Current Date

Search
Close this search box.
Search
Close this search box.

വായിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരു ഗ്രന്ഥം

universe.jpg

വേദഗ്രന്ഥങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഏതാനും മാസങ്ങള്‍ മതിയാവും. എന്നാല്‍ ഒരായുഷ്‌കാലം വായിച്ചാലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു ഗ്രന്ഥമുണ്ട്. അതാണ് പ്രപഞ്ചം. അതിലെ ഒരു അധ്യായമാണ് ഭൂമി. അതു പോലും പൂര്‍ണ്ണമായി വായിക്കാന്‍ മനുഷ്യന്റെ ആയുസ്സ് തികയില്ല. എങ്കിലും വായിക്കാന്‍ ശ്രമിക്കണം. അതാണ് മനുഷ്യരില്‍ നിന്ന് അല്ലാഹു താല്പര്യപ്പെടുന്നത്.

“ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്, നിങ്ങളില്‍ തന്നെയും. എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ? (ഖുര്‍ആന്‍ 51:20,21)
പ്രപഞ്ചവായന ദൈവവിശ്വാസിയുടെ ബാധ്യതയാണെന്ന് വന്നു. ഭൂമിയിലെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാമത്തേത് രാപ്പകലുകള്‍ മാറി വരുന്നത് തന്നെ. നിയമം തെറ്റാതെ ഒരു ദിവസം കൊണ്ട് സൂര്യനഭിമുഖമായി ഭൂമി പൂര്‍ണമായ ഒരു കറക്കം നടത്തിയിരുന്നില്ലെങ്കില്‍ രാപ്പകലുകള്‍ മാറിമാറി വരുമായിരുന്നില്ലല്ലോ. പത്ത് വര്‍ഷത്തേക്ക് ഭൂമിചലിക്കുന്നില്ലെന്നും സങ്കല്‍പ്പിക്കുക. ഭൂമിയുടെ ഒരു ഭാഗത്ത് പത്ത് വര്‍ഷം നട്ടുച്ച. മറ്റൊരു ഭാഗത്ത് അര്‍ധരാത്രി. ഇനിയും പലഭാഗങ്ങളില്‍ നീണ്ടകാലം പകലിന്റെയും രാവിന്റെയും വ്യത്യസ്ത യാമങ്ങള്‍. അവിടെ സൂര്യോദയമോ അസ്തമയമോ ഉണ്ടാവില്ല. രാപ്പകലുകളുടെ മാറ്റത്തെ അല്ലാഹു ദൃഷ്ടാന്തമാക്കി എന്നു വായിക്കുമ്പോള്‍ അനുവാചകര്‍ ഈ വശവും ചിന്തിക്കണം.

കറുത്തതും ദുര്‍ഗന്ധമുള്ളതുമായ വളവും അഴുക്കു ജലവുമാണ് റോസാചെടിക്ക് ലഭിക്കുന്നതെങ്കിലും അതിലുണ്ടാവുന്ന പൂക്കളുടെ നിറത്തെയോ ഗന്ധത്തെയോ അത് ബാധിക്കുന്നില്ല. അതേ വളവും വെള്ളവും മുല്ലച്ചെടിക്ക് നല്‍കിയാലും മുല്ലപ്പൂവിന്റെ മണവും നിറവും പഴയതു തന്നെയാവും. അത് അല്ലാഹു നല്‍കിയ പ്രകൃതമാണ്.

മൂസാ(അ) ഫറോവയുടെ ചോദ്യത്തിന് പറഞ്ഞ മറുപടിയില്‍ ഇതുണ്ട്. “അദ്ദേഹം പറഞ്ഞു. ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അതിന്ന് വഴികാണിക്കുകയും ചെയ്തവനാരോ അവനാണത്രെ ഞങ്ങളുടെ രക്ഷിതാവ്. (ഖുര്‍ആന്‍ 20:50). ഇങ്ങിനെ ഭൂമിയെയും സൂര്യചന്ദ്രന്മാരെയും പൂസ്തകങ്ങളെന്നോണം അവതരിപ്പിച്ച മതം ഇസ്‌ലാം മാത്രമാണ്. പൂജാമന്ത്രങ്ങളിലും പ്രാര്‍ഥനകളിലും മാത്രം പരിമിതമല്ല ആ മതം. അത് മനുഷ്യന്റെ മസ്തിഷ്‌കത്തോടു സംവദിക്കുന്നു.

നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ കണ്ടറിയുന്നില്ലേ എന്നീ ചോദ്യങ്ങള്‍ ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നതു കാണാം. ചോദ്യങ്ങളൊന്നും സ്വതന്ത്രമല്ല. എല്ലാറ്റിനുമുണ്ട് പശ്ചാത്തലങ്ങള്‍, വിഷയം നന്നായി അവതരിപ്പിച്ച് അതുമായി ബന്ധപ്പെടുത്തിയാണ് നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന ചോദ്യം.

അപ്പോള്‍ നമ്മില്‍ വരുന്ന ബാധ്യത ഖുര്‍ആനിന്റെ ഗൗരവപൂര്‍ണമായ വായനയാണ്. അതിലെ ഓരോ പദവും പഠനമര്‍ഹിക്കുന്നു. പദഭംഗി, അര്‍ഥഭംഗി, പ്രയോഗമാധുരി ഇവയെല്ലാം ശ്രദ്ധാപൂര്‍വ്വമായ വായനകൊണ്ട് നമുക്ക് അനുഭവപ്പെടും. “നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂഷ്മമായി അറിയുന്നവനാകുന്നു. (ഖുര്‍ആന്‍ 64:8)

പ്രകാശം എന്ന പദം തന്നെ എത്ര അര്‍ഥവത്താണ്. പ്രകാശിക്കുന്ന സൂര്യനെ കണ്ടിട്ടും അതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്ന് പറയാന്‍ മനുഷ്യര്‍ക്ക് കഴിയുന്നില്ലെങ്കില്‍ മനസ്സില്‍ ഖുര്‍ആന്‍ എന്ന പ്രകാശമില്ല എന്നാണ് മനസ്സിലാക്കേണ്ടത്. തുറന്ന മനസ്സിലേ ആ പ്രകാശം കടക്കുകയുള്ളൂ.

 

Related Articles