Current Date

Search
Close this search box.
Search
Close this search box.

യുക്തിചിന്തയുടെ ഇസ്‌ലാം

intellect.jpg

ഇസ്‌ലാമില്‍ തത്വശാസ്ത്രത്തിന്റെ സ്ഥാനമെന്ത്, സത്യാന്വേഷണത്തിനായി എത്രത്തോളം യുക്തി ഉപയോഗിക്കാം, യുക്തിചിന്തയുടെ മാനദണ്ഡങ്ങള്‍ കൊണ്ട് എല്ലാ സത്യങ്ങളെയും അളക്കാനാവുമോ എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. മനുഷ്യന്റെ ധൈഷണികതയുടെ ഒരു ഭാഗമാണ് യുക്തിചിന്ത. ഇസ്‌ലാം ഒരേസമയം യുക്തിചിന്തയെയും വെളിപാടിനെയും ഉള്‍കൊള്ളുന്ന ആദര്‍ശമാണ്. ദൈവികമായ വേരുകളുള്ള വെളിപാടു ജ്ഞാനവും മനുഷ്യ ദൗര്‍ബല്യം നിഴലിക്കുന്ന യുക്തിജ്ഞാനവും തമ്മില്‍ തികഞ്ഞ അന്തരമുണ്ട്. എന്നിരുന്നാലും ‘ഇസ്‌ലാമിലെ തത്വശാസ്ത്രം’ എന്ന പ്രയോഗം ഇസ്‌ലാമിക ചിന്താമണ്ഡലത്തില്‍ വിദ്യ അഭ്യസിച്ച മുസ്‌ലിം ചിന്തകന്മാരുടെ ബൗദ്ധിക വ്യവഹാരങ്ങളായി നിര്‍വചിക്കാം. അവര്‍ അവരുടെ ചിന്തകളില്‍ തത്വശാസ്ത്രത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഉല്‍കൃഷ്ടമായ പല യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കാനും തത്വശാസ്ത്രം ഉപയോഗിക്കപ്പെടുന്നു.  

ഒരു പരിധി വരെ ഇസ്‌ലാമും യുക്തിസഹമാണ്. യുക്തിചിന്തയെ ഇസ്‌ലാമും സ്വാഗതം ചെയ്യുന്നു, എന്നാല്‍ അത് മതപരമായും ധാര്‍മികമായും അല്ലാഹുവിങ്കലുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം. പ്രായപൂര്‍ത്തിയാവുക, വകതിരിവുണ്ടാവുക എന്നിവയാണ് ആ നിബന്ധനകള്‍. അഥവാ തെറ്റും ശരിയും വേര്‍തിരിച്ച് മനസ്സിലാക്കാവുന്ന തരത്തിലേക്ക് മനസ്സ് പാകപ്പെട്ട വ്യക്തിയാണല്ലോ ഇസ്‌ലാമില്‍ കര്‍മ ബാധ്യസ്ഥന്‍(മുകല്ലഫ്). കുട്ടികളോ ചിത്തഭ്രമം ബാധിച്ചവരോ ഇസ്‌ലാമില്‍ കര്‍മ്മബാധ്യതയില്ലാത്തവരാണല്ലോ. തത്വശാസ്ത്രത്തിലൂടെയും യുക്തിചിന്തയിലൂടെയും ഇസ്‌ലാം ഉദ്ദേശിക്കുന്നത് മനുഷ്യചിന്തയെ ദൈവിക സത്തയിലേക്കും ജീവിത യാഥാര്‍ത്ഥ്യത്തിലേക്കും എത്തിക്കുക എന്നതാണ്. സ്വന്തത്തിലേക്കും പ്രകൃതിയിലേക്കും നോക്കാനും അതിന്റെ ചുരുളഴിക്കാനും അത് മനുഷ്യനെ പ്രേരിപ്പിക്കും. മുന്‍വിധികളില്ലാത്ത ശുദ്ധമനസ്സിനേ ഈ യാഥാര്‍ത്ഥ്യബോധം പ്രാപ്യമാവുകയുള്ളൂ. എന്നാല്‍ സ്ഥാപിത യാഥാര്‍ത്ഥ്യങ്ങളെ അപഗ്രഥിക്കുന്നതില്‍ യുക്തിചിന്തക്കുള്ള പങ്ക് വളരെ ചെറുതാണ്. കാരണം, അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് അഭൗമികമായ കഴിവുകള്‍ നല്‍കിയിട്ടില്ല.

എല്ലാ സൃഷ്ടിജാലങ്ങളിലും ദൈവിക സത്തയുടെ അംശമുണ്ടെങ്കിലും അവയൊക്കെ പരിധികള്‍ പാലിക്കുന്നു. സത്യാന്വേഷണത്തില്‍ ഒരു ചെറിയ വൃത്തം മാത്രമാണ് അവന്റെ ധിഷണ മനുഷ്യന് നല്‍കുന്നുള്ളൂ. അതുകൊണ്ട് ഈ പ്രപഞ്ചത്തിന്റെയും മനുഷ്യജീവിതത്തിന്റെയും പിന്നിലെ ആത്യന്തിക യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യധിഷണക്ക് അപ്രാപ്യമായി തന്നെ നിലകൊള്ളുന്നു. അപ്പോള്‍ മനുഷ്യയുക്തി അനിവാര്യമായ ഘടകമാണെങ്കിലും ആത്യന്തിക യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിച്ചേരുന്നതില്‍ അത് അപര്യാപ്തമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് യുക്തിചിന്തയെ അപൂര്‍ണമായ ധിഷണ എന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നത്. ‘നാവുകൊണ്ട് ഉരുവിടുക ഹൃദയം കൊണ്ട് ഉറപ്പിക്കുക’ എന്ന തത്വവും ധിഷണയുടെ പരിമിതിയെ കുറിക്കുന്നതാണ്. കാരണം, യുക്തി ഉപയോഗിച്ച് സ്ഥിരീകരിക്കാനല്ല, ഹൃദയങ്ങള്‍ കൊണ്ട് ഉറപ്പിക്കാനാണ് കല്‍പിക്കപ്പെട്ടത്. സത്യാന്വേഷിയുടെ അന്വേഷണങ്ങള്‍ ചെന്നവസാനിക്കുകയും നിഗമനങ്ങള്‍ ചെന്നു ചേരുകയും ചെയ്യുന്ന അവസാന ബിന്ദുവാണ് അല്ലാഹു. ആ ബിന്ദുവിന് അപ്പുറത്തേക്ക് യുക്തിക്ക് സ്ഥാനമില്ല. ആ ബിന്ദുവില്‍ യുക്തി വിട്ട് സത്യാന്വേഷി വിശ്വാസത്തിലേക്കും കീഴ്‌വണക്കത്തിലേക്കും മാറുന്നു.

മനുഷ്യജ്ഞാനം എത്ര ആഴവും പരപ്പും ഉള്ളതാണെങ്കിലും അതിന് ഉത്തരം മുട്ടുന്നിടത്ത് നിന്ന് ദൈവിക ജ്ഞാനം ആരംഭിക്കുന്നു. അത് മനുഷ്യജ്ഞാനത്തെയും ഉള്‍ക്കൊള്ളുന്നതും സ്ഥല-കാലങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നതുമാണ്. അല്ലാഹുവാണ് വിജ്ഞാനത്തിന്റെ ആത്യന്തിക സ്രോതസ്സ്. ഖുര്‍ആന്‍ പറയുന്നു: ”ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാകുന്നു.” (അല്‍-അഅ്‌റാഫ്: 89). ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് യുക്തിചിന്തയെ ദൈവിക കല്‍പനകള്‍ക്ക് അനുസരിച്ച് വിനിയോഗിക്കുകയാണെങ്കില്‍ സൃഷ്ടിപ്പിലുള്ള അതിന്റെ സ്ഥാനത്തെ കുറിച്ച് നാം തിരിച്ചറിവുള്ളവരാകും.

(The Islamic approach to reason and philosophy എന്ന ഗ്രന്ഥത്തില്‍ നിന്ന്)

വിവ: അനസ് പടന്ന

Related Articles