Current Date

Search
Close this search box.
Search
Close this search box.

മനുഷ്യന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ പറയുന്നതെന്ത്?

hope.jpg

തീരുമാനങ്ങള്‍ എടുക്കുന്നത് പലപ്പോഴും നമ്മളല്ലായെന്നത് സത്യം. നമ്മുടെ ജീവിതത്തില്‍ സദാ ഒരദൃശ്യശക്തി ഇടപെട്ടുകൊണ്ടിരിക്കുന്നു. നമ്മള്‍ ആരുടെ മകനായി/മകളായി എവിടെ പിറക്കണമെന്നത് പോലും നാം തീരുമാനിച്ചതായിരുന്നില്ല. ഇപ്പോള്‍ നമുക്കുള്ള ആരോഗ്യവും സമ്പത്തുമെല്ലാം ഏത് സമയത്തും വിനഷ്ടമാവാമെന്നും നാം മനസ്സിലാക്കുന്നുണ്ട്. എത്രമാത്രം ശ്രദ്ധിച്ചാലും അസുഖങ്ങളും അപകടങ്ങളും നമ്മെ പിടികൂടാം. കണ്ണുകള്‍ അന്ധമാവാം, വൃക്കകള്‍ നഷ്ടപ്പെടാം, നട്ടെല്ലു തകരാം.

ഇതിലെല്ലാം ഉപരി ജീവിതത്തിന്റെ സര്‍വ്വ മധുരങ്ങളും കെടുത്തിക്കളയുന്ന വാര്‍ധക്യം നമ്മെ തേടിയെത്തുകയും ചെയ്യും. മരണത്തെയാവട്ടെ ഒരിക്കലും നമുക്ക് അതിജീവിക്കാന്‍ സാധ്യമല്ല. മരണം എപ്പോള്‍? എവിടെ വെച്ച്? എങ്ങനെ? എന്നതില്‍ നമുക്കൊരുറപ്പുമില്ല. ഇവിടെയാണ് ജീവിതത്തിനു പിന്നിലെ സര്‍വ്വശക്തമായ ഒരദൃശ്യശക്തി, സൂപ്പര്‍ പവര്‍, ഏകനായ ദൈവം പ്രസക്തമാവുന്നത്.

മനുഷ്യ ജീവിതത്തേയും പ്രപഞ്ച സംവിധാനങ്ങളെയും ചൂഴ്ന്ന് നില്‍ക്കുന്ന ഈ അദൃശ്യ യാഥാര്‍ത്ഥ്യത്തെ അനുഭവം കൊണ്ടെങ്കിലും നാം അംഗീകരിച്ചേ പറ്റൂ. പ്രവാചക ശിഷ്യന്‍ അലിയോട് ഒരിക്കല്‍ ചോദിക്കപ്പെടുകയുണ്ടായി: ‘ദൈവദൂതന്‍ മുഹമ്മദ് വന്നിട്ടാണോ താങ്കള്‍ക്ക് ദൈവത്തെ അറിയാന്‍ പറ്റിയത്?’ അദ്ദേഹത്തിന്റെ ചിന്താ ബന്ധുരമായ മറുപടി ‘അല്ലാ’ യെന്നായിരുന്നു. ബുദ്ധിയും ചിന്തയും യുക്തിയും കൊണ്ട് നേരത്തേ തന്നെ ഞങ്ങള്‍ ദൈവത്തെ കണ്ടെത്തിയിരുന്നു. മുഹമ്മദ് പ്രവാചകനും വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദാംശങ്ങള്‍ പരിചയപ്പെടുത്തിയെന്നു മാത്രം.

നമുക്കറിയാം, ഇതര ജീവിവര്‍ഗങ്ങളെ പോലെ ഇര തേടല്‍, ഇണചേരല്‍ പോലുള്ള ജന്മവാസനകള്‍ക്കപ്പുറം മനുഷ്യന് സവിശേഷമായ വ്യക്തിത്വവും അസ്തിത്വവും ഉണ്ട്. ഇതര സൃഷ്ടികള്‍ക്കില്ലാത്ത ബുദ്ധിശക്തിയും ചിന്താശേഷിയും യുക്തിബോധവും തജ്ജന്യമായ ആലോചനാശേഷിയും നല്‍കി ദൈവം മനുഷ്യനെ അനുഗ്രഹിച്ചിരിക്കുന്നു. നമ്മുടെ ശക്തി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും ജന്മ ദൗത്യം മനസ്സിലാക്കാനും ഈ സര്‍ഗാത്മകഗുണങ്ങള്‍ നമ്മെ തുണക്കേണ്ടതുണ്ട്.

ദൈവം അരുള്‍ ചെയ്യുന്നു: ‘മനുഷ്യരേ, നിങ്ങളേയും നിങ്ങള്‍ക്ക് മുമ്പുള്ളവരേയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ വഴങ്ങി വണങ്ങി ജീവിക്കുവിന്‍’ (ഖുര്‍ആന്‍: 2:21)
സമാന ഉണര്‍ത്തലുകള്‍ നിരവധിയുണ്ട് ഖുര്‍ആനില്‍. ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ?’ ‘ബുദ്ധി ഉപയോഗിക്കുന്നില്ലേ?’ എന്നിങ്ങനെ ആലോചനയുമായി ബന്ധപ്പെട്ട് മാത്രം ഖുര്‍ആനിലുള്ളത് എണ്ണൂറില്‍ പരം സൂക്തങ്ങളാണുള്ളത്.

Related Articles