പ്രവാചകര്‍ (സ്വ)യുടെ റമദാനിലെ ജീവിതരീതികളെക്കുറിച്ച് പല മുസ്ലിം സുഹൃത്തുക്കളും ചോദിക്കാറുണ്ട്. എങ്ങനെയായിരുന്നു പ്രവാചകൻ നോമ്പനുഷ്ഠിച്ചിരുന്നത്? എങ്ങനെയായിരുന്നു അത്താഴം കഴിച്ചിരുന്നത്? എങ്ങനെയായിരുന്നു നോമ്പ് മുറിച്ചിരുന്നത്? എങ്ങനെയായിരുന്നു റമദാനില്‍ ഒരു ദിവസം കഴിച്ചുകൂട്ടിയിരുന്നത് തുടങ്ങി സ്വാഭാവികമായ ഒട്ടേറെ ചോദ്യങ്ങള്‍. അത്തരം കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുകയാണിവിടെ.
പ്രവാചകൻ (സ്വ) എല്ലാ ഓരോ ദിവസവും നോമ്പിനായി നിയ്യത്ത് വെക്കുമായിരുന്നു. തന്റെ ഭാര്യമാരില്‍ ഒരാളോടൊപ്പം അല്‍പം ഭക്ഷണം അത്താഴം കഴിക്കുമായിരുന്നു. പലപ്പോഴും അല്‍പ്പം കാരക്കയും വെള്ളവുമായിരുന്നു പ്രവാചകരുടെ അത്താഴം. ചിലപ്പോഴൊക്കെ സ്വഹാബികളോടൊപ്പവും അത്താഴം കഴിക്കാറുണ്ട്. സ്വഹീഹായ ഹദീസില്‍ പ്രവാചകൻ (സ്വ)യും സൈദ്ബ്‌ന് ഹാരിസ(റ)വും അത്താഴം കഴിച്ച സംഭവം വിവരിക്കുന്നുണ്ട്. അത്താഴത്തിന് ശേഷം ഖുര്‍ആനിലെ 50 ആയതുകള്‍ ഓതാന്‍ എടുക്കുന്ന ദൈര്‍ഘ്യത്തില്‍ സുബ്ഹ് ബാങ്ക് കൊടുക്കുന്നത് വരെ പ്രവാചകര്‍ സുന്നത്ത് നമസ്‌ക്കരിക്കുമായിരുന്നു. ശേഷം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത് സുന്നത്ത് നമസ്‌ക്കരിക്കും, ബിലാല്‍ (റ) ഇഖാമത് കൊടുക്കുന്നത് വരെ വീട്ടില്‍ തന്നെ നമസ്‌ക്കാരത്തെ പ്രതീക്ഷിച്ചിരിക്കും. വീട് പള്ളിയോട് ചേര്‍ന്നതായത് കൊണ്ട് തന്നെ ഇഖാമത് കൊടുത്താല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങും, സ്വഹാബികളോടൊപ്പം സുബ്ഹി ജമാഅത്തായി നമസ്‌ക്കരിക്കും. സൂര്യോദയം വരെ പള്ളിയില്‍ തന്നെ അല്ലാഹുവിന്റെ ദിക്‌റിലായി കഴിച്ചുകൂട്ടും. അല്‍പസമയം കൂടി കഴിഞ്ഞ് രണ്ട് റക്അത് നമസ്‌ക്കരിക്കും. പ്രസ്തുത രണ്ട് റക്അത് നമസ്‌ക്കാരം (ളുഹാ നിസ്‌ക്കാരം) ആരെങ്കിലും നിര്‍വ്വഹിച്ചാല്‍ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം ലഭിക്കുമെന്ന് പ്രവാചകൻ(സ്വ) പറയുന്നു. വീട്ടില്‍ പ്രവാചകൻ (സ്വ) തന്റെ ഭാര്യമാരെ സഹായിക്കുന്നതിലും മറ്റും വ്യാപൃതനായിരുന്നു.
മഗ്‌രിബിന്റെ സമയം അടുത്തുവന്നാല്‍ ചില പ്രത്യേകമായ ദിക്‌റുകളും പ്രാര്‍ഥനകളും ഉരുവിടുമായിരുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ നോമ്പ് മുറിക്കാനുള്ള വിഭവങ്ങള്‍ കൊണ്ടുവരാന്‍ ഭാര്യയോട് ആവശ്യപ്പെടും. മഗ്‌രിബ് നിസ്‌ക്കാരത്തിന് മുമ്പ് നോമ്പ് മുറിക്കുമായിരുന്നു. ഈത്തപ്പഴം കൊണ്ടായിരുന്നു പ്രവാചകര്‍(സ്വ) നോമ്പ് മുറിച്ചിരുന്നത്, അതില്ലെങ്കില്‍ കാരക്ക കൊണ്ട്, അതും ഇല്ലെങ്കില്‍ അല്‍പം വെള്ളം കൊണ്ട്.
നോമ്പ് മുറിച്ചതിന് ശേഷം മഗ്‌രിബ് നമസ്‌ക്കാരത്തിനായി പള്ളിയില്‍ പോകും, നമസ്‌ക്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി വീട്ടില്‍ നിന്നും ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്‌ക്കരിക്കും. ഇശാഅ് ബാങ്ക് കൊടുക്കുന്നത് വരെ ഭാര്യയോടൊപ്പം സമയം ചെലവഴിക്കും. ബാങ്ക് കൊടുത്താല്‍ ഇശാഅ് നമസ്‌ക്കാരത്തിനായി പള്ളിയിലേക്ക് പ്രവേശിക്കും. സ്വഹാബികളോടൊപ്പം പള്ളിയില്‍ വെച്ച് 3 ദിവസം ഇശാ നമസ്‌ക്കാരാനന്തരം പ്രവാചകര്‍ തറാവീഹ് നമസ്‌ക്കരിക്കുകയുണ്ടായി. എന്നാല്‍, മറ്റു നമസ്‌ക്കാരങ്ങളെപ്പോലെ തറാവീഹ് റമദാനിലെ നിര്‍ബന്ധ കര്‍മ്മങ്ങളില്‍ പെട്ടതാണെന്ന് ജനങ്ങള്‍ ഭാവിക്കുമെന്ന് ഭയപ്പെട്ട് പിന്നെ പ്രവാചകൻ വീട്ടില്‍ നിന്ന് നിര്‍വ്വഹിക്കാന്‍ തുടങ്ങി. രാത്രിയില്‍ ഒട്ടേറെ കര്‍മ്മങ്ങള്‍ പ്രവാചകര്‍ പതിവാക്കിയിരുന്നു. റമദാനിലെ പ്രവാചകരുടെ നമസ്‌ക്കാരത്തെക്കുറിച്ച് ആയിശാ ബീവിയോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്. ” റമദാനിലും അല്ലാത്തപ്പോഴും പ്രവാചകര്‍ 11 റക്അത് നിസ്‌ക്കരിച്ചിരുന്നു, നാല്, നാല്, മൂന്ന് റക്അതുകളിലായിട്ടായിരുന്നു നിര്‍വ്വഹിച്ചിരുന്നത്, അതിന്റെ ഭംഗിയെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ നിങ്ങള്‍ ചോദിക്കരുത്”.
നമസ്‌ക്കാരം കഴിഞ്ഞാല്‍ വിത്‌റ് നിസ്‌ക്കരിക്കുന്നതിന് മുമ്പ് പ്രവാചകര്‍ ഉറങ്ങുമായിരുന്നു. പ്രവാചകരോട് ആഇശാ ബീവി ചോദിക്കുന്നുണ്ട്. വിത്‌റ് നമസ്‌ക്കരിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഉറങ്ങുകയാണോ? പ്രവാചകര്‍ മറുപടി നല്‍കി, ആഇശാ എന്റെ കണ്ണുകള്‍ ഉറങ്ങുന്നുണ്ട്, പക്ഷെ ഹൃദയം ഉറങ്ങുന്നില്ല. ഇത് പ്രവാചകരുടെ മാത്രം സവിശേഷ ഗുണങ്ങളില്‍ പെട്ടതാണ്. ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നമസ്‌ക്കല്‍ സുന്നത്താണ്.
Also read: നോമ്പിന്റെ ആരോഗ്യ വശങ്ങൾ
റമദാനിന്റെ രാത്രികളില്‍ ഭാര്യയുമായി ബന്ധപ്പെടുന്നത് പ്രവാചകരുടെ പതിവില്‍ പെട്ടതായിരുന്നു. ജനാബത്കാരനായി (വലിയ അശുദ്ധിയുള്ളവനായി) എഴുന്നേല്‍ക്കുകയും ശേഷം കുളിച്ച് സുബ്ഹി നമസ്‌ക്കാരത്തിനായി പള്ളിയില്‍ പോവുകയും ചെയ്യുമായിരുന്നു. അതിലൂടെ വലിയൊരു സന്ദേശം അനുയായികള്‍ക്ക് പ്രവാചകൻ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. നോമ്പ് കൊണ്ട് നിശിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ അത് റമദാനിന്റെ പകലുകളില്‍ മാത്രമാണെന്നും, രാത്രിയില്‍ അനുവദനീയമായ മറ്റു കാര്യങ്ങളില്‍ ഒക്കെ ഏര്‍പ്പെടാമെന്നും പ്രവാചകൻ പഠിപ്പിച്ചുതന്നു.
റമദാനില്‍ പ്രവാചകൻ ഖുര്‍ആന്‍ പാരായണം, നമസ്‌ക്കാരം, ദിക്‌റ്, ദാനധര്‍മ്മം എന്നിവ കൊണ്ട് വ്യാപൃതനായിരുന്നു. വളരെക്കുറച്ച് മാത്രമേ ഭക്ഷിക്കാറുണ്ടായിരുന്നുള്ളൂ, ചിലപ്പോഴൊക്കെ നോമ്പ് രണ്ടും മൂന്നും ദിവസമൊക്കെ നീണ്ട് പോവും. അതിനെക്കുറിച്ച് പ്രവാചകൻ പറയുന്നത്, എന്റെ പടച്ചോന്‍ എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ്. വിശപ്പ് ക്ഷമയുടെ വലിയ ഉദാഹരണമായി പ്രവാചകൻ അവതരിപ്പിക്കുന്നുണ്ട്. അതോടൊപ്പം റമദാന്‍ തീറ്റയുടേയും കുടിയുടേയും മാസമല്ലെന്നും അത് ആരാധാനയുടേയും വഴിപ്പെടലിന്റെയും മാസമാണെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. എന്നാല്‍ റമദാന്‍ തീറ്റയുടേയും കുടിയുടേയും മാസമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഭക്ഷണപാനീയങ്ങളില്‍ പുതിയ കാലത്ത് ചിലര്‍ കാണിക്കുന്ന ആര്‍ഭാടം അങ്ങേയറ്റം ഖേദകരമാണ്. നമസ്‌ക്കാരം നിര്‍ബന്ധമാണെന്ന് പില്‍ക്കാല സമൂഹം തെറ്റിദ്ധരിക്കുമോ എന്ന് ഭയന്ന് പ്രവാചകൻ പള്ളിയില്‍ നിന്ന് നമസ്‌ക്കാരം ഉപേക്ഷിച്ച ശേഷം വീട്ടില്‍ വെച്ച് ഒരുപാട് സമയം നമസ്‌ക്കാരത്തില്‍ ചെലവഴിച്ചിരുന്നു. റമദാനിലെ അവസാന ദിനങ്ങളെത്തിയപ്പോള്‍ ഭാര്യമാരെയും മക്കളേയും അനുചരരേയും കൂട്ടി ജമാഅത്തായി നമസ്‌ക്കരിക്കുമായിരുന്നു.
റമദാനില്‍ പ്രവചാകൻ(സ്വ) ദരിദ്രരായവര്‍ക്ക് ദാനധര്‍മ്മം ധാരാളമായി ചെയ്തിരുന്നു. മറ്റുള്ളമാസങ്ങളില്‍ നിന്ന് വ്യത്യസ്തമായി റമധാനില്‍ ദാനധര്‍മ്മത്തിന് പ്രവാചകൻ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. റമദാനിലെ പ്രവാചകരുടെ ദാനധര്‍മ്മത്തെ അടിച്ചുവീശുന്ന കാറ്റിനോടായിരുന്നു സ്വഹാബികള്‍ സാദൃശ്യപ്പെടുത്തിയിരുന്നത്.
റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ പ്രവാചകൻ ഇഅ്തികാഫിലായി ചെലവഴിച്ചിരുന്നു. അവിടുത്തെ ജീവിതത്തിലെ അവസാനത്തെ റമദാനില്‍ ഇരുപത് ദിവസം ഇഅ്തികാഫിലായിരുന്നു. ലൈലതുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത നേടിയെടുക്കാന്‍ അവസാന പത്ത് ദിനങ്ങളില്‍ പ്രവാചകര്‍ ശ്രമിച്ചിരുന്നു. പ്രവാചകൻ(സ്വ) തന്നെ പറയുന്നുണ്ട്: നിങ്ങള്‍ അവസാനത്തെ പത്ത് ദിനങ്ങളില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക. ആരെങ്കിലും ലൈലതുല്‍ ഖദ്‌റിന് വേണ്ടി ഒരുങ്ങുന്നുണ്ടെങ്കില്‍ അവന്‍ അവസാനത്തെ പത്ത് ദിനങ്ങളില്‍ ഒരുങ്ങട്ടെ.
പ്രസ്തുത ദിവസങ്ങളില്‍ പ്രവാചകൻ പ്രാര്‍ഥന നന്നായി വര്‍ധിപ്പിച്ചിരുന്നു. ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ” ഞാന്‍ പ്രവാചകരോട് ചോദിച്ചു. എനിക്ക് ലൈലതുല്‍ ഖദ്‌റ് എത്തിച്ചാല്‍ ഞാന്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്? അപ്പോള്‍ പ്രവാചകര്‍ പറഞ്ഞു. അല്ലാഹുമ്മ ഇന്നക അഫ്‌വുന്‍ കരീമുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ ”( അല്ലാഹുവേ നീ അങ്ങേയറ്റം ഉന്നതനും മാപ്പ് നല്‍കുന്നവനും അത് ഇഷ്ടപ്പെടുന്നവനുമാണ്, എനിക്ക് മാപ്പ്തരിക)
അവസാനത്തെ പത്ത് ദിനങ്ങളില്‍ പ്രവാചകൻ തന്റെ കുടുംബത്തെ ആരാധനക്കായി രാത്രി വിളിച്ചുണര്‍ത്തുമായിരുന്നു. തുര്‍മുദി അലി (റ)വിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. അലി(റ) പറയുന്നു: പ്രവാചകൻ(സ്വ) റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ തന്റെ കുടുംബത്തെ ഉണര്‍ത്തുമായിരുന്നു. ഓരോരുത്തരും തന്റെ കുടുംബത്തെ അല്ലാഹുവിന്റ അനുസരണയിലും ആരാധനയിലുമായി ചെലവഴിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാകണം എന്ന മാതൃക പ്രവാചകൻ(സ്വ) പഠിപ്പിച്ചുതരികയായിരുന്നു. കേവലം ഭക്ഷണ-പാനീയ മറ്റു ഭൗതിക കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച് മതത്തെ അവരവരിലേക്ക് തന്നെ ഉപേക്ഷിക്കാന്‍ പ്രവാചകൻ താത്പര്യപ്പെട്ടിരുന്നില്ല. വി.ഖുര്‍ആന്‍ പറയുന്നു: ഓ സത്യവിശ്വാസികളേ, നിങ്ങള്‍ നങ്ങളുടെ സ്വശരീരങ്ങളേയും കുടുംബത്തേയും നരകത്തില്‍ അകപ്പെടുന്നതിനെത്തൊട്ട് സൂക്ഷിക്കുക” (സൂറ അത്തഹ്‌രീം:6)
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1
വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര