Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിന്റെ ചവറ്റുകൂനയിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍

kings.jpg

തന്ത്രങ്ങളുടെയും കൗശലങ്ങളുടെയും തമ്പുരാക്കന്മാരായി സ്വയം ചമഞ്ഞ എത്രയോ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വന്തം രക്തദാഹവും അധികാരഗര്‍വും അവരെ തെല്ലും അലോസരപ്പെടുത്തിയിരുന്നില്ല. ഒരിക്കലും അവര്‍ക്ക് മനസ്സാക്ഷിക്കുത്തും ഉണ്ടായിട്ടില്ല. കാരണം, അവരുടെ ചെയ്തികളും ഉത്തരവുകളും സമര്‍ത്ഥമായ നീക്കങ്ങളായാണ് അവര്‍ക്ക് തോന്നിയത്. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് മക്കയിലെ പിതാക്കന്മാര്‍ തങ്ങളുടെ ഓമനത്വം മാറാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ആരുടെയും കരളലിയിക്കുന്ന നിഷ്‌കളങ്കമായ ആ കരച്ചില്‍ കേട്ടപ്പോള്‍ വായില്‍ മണ്ണ് വാരിയിട്ട് കുഴി മൂടി നിര്‍ദയം തിരിഞ്ഞു നടക്കാന്‍ അവര്‍ക്ക് യാതൊരു മടിയും തോന്നിയില്ല. തന്നെ പോലെ മനുഷ്യനായ തന്റെ അടിമയെ തൊലി പൊട്ടി ചോര ഒലിക്കുമാറ് പ്രഹരിക്കാനോ വിറകു വെട്ടുന്നത് പോലെ അവന്റെ ശിരസ്സ് ഛേദിക്കാനോ അവര്‍ക്ക് കൈവിറച്ചിരുന്നില്ല. കാരണം, ഇത് പ്രകൃതി തങ്ങള്‍ക്ക് കനിഞ്ഞ അവകാശങ്ങളായി അവര്‍ കണ്ടു. തന്റെ ചിന്തകളും തീരുമാനങ്ങളുമാണ് ആത്യന്തികമായ ശരി എന്നവര്‍ മൗഢ്യമായി വിശ്വസിച്ചു.

ഹൂണന്മാരുടെ നേതാവായ ആറ്റില മദ്ധ്യേഷ്യയിലെ മരുഭൂമിയില്‍ നിന്ന് 7000 കിലോമീറ്ററുകള്‍ താണ്ടി യൂറോപ്പിലും റോമിലും എത്തിയത് സഞ്ചാരിയായിട്ടായിരുന്നില്ല. തന്റെ പിന്നില്‍ പതിനായിരങ്ങള്‍ വരുന്ന നരഭോജി സൈന്യത്തെ അണിനിരത്തി രക്തപ്പുഴ ഒഴുക്കുകയാണ് ആ മനുഷ്യന്‍ ചെയ്തത്. ബഗ്ദാദിന് നേരെ മാര്‍ച്ച് ചെയ്ത ഹുലാഗു നാല് ലക്ഷം നിരപരാധികളായ മനുഷ്യരെയാണ് ടൈഗ്രീസ് നദിയില്‍ കൊന്നുതള്ളിയത്. ഗ്രന്ഥപ്പുരകള്‍ കൊള്ളയടിച്ച് ലക്ഷക്കണക്കിന് അമൂല്യ ഗ്രന്ഥങ്ങള്‍ കത്തിച്ച് ചാമ്പലാക്കി. ദിവസങ്ങളോളം യൂഫ്രട്ടീസും ടൈഗ്രീസും രക്തവും മഷിയും കലര്‍ന്നൊഴുകി. ഇന്ത്യക്ക് നേരെ പടപ്പുറപ്പാട് നടത്തിയ അലക്‌സാണ്ടറും ചെങ്കിസ് ഖാനും ടൈമൂറുമൊക്കെ ചരിത്രത്തില്‍ രക്ത പങ്കിലമായ ഏടുകള്‍ തന്നെയാണ് എഴുതിച്ചേര്‍ത്തത്.

ആധുനിക കാലത്ത് ഉയര്‍ന്നു വന്ന കമ്മ്യൂണിസത്തിന്റെ ചരിത്രവും വ്യത്യസ്തമല്ല. ഇരുപത് ലക്ഷം മനുഷ്യരുടെ രക്തത്തിന്റെ കടുപ്പമാണ് ആ ചെങ്കൊടിയില്‍ കാണുന്നത്. നാസിസവും ഫാസിസവും മനുഷ്യരെ ചവിട്ടി ഞെരിച്ചാണ് തങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ടത്. മനുഷ്യരക്തം ചുവപ്പായും കാവിയായും അവയില്‍ പടര്‍ന്നൊഴുകിയത് ഒരിക്കലും കഴുകിക്കളയാന്‍ പറ്റാത്തത്ര ശക്തമാണ്. ഈ നരനായാട്ടുകളൊക്കെ തങ്ങളുടെ മഹനീയതയുടെ അടയാളങ്ങളായി അവര്‍ കണ്ടിരുന്നുവെങ്കില്‍ ചരിത്രം ഒരിക്കലും അനീതികള്‍ക്ക് നേരെ കണ്ണടക്കില്ല എന്നോര്‍ക്കണം. അവരുടെ ധിഷണയും സാമര്‍ത്ഥ്യവും യുദ്ധപാടവവുമല്ല ലോകം ഇന്നോര്‍ക്കുന്നത്. അവരുടെ മനസ്സിന്റെ കടുപ്പവും ക്രൗര്യവും തീവ്രതയുമാണ്. അവരാല്‍ നിഷ്‌കാസനം ചെയ്യപ്പെട്ട നിരപരാധികളുടെ നിലവിളികളാണ് ഏവരുടെയും കാതുകളില്‍ വന്നലക്കുന്നത്. ചരിത്രത്തില്‍ അവയൊക്കെ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നത് തങ്കലിപികളിലല്ല, രക്തവര്‍ണത്തിലാണ്.

സാന്മാര്‍ഗികമായ ഒരു പാതയെ തെരെഞ്ഞെടുക്കാതിരിക്കുന്നതും സ്വന്തം മനസ്സിനെ ശുദ്ധീകരിക്കാത്തതുമാണ് പലപ്പോഴും മനുഷ്യനെ മനുഷ്യത്വമില്ലാത്തവനാക്കുന്നത്. സ്‌നേഹം, ദയ, കാരുണ്യം എന്നീ വികാരങ്ങള്‍ അവര്‍ക്ക് അന്യമായിരിക്കും. പാറകള്‍ പോലും പൊട്ടിയൊലിച്ച് അരുവികളും നദികളുമുണ്ടാകുന്നുണ്ടെങ്കിലും ഇവരുടെ മനസ്സിന്റെ കാഠിന്യത്തിന് ഒരു പതവും വരില്ല. സ്വന്തം ചെയ്തികള്‍ വളരെ സമര്‍ത്ഥവും ബുദ്ധിപൂര്‍വവുമാണെന്ന് അവര്‍ അടിയുറച്ച് വിശ്വസിക്കും. ചരിത്രത്തില്‍ കഴിഞ്ഞുപോയ എല്ലാ സ്വേച്ഛാധിപതികളും സ്വന്തത്തെ ശരി ആയി കാണുകയും മറ്റുള്ളവരില്‍ തെറ്റ് കാണുകയും ചെയ്തവരാണ്. ഇന്ന് സിറിയയിലും ഈജിപ്തിലുമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ഇതേ വീക്ഷണ കോണില്‍ കാണാവുന്നതാണ്. ക്രൂരതയുടെ ഭൗതിക സുവിശേഷങ്ങള്‍ക്ക് പകരം കാരുണ്യത്തിന്റെ ദൈവിക സുവിശേഷങ്ങള്‍ അവരുടെ മനസ്സുകള്‍ക്ക് പരിചയമില്ല. മനുഷ്യരാശിക്ക് തന്നെ വലിയ നാണക്കേടായി അവശേഷിക്കും തങ്ങളുടെ ചരിത്രമെന്ന തിരിച്ചറിവ് അവര്‍ക്കില്ല. തന്നെ പോലെ ജീവിക്കാന്‍ അവകാശമുള്ള ലക്ഷങ്ങളെ നിഷ്‌കരുണം കൊന്നു തള്ളിയതിന്റെ പാപഭാരം ഏത് പുണ്യ നദിയിലാണ് കഴുകിക്കളയുക? അതിന് ശേഷം ആ നദി പുണ്യനദിയായി അവശേഷിക്കുമോ?  

മഹാനായ ഇമാം അബൂഹനീഫക്ക് ബഗ്ദാദിലെ മുഖ്യ ഖാദിയുടെ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാല്‍ ഭരണവര്‍ഗത്തിന്റെ കയ്യിലെ കളിപ്പാവയും ജനങ്ങളുടെ കണ്ണിലെ കരടുമായി മാറാന്‍ താല്‍പര്യമില്ലാതിരുന്ന ഇമാം വിനയപൂര്‍വം ആ വാഗ്ദാനം നിരസിച്ചു. എന്നാല്‍ തങ്ങളുടെ രാജകല്‍പനയെ ധിക്കരിച്ച ഇമാമിന് അവര്‍ ഒരുക്കിയത് തടവറയുടെ ഇരുട്ടായിരുന്നു. ലോകത്തെ മഹാനായ പണ്ഡിതന്‍ ഭരണവര്‍ഗത്തിന്റെ ക്രൂരമായ പീഢനങ്ങള്‍ക്കിരയായി. അല്ലാഹുവും റസൂലും പഠിപ്പിച്ച ഇസ്‌ലാമിനെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് വിധിക്കാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. എന്നാല്‍ തെല്ലും കുലുങ്ങാതിരുന്ന ഇമാമിനെ അവര്‍ നിരന്തരം മനുഷ്യത്വരഹിതമായ ശിക്ഷകള്‍ക്കിരയാക്കി. ഭൗതികതയില്‍ കണ്ണു മഞ്ഞളിച്ച് അധികാരത്തിന്റെ മണിമാളികകളില്‍ അന്തിയുറങ്ങുന്ന ഈ പ്രഭുക്കന്മാരൊക്കെ കണ്‍നിറയെ സ്വപ്‌നം കണ്ടത് തങ്ങളുടെ നാവുകള്‍ മാത്രം ഉയരുന്ന അധീശത്വ രാഷ്ട്രമാണ്. തനിക്കെതിരെ ഉയരുന്ന നാവും തലയും അവര്‍ അരിഞ്ഞുവീഴ്ത്തി. എന്നാല്‍ അധികാരത്തിന്റെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന ഇമാം അബൂഹനീഫ ഇന്നും ജനലക്ഷങ്ങളുടെ മനസ്സില്‍ നിത്യഹരിതമായി നിലനില്‍ക്കുന്നു. അഹങ്കാരത്തിന്റെ മനുഷ്യരൂപങ്ങളായിരുന്ന ആ ഭരണാധികാരികളോ, അവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൂനയിലേക്ക് വലിച്ചെറിയപ്പെട്ടു.

വിവ: അനസ് പടന്ന

Related Articles