Current Date

Search
Close this search box.
Search
Close this search box.

ബൈബിള്‍ പഠനത്തിലൂടെ ഇസ്‌ലാമിലേക്ക്

reading-bible.jpg

മതത്തിന്ന് അത്രമാത്രം പ്രാധാന്യം നല്‍കാത്ത കൊളൊറാഡോവിലെ ഒരു ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. പിതാവ് മോര്‍മനും മാതാവ് പ്രോട്ടസ്റ്റന്റുകാരിയുമായിരുന്നു. യൗവനത്തിലേക്ക് കടന്നപ്പോള്‍ ദൈവത്തെകുറിച്ച് അറിയാനുള്ള ജിജ്ഞാസ എന്നിലുണ്ടായി. തദ്വിഷയകമായ അന്വേഷണത്തില്‍, ബൈബിളും മറ്റു ക്രൈസ്തവ സാഹിത്യങ്ങളും ഞാന്‍ പഠനവിധേയമാക്കി. ഹൈസ്‌കൂള്‍ തലത്തിലായിരിക്കുമ്പോള്‍ തന്നെ ബൈബിളില്‍ -പ്രത്യേകിച്ചും യേശുവിന്റെ പ്രകൃതത്തിന്റെ കാര്യത്തില്‍- വ്യക്തമായ പല വൈരുദ്ധ്യങ്ങളുമുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു. അവന്‍ ദൈവമാണെന്ന് ചിലയിടത്തു പറയുമ്പോള്‍, മറ്റു ചിലയിടങ്ങളില്‍ ദൈവപുത്രനാണെന്നു പറയുന്നു. വെറെ ചിലയിടങ്ങളില്‍ മനുഷ്യനാണെന്നും പറയുന്നു. വായിക്കുന്നത് മനസ്സിലാക്കാന്‍ എനിക്ക് സാധിക്കാത്തതിനാലണ് ഈ വൈരുദ്ധ്യങ്ങള്‍ തോന്നുന്നതെന്നാണ് ഞാന്‍ ധരിച്ചത്.

അങ്ങനെയിരിക്കെയാണ്, ‘ചര്‍ച്ച് ഓഫ് ഗോഡി’ന്റെ ഒരു സാഹിത്യം എനിക്ക് ലഭിച്ചത്. ഞാന്‍ മുമ്പ് കണ്ടിരുന്നതിനേക്കാള്‍ യുക്തിയുക്തമായും ശാസ്ത്രീയവുമായിരുന്നു മതത്തോടുള്ള അവരുടെ സമീപനമെന്നത് എന്നില്‍ താല്പര്യമുളവാക്കുകയായിരുന്നു. പന്നി മാംസം ഭക്ഷിക്കാതിരിക്കുക, യേശു അംഗീകരിച്ച അതേ വിശുദ്ധ ദിനങ്ങളാചരിക്കുക എന്നീ കാര്യങ്ങള്‍ അവര്‍ തുടര്‍ന്നു പോന്നിരുന്നു. ഒരില്‍ക്കല്‍, അവരുടെ ആരാധനാ ചടങ്ങുകളില്‍ പങ്കെടുത്തുവെങ്കിലും പല കാരണങ്ങളാല്‍ തുടരാനായില്ല.
കോളജിലെത്തിയപ്പോള്‍, ‘Campus Crusade for Christ’ ലൂടെ ബൈബിള്‍ പഠനത്തിലേര്‍പ്പെട്ടു. ദൈവിക സത്യം മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. അതെന്താണെന്ന് കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ബൈബിള്‍ പഠനം അതിന്നു സഹായകമാകുമെന്നായിരുന്നു കരുതിയത്. അതുണ്ടാവുകയും ചെയ്തു.
ഇതിനിടയിലാണ് ഒരു മുസ്‌ലിമുമായി കണ്ടു മുട്ടിയത്. അയാളുടെ പ്രാര്‍ത്ഥനാ രഹസ്യം അറിയാനെനിക്ക് താല്പര്യമുണ്ടായി. അങ്ങനെ ഞാന്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. ക്രിസ്തുമതത്തില്‍ എനിക്ക് നഷ്ടമായ ഒന്ന് ഇസ്‌ലാമിന്റെ വശമുണ്ടെന്ന് വളരെ വേഗം ഞാന്‍ തിരിച്ചറിഞ്ഞു. ആരാധനയായിരുന്നു അത്. ‘എനിക്ക് അത് വേണം, അതെനിക്ക് തരണം’ എന്ന് പറയുന്നതോടൊപ്പം, ‘ഞങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരണം വരിച്ച യേശുവെ നിനക്ക് സ്തുതി’ എന്ന് പലപോഴും പ്രാര്‍ത്ഥനകളില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടു. പിന്നെ, ദൈവത്തിന്റെ കാര്യമെന്ത്? ഇസ്‌ലാമിന്റെ ദൈവം ഞാന്‍ വിശ്വസിക്കുന്ന അതേ ദൈവം തന്നെയാണെന്ന് എനിക്ക് ബോധ്യമായി കഴിഞ്ഞിരുന്നു. പക്ഷെ, എന്നിട്ടും യേശു ആരെന്ന് എനിക്ക് ഉറപ്പ് കിട്ടിയിരുന്നില്ല. അദ്ദേഹം ദൈവപുത്രനല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് ഭയമായിരുന്നു. കാരണം, അത്തരം വിശ്വാസം നിത്യ നരകാഗ്‌നിയിലേക്കായിരിക്കും എന്നെ കൊണ്ടെത്തിക്കുക എന്ന് ജീവിതകാലം മുഴുവന്‍ ഞാന്‍ പഠിപ്പിക്കപ്പെട്ടിരുന്നു.

അള്‍ജീരിയയില്‍ മുസ്‌ലിംകളോട് പ്രബോധനം നടത്തിയിരുന്ന ആളായിരുന്നു എന്റെ ബൈബിള്‍ പഠന മേധാവി. അതിനാല്‍, അദ്ദേഹത്തോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം, ആ സമയത്ത് ഞാന്‍ ചിന്താ കുഴപ്പത്തിലകപ്പെട്ടിരുന്നു. എന്റെ മുസ്‌ലിം സുഹൃത്തിന്നെന്തു സംഭവിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോട് ആരാഞ്ഞു. ‘അയാള്‍ നരകത്തില്‍ പോകും’ സംശയലേശമന്യെ അദ്ദേഹം പറഞ്ഞു. ബൈബിള്‍ സമാനമായ ഖുര്‍ആന്‍ എങ്ങനെ നുണയാകുമെന്ന് ഞാന്‍ ചോദിച്ചു. ജനങ്ങളെ അവിശ്വാസത്തിലേക്ക് പ്രേരിപ്പിക്കാനുള്ള ഒരു പൈശാചികോപാധിയാണതെന്നായിരുന്നു മറുപടി. അവസാനം, അദ്ദേഹം ഖുര്‍ആന്‍ വായിച്ചിട്ടുണ്ടൊ എന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. ഖുര്‍ആനില്‍ ഞാന്‍ വായിച്ച ഒരു കാര്യത്തെകുറിച്ച് അടുത്ത ചോദ്യം ഉന്നയിക്കുകയായിരുന്നു ഈ ചോദ്യത്തിന്റെ ലക്ഷ്യം. ‘ഇല്ല’ അദേഹം പറഞ്ഞു. ‘ഞാന്‍ ശ്രമിച്ചു നോക്കി. പക്ഷെ, അതെന്റെ വയറിന്നു അസുഖമുണ്ടാക്കുകയായിരുന്നു.’

ഇത് കേട്ട് അമ്പരന്ന ഞാന്‍ ഉടനെ സ്ഥലം വിടുകയായിരുന്നു. ജ്ഞാനി എന്ന നിലക്ക് ഞാന്‍ ആദരിക്കുകയും പലപ്രാവശ്യം മുസ്‌ലിംകളൊന്നിച്ച് ജോലി ചെയ്യുകയും ചെയ്ത ഈ മനുഷ്യന്‍ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പോലും ഇസ്‌ലാമിനെകുറിച്ച് മനസ്സിലാക്കിയിട്ടില്ല. എന്നിട്ടും അദ്ദേഹം അന്വേഷണം നടത്തുകയോ അതില്‍ താല്പര്യമെടുക്കുകയോ ചെയ്യുന്നില്ല. എന്റെ സ്‌നേഹിതന്‍ നരകത്തില്‍ പോകുമെന്നും ഖുര്‍ആന്‍ പൈശാചിക കൃതിയാണെന്നും അയാള്‍ക്കുറപ്പാണ്! അദ്ദേഹം ഖുര്‍ആന്‍ പഠിച്ചിട്ടില്ലെങ്കില്‍ അത് ഉറപ്പിക്കാന്‍ കഴിയുകയില്ലെന്നും, എന്നാല്‍ അയാള്‍ പഠിച്ചിട്ടില്ലെന്നും ഞാന്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാം ദൈവത്തിന്റെ മാര്‍ഗമാണെന്നതിന്ന് എനിക്കുള്ള ഏറ്റവും വലിയ തെളിവ് ഇതാണ്. ‘അല്‍ ഹംദു ലില്ലാഹ്’ അങ്ങനെയാണ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്.
ഞാന്‍ ഖുര്‍ആന്‍ പഠനം തുടര്‍ന്നു. മാസങ്ങള്‍ കഴിഞ്ഞു ഞാന്‍ ശഹാദ പറഞ്ഞു. ഒരു വര്‍ഷം തികയുന്നേയുള്ളു. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ദൈവിക സത്യത്തിന്നു വേണ്ടി അദ്ധ്വാനിക്കുന്നു. എനിക്ക് മാര്‍ഗദര്‍ശനമേകിയ അല്ലാഹുവിന്ന് സ്‌ത്രോത്രം. ഇവിടെ ഇതാ സത്യമതം! ഏത് യുക്തിയുടെയും ന്യായത്തിന്റെയും മുമ്പില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പുറ്റ മതം! ഒരു മതം എങ്ങനെയായിരിക്കണമെന്നാണോ ഞാന്‍ ആഗ്രഹിച്ചിരുന്നത്, അതേ മതം! ഗ്രാഹ്യവും യുക്ത്യാധിഷ്ടിതവുമായ മതം!

ഇങ്ങനെയാണ് ഞാന്‍ ഇസ്‌ലാമിലെത്തുന്നത്. എന്നാല്‍, ഇസ്‌ലാമാശ്ലേഷത്തിന്നു മുമ്പ് കുറെ മുസ്‌ലിംകളെ കാണാന്‍ കഴിയാതിരുന്നതില്‍ ഞാന്‍ ആശ്വസിക്കുകയാണ്. ഞാന്‍ പോയ യൂനിവേഴ്‌സിറ്റിയിലെ ബഹുഭൂരിഭാഗം മുസ്‌ലിംകളും ഉദാസീനരായിരുന്നു. ഇവരെ മുമ്പ് പരിചയപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ഇസ്‌ലാമില്‍ വരില്ലായിരുന്നു. കാരണം, ഉദാസീനതയാണത് പ്രതിനിധാനം ചെയ്യുന്നതെന്ന് എനിക്കു തോന്നിയേക്കും. എന്നാല്‍, മുസ്‌ലിംകള്‍ക്കാകട്ടെ പരസ്പരം കൈമാറാന്‍ അവിശ്വസനീയമായൊരു സന്ദേശമുണ്ട്. സത്യത്തിന്റെ സന്ദേശമത്രെ അത്.  സ്‌നേഹിതനെ കാണുന്നതിന്നു മുമ്പ്, ഇസ്ലാമിനെകുറിച്ച് എനിക്ക് യാതൊരു പിടിപാടും ഉണ്ടായിരുന്നില്ല. അതെന്താണെന്ന് അമേരിക്കന്‍ ജനത മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവര്‍ അതിന്നു വളരെയടുത്തെത്തും. കാരണം അത് സത്യമാണ്.
എന്നാല്‍, ഞാന്‍ ചെയ്തതില്‍ ഏറ്റവും കടുപ്പമുള്ള ഒരു കാര്യമായിരുന്നു ഇത്. കാരണം, മതപരിവര്‍ത്തനത്തിലൂടെ മാതാപിതാക്കളെ ഞാന്‍ ധിക്കരിക്കേണ്ടി വന്നിരിക്കുകയാണ്. പന്നിമാംസ ഭോജന വര്‍ജ്ജനം, പര്‍ദ്ദ ധാരണ, നിരോധിത ആഹാരങ്ങള്‍ കൈവെടിയുക പോലുള്ള കാര്യങ്ങളൊന്നും അവര്‍ അംഗീകരിക്കുന്നില്ല. അതൊരു വിഢ്ഢിത്തമാണെന്നാണ് അവരുടെ വിചാരം. എന്റെ വിശ്വാസാനുഷ്ടാനത്തിന്ന് വളരെ പോരാടേണ്ടി വന്നിട്ടുണ്ട്. അതോടൊപ്പം, കുടുംബം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇപ്പോഴും പര്‍ദ്ദ ധരിക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍, താമസിയാതെ ചെയ്യണമെന്നാണ് ആഗ്രഹം. അത് കാരണം, ഞാന്‍ കൈയൊഴിക്കപ്പെടുമോ (താല്‍ക്കാലികമായെങ്കിലും) എന്ന പേടിയുണ്ട്. പക്ഷെ, സ്ത്രീകള്‍ക്ക് ആജ്ഞാപിക്കപ്പെട്ട മുറയില്‍, ദൈവിക സന്നിധിയില്‍ മാതൃകയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

കടപ്പാട് : Islamreligion.com
വിവ: കെ എ ഖാദര്‍ ഫൈസി

Related Articles