Current Date

Search
Close this search box.
Search
Close this search box.

‘മീന്‍ പിടിക്കുക, വൃത്തിയാക്കുക, വേവിക്കുക, പിന്നെ തിന്നുക!’

chris-islam.jpg

മാതാവ് ക്രിസ്തുമതം സ്വീകരിക്കുമ്പോള്‍ എനിക്ക് 6 വയസ്സായിരുന്നു. പിതാവ് ഏതെങ്കിലും ഒരു പ്രത്യേക സഭക്ക് സ്വയം അര്‍പ്പിച്ചിരുന്നില്ലെങ്കിലും, ത്രിയേകത്വാടിസ്ഥാനത്തിലുള്ള വിശ്വാസമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്. ഏകദേശം, അഞ്ചു വര്‍ഷത്തോളം, എന്റെ കുടുംബം ഞായറാഴ്ച തോറും ചര്‍ച്ചില്‍ പോയിരുന്നു. എനിക്ക് പതിനൊന്നു വയാസുള്ളപ്പോള്‍, കുടുംബത്തില്‍ നിന്നും ചര്‍ച്ചില്‍ പോയിരുന്ന രണ്ടു പേര്‍ മാതാവും ഞാനും മാത്രമായിരുന്നു. ബൈബിള്‍ ക്ലാസ്സുകളില്‍ പങ്കെടുത്തും വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിച്ചും, ഓരോ ബുധനാഴ്ചയും ഞായറാഴ്ചയും ഞാന്‍ ചര്‍ച്ചില്‍ പോയിരുന്നു. ഒരു സമ്മര്‍ കേമ്പിനായി ചര്‍ച്ചില്‍ പോയ ഞാന്‍, അള്‍ത്താരയിലെത്തി, യേശുവിനെ ഹൃദയത്തിലേക്ക് സ്വീകരിച്ചു.

 ത്രിത്വത്തെ കുറിച്ച്, മൊത്തത്തില്‍, എനിക്കൊരു സങ്കല്പവും ഉണ്ടായിരുന്നില്ലെങ്കിലും, ഉത്തരം കിട്ടാത്ത പല സംശയങ്ങളും എനിക്കുണ്ടായിരുന്നു. ‘യേശു എന്നെ പോലുള്ള ഒരു മനുഷ്യനായിരിക്കെ, അദ്ദേഹം എങ്ങനെ ദൈവ പുത്രനാകും’ എന്ന് ഞാന്‍ അധ്യാപകരോട് ചോദിക്കാറുണ്ടായിരുന്നു. പക്ഷെ, എന്റെ ചോദ്യത്തിന്നു ഉത്തരം നല്‍കാന്‍ കഴിവുള്ള ആരും ഈ ചര്‍ച്ചില്‍ ഉണ്ടായിരുന്നില്ല. കാഴ്ച കൊണ്ടല്ല നീ നടക്കുന്നത്, പ്രത്യുത, വിശ്വാസത്താലാണെന്ന് മാത്രമായിരുന്നു എനിക്ക് ലഭിച്ച ഒരു മറുപടി.

പ്രകോപനപരമായ മറുപടി. ഞാന്‍ അന്വേഷിക്കുന്ന ഇനത്തില്‍ പെട്ടതായിരുന്നില്ല ആ മറുപടി. ചര്‍ച്ചില്‍ പോകുന്നത് നിറുത്താനായി പിതാവിനോട് കെഞ്ചി നോക്കിയെങ്കിലും, ചര്‍ച്ച് നിനക്ക് നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊരു തമാശയായിരുന്നു. കാരണം, അങ്ങനെയെങ്കില്‍, പിന്നെ അദ്ദേഹം ചര്‍ച്ചില്‍ പോകുന്നത് നിറുത്തിക്കളഞ്ഞത് എന്തു കൊണ്ട്? ദൈവാരാധന എനിക്കിഷ്ടമാണെങ്കിലും, പതിമൂന്നാം വയസ്സില്‍ ചര്‍ച്ചില്‍ പോക്ക് ഞാന്‍ വിട്ടു. പക്ഷെ, ഞാന്‍ എവിടെ നിന്നു തുടങ്ങും?

ഗതിമാറ്റ വഴികളില്‍
പതിനാലു വയസ്സായതോടെ പല തരം കുഴപ്പങ്ങളിലും എത്തിപ്പെടാന്‍ തുടങ്ങി. മോഷണം മുതല്‍ മയക്കുമരുന്ന്, മദ്യപാനം വരെയുള്ള എല്ലാ കൃത്യങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. എനിക്കൊരു മതമില്ലെങ്കില്‍, എന്തിനിത്ര ബുദ്ധിമുട്ടി നല്ലവനാകണം എന്നൊരു ചിന്ത മനസ്സില്‍ തലപൊക്കാന്‍ തുടങ്ങി. അങ്ങനെ, പതിനെട്ടു വയസ്സുവരെ, കുറ്റവാളി സംഘങ്ങളൊന്നിച്ചു മയക്കുമരുന്ന് വില്‍പനയും മോഷണവും മറ്റുമായി കഴിഞ്ഞു.

ഒരിക്കല്‍, വീടു വിട്ടു രണ്ടു സുഹൃത്തുക്കളുമൊന്നിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്തു. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തിയപ്പോഴായിരുന്നു അത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. ഒരു അമുസ്‌ലിമായിരുന്നു അദ്ദേഹമെങ്കിലും, പുസ്തക അലമാരിയില്‍, ഒരു ഖുര്‍ആന്‍ കണ്ടു. ഈ പുസ്തകം വളരെ ശക്തവും ഭീഷണവുമാണെന്നു തോന്നിയെങ്കിലും, അതെടുത്തു വായിക്കാനുള്ള ഒരു ത്വര എന്നില്‍ സംജാതമായി. എന്താണു ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സ്‌നേഹിതന്‍ ചോദിച്ചപ്പോള്‍, ഞാനൊരിക്കലും ഒരു ഖുര്‍ആന്‍ കണ്ടിട്ടില്ലെന്നാണ് മറുപടി കൊടൂത്തത്. ഇതാണല്ലോ അറബികളുടെ മതമെന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. വായിക്കാന്‍ വായ്പ തരുമോ എന്ന് ചോദിച്ചപ്പോള്‍, നിഷേധാര്‍ത്ഥത്തിലായിരുന്നു മറുപടി.

രണ്ടു ഡോളര്‍ കൊടുത്തു ആദ്യ ഖുര്‍ആന്‍ കോപ്പി വാങ്ങി, വായിക്കാനായി ഞാന്‍ വീട്ടിലേക്കു കുതിച്ചു. മുറിയില്‍ കയറി വാതില്‍ പൂട്ടിയത് ഞാനൊര്‍ക്കുന്നു. ഖുര്‍ ആന്‍ വായിക്കുമ്പോള്‍, യേശുവിനെ കുറിച്ച് അതെന്തു പറയുന്നുവെന്നറിയാനായിരുന്നു ആദ്യമായി ഞാനാഗ്രഹിച്ചിരുന്നതെന്നു ഓര്‍ക്കുന്നു. വായിച്ചവ വളരെ സുന്ദര വാക്യങ്ങളായിരുന്നു.  അതിനാല്‍ തന്നെ, അത് പറയുന്നതെല്ലാം ഞാന്‍ സ്വീകരിക്കുകയായിരുന്നു.

അന്വേഷണം ആരംഭിക്കുന്നു
ഇടക്കിടെ ഖുര്‍ആന്‍ പാരായണവുമായി രണ്ടൂ വര്‍ഷം കഴിഞ്ഞു. അതിനിടയിലാണ് മുസ്‌ലിം പള്ളി കാണാനുള്ള അവസരമുണ്ടായത്. എന്റെ ഒരു ഉത്തമ സുഹൃത്തിനെ വിളിച്ചു ഞാന്‍ ചോദിച്ചു; ‘എനിക്ക് പള്ളിയില്‍ പോകാമോ?’ അന്നു തന്നെ വീട്ടില്‍ കുതിച്ചെത്തിയ അദ്ദേഹവുമൊന്നിച്ചു ഞാന്‍ പള്ളിയില്‍ പൊയി. എത്ര സുന്ദരം!
അകത്ത് നടന്നു കൊണ്ടിരിക്കെ, ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: നാം എവിടെയാണ് ഇരിക്കുക?’
‘എന്റെ കൂടെ വരൂ.’ അദ്ദേഹം പറഞ്ഞു. നിലത്ത് ഇരുന്നു കൊണ്ട് ഞങ്ങള്‍ നമസ്‌കാര സമയം കാത്തിരുന്നു. എനിക്കു വളരെ ജിജ്ഞാസയുണ്ടായിരുന്നു. ചുറ്റു പാടും കണ്ണൊടിക്കാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു:
‘സ്ത്രീകളൊക്കെ എവിടെയാണ്?’
അദ്ദേഹം പുഞ്ചിരി തൂകി. ഞാന്‍ ആലോചിക്കുകയായിരുന്നു: എന്തൊരു വിചിത്രം! പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരിക്കാത്തതെന്താണ്?’
ഈ അവസരത്തിലാണ് ‘ബാങ്ക്’ വിളിച്ചത്. വാക്കുകളുടെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല. പക്ഷെ, ശ്രവണ സുന്ദരമായിരുന്നു അത്. ശരീരത്തില്‍ കുളിരു കയറി. അതോടെ മുമ്പൊന്നുമില്ലാത്ത ഒരു മാര്‍ദ്ദവം ഹൃദയത്തില്‍ കടന്നു കൂടി. ഒരു വശത്ത് ഇരുന്നു കൊണ്ട് ഓരോരുത്തരും നമസ്‌കരിക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. അതോടെ, ഒരു മുസ്‌ലിമാകാന്‍ എനിക്ക് കഴിയുകയില്ലെന്നാണെനിക്കു തോന്നിയത്.

എനിക്ക് അറബി സംസാരിക്കാന്‍ കഴിയില്ല. അവര്‍ പറയുന്ന ഒരു വാക്കും എനിക്കു മനസ്സിലാകുന്നുമില്ല. എന്നാല്‍, എനിക്ക് അറബി പഠിക്കാനും അവരെ പോലെ നമസ്‌കരിക്കാനും കഴിയുമെന്ന് സുഹൃത്ത് വിശദീകരിച്ചു. ഒരു തരം ആശയ കുഴപ്പത്തോടെയാണ് അന്ന് ഞാന്‍ പള്ളി വിട്ടത്. ഖുര്‍ആനിന്റെ ആധികാരിക മൂലഗ്രന്ഥം വായിക്കണമെങ്കില്‍, ഞാന്‍ അറബി പഠിക്കേണ്ടിയിരിക്കുന്നുവെന്ന വസ്തുത എന്റെ ധൈര്യം കെടുത്തി കളയുകയായിരുന്നു.

ഞാന്‍ വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചു പോകാന്‍ തുടങ്ങി. മയക്കുമരുന്നും മദ്യവും ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷെ, ഇപ്പോള്‍, എന്തോ ഒരു വ്യത്യാസം! എന്തെങ്കിലും ഒരു ദുര്‍വൃത്തി ചെയ്യുമ്പോഴെക്കും ദൈവത്തെ കുറിച്ച ചിന്ത മനസ്സിലേക്കെത്തും. അത് പുറം തള്ളാന്‍ ശ്രമിക്കുമെങ്കിലും, ഫലമുണ്ടായിരുന്നില്ല.
തൃപ്തികരമായ കാര്യങ്ങളായിരുന്നില്ല ഇസ്‌ലാമിനെ കുറിച്ച് കേട്ടതൊന്നും. വലിയ മതങ്ങള്‍ ഒരൊന്നിനെ കുറിച്ചും ഞാന്‍ വായിച്ചു. ഓരോന്നും വിചിത്രവും വൈരുദ്ധ്യാധിഷ്ടിതവുമായിരുന്നു. അങ്ങനെ, വീണ്ടും ഇസ്‌ലാമിനെ കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. അത് യഥാര്‍ത്ഥമാണെന്നു എനിക്ക് മനസ്സില്‍ തോന്നുകയായിരുന്നു.

അവര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും അതില്‍ അടിയുറച്ച വിശ്വാസമാണവര്‍ക്കുള്ളതെന്നും ഞാന്‍ മനസ്സിലാക്കി. ഒരു ഞായറാഴ്ച ക്ലാസ്സില്‍ പങ്കെടുക്കാനായി ഒരിക്കല്‍ കൂടി ‘ദാറുല്‍ ഹിജ്‌റ’യില്‍ ഞാന്‍ പോയി. എവിടെ പോകണമെന്നറിയാത്ത ഞാന്‍, പ്രവേശന മുറിയില്‍ നിന്നു കൊണ്ട്, ചുമരില്‍ ഉല്ലേഖനം ചെയ്യപ്പെട്ട വിശുദ്ധവാക്യങ്ങള്‍ വായിക്കുകയായിരുന്നു. സഹായ വാഗ്ദാനവുമായെത്തിയ ഇമാമിനോട്, ക്ലാസ്സ് നടക്കുന്ന സ്ഥലമന്വേഷിച്ചു. അദ്ദേഹം വഴി കാണിച്ചു തന്നു. ക്ലാസ്സില്‍, അമുസ്‌ലിംകളായ പലരും ചോദ്യങ്ങളുന്നയിക്കുന്നത് ശ്രദ്ധിച്ചു. അല്പം കഴിഞ്ഞു, സുഹൃത്തിനോടൊപ്പം സ്ഥലം വിട്ടു.

യഥാര്‍ത്ഥത്തില്‍, മുന്‍ കാകാലങ്ങളില്‍, ഞാന്‍ വളരെയധികം സൗഹൃദ്ദം പങ്കുവച്ചിരുന്ന ആളായിരുന്നു എന്റെ സുഹൃത്ത്. രണ്ടു വര്‍ഷം മുമ്പ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിരുന്നു. വീട്ടിലെത്തിയ എനിക്ക് കരയണമെന്നു തോന്നി. കാരണം, ഈ ദുര്‍വൃത്തിക്ക് ഞാന്‍ ഉദ്ദേശിച്ചിരുന്നു. പക്ഷെ, ഈ മതം സ്വീകരിക്കുന്നതിന്നു മുമ്പായി മയക്കുമരുന്നും മദ്യവും ഒഴിവാക്കണമെന്ന് എനിക്കറിയാമായിരുന്നു.

വീണ്ടും ചര്‍ച്ചിലേക്ക്
ഗൗരവതരമല്ലാത്ത നിലക്ക്, അങ്ങുമിങ്ങും വായിച്ചു കൊണ്ട്, ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞു. ഒരു ദിവസം, ചര്‍ച്ചില്‍ തിരിച്ചുപോയി ആരാധിക്കാന്‍ മാതാവ് എന്നൊട് യാചിച്ചു പറഞ്ഞു. അവരെ തൃപ്തിപ്പെടുത്താന്‍ മാത്രം ഞാന്‍ സമ്മതിച്ചു. പക്ഷെ, ചര്‍ച്ചിന്നകത്ത് നടക്കുമ്പോള്‍, എനിക്ക് ത്രിത്വത്തില്‍ വിശ്വാസമില്ലെന്ന് ഓരോര്‍ത്തര്‍ക്കും അറിയുന്നത് പോലെ തോന്നി.

പ്രാര്‍ത്ഥനക്കായി പള്ളിയില്‍ വരുന്ന കൂട്ടത്തില്‍ ഒരു പുരോഹിതനുണ്ടായിരുന്നു. യേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ അദ്ദേഹം പല തവണ എന്നോട് പറയാറുണ്ടായിരുന്നു. ഞാന്‍ തിരസ്‌കരിച്ചപ്പോള്‍, അദ്ദേഹം കാരണമാരാഞ്ഞു. ഇസ്‌ലാമിന്ന് ഉപോല്‍ബലകമായി സംസാരിക്കാന്‍ മാത്രം എനിക്ക് അറിവുണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ തയാറായിട്ടില്ല എന്നു മാത്രം മറുപടി കൊടുത്തു. പുരോഹിതന്‍ പറഞ്ഞു:
‘മകനെ, മീന്‍ പിടിക്കുക, പിന്നെ അതിനെ വൃത്തിയാക്കുക, അതിന്നു ശേഷം വേവിക്കുക, എല്ലാം കഴിഞ്ഞു തിന്നുക.’
അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. പക്ഷെ, ഈ ചര്‍ച്ചിനെ സംബന്ധിച്ചിടത്തോളം അല്ല. യഥാര്‍ത്ഥത്തില്‍, ഇസ്‌ലാം സ്വീകരിക്കാന്‍ എനിക്ക് പ്രചോദനമായത് ഇതായിരുന്നു. മനസ്സാ, ഞാനൊരു മുസ്‌ലിമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, ഞാനെവിടെ പോകും? ഇത് ആര്‍ എനിക്കു നല്‍കും? ഞാനെന്തു ചെയ്യും? ഇതൊന്നും എനിക്കറിയില്ലായിരുന്നു.

അതിനാല്‍, അല്പം കഴിഞ്ഞു, ഒരിക്കല്‍ കൂടി മയക്കുമരുന്നിലേക്കും മദ്യപാനത്തിലേക്കും ഞാന്‍ തിരിയുകയായിരുന്നു. ഒരു രാത്രി. പുറത്തുപോയി, മയക്കുമരുന്നും മദ്യവുമായി കഴിഞ്ഞു വീട്ടിലെത്തി കണ്ണാടിയില്‍ നോക്കിയപ്പൊള്‍ കണ്ട രൂപം എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്റെ മുഖം പോലും തിരിച്ചറിയാനാകുന്നില്ല. തെരുവീഥികളില്‍ ഇഴഞ്ഞു നടക്കാറുള്ളവരിലൊരാളാണെന്നാണ് തോന്നിയത്.
എനിക്കെന്തു സംഭവിച്ചുവെന്ന് അത്ഭുതപ്പെട്ടു കൊണ്ട്, ഞാന്‍ നിലത്തു വീണു കരഞ്ഞു. അത്ഭുതം തോന്നി; വെറുപ്പുളവായി. ആ പള്ളിയിലേക്ക് നടക്കാന്‍ പോലും എനിക്കെങ്ങനെ കഴിയും? ഒരു മുസ്‌ലിമായി തീരാനെനിക്കാവില്ലെന്ന് തോന്നി. ഒരു നല്ല മനുഷ്യനാകാനും ഈ അവസ്ഥയില്‍ നിന്നു മോചിതനാകാനും ദൈവിക സഹായം തേടിക്കൊണ്ട്, രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു.

അവസാന തീരുമാനം
പിറ്റെ ദിവസം രാത്രി 11. 10 ഞാന്‍ മുറിയിലിരിക്കുകയായിരുന്നു. അപ്പോഴാണ് വാതിലില്‍ ഒരു മുട്ട് കേട്ടത്. താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍, എന്റെ സുഹൃത്ത്! മുമ്പ് തന്നെ ഇസ്‌ലാം സ്വീകരിച്ചയാള്‍! എനിക്കേറ്റവും പ്രിയങ്കരന്‍! വിശ്വസ്തന്‍!
അദ്ദേഹം വീട്ടില്‍ വന്നു എന്നോട് ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചു. ഈ സമയം എന്റെ അകം കരയുകയായിരുന്നു. വെറും ‘അതെ’ മാത്രമായിരുന്നു എന്റെ മറുപടി. ഏകദേശം, നാലു മണിക്കൂര്‍ നേരത്തെ സംസാരം കഴിഞ്ഞു ഞാനും സുഹൃത്തും കൂടി ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles