ഇതു തന്നെയാണ്.

നബി(സ)യില്‍ നിന്നോ അവിടുത്തെ സ്വഹാബത്തില്‍ നിന്നോ യാതെന്നും ആ വിഷയത്തില്‍ സ്ഥിരപ്പെടാത്ത സ്ഥിതിക്ക് അതെല്ലാം തന്നെ ബിദ്അത്താണെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത് (ഇബ്‌നു ഹജറിന്റെ ഫത്‌വകള്‍, നോമ്പിന്റെ അധ്യായം: 1/75).

Also read: സോഷ്യൽ ഡിസ്റ്റൻസിങ്, ക്വാറന്റൈൻ ചില പ്രവാചക മാതൃകകൾ

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയുടെ ഫത്‌വയാണ് നാം ഉദ്ധരിച്ചത്.

ഇനി സലഫി വീക്ഷണക്കാര്‍ക്ക് അഭിമതനായ ഇമാം ഇബ്‌നു തൈമിയ്യ(റ) പറയുന്നത് കാണുക:

قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ:

لَيْلَةُ النِّصْفِ مِنْ شَعْبَانِ، فَقَدْ رُوِيَ فِي فَضْلِهَا مِنَ الْأَحَادِيثِ الْمَرْفُوعَةِ وَالْآثَارِ مَا يَقْتَضِي أَنَّهَا لَيْلَةُ مُفَضَّلَةٌ، وَأَنَّ مِنَ السَّلَفِ مَنْ كَانَ يَخُصُّهَا بِالصَّلَاَةِ فِيهَا، وَصَوْمَ شَهْرِ شَعْبَانَ قَدْ جَاءَتْ فِيهِ أَحَادِيثُ صَحِيحَةٌ. وَمِنَ الْعُلَمَاءِ: مِنَ السَّلَفِ مِنْ أهْلِ الْمَدِينَةِ، وَغَيْرَهُمْ مِنَ الْخَلْفِ، مَنْ أَنْكَرَ فَضْلَهَا، وَطَعَنَ فِي الْأَحَادِيثِ الْوَارِدَةِ فِيهَا، كَحَديثِ: …

« إِنَّ اللهَ يَغْفِرُ فِيهَا لِأَكْثَرَ مِنْ عَدَدِ شِعْرِ غَنَمِ كَلْبِ ». وَقَالَ: لَا فَرْقَ بَيْنَهَا وَبَيْنَ غَيْرِهَا. لَكِنَّ الَّذِي عَلَيْهِ كَثِيرٌ مِنْ أَهْلِ الْعِلْمِ، أَوْ أَكْثَرُهُمْ، مِنْ أَصْحَابِنَا وَغَيْرِهِمْ عَلَى تَفْضِيلِهَا، وَعَلَيْهِ يَدُلُّ نَصُّ أَحَمْدَ، لِتُعَدِّدِ الْأَحَادِيثِ الْوَارِدَةِ فِيهَا، وَمَا يُصَدِّقُ ذَلِكَ مِنَ الْآثَارِ السَّلَفِيَّةِ، وَقَدْ رُوِيَ بَعْضُ فَضَائِلِهَا فِي الْمَسَانِيدِ وَالْسُنَنِ، وَإِنْ كَانَ قَدْ وُضِع فِيهَا أَشْيَاءَ أُخَرُ. فَأَمَّا صَوْمَ يَوْمِ النِّصْفِ مُفْرَدًا فَلَا أَصْلَ لَهُ، بَلْ إِفْرَادُهُ مَكْرُوهٌ، وَكَذَلِكَ اِتِّخَاذُهُ مَوْسِمًا تُصْنَعُ فِيهِ الْأَطْعِمَةُ، وَتُظْهَرُ فِيهِ الزَّيْنَةُ، هُوَ مِنَ الْمَوَاسِمِ الْمُحْدَثَةِ الْمُبْتَدَعَةِ الَّتِي لَا أَصْلَ لَهَا.- اِقْتِضَاءُ الصِّرَاطِ الْمُسْتَقِيمِ: 2 / 136.

ശഅ്ബാന് 15-ാം രാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ ചിലര്‍ അതില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു.

ശഅ്ബാന്‍ മാസത്തിലെ നോമ്പിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്.

മദീനക്കാരിലും അല്ലാത്തവരിലും പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമായ മഹാന്‍മാരില്‍ ചിലര്‍ അതിന്റെ ശ്രേഷ്ഠത നിഷേധിക്കുകയും, ശഅ്ബാന് 15-ാം രാവില്‍ കലബ ഗോത്രത്തിന്റെ ആട്ടിന്പറ്റങ്ങളുടെ രോമത്തിന്റെ എണ്ണത്തിലധികം പേര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നതടക്കം ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസുകളും സ്വീകാര്യയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു.

പക്ഷേ നമ്മുടെ പക്ഷക്കാരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതര്‍ അതിന് ശ്രേഷ്ഠതയുണ്ടെന്ന വീക്ഷണക്കാരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായവും അത് തന്നെയാണ്.

ആ വിഷയകമായി നിരവധി ഹദീസുകളും പൂര്‍വസൂരികളുടെ ചര്യകളുമെല്ലാം വെച്ചുകൊണ്ടാണ് അവരങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്.

അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ മുസ്‌നദുകളിലും സുനനുകളിലുമെല്ലാം തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലാത്ത പലതും അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും. (ഇഖ്തിദാഉസ്സ്വിറാത്തില് മുസ്തഖീം 2/63).

Also read: കോവിഡ് കാലത്തെ നാസ്തിക വൈറസ്സുകളോട്

ചുരുക്കത്തില്‍ ശഅ്ബാനുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ ഗ്രഹിക്കാം.

  1. ശഅ്ബാന്‍ ശ്രേഷ്ഠമായ മാസമാണെന്നതിലോ, തിരുമേനി ആ മാസം വളരെയേറെ ശ്രദ്ധകൊടുക്കുകയും ഏറ്റവുമധികം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നതിലോ തര്‍ക്കമില്ല.
  2. ഒരു വര്‍ഷത്തെ കര്‍മ്മങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ എന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.
  3. ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഹദീസുകളും പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗവും വ്യക്തമാക്കുന്നത്. മറുവീക്ഷണമുള്ളവരും ഉണ്ട്.
  4. അന്നേ ദിവസം പകല്‍ പ്രത്യേകം നോമ്പോ രാവില്‍ പ്രത്യേകം പ്രാര്‍ഥനകളോ നമസ്‌കാരമോ ചടങ്ങുകളോ ഒന്നും തന്നെ പ്രമാണങ്ങളിലൂടെയോ സ്വഹാബിമാരുടെ ചര്യയിലൂടെയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അത്തരത്തില്‍ വന്നവയെല്ലാം അതീവ ദുര്‍ബലമായവയോ കെട്ടച്ചമയ്ക്കപ്പെട്ടവയോ ആണ്.
  5. 15-ാം രാവില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ക്കും പരസ്പരം പിണങ്ങി പകയും വിദ്വേഷവുമായി കഴിയുന്നവര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല‍കുന്നു എന്ന ഹദീസ് ശൈഖ് അല്‍ബാനിയുള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കിയിരിക്കെ അത് പ്രകാരം ബറാഅത്ത് (വിമുക്തി) എന്ന് ആ രാവിനെ വിശേഷിപ്പിക്കുന്നതിന് തെറ്റില്ല.
  6.  ആ രാവില‍ ഈ അനുഗ്രഹം ലഭിക്കാനായി ശിര്‍ക്കുപരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും, പിണക്കവും വിദ്വേഷവുമെല്ലാം അവസാനിപ്പിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഊഷ്മളമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
  7. പ്രാമാണികരായ ഇമാമുകള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കെ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും അംഗീകരിക്കുന്നവരെ ആക്ഷേപിക്കാനോ അപഹസിക്കാനോ വകുപ്പില്ല.

Related Articles