Faith

നീതിയെ കുറിച്ച് അഞ്ച് ഖുർആനിക സൂക്തങ്ങൾ

ഏറെ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിഷ്പക്ഷത പാലിക്കുക എന്ന എളുപ്പവഴിയാണ് നല്ലത് എന്ന് ചിലർക്ക് തോന്നിയേക്കാം. അഥവാ അപകടകരമായ ഒരു ലോകത്ത് സുരക്ഷിതനും പരിരക്ഷിതനുമായി തുടരുന്നതിന് സകല ചർച്ചകൾക്കും സംവാദങ്ങൾക്കും ‘പുറത്ത്’ നിൽക്കുക എന്നത്. ഒരാൾ വ്യക്തിപരമായി ആക്രമിക്കപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യുന്നില്ലെങ്കിൽ പിന്നെ, മർദിതർക്ക്‌ വേണ്ടി ചെറുതോ വലുതോ ആയ അപകടങ്ങൾ തന്നിലേക്ക് വലിച്ചിഴക്കുന്നതെന്തിനാണ്?

സ്വന്തത്തെ സുരക്ഷിതമാക്കാൻ വേണ്ടി ലോകത്തുള്ള പ്രശ്നങ്ങളെ അവഗണിക്കുക എന്ന ഈ മനോഭാവത്തിൻ്റെ പരിണിതി വളരേ ദുഷ്കരമായിരിക്കും.

പ്രതിസന്ധികൾ പലതും അഭിമുഖീകരിക്കേണ്ടി വന്നാലും അനീതിയെ ധൈര്യപൂർവ്വം നേരിടുക എന്നതും മർദ്ദിതനോടൊപ്പം നിലകൊള്ളുക എന്നതും ഇസ്‌ലാം മുസ്‌ലിംകൾക്ക് ബാധ്യതയാക്കി എന്നതിന് ഒരു കാരണമുണ്ട്. ഒരു സംഘട്ടനത്തിന്റെയോ അക്രമത്തിന്റെയോ അനീതിയുടെയോ ഘട്ടത്തിൽ എന്ത് കൊണ്ട് നാം നിഷ്പക്ഷരാവരുത് എന്നതിനും ഒരു കാരണമുണ്ട്. നാം നീതിക്കായി നിരന്തരം യത്‌നിക്കണമെന്നും ഇന്നത്തെ ലോകത്ത് അതിനെ സംരക്ഷിക്കുകയും സാധ്യമാക്കുകയും ചെയ്യണമെന്ന വിശ്വാസത്തിൽ, യഥാർത്ഥ മുസ്‌ലിംകൾ എന്ന അർത്ഥത്തിൽ, എന്തുകൊണ്ട് നാം സദാ ഉറച്ച് നിൽക്കണമെന്നതിനും ഒരു കാരണമുണ്ട്.

Also read: ശഹീദ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

അല്ലാഹുവിന്റെ നീതിയുടെയും കാരുണ്യത്തിന്റെയും ഭൂമിയിലെ പ്രതിനിധികളെന്ന നിലക്ക് നമ്മളെന്തുകൊണ്ട് അക്രമത്തിനെതിരെ നിലകൊള്ളണം എന്നതിന്, ഹദീഥും സുന്നത്തും ഇസ്‌ലാമിക ചരിത്രത്തിൽ നിന്നുള്ള ഉദാഹരണങ്ങളും തൽക്കാലം മാറ്റി നിർത്തി, നമുക്ക് ഖുർആനിലേക്ക് നോക്കാം.

1. നീതിക്ക് വേണ്ടി നിലകൊള്ളാൻ ചുമതലപ്പെട്ടവരാണ് വിശ്വാസികൾ
“അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക! നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും!” [ഖുർആൻ 5:8]

വിശ്വാസമുള്ള ഒരു മുസ്‌ലിമാവുക എന്നത് ഒരു വാചിക പ്രവർത്തനമല്ല- നീതി, സമത്വം പോലെയുള്ള മൂല്യങ്ങളെ ഏറെ ഉത്സാഹത്തോടെ ഉയർത്തി പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണത്.

2. നീതി ഒരു ദൈവിക കൽപനയാണ്.
“നീതിപാലിക്കണമെന്നും നന്മയോടെ വർത്തിക്കണമെന്നും … അല്ലാഹു കല്‍പിക്കുന്നു.” [ഖുർആൻ 16:90]

നീതി പാലിക്കണമെന്നും നന്മയോടെ ഇടപഴകണമെന്നും ഈ സൂക്തത്തിൽ മുസ്‌ലിങ്ങളോട് അല്ലാഹു കൽപിക്കുന്നു– ഈ മൂല്യങ്ങൾ നമ്മുടെ വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണ്. വിശ്വാസികളെന്ന നിലക്ക് നാം അതേ കുറിച്ച് സദാ ബോധവാന്മാർ ആയിരിക്കണം.

3. സന്തുലിതാവസ്ഥ നിലനിർത്തുവാനുള്ള ഒരു മാർഗമാണ് നീതി.
”അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത് “. [ഖുർആൻ 55:7-9]

ലോകത്ത് ദുഷ്ടതയെയും അനീതിയെയും നന്മയേക്കാൾ ശക്തി പ്രാപിക്കാൻ അനുവദിക്കുന്നില്ല എന്ന് നാം ഉറപ്പ് വരുത്തണം – എന്ത് വില കൊടുത്തും, മർദിതരെയും നീതിക്കായുള്ള ഉദ്യമത്തിൽ അന്യായത്തിനിരയായവരെയും നാം സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടതുണ്ട്.

Also read: വികാരങ്ങളെ ശക്തിയാക്കി മാറ്റുക

4. നേര് എത്ര കയ്പ്പുള്ളതാണെങ്കിലും അതിന് വേണ്ടി നാം നിലകൊള്ളണം
“വിശ്വസിച്ചവരേ, നിങ്ങള്‍ നീതിക്ക് വേണ്ടി ഉറച്ച് നിലകൊള്ളുക. അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. ഒരാൾ ധനികനോ ദരിദ്രനോ ആവട്ടെ. ഇരുവരെക്കാളും ഏറ്റവും ഉന്നതൻ അല്ലാഹുവത്രെ.” [ഖുർആൻ 4:135]

സ്വന്തം മാതാപിതാക്കൾക്കെതിരാണെങ്കിൽ പോലും നാം നീതി സ്ഥാപിക്കുന്നതിലും അതിലുള്ള വിശ്വാസത്തിലും ഉറച്ച് നിൽക്കണമെന്ന് അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുകയാണ് – ഇത് വളരെ പ്രയാസം നിറഞ്ഞ കാര്യമായിരിക്കാം, പക്ഷേ അത് നമ്മുടെയെല്ലാം ബാധ്യതയാണ്.

5. അല്ലാഹു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു.
“നിശ്ചയം, അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.” [ഖുർആൻ 4:58]

ഭൂമിയിൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് വേണ്ടിയായിരിക്കണം എന്ന് ഓരോ ദിനവും അവസാനിക്കുമ്പോൾ നമുക്ക് ഓർമയുണ്ടാവണം. അതിനാൽ നീതിക്ക് വേണ്ടി പോരാടുമ്പോഴും മർദിതരെ സംരക്ഷിക്കുമ്പോഴും, നമുക്ക് അല്ലാഹുവിലുള്ള വിശ്വാസത്തെയും അവനോടുള്ള വിധേയത്വത്തെയും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് ഇതെന്ന് നിങ്ങളോർക്കണം.

( അവലംബം- themuslimvibe.com)

Facebook Comments
Related Articles
Tags

Check Also

Close
Close
Close