Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് എന്നെ ഇസ്‌ലാമിലേക്കെത്തിച്ചു

Jessica-Rhodes.jpg

യു. കെ യിലെ നോര്‍വിച്ചില്‍ നിന്നുളള ടെലി-സെയില്‍ കണ്‍സള്‍ടന്റും വിദ്യാര്‍ഥിനിയുമാണ് 21 കാരിയായ ജസീക്ക റോദിസ്. ഒരു മാസം മുമ്പ് ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് അവര്‍ ഒരു പാഗന്‍  വിശ്വാസി ആയിരുന്നു. ഇംഗ്ലണ്ടിലെ തെക്കുകിഴക്കു തീരത്തുളള ഒരു കടലോര നഗരത്തില്‍ 1991 ലാണ് അവള്‍ ജനിച്ചത്. തന്റെ പത്തൊമ്പതാം വയസ്സില്‍ സംഗീതത്തില്‍ ബിരുദമെടുക്കാന്‍ അവള്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. കൗണ്‍സിലിംഗില്‍ 2013 ല്‍ ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ കോഴ്‌സ് ചെയ്യാനും അവള്‍ ആഗ്രഹിക്കുന്നു.

തന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച്  അവള്‍ക്ക് രസകരമായ ഒരു കഥ പറയാനുണ്ട്. ന്യൂയോര്‍ക്കിലുളള ഒരു സ്ത്രീ ലോക ഹിജാബ് ദിനം എന്ന പേരില്‍ ഒരു കാമ്പയിന്‍ നടത്തുകയുണ്ടായി. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കപ്പെട്ടത്. മുസ്‌ലിം – അമുസ്‌ലിം ഭേദമന്യേ ലോകത്താകമാനമുളള അമ്പതിലധികം രാജ്യങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അതിനു സാധിച്ചു. പലര്‍ക്കും ഹിജാബ് ഒരു അടിച്ചമര്‍ത്തലിന്റെ ചിഹ്നമാണ്. മാത്രമല്ല പടിഞ്ഞാറ് ഇസ്‌ലാമിനെക്കുറിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇത് പലപ്പോഴും കാരണമായിട്ടുണ്ട്. ഹിജാബ് ദിനം എന്ന കാമ്പയിന്‍ ഇത്തരം പ്രശ്‌നങ്ങള്‍്ക്കുളള മറുപടിയായിട്ടുകൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്. ഇത് അമുസ്‌ലിം സ്ത്രീകള്‍ക്ക് (സാധാരണയായി ഹിജാബ് ധരിക്കാത്ത മുസ്‌ലിം സ്ത്രീകള്‍ക്കും) പരസ്പരമുളള നല്ല മനസ്സിലാക്കലിന്റെ ഭാഗമായി ഹിജാബൊന്നു ധരിച്ചു നോക്കാന്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കി. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ജസീക്കയും പങ്കാളിയാണ്. ആസ്‌ത്രേലിയയിലുളള അവളുടെ ഫേസ്ബുക്ക് സുഹൃത്ത് ഈ കാമ്പയിനില്‍ പങ്കാളിയാകാന്‍ അവളോടാവശ്യപ്പെട്ടു. അങ്ങനെ അതില്‍ പങ്കാളിയാകാന്‍ അവള്‍ തീരുമാനിച്ചു. ‘ഞാന്‍ കാമ്പയിനില്‍ പങ്കാളിയായി. അതിന്റെ ഭാഗമായി ഒരു മാസത്തേക്ക് സ്വന്തമായി ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. ബൈബിളിനെക്കാള്‍ യുക്തിപരവും വ്യക്തവുമായി ഖുര്‍ആനിനെ എനിക്കനുഭവപ്പെട്ടു. ചെറിയ രീതിയില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠനം നടത്താനും ഞാന്‍ ശ്രമിച്ചു. ഞാന്‍ തേടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ കഴിയുന്ന മതമാണതെന്ന് എനിക്കു ബോധ്യമായി. ഇതൊരു നല്ല ആശയമൊക്കെയാണെങ്കിലും തങ്ങളുടെ മകള്‍ മറ്റുളളവരാല്‍ ആക്രമിക്കപ്പെടുമോ എന്ന് അവളുടെ മാതാപിതാക്കള്‍ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. ഒരു അമുസ്‌ലിം വനിത ഹിജാബ് ധരിക്കുന്നു എന്ന് രീതിയില്‍ ബി.ബി.സി, സി.ബി.ബി.സി, മുസ്‌ലിം ടൈംസ് തുടങ്ങി പ്രത്രമാധ്യങ്ങള്‍ വിഷയത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച നിമിഷമെന്നത് ആദ്യമായി ഒരു അമുസ്‌ലിം പെണ്‍കുട്ടിയായിരിക്കെത്തന്നെ ഹിജാബ് ധരിച്ച നിമിഷമായിരുന്നു. തന്റെ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും പ്രതികരണത്തിന്റെ വിഷയത്തില്‍ ജസീക്കയുടെ പ്രതികരണമിങ്ങനെ: വ്യത്യസ്ത രീതിയിലായിരുന്നു പലരുടെയും പ്രതികരണം. രക്ഷിതാക്കള്‍ അത്ര സന്തോഷത്തോടെയല്ലെങ്കിലും എന്റെ തീരുമാനത്തെ അവര്‍ അംഗീകരിച്ചു. ഭര്‍ത്താവ് നല്ല പിന്തുണയാണ് നല്‍കിയത്. സുഹൃത്തുക്കളുടെ വിഷയത്തില്‍ ചിലര്‍ എന്നെ പിന്തുണക്കുന്നു. വേറെ ചിലര്‍ വിഷയത്തില്‍ എന്നോട് ഇപ്പോഴും തര്‍ക്കിക്കുന്നു. മറ്റു ചിലര്‍ എന്നോടുളള ബന്ധം ഉപേക്ഷിച്ച് മാറി നടക്കുന്നു.

മുസ്‌ലിമായതിന്റെ പേരില്‍ തനിക്ക് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും എല്ലാവരും തുറന്ന മനസ്സോടുകൂടിയാണ് പെരുമാറുന്നതെന്നും അവള്‍ പറഞ്ഞു. മുസ്‌ലിംകളുടെ ഭാഗത്തു നിന്നുളള പിന്തുണയെക്കുറിച്ചാണെങ്കില്‍ നല്ല പിന്തുണ കിട്ടുമ്പോള്‍ തന്നെ ഇപ്പോഴും തന്നോടടുക്കാന്‍ മടിച്ചുനില്‍ക്കുന്ന ചിലരുണ്ടെന്ന് അവള്‍ പറയുന്നു. എന്തെങ്കിലും സംശയം ചോദിച്ച് ചെന്നാല്‍ പെട്ടെന്ന് ഖുര്‍ആനില്‍ നിന്നെന്തെങ്കിലും ഉദ്ധരിക്കും. എന്നാല്‍ അതിന്റെ അര്‍ഥമോ വ്യാഖ്യാനമോ പറഞ്ഞു തരുന്നില്ല. കുറെക്കൂടി തുറന്ന മനസ്സും ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ പറഞ്ഞു തരുകയുമാണെങ്കില്‍ അവര്‍ക്ക് നല്ല ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും. പാശ്ചാത്യര്‍ വല്ലാതെ തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോള്‍ പ്രത്യേകിച്ചും. ചിലപ്പോള്‍ മുസ്‌ലിം സഹോദരങ്ങളുടെ പ്രതികരണം കണ്ടാല്‍ തോന്നുക ഞാന്‍ പാഗനിസത്തിലേക്കു തന്നെ തിരിച്ചു പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നോ എന്ന്. ലോകത്താകമാനമുളള ജനങ്ങള്‍ കുറെക്കൂടി തുറന്ന മനസ്സോടു കൂടി പെരുമാറാന്‍ സാധിച്ചാല്‍ ഇപ്പോഴുളള അനാവശ്യ യുദ്ധങ്ങളും തെറ്റിദ്ധാരണകളും നമുക്കൊഴിവാക്കാന്‍ സാധിക്കുമെന്ന് ജസീക്ക പറയുന്നു. റോദിസ് തന്റെ ഹിജാബിനെ കുറിച്ച് പറയുന്നു, ‘എന്റെ സൗന്ദര്യം എന്റെ കുടുംബത്തിനും എന്റെ പങ്കാളിക്കുമുള്ളതാണെന്ന് ഞാന്‍ ലോകത്തോട് പറയുന്നു. ഏതൊരു സ്ത്രീക്കും ഇത് ധരിക്കാവുന്നതാണ്.’

വിവ : അത്തീഖുറഹ്മാന്‍

Related Articles