Current Date

Search
Close this search box.
Search
Close this search box.

കൊലപാതകം, കൊലയാളി; ഇസ്‌ലാമിന്റെ വീക്ഷണം

murder333.jpg

ഇസ്‌ലാം ആദ്യവസാനം നീതിയുടെ ദര്‍ശനമാണ്. അതിനാല്‍ തന്നെ അന്യായമായതെന്തും ഇസ്‌ലാമിന്റെ ഭാഗമല്ല. ഇസ്‌ലാമിക നിയമ സംഹിതയുടെ സ്വഭാവത്തെ കുറിച്ച് ഇമാം ഇബ്‌നുല്‍ ഖൈയ്യിം പറയുന്നു: ഇസ്‌ലാമിക നിയമം പൂര്‍ണ്ണമായയും നീതിയും കാരുണൃവും നന്മയുമാണ്. ശരീഅത്തില്‍ നിന്ന് വല്ലതും നീതിക്ക് പകരം അനീതിയാണെങ്കില്‍, കാരുണ്യത്തിന് പകരം ക്രൂരതയാണെങ്കില്‍ അവ ശരീഅത്തില്‍ പെട്ടതല്ല. അവ അതില്‍ കൂട്ടിചെര്‍ക്കപെട്ടവയാണ്.’(1)

ഇസ്‌ലാമിക ശരീഅത്തിന്റെ (നിയമ സംഹിത) പൊതു ലക്ഷ്യങ്ങളെ വിശദീകരിക്കുന്നിടത്ത് ഇമാമുമാര്‍ ജീവിക്കുവാനുള്ള അവകാശത്തെ എണ്ണിയതായി കാണാം. (2)
മനുഷ്യ ജീവന് പവിത്രതയും ആദരവും ഇസ്‌ലാം വകവെച്ച് നല്‍കുന്നു. വിശുദ്ധ ഖുര്‍ആന്‍ അതിനെ  ഖണ്ഡിതമായി സ്ഥാപിക്കുന്നു. ‘ആദം സന്തതികളെ ഞാന്‍ ആദരിച്ചിരിക്കുന്നു. കരയിലും കടലിലും അവര്‍ക്ക് നാം യാത്രാ സൗകര്യം ചെയ്തിരിക്കുന്നു. എന്റെ മറ്റേത് സൃഷ്ടിയെക്കാളും മനുഷ്യര്‍ക്ക് ഞാന്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു’.

അതിനാല്‍ മനുഷ്യന്റെ ആദരണീയതക്കും ശ്രേഷ്ഠതക്കും നിരക്കാത്തതെന്തും വര്‍ജിക്കപ്പെടണം. കൊലപാതകം തീര്‍ത്തും ക്രൂരവും അനീതിയുമാണ്. മനുഷ്യന് നേരെയുള്ള അക്രമത്തെ മാത്രമല്ല ഇസ്‌ലാം നിരോധിക്കുന്നത്. മറ്റ് ജിവ ജാലങ്ങളുടെ അവകാശങ്ങളും ഇസ്‌ലാം വിലപ്പെട്ടതായി കാണുന്നു. ഉറുമ്പും പൂച്ചയും എട്ടുകാലിയും വൃക്ഷങ്ങളും അടക്കമുള്ളവ ജീവിക്കാന്‍ അവകാശമുള്ളവരാണെന്നാണത് പഠിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഭുമിയിലെ ആദ്യത്തെ കൊലപാതകത്തെ കുറിച്ച് സൂറത്തുല്‍ മാഇദയിലെ 28 മുതല്‍ 31 വരെയുള്ള ആയത്തുകളില്‍ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവിടെ കൊലപാതകിയുടെ പക്ഷം ചേരാതെ വധിക്കപെട്ടന്റെ ഭാഗത്ത് നിലയുറപ്പിക്കുന്നതായി കാണാം. വധിക്കപെട്ടവന്‍ അക്രമിക്കപെടുമ്പോള്‍ സ്വീകരിച്ച സംയമനം ഉള്‍ക്കൊണ്ട നിലപാടിനെ ഖുര്‍ആന്‍ പ്രശംസിക്കുന്നു. മറുപക്ഷത്ത് കൊലയാളിയുടെ പര്യവസാനം നഷ്ടവും ശിക്ഷ നിറഞതുമായിരിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഈ കൊലപാതകത്തെ മുന്‍നിര്‍ത്തി തൊട്ടടുത്ത വാചകത്തില്‍ അന്യായമായ കൊലപാതകത്തെ കുറിച്ചുള്ള നിലപാട് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ‘ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ആരെങ്കിലും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചത് പോലയാണ.’

പരമകാരുണ്യകനായ അല്ലാഹുവിന്റെ ദാസന്‍മാര്‍ ആരാണെന്ന് പരിച്ചയപ്പെടുത്തുന്നിടത്ത് അന്യായമായി കൊലപാതകം ചെയ്യാത്തവരാണ് അവരെന്ന് അല്ലാഹു പ്രത്യേകം ഓര്‍മ്മപെടുത്തുന്നു: ”അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍. അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും, വ്യഭിചരിക്കാത്തവരുമാണ്. ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും.’ (ഖുര്‍ആന്‍ 25:68)

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാതിരിക്കല്‍, വ്യഭിചരിക്കാതിരിക്കല്‍ എന്നീ ഗുണങളുടെ മധ്യത്തിലാണ് അന്യായ കൊലപാതകത്തെ കുറിച്ച് ഖുര്‍ആന്‍ പ്രതിപാധിക്കുന്നത്. സൂറത്തുല്‍ അന്‍ആമില്‍ മൗലികമായ ചില നിഷിദ്ധങ്ങള  പരിചയപ്പെടുത്തുന്നിടത്തും കൊലപാതകത്തെ ഉള്‍പ്പെടുത്തിയതായി കാണാം. പറയുക: വരുവിന്‍; നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെന്തൊക്കെയെന്ന് ഞാന്‍ പറഞ്ഞുതരാം: നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്; മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം; ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്; അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം. (അല്‍അന്‍ആം: 151)

മൂസാ നബി(സ)യില്‍ നിന്ന് അബദ്ധത്തില്‍ സംഭവിച്ച വധത്തെ പോലും പൈശാചിക പ്രവര്‍ത്തനം, അക്രമം എന്നിങ്ങനെ ഖുര്‍ആന്‍ വിലയിരുത്തുന്നതായി കാണാം. അദ്ദേഹം പറഞ്ഞു: ‘എന്റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും. (അല്‍ഖസസ്: 16)

കൊലപാതകം നടത്തിയവന്റെ അനന്തരഫലം അതികഠിനമായിരിക്കുമെന്നും അല്ലാഹു പറയുന്നു: എന്നാല്‍ ബോധപൂര്‍വം ഒരു വിശ്വാസിയെ  കൊന്നവനുള്ള  പ്രതിഫലം നരകമാണ്. അവനവിടെ സ്ഥിരവാസിയായിരിക്കും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചുകഴിഞ്ഞിരിക്കുന്നു. കൊടിയ ശിക്ഷയാണ് അല്ലാഹു അവന്നായി ഒരുക്കിവെച്ചിരിക്കുന്നത്.’ (അന്നിസാഅ്: 93)
കൊലപാതകം ചെയ്തവന് സ്വര്‍ഗത്തിന്റെ മണം പോലും ലഭിക്കുകയില്ലെന്ന മുന്നറിയിപ്പും ഹദീസുകളില്‍ കാണാം. വാസ്തവത്തില്‍ കൊലപാതകം അല്ലാഹുവിന്റെ അധികാരത്തില്‍ നടത്തുന്ന കൈകടത്തലാണ്. അവന്റെ അനുവാദമില്ലാതെ അവന്‍ നല്‍കിയ ജീവി നെടുക്കല്‍ ഇസ്‌ലാം കൊടിയ ക്രൂരതയായി കാണുന്നു. ജീവിക്കുവാനുള്ള അവകാശം പരമാധികാരിയായ അല്ലാഹു മനുഷ്യന് വകവെച്ച് നല്‍കുമ്പോള്‍ അത് നിഷേധിക്കാന്‍ അല്ലാഹുവിന്റെ അടിമകളായ മനുഷ്യന് എന്തധികാരമാണുള്ളത്. അതിനാല്‍ തന്നെ അന്യായമായ വധം ദൈവത്തെ അധികാരത്തിന് നേര്‍ക്കുള്ള വെല്ലുവിളിയാണ്.
(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

………..
(1) إعلام الموقعين
(2) مجموع الضرورات خمسة: وهي حفظ الدين والنفس والنسل والمال والعقل، وقد قالوا: انها مراعاة في كل ملة (امام الشاطبي- الموافقات

Related Articles