Current Date

Search
Close this search box.
Search
Close this search box.

പുതുമുസ് ലിമിന്റെ നമസ്കാരത്തിലെ ഫാത്തിഹ: ശരിയും തെറ്റും

അനറബികളായ പുതു മുസ് ലിംകളിൽ ആരാധനാ കർമ്മങ്ങൾ നിർവഹിക്കുമ്പോൾ സ്വാഭാവികമായ പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. അറബി ഭാഷയുടെ ഉപയോഗമാണ് അതിലൊന്ന്. നമസ്കാരത്തിൽ ഫാത്തിഹ ഓതുമ്പോഴും ദിക്റുകൾ ചൊല്ലുമ്പോഴും ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. പരിഹാരമെന്നോണം അവരിൽ പലരും ഫാത്തിഹയുടെ ആയത്തുകൾ തങ്ങളുടെ ഭാഷയിൽ എഴുതി നമസ്കാരത്തിൽ നോക്കി ഓതുന്ന പതിവുണ്ട്.

ചിലരാവട്ടെ അത് പാടെ നിഷിദ്ധമാണെന്ന് കരുതി അങ്ങനെ ചെയ്യുന്നതിൽനിന്ന് മാറി നിൽക്കുന്നവരും ഉണ്ട്. ചില പ്രബോധകർ നമസ്കാരത്തിൽ നോക്കി ഓതാൻ പാടില്ലെന്ന് ഫത് വ കൊടുക്കുകയും ചെയ്യുന്നു.

എന്നാൽ ഇസ്ലാമിന്റെ ആദ്യ കാലഘട്ടങ്ങൾ മുതൽക്കേ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രയോഗ രൂപത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം.

ഈ മസ്അലയുടെ സാധുതയെ കുറിച്ച് പരിശോധിക്കുമ്പോൾ മറ്റു ചില വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഒന്നാമതായി, എല്ലാ റക്അത്തിലും ഫാത്തിഹ ഓതൽ നിർബന്ധമുണ്ടോ? അല്ലെങ്കിൽ ഖുർആനിലെ ഏതെങ്കിലും ഭാഗം ഓതിയാൽ മതിയാകുമോ?. രണ്ടാമത് അനറബി ഭാഷയിൽ ഖുർആൻ എഴുതുന്നതിന്റെ വിധി, എഴുതിവെച്ച കഷ്ണം എടുത്തു വായിക്കുമ്പോൾ നമസ്കാരത്തിൽ വരുന്ന അനക്കം കൊണ്ട് നമസ്കാരം ബാത്തിലാകുമോ എന്നതാണ് മൂന്നാമതായി പരിശോധിക്കേണ്ടത്.

നമസ്കാരത്തിൽ ഫാത്തിഹ പാരായണം ചെയ്യൽ
ഹനഫി മദ്ഹബ് ഒഴിച്ച് ഭൂരിഭാഗം കർമ്മശാസ്ത്ര പണ്ഡിതരും ഫാത്തിഹ നമസ്കാരത്തിലെ നിർബന്ധ കർമ്മമായി എണ്ണിയിട്ടുള്ളതാണ്. ഫാത്തിഹ ഓതാത്തവന്റെ നമസ്കാരം സ്വീകര്യമല്ലെന്ന പ്രവാചക അധ്യാപനം അതിനു തെളിവാണ്.

എന്നാൽ ഫാത്തിഹ പാരായണം ചെയ്യൽ വാജിബ് മാത്രമേ ഉള്ളൂ എന്നും, ഖുർആനിൽ നിന്നും ചെറുതോ വലുതോ ആയ മൂന്ന് ആയത്തുകൾ ഓതിയാൽ റുക്‌ൻ വീടുമെന്നുമാണ് ഹനഫി പണ്ഡിത പക്ഷം. മുഹമ്മദ് ബിനുൽ ഹസനു ഷൈബാനി, അബൂ യുസുഫ് അൽ ഖാളി എന്നിവർ ഈ പക്ഷത്തെ പണ്ഡിതരിൽ ചിലരാണ്. ‘നിങ്ങൾ സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്യുക’ എന്ന ഖുർആനിലെ ‘മുസമ്മിൽ’ അധ്യായത്തിലെ ഇരുപതാമത്തെ സൂക്തത്തെയാണ് അവർ തെളിവായി ഉദ്ധരിക്കുന്നത്.

ഖുർആൻ അറബിയല്ലാത്ത ഭാഷയിൽ എഴുതൽ
ഖുർആൻ അനറബി ഭാഷയിൽ എഴുതാവാതല്ല, അതിന് ഖുർആൻ എന്ന് പേരു വെക്കാനും പാടില്ല. കാരണം അല്ലാഹു ഖുർആനിനെ അറബി ഭാഷയിലുള്ളത് എന്ന് വിശേഷിപ്പിച്ചിട്ടുള്ളതാണ്. ‘നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി അറബി ഭാഷയിൽ പാരായണം ചെയ്യപ്പെടുന്നതായി നാം അതിനെ അവതരിപ്പിച്ചിരിക്കുകയാണ്’ (12:02).
ഭൂരിഭാഗം കർമ്മ ശാസ്ത്ര പണ്ഡിതരും ഖുർആൻ പാരായണം അറബി ഭാഷയിൽ തന്നെ ആയിരിക്കണമെന്ന് നിബന്ധനവെച്ചിട്ടുമുണ്ട്.

ഏതു ഭാഷയിലും ഖുർആൻ ഓതാം എന്ന പക്ഷമാണ് അബു ഹനീഫ ഇമാമിന്റേത്. ഖുർആൻ പാരായണം പഠിക്കുന്നത് വരെ മാത്രം അനറബി ഭാഷയിൽ പാരായണം ചെയ്യാമെന്ന അഭിപ്രായമുള്ളവരും പ്രസ്തുത മദ്ഹബിലുണ്ട്.

മേൽപ്പറഞ്ഞ ഫത് വകളുടെയും പണ്ഡിതരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ, നവാഗതനായ മുസ്ലിമിന് വായിക്കാൻ സൗകര്യത്തിനു വേണ്ടി അനറബി ഭാഷയിൽ ഖുർആൻ എഴുതുന്നത് കൊണ്ട് തടസ്സമില്ല എന്ന് അനുമാനിക്കാം. നമസ്കാരത്തിൽ എഴുത്തിനല്ല ഉച്ചാരണത്തിനാണ് പ്രാധാന്യമുള്ളത് എന്നതാണ് കാരണം.

നമസ്കാരത്തിലെ അനക്കം
നമസ്കാരത്തിൽ അനക്കം പലവിധമാണ്. നമസ്കാരം ശരിയാവുന്നതിനു വേണ്ടി നിർബന്ധമായും അനങ്ങേണ്ട സാഹചര്യം ഉണ്ട്. ഉദാഹരണത്തിന് നമസ്കാരത്തിനിടയിൽ നജസിനെ നീക്കം ചെയ്യാം. അതുപോലെതന്നെ വിവിധ സാഹചര്യങ്ങളിൽ അനക്കം സുന്നത്തും കറാഹത്തും ആവാറുണ്ട്.
അപ്പോൾ നവാഗതനായ മുസ്ലിമിന് നമസ്കാരം ശരിയാവുന്നതിനു വേണ്ടി ഫാത്തിഹയോ തശഹുദ് പോലുള്ള ദിക്‌റോ മറ്റോ എഴുതിയ പേപ്പർ കയ്യിൽ കരുതുന്നതിന് വിരോധമില്ല.

നമസ്കാരത്തിൽ അത്യാവശ്യമായ അനക്കങ്ങൾ ആവാം എന്നതിന് തെളിവായി പ്രവാചക ചരിത്രമുണ്ട്. ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം: “നബി (സ) ഒരിക്കൽ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം തന്റെ മകളുടെ കുട്ടിയെ ചുമന്നു കൊണ്ടായിരുന്നു നമസ്കരിച്ചത്. സുജൂദ് ചെയ്യുമ്പോൾ പ്രവാചകൻ അവളെ നിലത്തുവെക്കും, എണീക്കുമ്പോൾ അവളെ ചുമന്നിരിക്കും” നബിയുടെ നമസ്കാരത്തിനിടയ്ക്ക് ആയിഷ ബീവിക്ക് വാതിൽ തുറന്ന് കൊടുത്തതായി മറ്റൊരു സംഭവം ഹദീസിൽ രേഖപെടുത്തുന്നുണ്ട്. മറ്റൊരു അവസരത്തിൽ ഇബ്നു അബ്ബാസ്(റ) നബിയുടെ ഇടതുഭാഗത്ത് നമസ്കരിക്കാൻ വേണ്ടി നിന്നപ്പോൾ അദ്ദേഹത്തെ വലതു ഭാഗത്തേക്ക് നീക്കിയ സംഭവം ചരിത്രത്തിൽ കാണാം.

ചുരുക്കത്തിൽ, പുതു മുസ്ലിമിന് പഠിക്കാനും ആരാധന മുറകൾ ശീലിക്കാനുമായി ഖുർആൻ അനറബി ഭാഷയിൽ എഴുതുന്നതിനോ നമസ്കാരത്തിൽ അത് ചുമക്കുന്നതിനോ ഒരു തടസ്സവുമില്ല. ഏതു വിഷയത്തിലും കൃത്യമായ ധാരണയില്ലാതെ വിധി നൽകുന്നത് ശരിയായ നിലപാട് അല്ല. അല്ലാഹുവിന്റെ ദീൻ വിശാലവും ലളിതവുമാണ്, ആരെയും ബുദ്ധിമുട്ടിക്കാനോ അകറ്റി നിർത്താനോ മതം ഉദ്ദേശിക്കുന്നില്ല.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles