Current Date

Search
Close this search box.
Search
Close this search box.

സര്‍വ്വ മത സത്യവാദവും ഇസ്‌ലാമും ?

ഖുര്‍ആനിക മാനവിക വാദത്തിന്റെ ഒരു ചുരുക്കെഴുത്ത് ഇങ്ങനെ വായിക്കാന്‍ ഇടയായി : ചുരുക്കത്തില്‍ ഏകദൈവ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചു കൊണ്ട്, സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും, അവന്‍ ഏത് ജാതിയില്‍; ഏത് മതത്തില്‍ പെട്ടവനായാലും സ്വര്‍ഗ പ്രവേശനം സാധ്യമാകുമെന്നു തന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

ഈ പ്രസ്താവന സ്വയം തന്നെ വൈരുധ്യം പേറുന്നതാണ്. ജാതി നമുക്ക് വിടാം. ഇസ് ലാമിക കാഴ്ചപ്പാടില്‍ ജാതി ഒന്നേയുള്ളൂ – അത് മനുഷ്യ ജാതിയാണ് – അതേ സമയം ‘ഏകദൈവത്തെ മനസാ അംഗീകരിച്ചാല്‍ മതി’ മതമേതായാലും പ്രശ്‌നമില്ല എന്ന പ്രസ്താവനയില്‍ വലിയ വൈരുധ്യമുണ്ട്. ‘ഏകദൈവത്വം’ എന്ന ദര്‍ശനം ഇസ് ലാം മാത്രം മുന്നോട്ടു വെയ്ക്കുന്ന മൗലികമായൊരു കാഴ്ചപ്പാടാണ്.

ദൈവം ഒന്നേയുള്ളൂവെന്ന പ്രസ്താവനയും ഏകദൈവദര്‍ശനവും വ്യത്യസ്തമാണ്.
ഏകദൈവദര്‍ശനം അംഗീകരിക്കുന്ന ക്രിസ്ത്യാനി, ഹിന്ദു, മാര്‍ക്‌സിസ്റ്റ് തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ തെറ്റാണ്. ത്രിത്വമാണ് (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) ക്രൈസ്തവതയുടെ ആധാരശില . ‘ ത്രി മൂര്‍ത്തി ‘ കളെയും ( ബ്രഹ്മാവ്’ വിഷ്ണു, ശിവന്‍) ദൈവാവതാരങ്ങളെയും അംഗീകരിക്കാത്തവന്‍ ഹിന്ദുവാകുന്ന പ്രശ്‌നമേയില്ല . മത-ദൈവനിഷേധമാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം തന്നെ. ഇസ് ലാമിന്റെ തനിമയെ തകര്‍ത്ത് ‘പുതിയ ഇസ്ലാംമതം ‘ -(മാനവിക ഇസ്ലാം ) – അക്ബറിന്റെ ദീനേഇലാഹി പോലെ, മിര്‍സ ഗുലാമിന്റെ അഹ്മദിയ്യത്ത് പോലെ – ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുണ്ടെന്നറിയാം . അവരാണ്, അവരില്‍ ചിലരാണ് മതമേതായാലും ” ഏക ദൈവത്തില്‍ വിശ്വസിക്കുന്ന നല്ലവനായാല്‍ മതി’ എന്ന ആശയത്തിന്റെ വക്താക്കള്‍ –

അങ്ങനെയെങ്കില്‍ ദൈവം ഒന്നായാലും പലതയാലും പ്രശ്‌നമില്ല മനുഷ്യന്‍ നന്നായാല്‍ മതി അവന് സ്വര്‍ഗം കിട്ടും എന്ന് പറയലല്ലേ കൂടുതല്‍ ‘മാനവികം ‘? ഇനി ”നന്‍മ ‘ എന്നാല്‍ എന്ത് എന്നതും പ്രശ്‌നമല്ലേ ? വ്യഭിചാരം, വിവാഹം പോലെ മറ്റൊരു നന്‍മയാണ് എന്ന് ഒരാള്‍ വിശ്വസിച്ചാല്‍ എന്തായിരിക്കും മറുപടി? സ്വവര്‍ഗ വിവാഹവും ഭിന്നവര്‍ഗ വിവാഹവും വ്യത്യസ്തമായ രണ്ടിനം നന്‍മകളാണെന്ന് വിശ്വസിച്ചാല്‍ അതിനു വല്ല പരിഹാരവും? മദ്യപാനത്തെ തിന്മയായി കാണാത്ത മത കാഴ്ചപ്പാടുകളെ എന്തു ചെയ്യും?കച്ചവടത്തെയും പലിശയെയും തുല്യമായി കാണുന്ന മത കാഴ്ചപ്പാടിനെ എങ്ങിനെ വിലയിരുത്തും?

അപ്പോള്‍ ” ഏകദൈവ വിശ്വാസവും പൊതു നന്‍മയും ‘ അങ്ങനെയൊരു മതം യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഇല്ലെന്നുള്ളതാണ് വസ്തുത. ഒരു നിഴല്‍ മതമുണ്ടാക്കി യഥാര്‍ത്ഥ മത വിശ്വാസികളില്‍ അങ്കലാപ്പ് സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മാത്രം. ഖുര്‍ആനിലെ ഏകദൈവത്വം (തൗഹീദ്) സമഗ്രമായ ദര്‍ശനാണ്. അതിന്റെ തന്നെ ഭാഗമാണ് മുഹമ്മദ് നബിയില്‍ തീരുന്ന പ്രവാചക പരമ്പരയിലുള്ള വിശ്വാസം. മുഹമ്മദ് നബിയെ കുറിച്ചുള്ള കാഴ്ചപ്പാട് വികലമായാല്‍ ഏകദൈവത്വ കാഴ്ചപ്പാടും വികലമായി- പ്രവാചകത്വ പരിസമാപ്തിയില്‍ വിശ്വസിക്കാത്തവന് ഖുര്‍ആനികദര്‍ശനം തന്നെ ബാധകമല്ല.

കാരണം ഒടുവിലത്തെ നബിക് അവതരിപ്പിക്കപ്പെട്ട ഒടുവിലത്തെ ഗ്രന്ഥം, അതിന് നബി നല്‍കിയ വിശദീകരണത്തോടെ മനസ്സിലാക്കുന്നതിന്റെ പേരാണ് സാക്ഷാല്‍ ഏകദൈവ ദര്‍ശനം..”ദൈവം ഒന്ന് ‘ എന്ന ഗണിത ശാസ്ത്രം പഠിപ്പിക്കാനല്ല 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും നബി ഒരു പ്രാസ്ഥാനത്തെ നയിച്ചത്. മക്കയിലെ ബഹുദൈവവാദികളോടും (മുശ് രിക്കുകള്‍ ) മദീനയിലെ ജൂത-ക്രൈസ്തവരോടും (അഹ് ലുല്‍ കിതാബ്) നബി സമരം ചെയ്തത് ”മതമേതായാലും മനുഷ്യ നന്നായാല്‍ മതി’ എന്ന മാനവിക മതം പഠിപ്പിക്കാനല്ല – അതിനായി ഇത്രയധികം ത്യാഗമോ പ്രയാസമോ വേണ്ടിയിരുന്നില്ല –

‘ക്രിസ്ത്യാനികളേ ! നിങ്ങള്‍ നല്ല ക്രിസ്ത്യാനകളായി മാറണം ‘ എന്ന് മുഹമ്മദ് നബി പറഞ്ഞപ്പോള്‍ അവര്‍ ക്ഷുഭിതരായെന്നോ ? ”ജൂതരേ! നിങ്ങള്‍ നല്ല ജൂതരായി മാറൂ! ” എന്ന് മുഹമ്മദ് നബി പറഞ്ഞപ്പോള്‍ അവര്‍ ക്ഷുഭിതരായെന്നോ?എന്താണ് ഈ മാനവിക മതക്കാര്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്? ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുളള ദൈവ ദൂതന്‍മാര്‍ ജനങ്ങളെ വിളിച്ചത് കേവല നര്‍മയിലേക്കെന്നാണോ ഇവര്‍ പറയുന്നത്.? ഖുര്‍ആനിക സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് എന്ത് സ്ഥാപിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്? നംറൂദിനെ അഴിമതി രഹിതനായ നല്ല രാജാവാക്കാന്‍ വേണ്ടിയാണ് ഇബ് റാഹീം നബി വന്നതെന്നോ!? ഫിര്‍ഔനിനെ ജനപ്രിയ ഭരണാധികാരിയാക്കാനും ജനക്ഷേമഭരണം നടത്തിയാല്‍ സ്വര്‍ഗം തരാം എന്നറിയിക്കാനുമാണ് മൂസാനബി വന്നതെന്നോ ? എന്താണ് ഈ മാനവിക മതത്തിന്റെ യഥാര്‍ത്ഥ വാദം?

സുഹൃത്തുക്കളേ! പ്രവാചക ദര്‍ശനത്തിന്റെ കാതല്‍ ‘ഏകദൈവത്തിന്റെ പരമാധികാരം ‘ അംഗീകരിപ്പിക്കലാണ്. ഏകദൈവദര്‍ശനത്തില്‍ ‘കേവല നന്‍മ ‘ എന്ന ഒരാശയമേയില്ല. തൗഹീദാണ് ഏറ്റവും വലിയ നന്‍മ . ശിര്‍ക്കാണ് ഏറ്റവും വലിയ തിന്‍മ .

അവിടെ വ്യക്തി മാറണം. വ്യക്തിയെങ്ങിനെ മാറണം എന്നത് അല്ലാഹു ഖുര്‍ആനിലൂടെ പഠിപ്പിച്ച കാര്യമാണ്. ഖുര്‍ആന്‍ ‘ ജനങ്ങളുടെ സന്‍മാര്‍ഗമാണെന്ന ‘ തത്വമാണ് ഈ മാനവികന്‍മാര്‍ ആദ്യം നിഷേധിക്കുന്നത്. ഖുര്‍ആന്‍ മുഹമ്മദ് നബിയെ അനുസരിക്കാന്‍ പറയുന്നത് ‘മനുഷ്യരോടാണ്’ എന്ന മഹാസത്യമാണ് തുടര്‍ന്നവര്‍ നിഷേധിക്കുന്നത്- കാരണം മാനവിക വ്യാഖ്യാനപ്രകാരം ജൂതന്‍മാര്‍ മുഹമ്മദ് നബിയെ അനസരിക്കേണ്ടതില്ല- പഴയനിയമം ( തോറ ) നോക്കി നന്‍മ ചെയ്താല്‍ മതി – ക്രിസ്ത്യാനികള്‍ മുഹമ്മദ് നബിയെ അനുസരിക്കേണ്ടതില്ല പുതിയ നിയമം (ബൈബിള്‍ ) നോക്കി നന്‍മ ചെയ്താല്‍ മതി. ഖുര്‍ആന്‍ ഖുര്‍ആനിനെ ‘ജനങ്ങളുടെ സന്‍മാര്‍ഗംهدى للناسഎന്നു പറയുമ്പോള്‍ മാനവികക്കാര്‍ പറയുന്നത് മുസ് ലിം സമുദായത്തിന്റെ മതം എന്ന് മാത്രമാണ്. ഇത് വൈരുധ്യാത്മക മാനവികവാദം തന്നെ. ഖുര്‍ആനിലെ നമസ്‌ക്കാരവും സകാത്തും നോമ്പും ഹജജും ഉംറയും പരലോകവും സ്വര്‍ഗവും നരകവും മുസ് ലിംകള്‍ക്ക് മാത്രം ‘ബാധകമാണ്; ജനങ്ങളോട് ഇങ്ങനെ യൊരു കല്‍പനയില്ലെന്ന് പറയുമ്പോള്‍ ഖുര്‍ആനിലെ يا ايها الناس  ഹേ ജനങ്ങളേ! എന്ന ആഹ്വാനത്തെ തന്നെയാണ് ഇവര്‍ നിഷേധിക്കുന്നത്.

ഖുര്‍ആനില്‍ അല്ലാഹു പലിശയെ തിന്‍മയാക്കി, ആര്‍ക്ക്? മുസ് ലിംകള്‍ക്ക് മാത്രം! അളവു- തൂക്കങ്ങളിലെ തട്ടിപ്പ് വിലക്കി , ആര്‍ക്ക്? മുസ് ലിംകള്‍ക്ക് മാത്രം മുസ് ലിംകള്‍ അല്ലാത്തവര്‍ക്ക് ഖുര്‍ആനിലെ നന്‍മകള്‍ ബാധകമല്ലെന്നാണ് ഖുര്‍ആനിക മാനവിക വാദം.
ക്രിസ്ത്യാനികള്‍ ബൈബിള്‍ നോക്കട്ടെ – ഹിന്ദുക്കള്‍ ഗീത നോക്കട്ടെ. – മുസ് ലിംകള്‍ ഖുര്‍ആന്‍ നോക്കട്ടെ’ ‘ രസകരം തന്നെ ഈ മാനവിക വാദം – എല്ലാ മതക്കാര്‍ക്കും സ്വര്‍ഗം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ വൈരുധ്യാത്മക മാനവിക വാദം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ആര്‍ക്കും സ്വര്‍ഗം പ്രഖ്യാപിക്കല്‍ ഇഹലോകത്ത് ആരുടെയും ചുമതലയല്ല. അത് പരലോകത്ത് അല്ലാഹുവിന്റെ ചുമതലയാണ്.- ജൂതരിലും, ക്രിസ്ത്യാനികളിളും സാബിഉകളിലും, മുഅമിനുകളിലും പെട്ടവര്‍ക്ക് സ്വര്‍ഗം എന്നല്ല അല്ലാഹു പറഞ്ഞത് ‘; അവരില്‍ നിന്ന് ‘അല്ലാഹുവിലും ആഖിറത്തിലും വിശ്വസിക്കുന്നവര്‍ക്കും സ്വാലിഹായ അമലുകള്‍ ചെയ്യുന്നവര്‍ക്കും സ്വര്‍ഗം” എന്നാണ് – അല്ലാഹുവില്‍ എങ്ങിനെ വിശ്വസിക്കണം ? ഇതിന്റെ ഉത്തരം ഖുര്‍ആനില്‍ തന്നെയുണ്ട്. ആഖിറത്തില്‍ എങ്ങിനെ വിശ്വസിക്കണം ? ഇതിന്റെ ഉത്തരം ഖുര്‍ആനില്‍ തന്നെയുണ്ട്. സ്വാലിഹായ അമലുകള്‍ എന്തൊക്കെയാണ് ‘? ഇതിന്റെ ഉത്തരം ഖുര്‍ആനില്‍ തന്നെയുണ്ട്.-

114 അധ്യായങ്ങളിലൂടെ ഖുര്‍ആന്‍ പ്രസ്തുത മൂന്ന് ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളുടെ നിഷേധമാണ് ഖുര്‍ആനിന്റെ മാനവിക വ്യാഖ്യാനവും സര്‍വമത സത്യവാദവും.

ഏത് മതക്കാര്‍ക്കും ഏത് ജാതിക്കാര്‍ക്കും ഏത് കുടുംബത്തില്‍ പിറന്നവര്‍ക്കും ആശയപരിവര്‍ത്തനം വഴി മുസ് ലിം ആകാവുന്നതേയുള്ളൂ വെന്ന ഖുര്‍ആനിക ആശയത്തെ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് ഇവിടെ ചിലര്‍ പുതിയ ‘മാനവികമതം’ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്- അവര്‍ ഖുര്‍ആനിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി വായിക്കുന്ന അല്‍പന്‍മാര്‍ മാത്രമാണ്. മുശ് രിക്കുകളുടെ വിഗ്രഹാരാധനയില്‍ നിന്നും, മക്കക്കാരുടെ മലക്കുകള്‍ ദൈവപുത്രിമാര്‍ എന്ന വാദത്തില്‍ നിന്നും, ജൂതരുടെ ഉസൈര്‍ ദൈവപുത്രന്‍ എന്ന വാദത്തില്‍ നിന്നും ക്രിസ്ത്യാനികളൂടെ ‘ഈസ(യേശു) ദൈവപുത്രന്‍ എന്ന വാദത്തില്‍ നിന്നും മുക്തമായ الايمان بالله  – (അല്ലാഹുവിലുള്ള വിശ്വാസം)ആകുന്നു ഖുര്‍ആന്‍ മുന്നോട്ടു വെയ്ക്കുന്നത്.- അതിനോട് ചേര്‍ന്നു വരുന്നതാണ് محمد خاتم الانبياء (മുഹമ്മദ് നബി അന്ത്യ പ്രവാചകന്‍) എന്ന വിശ്വാസവും -ഖുര്‍ആനിന്റെ ഈ വിശ്വാസദര്‍ശനത്തെ തള്ളിക്കളയാതെ ‘മാനവികമതം’ സ്ഥാപിതമാവില്ല.

പരലോകത്തെ കുറിച്ചും ഖുര്‍ആനിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. ‘കള്ളനും കൊള്ളക്കാരുമായ ഉമ്മത്തീങ്ങള്‍ക്ക് സ്വര്‍ഗം ‘ എന്നത് മാനവികന്‍മാരുടെ തെറ്റായ പ്രചാരണം മാത്രമാണ്. എല്ലാവരെയും വിചാരണ (الحساب) ചെയ്യലാണ് പ്രഥമപടി. ഗാന്ധിജിയുടെയും മദര്‍തെരേസയുടെയും മൗദൂദിയുടെയും മുഹമ്മദിബ്‌നു അബ്ദില്‍വഹാബിന്റെയും ഖുര്‍ആന്‍ മാനവിക വ്യാഖ്യാതാക്കളുടെയും കെ.ടി. ജലീലിന്റെയുമെല്ലാം സ്വര്‍ഗം വിചാരണക്ക് ശേഷം മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

ഭൂമിയില്‍ വെച്ച് സ്വര്‍ഗ-നരക പ്രഖ്യാപനം നിര്‍വഹിക്കാന്‍ മന്ത്രിമാരും മൗലവിമാരും മാനവികന്‍മാരും മിനക്കെടേണ്ടതില്ല . അല്‍പം കാത്തിരിക്കുന്നതാണ് നല്ലത്. വിചാരണയില്‍ ഒന്നാമത് പരിശോധിക്കുന്നത് നേരത്തേ പറഞ്ഞ വിശ്വാസം തന്നെയായിരിക്കും – പിന്നെ പരിശോധിക്കുന്നത് عمل صالح (സല്‍കര്‍മം) കളാണ്.

114 അധ്യായങ്ങളിലൂടെ മനുഷ്യ സമൂഹത്തെ(الناس) അല്ലാഹു അത് പഠിപ്പിച്ചിട്ടുണ്ട്. നമസ്‌ക്കാരം ‘ സകാത്ത്, നോമ്പ് , ഉംറ, ഹജജ്, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍, ദാരിദ്ര നിര്‍മാര്‍ജനം, അയല്‍വാസിയെ പരിചരിക്കല്‍, വ്യഭിചരിക്കാതിരിക്കല്‍, സ്വവര്‍ഗരതി ഉപേക്ഷിക്കല്‍, കൊലപാതകം വെടിയല്‍, കളവ് നടത്താതിരിക്കല്‍, അളവ് – തൂക്കങ്ങളില്‍ നീതി പാലിക്കല്‍, സ്ത്രീ അവകാശങ്ങള്‍ സംരംക്ഷിക്കല്‍, നീതിപൂര്‍വം നാട് ഭരിക്കല്‍ etc…. അതിന്റെ പട്ടിക നീണ്ടതാണ്.

പ്രസ്തുത ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് നേരെ കണ്ണടച്ച് രണ്ടോ മൂന്നോ ആയത്തുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ”മാനവികം ‘ പറയുന്നത് ഖുര്‍ആന്‍ വ്യാഖ്യാനമോ ഖുര്‍ആന്‍ പ്രബോധനമോ അല്ല മറിച്ച് ഉത്തരാധുനിക ഖുര്‍ആന്‍ നിഷേധമാണ്.

Related Articles