Current Date

Search
Close this search box.
Search
Close this search box.

ഗുണപരമായ സ്വാര്‍ഥത

nnn.jpg

സ്വാര്‍ഥത എന്ന പദം കുറ്റപ്പെടുത്തലിന്റേതാണ്. നിസ്വാര്‍ഥത എന്നത് പ്രശംസയുടെതും. എന്നാല്‍ മതത്തെ താത്വികമായി വിശകലനം ചെയ്യുമ്പോള്‍ സ്വാര്‍ഥത നന്മയുടെ പക്ഷത്തും നിലയുറപ്പിക്കുന്നതായി കാണാം.
ഇതെങ്ങിനെയെന്ന് പരിശോധിക്കാം. ആര്‍ക്ക് സ്വര്‍ഗം കിട്ടിയില്ലെങ്കിലും എനിക്ക് സ്വര്‍ഗം കിട്ടണം എന്നത് ഒരു സ്വാര്‍ഥയാണ്. ഈ സ്വാര്‍ഥത മനുഷ്യര്‍ക്കോരോരുത്തര്‍ക്കും ഉണ്ടായിരിക്കണം എന്നാണ് അല്ലാഹു താല്പര്യപ്പെടുന്നത്. അഥവാ ഭൗതികമായ യാതൊരു താത്്പര്യവും തന്റെ സ്വര്‍ഗപ്രവേശനത്തിന് തടസ്സം നില്‍കുന്നതായിരിക്കരുത്.
ഭൗതിക കാര്യങ്ങളില്‍ സ്വാര്‍ഥതക്ക് ഒരു വികാസ രീതിയുണ്ട്. എന്റെ കാര്യം, എന്റെ കുടുംബത്തിന്റെ കാര്യം, എന്റെ സമൂഹത്തിന്റെ കാര്യം എന്നിങ്ങനെയാണ് ആ വികാസം. ഭൗതിക കാര്യത്തിലെ സ്വാര്‍ഥത മറ്റുള്ളവരെ അവഗണിക്കുന്ന തരത്തിലാകാറുള്ളതു കൊണ്ടാണ് ആ പദത്തിന് തിന്മയുടെ മുഖം ലഭിച്ചത്.
മതത്തിലെ സ്വാര്‍ഥതയുടെ വികാസവും മേല്‍പറഞ്ഞ രീതിയിലാണ്. പക്ഷെ അത് നന്മയെ പ്രതിനിധീകരിക്കുന്നു. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നത് നോക്കൂ. ‘ സത്യവിശ്വാസികളേ, നിങ്ങള്‍ സ്വദേശങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും, മനുഷ്യരും കല്ലുകളും ഇന്ധനമായ നരകത്തില്‍ നിന്ന് രക്ഷിക്കുക (ഖുര്‍ആന്‍ 56: 6) ഞാന്‍, എന്റെ ബന്ധുക്കള്‍ എന്നിങ്ങിനെയാണ് സ്വാര്‍ഥത വികസിക്കേണ്ടതെന്നും അവസാനം അന്ത്യനാള്‍ വരെ നന്മയെ പിന്തുടര്‍ന്നവര്‍ക്ക് നീ നന്മ ചൊരിയേണമേ എന്നു പ്രാര്‍ഥിക്കുന്നിടത്ത് അത് എത്തിച്ചേരണമെന്നുമാണ് ഇസ്്‌ലാം പഠിപ്പിക്കുന്നത്.
എന്റെ മൂലധനത്തിന് എത്രയോ ഇരട്ടിലാഭം കിട്ടണം, അതില്‍ ഞാന്‍ മത്സരബുദ്ധി കാണിക്കണം എന്നത് സ്വാര്‍ഥതയല്ലേ? അതെ, ഗുണപരമായ സ്വാര്‍ഥത. റമദാനില്‍ ഈ സ്വാര്‍ഥത മുസ്്‌ലിംകളില്‍ കൂടുതല്‍ പ്രകടമാവുന്നത് കാണാം.
സത്യവിശ്വാസികളില്‍ ഈ ചിന്ത സൃഷ്ടിക്കാന്‍ ഒരുപാട് സൂക്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ‘നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് ഇരട്ടിയാക്കിത്തരുകയും നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യും. അല്ലാഹു ഏറ്റുവുമധികം നന്ദിയുള്ളവനും സഹനശിലനുമാകുന്നു. (64:17)
കള്ളനോട്ടടിച്ചും കൈക്കൂലി വാങ്ങിച്ചും ദാനധര്‍മ്മം നിര്‍വ്വഹിച്ചാല്‍ അത് അല്ലാഹുവിന് നല്ല കടം കൊടുക്കലാവില്ല. ഏറ്റവും നല്ല കടത്തെ ഏറ്റവും കൂടുതല്‍ ഇരട്ടിപ്പിന് ഉതകുന്ന അല്ലാഹുവിന്റെ തിരുദൂതന്‍ പരിചയപ്പെടുന്നതു നോക്കൂ.
‘ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ധാനമേതാണെന്ന് ഒരിക്കലൊരാള്‍ നബിയോട് ചോദിച്ചു. അവിടുന്ന് അരുളി. നീ ആരോഗ്യവാനും ധനം ചെലവിഴിക്കാന്‍ മടിയുള്ളവനും ദാരിദ്ര്യം ഭയക്കുന്നവനും ഐശ്വര്യം കാംക്ഷിക്കുന്നവനുമായ സന്ദര്‍ഭത്തില്‍ ദാനം ചെയ്യുക (ബുഖാരി, മു്സ്ലിം). ഇത് നീട്ടി വെച്ച് അല്‍പം കൂടി അളവ് കൂട്ടി നല്‍കിയാല്‍ പോലും പ്രയോജനമുണ്ടാകില്ല. കൊടുക്കുന്ന സന്ദര്‍ഭവും അതിന് പിന്നിലെ ചിന്തയും വളരെ പ്രധാനമാണ്. ഹദീസിന്റെ തുടര്‍ഭാഗങ്ങളില്‍ നിന്നും അത് വ്യക്താമവും. ‘ നീ ദാനത്തെ പിന്തിക്കരുത്. ജീവന്‍ കണ്ഠനാളിയിലേക്കെത്തിയാല്‍ ‘ഇത് ഇന്നവനാണ് ഇത് ഇന്നവനാണ്’ എന്ന് നീ പറയും. അപ്പോള്‍ ആ ധനം ഇന്നവന്റേതായിത്തീരും. എന്ന് വെച്ചാല്‍ അനന്തരാവാകാശിയുടേതായിത്തീരും.
ധനം ചെലവഴിച്ചിട്ടും അതിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടും അത് നല്ല കടമായിത്തീരുന്നില്ല. കാരണം അതില്‍ ഗുണപരമായ സ്വാര്‍ഥതയില്ല. മരണവേദന പിടിപെടുന്നതിന് മുമ്പ് ധനം നിക്ഷേപിച്ചു കഴിഞ്ഞിരിക്കണം. എങ്കില്‍ അതിന്റെ വര്‍ധനവ് ഇരട്ടികളായിരിക്കും.
ആരും സഹായിക്കാനില്ലാത്ത, ശുപാര്‍ശ പ്രയോജനപ്പെടാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക എന്ന് അല്‍ ബഖറ അധ്യായത്തില്‍ രണ്ടിടത്ത് (2: 48, 123) അല്ലാഹു പറഞ്ഞിട്ടുണ്ട്. അവനവന്റെ കാര്യം അവനവന്‍ തന്നെ നോക്കുക എന്ന ഉത്തരവാദിത്വബോധം സൃഷ്ടിച്ച് സമൂഹത്തെ സംസ്‌കരിക്കുന്ന പ്രക്രിയയാണിത്. ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക എന്ന നബി (സ) ആഇശ (റ)നോട് പറഞ്ഞ് വിശുദ്ധ സ്വാര്‍ഥതയുടെ അധ്യാപനമായി കാണണം.
 

Related Articles