Current Date

Search
Close this search box.
Search
Close this search box.

ഒരു വാഹനാപകടം എന്നെ ഇസ്‌ലാമിലെത്തിച്ചു

gurly3c.jpg

ഫിലിപ്പൈന്‍-ചൈനീസ് മിശ്രവംശജയാണ് ഞാന്‍. അമേരിക്കയില്‍ ഒരു വാഹനാപകടത്തില്‍പ്പെട്ട എനിക്ക്  എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് നല്ലതെന്ന് ചില കൂട്ടുകാര്‍ എന്നോട് പറഞ്ഞു.

ഒടുവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരി എന്നോട് പറഞ്ഞു: ‘ഗേര്‍ളി, നീ ഒരു പോലീസ് റിപ്പോര്‍ട്ട് ഇണ്ടാക്കുക. ഞാന്‍ പറയുന്ന പോലെയൊക്കെ എഴുതിയാല്‍ നിനക്ക് നല്ല സംഖ്യ ഇന്‍ഷൂറായി ലഭിക്കും.’  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയൊക്കെയാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ മേലധികാരി പറഞ്ഞു:  ‘അങ്ങിനെ ചെയ്യരുത്. അത് നിനക്ക് നഷ്ടമായിരിക്കും’. അപ്പോ ഞാന്‍ പറഞ്ഞു:  ‘പക്ഷെ ഇതാണല്ലോ സത്യം’.

അപ്പോള്‍ ഒന്നും മിണ്ടാതിരിക്കുകയായിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു: ‘ഗേര്‍ളി, നിനക്കറിയാമോ? നിനക്ക് പോലീസിനെയും ജഡ്ജിയെയും മറ്റെല്ലാവരെയും പറ്റിക്കാം, പക്ഷെ ഒരാളെ ഒഴികെ. ആരാണ് അയാളെന്ന് ചോദിച്ച എനിക്ക് ‘അല്ലാഹു’ എന്ന മറുപടിയാണ് ലഭിച്ചത്. അല്ലാഹു ആരാണെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ദൈവമാണ് അല്ലാഹു എന്നായിരുന്നു ഉത്തരം. അതോടെ എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. അതെന്താണെന്നറിയാന്‍ എനിക്ക് വലിയ ആഗ്രഹമായി.

എന്റെ ചോദ്യങ്ങള്‍ക്കുത്തരമെന്നോണം അദ്ദേഹം എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് ചില പ്രാഥമിക കാര്യങ്ങള്‍ പഠിപ്പിച്ചു തന്നു. പിന്നെ ഇസ്‌ലാം പഠിക്കാന്‍ പറ്റിയ ഗ്രന്ഥങ്ങളും കഥകളും നിര്‍ദ്ദേശിച്ചു. അവ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അത് വളരെ ആകര്‍ഷകമായി തോന്നി. ഞാന്‍ പറഞ്ഞു: ‘ കത്തോലിക്കക്കാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഒരു വ്യത്യാസവും ഇവക്കില്ല. ഇവ രണ്ടും ഏകദേശം ഒരുപോലെയാണല്ലോ?’

പിന്നെ അദ്ദേഹം എനിക്ക് ഖുര്‍ആന്റെ ഒരു കോപ്പി തന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ സ്വയം പറഞ്ഞു: ‘ദൈവമേ, ഇത് വളരെ ആശയവിശാലതയുള്ള ഗ്രന്ഥമാണല്ലോ! ഇതിന് സമാനമായ മറ്റൊന്നും ഇതുവരെ വായിച്ചിട്ടില്ലല്ലോ! ഈശ്വരാ ഇതാണല്ലോ യഥാര്‍ത്ഥ സത്യം.’  ഞാന്‍ കൂടുതല്‍ വായിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ‘എനിക്ക് സത്യസാക്ഷ്യം വഹിക്കണം.’ പക്ഷെ, ഞാന്‍ തീവ്രകത്തോലിക്ക കുടുംബാംഗമാണെന്നത് എനിക്ക് ആദ്യമൊരു തടസ്സമായി തോന്നി. എങ്കിലും ഞാന്‍ സത്യസാക്ഷ്യത്തിന് തയ്യാറെടുത്തുകൊണ്ടിരുന്നു.

അതിനിടെയാണ് സെപ്റ്റംബര്‍ 11 സംഭവമുണ്ടാകുന്നത്. അപ്പോഴേക്കും ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഹിജാബ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. സഹപ്രവര്‍ത്തകര്‍ അതിന്റെ പേരില്‍ എന്നെ ആക്ഷേപിക്കാന്‍ തുടങ്ങി. ഞാന്‍ എന്റെ ഹിജാബ് ധരിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് അവരോട് പറഞ്ഞു. പക്ഷെ അവരത് ഉള്‍കൊണ്ടില്ല. അവര്‍ എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞാന്‍ മനസ്സില്‍ പറഞ്ഞു: ‘ഇതെനിക്ക് പ്രശ്‌നമല്ല. ഞാനൊരു മുസ്‌ലിമാണ്. ഈ മാര്‍ഗത്തിലനുഭവിക്കുന്ന പീഢനങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു.’

കുടുംബത്തിന്റെ പ്രതികരണം
ഞാന്‍ ഫിലിപ്പീന്‍സിലാണ് ജനിച്ചു വളര്‍ന്നത്. തെക്കെ ഫിലിപ്പീന്‍സില്‍ ധാരാളം മുസ്‌ലിംകളുണ്ട്. അമേരിക്കയില്‍ വെച്ചാണ് ഞാനും ഇസ്‌ലാം സ്വീകരിച്ചത്. ഞാനത് വളരെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും എന്റെ അമ്മയെ അറിയിച്ചു. പക്ഷെ എന്റെ അമ്മക്ക് അത് ഉള്‍കൊള്ളാനായില്ല. ഇസ്‌ലാം സ്വീകരിക്കാനാണോ നീ അമേരിക്കയില്‍ പോയതെന്ന് അവര്‍ എന്നോട് ചോദിച്ചു.

ഞാന്‍ ഇപ്പോഴും അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. പക്ഷെ ഇടക്കിടെ ചില കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കാറുണ്ട്. എന്റെ അമ്മയെ ഞാന്‍ നന്നായി സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നുണ്ട്. കാരണം മതാവിനെ സംരക്ഷിക്കുന്നതിന്റെയും സേവിക്കുന്നതിന്റെയും പുണ്യവും ഖുര്‍ആന്‍ അതിന് നല്‍കിയ പ്രാധാന്യവും എനിക്ക് നന്നായറിയാം.

ഹിജാബ്
അമേരിക്കയില്‍ ഹിജാബ് ധരിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. പ്രത്യേകിച്ചും പുതുതായി ഇസ്‌ലാം സ്വീകരിച്ച ഒരാള്‍ക്ക്. ജോലിസ്ഥലത്തും പൊതു നിരത്തിലും എല്ലാം സംശയത്തിന്റെ കണ്ണുകളാണ് ഹിജാബിനെ പിന്തുടരുക.
എല്ലാ സ്ത്രീകളും തന്റെ സൗന്ദര്യം മറ്റുള്ളവര്‍ കാണണമെന്ന് കൊതിക്കുന്നവരായിരിക്കും. പക്ഷെ ഇസ്‌ലാം സ്വീകരിച്ചതോടെ സൃഷ്ടികളുടെ മുമ്പില്‍ സൂന്ദരിയാകുന്നതിനെക്കാള്‍ സ്രഷ്ടാവിന്റെ മുമ്പില്‍ സുന്ദരിയാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ഹിജാബ് എനിക്ക് വലിയൊരു പ്രശ്‌നമായി അനുഭവപ്പെട്ടിരുന്നില്ല. നിങ്ങളുടെ പുറത്തെ രൂപമല്ല അകമാണ് അല്ലാഹു കാണുക. പുറത്തെ സൗന്ദര്യം ഒരു പക്ഷെ നമ്മുക്ക് നഷ്ടപ്പെട്ടേക്കാം, എന്നാല്‍ അകത്തെ സൗന്ദര്യം അത് ശരീരത്തിലെ മാറ്റങ്ങള്‍കൊണ്ട് നഷ്ടപ്പെടില്ല.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles