Current Date

Search
Close this search box.
Search
Close this search box.

സൊരാഷ്ട്ര മതവും പാര്‍സികളും

parsis.jpg

ലോകത്തിലെ ഏറ്റവും പൗരാണിക മതങ്ങളില്‍ ഒന്നാണ് സൊരാഷ്ട്ര മതം. 3500 വര്‍ഷം മുമ്പ് ഇറാനില്‍ ജീവിച്ച സൊരാഷ്ട്രര്‍ എന്ന പ്രവാചകനാണ് സൊരാഷ്ട്ര മതം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ആയിരം വര്‍ഷത്തോളം ഇറാന്‍ കേന്ദ്രമായി ലോകത്തിലെ പ്രബല മതവിഭാഗങ്ങളില്‍ ഒന്നായിരുന്നു സൊരാഷ്ട്ര മതം. ബി.സി 600 മുതല്‍ ഏ.ഡി 650 വരെ ഇറാനിന്റെ ഔദ്യോഗിക മതവുമായിരുന്നു സൊരാഷ്ട്രനിസം. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ മതങ്ങളില്‍ ഒന്നായി അത് ചുരുങ്ങിപ്പോയിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ 2006-ലെ കണക്ക് പ്രകാരം 1,90,000 വിശ്വാസികളാണ് ലോകത്താകമാനം സൊരാഷ്ട്ര മതത്തിനുള്ളത്. ലോകത്തെ നിശബ്ദ മതങ്ങളില്‍ ഒന്നാണ് ഇന്ന് സൊരാഷ്ട്ര മതം എന്ന് പറയാം. ലോകത്ത് ഏറ്റവും കൂടുതല്‍ സൊരാഷ്ട്ര മതക്കാര്‍ വസിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ സൊരാഷ്ട്ര മതക്കാര്‍ പാര്‍സികള്‍ എന്നാണ് അറിയപ്പെടുന്നത്. പേര്‍ഷ്യക്കാര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ക്ക് പാര്‍സികള്‍ എന്ന പേര് സിദ്ധിച്ചത്. 60,000-ത്തോളം വരുന്ന ഇന്ത്യയിലെ പാര്‍സികളില്‍ ഭൂരിപക്ഷവും ജീവിക്കുന്നത് മുംബൈ നഗരത്തിലാണ്.

സൈറസ് ചക്രവര്‍ത്തിയുടെ കാലത്താണ് ഇറാനില്‍ സൊരാഷ്ട്ര മതം ശക്തിപ്രാപിക്കുന്നത്. എന്നാല്‍ അലക്‌സാണ്ടര്‍ ദാരിയസ് മൂന്നാമനെ കീഴടക്കിയതോടെ സൊരാഷ്ട്ര മതത്തിന് ഇറാനില്‍ ഭീഷണികള്‍ നേരിട്ടു തുടങ്ങി. പിന്നീട് കിഴക്കോട്ട് പലായനം ചെയ്ത സൊരാഷ്ട്ര മതവിശ്വാസികള്‍ സസാനിയന്‍ സാമ്രാജ്യത്തിലും പിന്നീട് ഇന്ത്യയിലും എത്തിപ്പെടുകയാണുണ്ടായത്.

‘അഹുറ മസ്ദ’യാണ് സൊരാഷ്ട്ര മതക്കാര്‍ ആരാധിക്കുന്ന ഏകദൈവം. ‘യുക്തിജ്ഞനായ ദൈവം’ എന്നാണ് അഹുറ മസ്ദ എന്നതിന്റെ വിവക്ഷ. അഹുറ മസ്ദ സര്‍വ വ്യാപിയും സര്‍വശക്തനും അരൂപിയും ആണെന്നാണ് സൊരാഷ്ട്ര മതവിശ്വാസം. അഹുറ മസ്ദക്ക് 101 പേരുകള്‍ ഉണ്ടെന്നും സൊരാഷ്ട്ര മതഗ്രന്ഥമായ സെന്ത് അവെസ്തയില്‍ കാണാം. സെന്ത് അവസ്ത പ്രവാചകനായ സൊരാഷ്ട്രര്‍ക്ക് അഹുറ മസ്ദ നല്‍കിയ വെളിപാടുകളുടെ ഗ്രന്ഥരൂപമാണ്. നിരവധി ഗാഥകള്‍ അടങ്ങിയതാണ് സെന്ത് അവെസ്ത. പലരും തെറ്റിദ്ധരിക്കുന്നത് പോലെ സൊരാഷ്ട്ര മതക്കാരോ പാര്‍സികളോ ഒരിക്കലും അഗ്നിയാരാധകര്‍ അല്ല. മറിച്ച് പ്രകാശത്തെയും അഗ്നിയെയും പ്രപഞ്ചത്തിലെ ഏറ്റവും പരിശുദ്ധമായ വസ്തുക്കള്‍ ആയാണ് അവര്‍ കാണുന്നത്. ഇവ രണ്ടും ഒരിക്കലും മലിനപ്പെടുകയില്ല എന്നതുകൊണ്ടാണ് അത് എന്നവര്‍ പറയുന്നു. അതുകൊണ്ട് ഏകദൈവമായ അഹുറ മസ്ദയോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അഗ്നിയുടെ സാന്നിധ്യം ഉണ്ടാകണമെന്നാണ് അവര്‍ മനസ്സിലാക്കുന്നത്.  അവര്‍ അഗ്നിയെ നേരിട്ട് ആരാധിക്കുകയോ വണങ്ങുകയോ ചെയ്യുന്നില്ല.

അഹുറ മസ്ദ ഏകദൈവമായി ആരാധിക്കപ്പെടുന്നു എന്നു സൂചിപ്പിച്ചു. എന്നാല്‍ സ്ഥാപകനായ സൊരാഷ്ട്രര്‍ ഒരിക്കലും ആരാധിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ പ്രവാചകനായാണ് സൊരാഷ്ട്ര മതം കാണുന്നത്. തന്റെ മുപ്പതാം വയസ്സിലാണ് അദ്ദേഹത്തിന് ദിവ്യബോധനം ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. സൊരാഷ്ട്രര്‍ ദൈവ സന്നിധിയില്‍ ചെന്നെന്നും അവിടെ ദൈവത്തിന്റെ സഹായികളായി ‘അമേഷ സ്‌പെന്താസ്’ എന്ന വിശുദ്ധ സ്വത്വങ്ങളെ കണ്ടെന്നും പറയപ്പെടുന്നു. അമേഷ സ്‌പെന്താസ് സെമിറ്റിക് മതങ്ങളില്‍ കാണപ്പെടുന്ന മാലാഖമാര്‍ ആണെന്ന് പാശ്ചാത്യ പണ്ഡിതന്മാര്‍ പറയുന്നു. എന്നാല്‍ അമേഷ സ്‌പെന്താസ് സ്വഭാവ ഗുണങ്ങള്‍ കൂടിയാണെന്നാണ് സൊരാഷ്ട്ര മതക്കാര്‍ വിശ്വസിക്കുന്നത്. വൊഹു മനു (നല്ല മനസ്സ്), ആശ വഹിഷ്ത(സത്യം), സ്‌പെന്ത അമെറെയ്തി(സ്‌നേഹം), കശാത്ര വൈര്യ(അധികാരം) എന്നിവ അവയില്‍ പെടുന്നു. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിരൂപമോ പുത്രനോ അല്ലെന്നും ദൈവത്തിന്റെ ദാസന്‍ ആണെന്നുമാണ് സൊരാഷ്ട്ര മതം പഠിപ്പിക്കുന്നത്.

ഒരു ദിവസം അഞ്ചു നേരമുള്ള പ്രാര്‍ത്ഥനയാണ് സൊരാഷ്ട്രരുടെ ആരാധനകളില്‍ പ്രധാനം. പ്രാര്‍ത്ഥനക്കായി മണി മുട്ടി വിശ്വാസികളെ ക്ഷണിക്കുന്നതും പ്രാര്‍ത്ഥനയ്ക്ക് മുമ്പ് കൈകാലുകളും മുഖവും കഴുകണം എന്നതും ഇസ്‌ലാമിലെ ആരാധനാ രീതികളുമായി സാമ്യമുള്ളതാണ്. പ്രാര്‍ത്ഥനകള്‍ക്കായി പ്രത്യേക മന്ദിരവും സൊരാഷ്ട്ര മതക്കാര്‍ക്കുണ്ട്. സൊരാഷ്ട്ര മതക്കാരുടെ വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘ദ്വന്ദം’ എന്നത്. പ്രാപഞ്ചിക ദ്വന്ദവും സദാചാര ദ്വന്ദവും ഉണ്ട് എന്നവര്‍ വിശ്വസിക്കുന്നു. സ്‌പെന്ത മന്യു എന്ന നന്മയും അങ്ക്ര മന്യു എന്ന തിന്മയും തമ്മില്‍ നടക്കുന്ന നിരന്തര ഏറ്റുമുട്ടലാണ് പ്രാപഞ്ചിക ദ്വന്ദം. സദാചാര ദ്വന്ദം എന്നത് മനുഷ്യമനസ്സില്‍ നടക്കുന്ന സത്യ (ആശ)വും അസത്യ (ദ്രുജ്)വും തമ്മിലുള്ള സംഘട്ടനമാണ്.

ഏഴിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ‘നവ്‌ജ്യോത്’ കൊള്ളണമെന്നാണ് സൊരാഷ്ട്ര മതവിശ്വാസം. ക്രിസ്തുമതത്തിലെ ജ്ഞാനസ്‌നാനവുമായി ബന്ധമുള്ള ഈ ചടങ്ങില്‍ കുട്ടികള്‍ അവരുടെ സൂദ്രെഹും കുസ്തിയും സ്വീകരിക്കുന്നു. സൂദ്രെഹ് വിശുദ്ധമായ വസ്ത്രമാണ്. കുസ്തിയാകട്ടെ നീണ്ട ഒരു ചരടാണ്. ഈ ചരട് നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയെ പ്രതിനിധീകരിച്ച് അരയില്‍ മൂന്ന് തവണ ബന്ധിക്കണം എന്നാണ് വിശ്വാസം. വിവാഹ ചടങ്ങുകള്‍ക്ക് ഇസ്‌ലാമിലെ ചടങ്ങുകളുമായി ബന്ധമുണ്ട്. വധുവിന്റെ ബന്ധുക്കളും വരനും തമ്മില്‍ നടത്തുന്ന വിവാഹക്കരാറാണ് പ്രധാനം. അതിനുശേഷം മൂന്നു മുതല്‍ ഏഴു ദിവസങ്ങള്‍ വരെ നീളാവുന്ന ആഘോഷ പരിപാടികളും നടത്തപ്പെടുന്നു. വിവാഹദിവസങ്ങളില്‍ വിശുദ്ധിയുടെ അടയാളമായ വെളുത്ത വസ്ത്രം ധരിക്കണമെന്നാണ് പ്രമാണം.

സൊരാഷ്ട്ര മതക്കാരുടെ മരണാനന്തര ചടങ്ങുകള്‍ വളരെ വിചിത്രമാണ്. അവര്‍ ശവം ദഹിപ്പിക്കുകയോ മറവ് ചെയ്യുകയോ അല്ല ചെയ്യുന്നത്. മറിച്ച് കഴുകന്മാര്‍ക്ക് ഭക്ഷിക്കാനായി നല്‍കുകയാണ് ചെയ്യുക. ഭൂമിയും അഗ്നിയും പാവനമാണെന്നും അശുദ്ധമായ മനുഷ്യ ജഡത്താല്‍ അവ അശുദ്ധമാക്കരുതെന്നുമുള്ള വിശ്വാസത്തില്‍ നിന്നുമാണ് ഈ വിചിത്ര ആചാരം. ‘ശാന്തതയുടെ ഗോപുരങ്ങള്‍’ എന്നറിയപ്പെടുന്ന വിജനമായ ഭൂമിയില്‍ ശവശരീരം കൊണ്ടുവെച്ച് കഴുകന്മാരെ കൈകൊട്ടി വിളിക്കുന്നു. കുറഞ്ഞ നേരം കൊണ്ട് കഴുകന്മാര്‍ എല്ലുകള്‍ മാത്രം ബാക്കിയാക്കി ആ ശവശരീരം തിന്നുതീര്‍ക്കുന്നു. എല്ലുകള്‍ പിന്നീട് ബന്ധുക്കള്‍ ഒരു കിണറില്‍ ഇട്ടു മൂടുന്നു. ലോകത്ത് അപൂര്‍വമായ ഈ ശവസംസ്‌കരണ കേന്ദ്രം മുംബൈയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഏഴ് ആഘോഷ ദിവസങ്ങളാണ് സൊരാഷ്ട്ര മതക്കാര്‍ക്ക് ഉള്ളത്. അതില്‍ ഏഴാമത്തെ ആഘോഷദിവസമായ നവ്‌റോസ് വസന്തകാലത്തിന്റെ ആരംഭദിവസമായാണ് ആചരിക്കപ്പെടുന്നത്. ഇന്ന് തുര്‍ക്കി, അസര്‍ബൈജാന്‍, അര്‍മേനിയ പോലുള്ള ബാള്‍ക്കന്‍ രാജ്യങ്ങളില്‍ നവ്‌റോസ് ദേശീയ പ്രാധാന്യത്തോടെ തന്നെ ആചരിക്കപ്പെടുന്നു. കൃഷിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ആറ് ആഘോഷ ദിവസങ്ങളും ‘ഗഹമ്പാര്‍’ എന്നാണ് അറിയപ്പെടുന്നത്. സൊരാഷ്ട്ര പ്രവാചകന്റെ ജന്മദിനവും അവരുടെ ആഘോഷദിവസങ്ങളില്‍ പെട്ടതാണ്. അന്ന് മന്ദിരങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും സദ്യയും ഉണ്ടാകും.

ലോകത്ത് വളരെ ന്യൂനപക്ഷമാണെങ്കിലും സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മഹത്തായ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരാണ് ഇറാനിലെ സൊരാഷ്ട്രരും ഇന്ത്യയിലെ പാര്‍സികളും. മുംബൈയും ഗുജറാത്തും ആസ്ഥാനമാക്കി ധാരാളം പാര്‍സി വ്യവസായ പ്രമുഖര്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അതുല്യമായ സ്ഥാനം വഹിച്ച ദാദാബായ് നവ്‌റോജിയും ഫിറോസ് ഷാ മേത്തയും പാര്‍സികളായിരുന്നു. വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ആര്‍.ഡി ടാറ്റയും അദ്ദേഹത്തിന്റെ മകന്‍ രത്തന്‍ ടാറ്റയും പാര്‍സികളാണ്. ശാസ്ത്ര പ്രതിഭയായിരുന്ന ഹോമി ജഹാംഗീര്‍ ബാബ, ഇന്ത്യയിലെ ആദ്യ കരസേനാ മാര്‍ഷല്‍ ജനറല്‍ മനേക് ഷാ, ബോളിവുഡ് നടന്‍ ബുമന്‍ ഇറാനി എന്നിവരൊക്കെ ഇന്ത്യാ ചരിത്രത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ അനേകം പാര്‍സികളില്‍ ചിലരാണ്.

Related Articles