Current Date

Search
Close this search box.
Search
Close this search box.

മരണാനന്തര ജീവിതം ഒരു വിജ്ഞാനശാഖയാകുമ്പോള്‍

സൃഷ്ടിജാലങ്ങളുടെ മരണം മനസ്സിലാക്കാനും അതിന് കൃത്യമായ വിശദീകരണം നൽകാനും ശാസ്ത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ അന്തിമ ഘട്ടമായി അവരതിനെ കാണുന്നു. സൃഷ്ടികളെല്ലാം നശിക്കുകയും അവയിൽ നിന്ന് പുതിയ ജീവൻ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയെല്ലാം ആണെങ്കിലും ഒരു വ്യക്തിയുടെ മരണത്തെ അതേ രീതിയിൽതന്നെ കാണാൻ ശാസ്ത്രത്തിന് സാധ്യമാകുമോ? മനുഷ്യരും മൃഗങ്ങളും അതിൽ തുല്യരാകുമോ? ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരുന്നതിനും മണ്ണിട്ട് മൂടുന്നതിനുമിടയിൽ കൃത്യമായ ലക്ഷ്യങ്ങളോ അർത്ഥമോ ഇല്ലാത്ത അനന്തമായ ജീവിതമാണോ?

പരലോകം അടിസ്ഥാനപരമായൊരു ചോദ്യമാണ്. നിലവിലുള്ള പല സത്യങ്ങളുടെയും നിരാകരണമാണത്. ജീവിതത്തിൽ വ്യാപകമായിട്ടുള്ള തെമ്മാടിത്തരങ്ങളുടെ അന്ത്യമാണത്. മരണത്തിന്റെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരമാണത്. ഭാവിയെക്കുറിച്ചുള്ള മനുഷ്യന്റെ കണക്കുകൂട്ടലുകളെല്ലാം അവസാനിക്കുന്നിടമാണത്. പരലോകം എല്ലാ ഒടുക്കങ്ങളുടെയും ഒടുക്കമാണ്. പരലോകത്തെ അവഗണിക്കുക വഴി പരമപ്രധാനമായ സ്വന്തം ഭാവിയെത്തന്നെയാണ് നാം നശിപ്പിച്ചുകളയുന്നത്. പരലോകത്തെക്കുറിച്ചുള്ള ആഴമേറിയ ജ്ഞാനവും വിശ്വാസവും ജീവിത-മരണത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയെല്ലാം മാറ്റിമറിക്കും. അന്നേരം വരുംകാലത്തേക്ക് വിളവെടുപ്പ് നടത്താൻ വേണ്ടി നന്നായി അധ്വാനിക്കുന്ന കൃഷിയിടമായി ജീവിതത്തെ മാറ്റിയെടുക്കാൻ മനുഷ്യനാകും. കഷ്ടതകളും പ്രയാസങ്ങളും അവസാനിപ്പിച്ച് ആ നശ്വരമായ ഭാവിയിലേക്കുള്ള പ്രയാണമായി മരണം മാറുകയും ചെയ്യും.

പരലോകത്തെക്കുറിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോൾ

‘കീമിയാഉസ്സആദ’ എന്ന ഗ്രന്ഥത്തിൽ മഹാനായി അബൂ ഹാമിദുൽ ഗസാലി പറയുന്നു: ‘പരലോക വിജയം തേടിയുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഹൃദയം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്’. കാരമോവ് സഹോദരന്മാർ എന്ന നോവലിൽ അദൃഷ്യമായ ലോകത്തെക്കുറിച്ച ചോദ്യങ്ങളുടെ അഭാവത്തെപ്പറ്റി ദസ്തിയോവസ്‌കി പറയുന്നു: ‘നമ്മുടെ നാട്ടിൽ ആത്മഹത്യ ചെയ്യുന്ന അനേകം യുവാക്കളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആരോടും ഒരു വാക്കുപോലും പറയാതെ അവരവരുടെ ശരീരത്തെ നശിപ്പിച്ചുകളയുന്നു. മരണത്തിന് ശേഷം എന്തായിരിക്കുമെന്ന ഒരു ആശങ്കയോ ഭയമോ അവർക്കില്ല. മനുഷ്യാത്മാവിന്റെ പ്രശ്‌നങ്ങളും പരലോകത്ത് അവരെ കാത്തിരിക്കുന്ന വിധിയും അവരുടെ ചിന്തകളെ അലട്ടുന്നേയില്ല. ഇത്തരം ചിന്തകളെയും ആകുലതകളെയുമെല്ലാം അനേകകാലം മുമ്പേ അവർ ചിന്താമണ്ഡലത്തിന് പുറത്തേക്ക് മാറ്റിവെക്കുകയോ മറന്നുകളയുകയോ ചെയ്തിരിക്കുന്നു’. വാസ്തവത്തിൽ പരലോകവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെ മനപ്പൂർവം കുഴിച്ചുമൂടുന്നത് നമ്മുടെ ജീവിതം, അറിവ്, വിധി എന്നിവയെ സംബന്ധിച്ചെടുത്തോളം വിനാശകരമാണ്. ഇമാം തിർമുദി ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം:

‘സ്വന്തം ശരീരത്തെ കീഴ്‌പെടുത്തി പരലോകത്തിന് വേണ്ടി പ്രവർത്തിച്ചവനാണ് ബുദ്ധിമാൻ’. പരലോക ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുകയെന്നത് ചിന്തയുടെയും ബുദ്ധിയുടെയും ഉയർന്ന തലവും ജ്ഞാനങ്ങളിൽ ഏറ്റവും ആഴമേറിയതുമാണ്. മുസ്ലിം ഗണിതശാസ്ത്രജ്ഞൻ ജെഫ്രി ലാംഗ് പറയുന്നു: ‘ഇഹലോകത്തിലെ നമ്മുടെ ധാർമ്മികവും ആത്മിയവുമായ വികസനം മരണാനന്തര ജീവിതത്തിലെ നമ്മുടെ സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ശക്തമാകുമ്പോൾ ഐഹിക ജീവിത്തിലെ ജ്ഞാനത്തിലും ചലനത്തിലും അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഉപകാരപ്രദമായ പല കാര്യങ്ങളും നമ്മിൽ നിന്നും ഉണ്ടായിത്തീരും. നന്മകളുമായി ബന്ധപ്പെടുകയും പരമമായ വിജയത്തെ തേടിക്കൊണ്ടിരിക്കുകയും ചെയ്യും’.

ഒരു മനുഷ്യൻ തന്റെ ജീവിതത്തിന്റെ അവസാന ഘട്ടമാകുമ്പോൾ മരണാനന്തരജീവിതത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുമെന്ന് സോക്രട്ടീസ് പറയുന്നുണ്ട്: ‘ജീവിതത്തിൽ നിന്നും വേർപ്പെടാനുള്ള സമയത്തെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോഴെല്ലാം മരണാന്തരജീവിതത്തിന്റെ യാഥാർത്ഥ്യത്തോട് നാം അടുത്തുകൊണ്ടേയിരിക്കും. യുക്തിമാനും ബുദ്ധിമാനുമായ ഒരു വ്യക്തിയെ സംബന്ധച്ചെടുത്തോളം അവനെപ്പോഴും ജീവിതത്തിലുടനീളം അവൻ മരണത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. മരണ ചിന്ത അവനെത്തൊട്ട് വിട്ടകലുകയേ ഇല്ല’. അത്തഫ്‌സീറു ഫീ ളിലാലിൽ ‘ഐഹിക ജീവിതത്തിന്റെ ബാഹ്യവശം മാത്രമേ അവർ മനസ്സിലാക്കുന്നുള്ളൂ. പാരത്രിക ജീവിത്തെക്കുറിച്ച് അശ്രദ്ധയിലാണവർ'(റൂം: 7) എന്ന ആയത്തിന് തഫ്‌സീർ നൽകിയിടത്ത് അദ്ദേഹം പറയുന്നു: ‘പാരത്രിക ജീവിതത്തെക്കുറിച്ചുള്ള അശ്രദ്ധവാന്മാരാകുന്നവരുടെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചുപോകും. അവരുടെ ജീവിത പ്രവർത്തിയിലൊന്നും ഒരു മൂല്യവും കാണാനാകില്ല. ജീവിതത്തെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെയും കാര്യക്ഷമതയോടെ സമീപിക്കാൻ അവർക്ക് സാധ്യമാകില്ല. അവരുടെ ജ്ഞാനങ്ങളെല്ലാം കേവലം ഉപരിപ്ലവും മൂല്യരഹിതവുമായിരിക്കും. കാരണം, പാരത്രിക ജീവിതത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ മനുഷ്യന്റെ ഹൃദയത്തിൽ ഐഹിക ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളോടുമുള്ള കാഴ്ചപ്പാടുകൾ വിത്യസ്തമാകും’. അതിനാൽതന്നെ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം കേവലം ഒരു പ്രശ്‌നമെന്നതിലപ്പുറം കൃത്യവും കാര്യക്ഷമവുമായി ഇടപെടേണ്ട വസ്തുതയാണ്.

പരലോക ജീവിതത്തിലേക്കുള്ള യാത്ര

മനുഷ്യനെ സംബന്ധിച്ചെടുത്തോളം, മരണത്തോടടുക്കുന്നതും മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പതിവായ ചോദ്യങ്ങളും എപ്പോഴും പരലോകത്തെക്കുറിച്ചുള്ള ചിന്ത അവനിൽ സജീവമാക്കും. ന്യൂറോളജിസ്റ്റായ ആബെൻ അലക്‌സാണ്ടറുടെ ജീവിതത്തിലെ പ്രചോദനാത്മകമായ അനുഭവത്തെക്കുറിച്ച് പറയാം. അദ്ദേഹം ഇരുപത്തഞ്ച് വർഷം ന്യൂറോ സർജനും അമേരിക്കയിലെ പ്രമുഖ അക്കാദമിക ലക്ചറുമായിട്ട് ജോലി ചെയ്തിരുന്നു. മരണത്തെ മുന്നിൽ കാണുകയും കോമയ്ക്ക് വിധേയരാവുകയും പിന്നീട് ജീവിതത്തിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്ത നിരവധി ആളുകളുമായി ഇടപഴകാൻ അദ്ദേഹത്തിന് അവസരമുണ്ടായിട്ടുണ്ട്. ജോലി സമയത്ത് അദ്ദേഹം കോമയിലുള്ള രോഗികളെ പരിശോധിക്കുകയും അവരെ ഏതുവിധേനയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം, മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ഒരു ചിന്തയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നില്ല. അത്തരം വിഷയങ്ങളുമായി താൻ ഇടപെടേണ്ടതില്ലെന്നു അദ്ദേഹത്തിന് തോന്നി. പക്ഷെ, 2008 നവംബർ പത്താം തിയതിയോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അദ്ദേഹം അസുഖം ബാധിച്ച് കോമയ്ക്ക് വിധേയനായി. പുനരുജ്ജീവന ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രം അദ്ദേഹം ശ്വസിച്ചു. ഒരിടവേളക്ക് ശേഷം കോമയിൽ നിന്നും ഉണർന്ന അദ്ദേഹത്തിൽ പലമാറ്റങ്ങളും വന്നു തുടങ്ങി. മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം ഭയാശങ്കയിലായി. അതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചുകൊണ്ടേയിരുന്നു. ഈ സംഭവം വിശകലനം ചെയ്ത് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു. ‘സ്വർഗത്തിന്റെ ഭൂപടം: മതവും ശാസ്ത്രവും സധാരണക്കാരും പരലോകത്തെ എങ്ങനെ നോക്കിക്കാണുന്നു’ എന്നത് അതിൽപെട്ടൊരു പുസ്തകമാണ്.(1)

തന്റെയും തന്നെപ്പോലെ കോമയ്‌ലായ മറ്റനവധി ആളികളുടെയും മാനസികമായ അനുഭവങ്ങളെ മുൻനിർത്തി ഈ പ്രപഞ്ചത്തിനും ഐഹിക ജീവിത്തിനുമപ്പുറം മറ്റെന്തൊക്കെയോ ഉണ്ടെന്ന് സ്ഥാപിക്കാൻ അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നുണ്ട്. മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ടെന്ന് അവരെല്ലാം തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്വർഗത്തെ യഥാർത്ഥ ലക്ഷ്യസ്ഥാനമായാണ് അദ്ദേഹം പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നത്. ഈ അന്വേഷണം നിരവധി ഭൗതിക ചിന്തകരെയാണ് ഞെട്ടിച്ചുകളഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഗ്രന്ഥമാണ് ‘സ്വർഗം: ഒരു ന്യൂറോസർജന്റെ പാരത്രിക യാത്ര’.(2) അല്ലാഹുവും ആത്മാവും യാഥാർത്ഥ്യങ്ങളാണെന്നും മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും അത് മറ്റൊരു ജീവിതത്തിലേക്കുള്ള മാറ്റമാണെന്നും മനസ്സിലാക്കുമ്പോൾ മാത്രമേ നാം യഥാർത്ഥ ആരോഗ്യം കൈവരിക്കുന്നുള്ളൂ എന്ന അദ്ദേഹം അതിൽ ഊന്നിപ്പറയുന്നു.

‘പാരത്രിക ജീവിതം, സമ്പൂർണ യാഥാർത്ഥ്യം; മരണാനന്തര ജീവിതം'(3) എന്നത് സ്റ്റീഫൻ മാർട്ടിന്റെ ഗ്രന്ഥമാണ്. രണ്ട് വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തിൽ മരണത്തിന് ശേഷം മറ്റൊരു ജീവിതമുണ്ടെന്നും സ്വർഗവും നരഗവുമുണ്ടെന്നും അദ്ദേഹം സ്ഥാപിക്കുന്നു. ശരീരത്തിന്റെ മരണം ഒരു യഥാർത്ഥ മാനസികാവസ്ഥയുടെ ലോകത്തേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. പരലോകത്തെയും അനശ്വരമായ മരണാന്തര ജീവിതത്തെയും സ്ഥാപിക്കുൻ ഫിലോസഫിയെയും ശാസ്ത്രത്തെയും അദ്ദേഹം അവലംബിക്കുന്നുണ്ട്. മനുഷ്യബോധം ശാശ്വതവും അനശ്വരവുമാണെന്ന പറയുന്ന അദ്ദേഹം അവബോധം കൈവരിക്കപ്പെടുന്ന മറ്റൊരു ജീവിതവുമുണ്ടെന്ന് സ്ഥാപിക്കുന്നു.

ഇതേ വിഷയത്തിൽ ഒന്നേകാൽ ലക്ഷത്തോളം വിറ്റഴിഞ്ഞ മറ്റൊരു പുസ്തകമാണ് ‘ജീവിതത്തിനുമപ്പുറത്തെ ബോധം’.(4) മരണത്തെക്കുറിച്ചും അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും ഇരുപത് വർഷത്തോളം പഠനം നടത്തിയ പ്രശസ്ത കാർഡിയോളജിസ്റ്റാണ് പിം വാൻ ലോമൽ. മനുഷ്യബോധത്തെ ശരീരത്തിന്റെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകുമോ ഇല്ലയോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന അന്വേഷണം. മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് ജ്ഞാനവും വിശ്വാസവും ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മരണാസന്നനായിരിക്കുന്ന സമയം മനുഷ്യൻ അവന്റെ പൂർണ ബോധാവസ്ഥയിൽ തന്നെയായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. മരണാനന്തരം മറ്റൊരു ജീവിതമുണ്ടെന്നും മനുഷ്യൻ ഒരു ഭൗതിക ശരീരമെന്നതിലുമപ്പുറമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 2001ൽ പടിഞ്ഞാറൻ ഭൗതിക ശാസ്ത്ര സമൂഹത്തെ ലോമൽ തന്റെ പഠനത്തിലൂടെ അമ്പരിപ്പിച്ചു. ദി ലാൻസെറ്റ് എന്ന പ്രസിദ്ധ മെഡിക്കൽ ജേണലിൽ മരണത്തോടടുത്തവരുടെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനമാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പടിഞ്ഞാറിൽ വന്ന പഠനങ്ങളിൽ ആദ്യത്തേത്.(5)

ജീവിതാനന്തരമുള്ള വസ്തുതകളെക്കുറിച്ചുള്ള ആലോചനകൾ

ജെഫ്രി ലാങിന്റെ ‘അല്ലാഹുവും പരലോകവും'(6) എന്ന പുസ്തകമാണ് മരണാസന്നനായി കിടക്കുന്നവരുടെ അനുഭവങ്ങൾ വിവരിക്കുന്ന ഏറ്റവും ബൃഹത്തായ പഠനം. വിത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂവായിരത്തോളം ആളുകളുടെ അനുഭവങ്ങൾ അടിസ്ഥാനമാക്കിയാണ് അത് രചിച്ചത്. ഭൗതികമായ ജീവിതത്തിന് ശേഷം മറ്റൊരു ജീവിതമുണ്ടെന്നതിന് ഗ്രന്ഥം നിരവധി തെളിവുകൾ മുന്നോട്ടുവെക്കുന്നുണ്ട്. എല്ലാം എത്തിച്ചേരുന്നതാകട്ടെ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന സത്യത്തിലേക്കും. പരലോകത്തെക്കുറിച്ചുള്ള അതിശയകരമായ ശാസ്ത്രീയ കണ്ടുപിടുത്തമാണ് ഈ പുസ്തകം. അതല്ലാതെ തത്വശാസത്രപരമായ സമീപനത്തിനല്ല ജെഫ്രി ലാങ് ശ്രമിക്കുന്നത്. ‘യാത്രയുടെ സ്ഥിരത: ജീവിതവും ജീവിതത്തിന്റെ അർത്ഥവും പഠിപ്പിച്ചുതന്ന മരണത്തോടടുത്തവന്റെ അനുഭവങ്ങൾ'(7) എന്ന പുസ്തകത്തിൽ ഫിലിപ്പ് പെർമ ഫിയോറി അത്തരം അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മരണാസന്നരായ ഡസൻ കണക്കിന് ആളുകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി മരണാനന്തര ജീവിതം നമ്മെ പുതിയ ദിശയിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തുന്നു. മാത്രമല്ല, മരണാനന്ത ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒരു യഥാർത്ഥ അനുഭവമാണെന്നും കേവലം നിഗൂഢതകളല്ലെന്നുമുള്ള നിഗമനത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നു.

മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട് വന്ന പഠനങ്ങളിൽ ശ്രദ്ധേയമായത് ഫീ ളിലാലിൽ ഖുർആൻ എന്ന തഫ്‌സീറിൽ വന്നത് തന്നെയായിരിക്കും; പാരത്രിക ജീവിതത്തിലുള്ള വിശ്വാസം അനുഗ്രഹമാണ്. ഹൃദയത്തിനകത്തെ വിശ്വാസത്തെ അതിരുകവിയുന്ന അനുഗ്രഹമാണത്. വിശാലമായ പ്രതീക്ഷകൾ വെച്ച് പരിമിതമായ ജീവിതം നയിക്കുന്ന മനുഷ്യന് അല്ലാഹു നൽകുന്ന ഔദാര്യമാണത്. പരലോകത്തിലുള്ള വിശ്വാസം ആത്മാവ് ഊർജ്ജ്വസ്വലമാണെന്നതിനുള്ള തെളിവാണ്. ഭൗമോപരിതലത്തിന്റെ അതിർവരമ്പുകളെ മറികടക്കുന്ന ജീവിത്തിന്റെ സമ്പൂർണതയെക്കുറിച്ചുള്ള സൂചനയാണ്. അല്ലാഹു അല്ലാത്ത മറ്റാർക്കുമറിയാനാകാത്ത സ്വതന്ത്രമായ അസ്തിത്വത്തിലേക്കുള്ള പ്രയാണമാണത്.

അവലംബം:
1- The Map of Heaven: How Science, Religion, and Ordinary People Are Proving the Afterlife
2- Proof of Heaven: A Neurosurgeon’s Journey into the Afterlife
3- Afterlife, The Whole Truth: Life After Death
4- Consciousness Beyond Life: The Science of the Near-Death Experience
5- https://www.thelancet.com/journals/lancet/article/PIIS0140673601071008/fulltext
6- God and the Afterlife: The Groundbreaking New Evidence for God and Near-Death Experience
7- The Journey Home: What Near-Death Experiences and Mysticism Teach Us about the Meaning of Life and Living

 

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles