Current Date

Search
Close this search box.
Search
Close this search box.

നേതൃപദവി അലങ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

dfj.jpg

ജീവിതത്തില്‍ ഒരു തവണയെങ്കിലും നേതൃസ്ഥാനം അലങ്കരിക്കാത്തവര്‍ വളരെ വിരളമായിരിക്കും. നേതൃപദവി ഏറ്റെടുക്കുമ്പോള്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ കൂടിയാണ് നമ്മില്‍ അര്‍പ്പിതമാവുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് ഇന്ന് പലരും ശ്രമിക്കാറുള്ളത്. ഏല്‍പ്പിച്ചു നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യമായ ബോധത്തോടെ പൂര്‍ത്തീകരിക്കുന്നതിലും നിര്‍വഹിക്കുന്നതിലും നാം എത്രത്തോളം കണിശത പുലര്‍ത്താറുണ്ട്.

അതിനാല്‍ തന്നെ ഇസ്‌ലാമില്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ സൂക്ഷ്മത പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാത്തിനും യോഗ്യരായവരെ വേണം നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കേണ്ടത്. അതും പരസ്പരം കൂടിയാലോചിച്ച് കൂട്ടായ ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളിലൂടെയുമാകണം.
പ്രവാചകന്‍ മുഹമ്മദ് നബി (സ) ആദ്യമായി ഖുര്‍ആന്‍ അവതരിച്ച സന്ദര്‍ഭം നമുക്കറിയാം. അന്നു പേടിച്ചുവിറച്ച പ്രവാചകനോട് പിന്നീട് ഖുര്‍ആന്‍ പഠിക്കാനും വായിക്കാനും കല്‍പിക്കുകയും തുടര്‍ന്ന് അല്ലാഹുവിന്റെ ദൂതനായും നിയോഗിക്കുകയുമായിരുന്നു. മുഴുവന്‍ മുസ്‌ലിം സമൂഹത്തിന്റെയും വഴികാട്ടിയാവാനായിരുന്നു അല്ലാഹുവിന്റെ നിര്‍ദേശം. അത് പ്രവാചകന്‍ ഒരു മടിയും കൂടാതെ സ്വീകരിക്കുയും ചെയ്തു.

എങ്ങനെ ഒരു മികച്ച നേതാവാകാം

1. ഭയം ഉപേക്ഷിക്കുക

ഭയം എന്നത് എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒന്നാണ്. അതിനെ മാറ്റി നിര്‍ത്തുക. നിങ്ങള്‍ക്ക് പുതുതായി ലഭിച്ച പദവിയെ നല്ല ഒരു മാറ്റത്തിന്റെ അടയാളമായി കാണുക. സമ്മര്‍ദങ്ങളെ നല്ലതിനു വേണ്ടി വഴിതിരിച്ചുവിടുക. അത് നിങ്ങളുടെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും കാരണമാകുന്നു.

2. കുടുംബത്തിന്റെ പിന്തുണ

എന്തിനും ഏതിനും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടെങ്കില്‍ അതൊരു വലിയ കരുത്താകും. നിങ്ങളുടെ വളര്‍ച്ചയില്‍ ഇത് വലിയ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ പുതിയ ദൗത്യത്തെക്കുറിച്ചും പദവിയെക്കുറിച്ചും കുടുംബത്തോട് സംസാരിക്കുക. നിങ്ങളുടെ വിജയത്തിനു വേണ്ട പിന്തുണ നല്‍കാന്‍ അവരോട് ആവശ്യപ്പെടുക. പ്രവാചകന് വഹ്‌യ് ലഭിച്ചപ്പോള്‍ ആദ്യാവസാനം കൂടെ നിന്നത് ഭാര്യ ഖദീജ (റ)ആയിരുന്നല്ലോ.

3. നിങ്ങളുടെ മേന്മള്‍ മനസ്സിലാക്കുക

എല്ലാ വ്യക്തികള്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. അതില്‍ തെറ്റുകളെ മാറ്റിനിര്‍ത്തി മേന്മകളെ മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങളില്‍ മറ്റുള്ളവര്‍ പല ഗുണങ്ങളും കണ്ടിട്ടാണ് നിങ്ങളെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്തുക. നിങ്ങള്‍ കണ്ണാടിക്ക് മുന്നില്‍ നിന്നു നിങ്ങളുടെ നല്ല വശങ്ങളെ മനസ്സിലാക്കുക.

4. വിദഗ്ദരുടെ ഉപദേശങ്ങള്‍ തേടുക

നിങ്ങളെ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട മേഖലയിലെ വിദഗ്ദരുമായി ചര്‍ച്ച നടത്തുക, അവരുടെ ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. തന്റെ ഉത്തരവാദിത്വം എന്താണെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും അവരിലൂടെ മനസ്സിലാക്കാം. ജിബ്‌രീല്‍ (അ) വന്നതു സംബന്ധിച്ച് പ്രവാചകന്‍ വറഖ ബിന്‍ നൗഫലിനോട് ഉപദേശം തേടിയതായി കാണാം.

5. മെന്ററിന്റെ സഹായം തേടുക

നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ സഹായകരമാവുന്ന ഒരു മാര്‍ഗ നിര്‍ദേശിയുടെ ഉപദേശം എല്ലായിപ്പോഴും സ്വീകരിക്കുക. നിങ്ങുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും നിങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കാനും അതിലെ വെല്ലുവിളികള്‍ മനസ്സിലാക്കി നിര്‍ദേശങ്ങള്‍ നല്‍കാനും ഇവര്‍ക്കാവും.

6. പ്രാര്‍ത്ഥന

പ്രാര്‍ത്ഥന തന്നെയാണ് വിശ്വാസിയുടെ പ്രധാന ആയുധം. നിങ്ങളുടെ തലക്കു മുകളില്‍ ഒരു ഭാരം വരുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ദൈവസഹായം തേടുക. അല്ലാഹുവോട് വിളിച്ചു പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ഉത്തരവാദിത്വത്തിനൊപ്പം ആത്മീയ വളര്‍ച്ചക്കും അത് സഹായകമാവും.

7. സമയത്തെ കൃത്യമായി ഉപയോഗപ്പെടുത്തുക

എല്ലാം തികഞ്ഞ ഒരാളെ നമുക്കാര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ തന്നെ നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സമയമെടുത്ത് പരിശീലിക്കുക. മറ്റുള്ളവരുമായി ബന്ധമുണ്ടാക്കാനും സമയം കണ്ടെത്തുക. പ്രവാചകന്‍ ജനങ്ങളുമായി ബന്ധമുണ്ടാക്കുകയും അവര്‍ക്കിടയില്‍ ഒരു കണ്ണി സ്ഥാപിച്ചെടുക്കുകയും ചെയ്തിരുന്നു.

 

 

Related Articles