Current Date

Search
Close this search box.
Search
Close this search box.

എന്റെ ജീവിതത്തെ ഖുര്‍ആന്‍ മാറ്റിയതെങ്ങിനെ

jr-farell.jpg

എന്റെ രക്ഷിതാക്കള്‍ പണത്തിന്റെ കാര്യത്തിലും ജീവിത സൗകര്യങ്ങളെക്കുറിച്ചും സദാ കലഹിച്ചു കൊണ്ടിരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആഹാരമൊന്നും ഇല്ലാതെ സെന്‍ട്രല്‍ ചിക്കാഗോയിലെ കോളനി വീടുകളില്‍ കഴിഞ്ഞു കൂടിയത് ഞാന്‍ മറന്നിട്ടില്ല. പത്തംഗങ്ങളുള്ള ഒരു കുടുംബത്തെ മാന്യമായി പരിപാലിക്കാന്‍ എന്റെ പിതാവിന് പ്രയാസമായിരുന്നു.
 
പ്രയാസമേറിയ യുവത്വം
സദാ അമ്മയെ തല്ലിയും കിട്ടുന്നതെല്ലാം കുടിച്ച് തീര്‍ത്തും കഴിഞ്ഞിരുന്ന അധ്വാനശീലനായ പിതാവിനെ എനിക്കിഷ്ടമാണ്. ജര്‍മ്മന്‍-ഐറിഷ് തലമുറയില്‍ പെട്ട പഴഞ്ചന്‍ ജീവിതരീതിയുള്ളയാളാണ് എന്റെ അച്ഛന്‍. മദ്യപിച്ച് ലക്ക്‌കെട്ട് വീട്ടിലെത്തിയാലോ മാനസിക പരിമുറുക്കം തോന്നിയാലോ അതെല്ലാം എന്റേയും സഹോദരന്റേയും മേലാണ് തീര്‍ക്കുക. പലപ്പോഴും അടികൊണ്ട് എനിക്ക് നടക്കാനോ ശ്വാസം വിടാനോ സാധിച്ചിരുന്നില്ല. ഞാന്‍ മൂത്തവനായതുകൊണ്ട് എന്റെ അനുജനുളള ദണ്ഡനങ്ങളും ഞാന്‍ തന്നെ സഹിക്കേണ്ടിവന്നു. ഇങ്ങിനെയായിരുന്നു എന്റെകുട്ടിക്കാലം.

 

ബാല്യദിനങ്ങളില്‍ എനിക്കു ചുറ്റും യുവതികളും, മദ്യശാലകളും, മയക്കുമരുന്നുകളും ഉണ്ടായിരുന്നെങ്കിലും ഒന്നും അത്ര ശരിയല്ല എന്ന ഒരുതോന്നല്‍ കാരണം ഞാന്‍ അതിലൊന്നും ഇടപെട്ടിരുന്നില്ല. എന്റെ സഹോദരന്‍ ചിക്കാഗോയിലെ വലിയ മയക്കുമരുന്ന് കച്ചവടക്കാരനായിരുന്നു. പലപ്പോഴും ചില്ലറ വില്‍ക്കാനുള്ള മരുന്നുകള്‍ അവന്‍ വീട്ടില്‍ കൊണ്ടുവരാറുണ്ടായിരുന്നു. എന്റെ സ്വഭാവം അവന്ന് നന്നായി അറിയാമായിരുന്നു. ഒരു ദിവസം 1000 ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ ഒന്നായി എടുത്ത് ഞാന്‍ ഓട വെള്ളത്തിലിട്ട് നശിപ്പിച്ചു. തക്കം കിട്ടിയിരുന്നെങ്കില്‍ അവന്‍ എന്നെ കൊല്ലുമായിരുന്നു. ഞാന്‍ മൂത്തവനായതുകൊണ്ട് അവനെ നന്നാക്കേണ്ടത് ഞാനാണെന്നായിരുന്നു മാതാപിതാക്കള്‍ ഗുണദോഷിച്ചത്.

ജ്ഞാന തൃഷ്ണ
മനുഷ്യ ജീവിതം എത്ര ദുര്‍ബ്ബലമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഒരു മണ്ടനായി മരിക്കരുതെന്ന നിശ്ചയത്തില്‍ എല്ലാം പഠിച്ച് മനസ്സിലാക്കാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കാനാരംഭിച്ചു. എന്റെ കുടുംബത്തെക്കുറിച്ച് നിങ്ങള്‍ അല്‍പം മനസ്സിലാക്കണം. എല്ലാവരും തമ്മില്‍ കടുത്ത മല്‍സരത്തിലായിരുന്നു. ഒരാള്‍ മുന്നേറുന്നതായി കണ്ടാല്‍ അയാളെ വഴിമുടക്കി തടസ്സപ്പെടുത്തും. എന്റെ വ്യക്തിപരമായ പഠനകാര്യങ്ങളില്‍ മാതാപിതാക്കളുടെ അഭിപ്രായം വിഭിന്നമായിരുന്നു. ഞാന്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട് വല്ല കള്‍ട്ടിലും ചെന്ന് ചേരുമോ എന്നെല്ലാം അവര്‍ അസ്വസ്ഥരായിരുന്നു. 1994-ല്‍ ഞാന്‍ ഒരു നാസിയായി മാറിയത് അവര്‍ ഇഷ്ടപ്പെട്ടു. ആയിരക്കണക്കില്‍ അനുയായികളുണ്ടായിരുന്ന ഹിറ്റ്‌ലര്‍ എനിക്ക് സ്വീകാര്യനായി. ഈ ആശയം എന്റെ പിതാവിനെ വളരെ സന്തോഷിപ്പിച്ചു. അറുപതുകളില്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് തന്റെ പ്രസ്ഥാനത്തിലേക്ക് എല്ലാവരേയും ആകര്‍ഷിച്ചു തുടങ്ങിയപ്പോള്‍ എന്റെ പിതാവ് ചിക്കാഗോ പ്രദേശത്തെ മൊത്തം കറുപ്പന്മാരേയും ഉന്മൂലനം ചെയ്യാനുള്ള പദ്ധതി തയാറാക്കുകയായിരുന്നു.

വാസ്തവത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ പാര്‍ക്കുകളില്‍ മാര്‍ച്ച് സംഘടിപ്പിച്ചുകൊണ്ടിരുന്നപ്പള്‍ എന്റെ പിതാവിന്റെ ഗൂഡസംഘം കറുത്ത വര്‍ഗക്കാരെ പിന്തുടര്‍ന്ന് ഒരു യുദ്ധംപോലും നടത്തി. അന്നത്തെ സംഘര്‍ഷത്തില്‍ എന്റെ പിതാവ് കിങ്ങിന്റെ മൂക്കിനു കല്ലെറിഞ്ഞതിനെക്കുറിച്ച് ഇന്നും വീരസ്യം പറയാറുണ്ട്. ഈ സംഭവത്തെ തുടര്‍ന്നാണ് ചാറല്‍സ് മാന്‍സനും ഉന്മാദികളായ അദ്ദേഹത്തിന്റെ കുടുംബവും അവരുടെ രഹസ്യദൗത്യം ആരംഭിച്ചത്. ഞാന്‍ ആരാധിക്കുകയും പിന്‍പറ്റാന്‍ ഉദ്ദേശിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയായിരുന്നു അദ്ദേഹം. 1997-ല്‍ ചിക്കാഗോയിലെ വെളുത്ത വര്‍ഗക്കാരുടെ പ്രദേശത്തുകൂടെ നടന്നതിന് പതിനൊന്നുകാരന്‍ കറുത്തബാലന്റെ നേരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. അവര്‍ അവനെ കൊന്നില്ല. ഒരു പ്രതീകമാക്കുകയായിരുന്നു. ഇതൊന്നും എനിക്ക് തീരെ പിടിച്ചിരുന്നില്ല.

ആദ്യ വഴിത്തിരിവ്
1995-ലാണ് ആദ്യമായി കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയോട് എനിക്ക് പ്രേമം തോന്നിയത്. അവളെ ഏതുവിധം പ്രയോജനപ്പെടുത്താനും എനിക്ക് മതിയായ അവസരം ലഭച്ചിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. ദാമ്പത്യ ബന്ധമില്ലാത്ത ഒരു വ്യക്തിയുമായി ഗാഢ സൗഹൃദത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം ഞാന്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ഏകദേശം മൂന്ന് വര്‍ഷത്തോളം ലൈംഗികേതര സൗഹൃദം തുടരുകയുമുണ്ടായി. കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാകുമെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും തോന്നിയിരുന്നു. ഈ യുവതിയുമായുള്ള ബന്ധം ഞാന്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഞാന്‍ പഠനം തുടര്‍ന്നു. എന്റെ അപക്വത എനിക്ക് മനസ്സിലായെങ്കിലും അത് തൊട്ടറിഞ്ഞ് നിര്‍ണ്ണയിക്കാന്‍ സാധിച്ചില്ല. എങ്കിലും ഞാന്‍ അന്വേഷണ നിരതനായി.

ഞാന്‍ വായന തുടരുന്തോറും എന്റെ മാതാപിതാക്കള്‍ എന്നില്‍നിന്ന് അകന്നുകൊണ്ടിരുന്നു. ഞാന്‍ മുമ്പ് സൂചിപ്പിച്ചപോലെ അവര്‍ മല്‍സര ബുദ്ധിയോടെ ഞാന്‍ നന്ദികെട്ട സന്താനമാണെന്നും കഴിക്കുന്ന ഭക്ഷണത്തിനുപോലും കടപ്പാടോ നന്ദിയോ പ്രകടപ്പിക്കാത്തവനാണെന്നുമുള്ള രീതിയില്‍ പെരുമാറിയത് വലിയ മാനസികാഘാതമായി. എന്റെ മാതാപിതാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ല. അവര് ടി.വി. യില്‍നിന്നും അന്യ വ്യക്തികളില്‍നിന്നുമാണ് പലതും പഠിച്ചത്. അവരുടെ കഴിവിനൊത്ത് എന്നെ വളര്‍ത്തിയതില്‍ എനിക്ക് അവരോട് കടപ്പാടും നന്ദിയുമുണ്ട്. അവര്‍ വാശിയോടെ എന്നെ ഒരു വ്യക്തിയാക്കി. എന്റെ പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ ഒരു ജോലിയില്‍ ചേര്‍ന്നു. 13 വയസ്സു മുതല്‍ ഞാന്‍ അധ്വാനിച്ച് സമ്പാദിച്ചുതുടങ്ങി. പതിനാറാം വയസ്സില്‍ എനിക്ക് സ്വന്തമായി ഒരു ഫ്‌ളാറ്റുണ്ടായിരുന്നു. ഞാന്‍ പാചകവും വീട് പരിപാലനവുമെല്ലാം സ്വയം ചെയ്തു; ഒരു വിവാഹത്തിന് ഒരുങ്ങിത്തുടങ്ങി. ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആ വ്യക്തിയെ ഗണിക്കുന്ന എന്റെ രക്ഷിതാക്കളുടെ സ്വഭാവത്തെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ, അത് ഇസ്‌ലാമിനെയും മുസ്‌ലിംകളേയും വെറുക്കാന്‍ ഇടയാക്കി. നിങ്ങള്‍ക്ക് അവിശ്വസനീയമാം വിധം ഞാന്‍ മുസ്‌ലിംകളെ വെറുത്തിരുന്നു. അതിന് കാരണം മീഡയകളാണെന്ന് ആരോപിക്കുന്നത് ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. പക്ഷെ, അത് മുഖ്യമായി മുസ്‌ലിംകളുടേതന്നെ തെറ്റുകള്‍ കാരണമാണ്. അത് അന്യരാല്‍ വെറുക്കപ്പെടുന്നത്ര മോശമായിരുന്നു. അത് ദുഖകരമായിഒരു വസ്തുത തന്നെയാണ്. ഞാന്‍ ഒന്നു പറയട്ടെ, സമ്പാദിക്കാനായി ഈ നാട്ടിലേക്ക് കുടിയേറുന്നവരാണ് ഇസ്‌ലാമിന്റെ തനിമയെ കളങ്കപ്പെടുത്തുന്നതിലും നശിപ്പിക്കുന്നതിലും മുന്‍പന്തിയിലുള്ളത്.

അമൂല്യ സമ്മാനം
1997-ല്‍ ഞാന്‍ വായനപ്രിയനായതു കൊണ്ട് എന്റെ പ്രതിശ്രുത വധു ഖുര്‍ആന്റെ ഒരു കോപ്പി തന്നിരുന്നു. അത് ഞങ്ങള്‍ തമ്മില്‍ ഒരു കലഹത്തിന് കാരണമായി. കുറച്ചു കാലത്തേക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞു. ക്രമേണ ഞാന്‍ വായിക്കാന്‍ തുടങ്ങി. ആ ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. വീട് വളരെ സ്വച്ഛസുന്ദരമായിരുന്നു. ഇളംകാറ്റും നേരിയ വെളിച്ചവും വായനക്ക് യോജിച്ച അന്തരീക്ഷമായിരുന്നു. അബ്ദുള്ള യൂസഫ് അലിയുടെ പരിഭാഷയായിരുന്നു അത്. മുഖവുരയിലെ ആദ്യത്തെ മൂന്ന് പേജ് ഞാന്‍ വായിച്ചതോടെ ഒരു ശിശുവിനെപോലെ ഞാന്‍ കരയാന്‍ തുടങ്ങി. കരച്ചില്‍ അടക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. ഞാന്‍ അന്വേഷിച്ചിരുന്നത് ഇതു തന്നെയാണെന്നും ഇതുവരെ ഇത് കണ്ടെത്താതിരുന്നതില്‍ സ്വയം പഴിക്കുകയും ചെയ്തു. അത് എത്ര മാന്ത്രികതയാര്‍ന്നതാണെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഇത് ഞാനിതുവരെ മനസ്സിലാക്കിയ ഇസ്‌ലാം ആയിരുന്നില്ല. ഞാന്‍ വെറുത്ത അറേബ്യന്‍ വസ്തുവായിരുന്നില്ല അത്. എന്റെ ജീവിതം പൊതിയപ്പെട്ട ഏതാനും ഏതാനും പേജുകളായിരുന്നു അത് ഓരോ പേജും സൂചിപ്പിക്കുന്നത് എന്റെ ജീവിതമാണ്. എന്റെ ആത്മാവിനേയാണ് ഞാന്‍ പാരായണം ചെയ്തത്. ഇതിനെതുടര്‍ന്ന് ഞാന്‍ എന്റെ പ്രതിശ്രുത വധുവുമായി വിവേകപൂര്‍വം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തുകയുമുണ്ടായി.

തുടര്‍ന്ന് ഞങ്ങള്‍ രണ്ടുപേരും ഇസ്‌ലാം സ്വീകരിച്ച് മുസ്‌ലിംകളായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും വെവ്വേറെയായിരുന്നു കഴിഞ്ഞിരുന്നത്. എന്റെ മാതാപിതാക്കള്‍ ഇതറിഞ്ഞതോടെ ആകെ ബഹളമായി. പിതാവ് എനിക്കുനേരെ വധ ഭീഷണി ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ”നീ ഒരു കത്തോലിക്കനായാണ് ജനിച്ചത്. കത്തോലിക്കനായിത്തന്നെ ജീവിതം അവസാനിപ്പിക്കാന്‍ ദൈവം സഹായിക്കും എന്ന് എനിക്കുറപ്പുണ്ട്.”
എനിക്ക് കോളേജില്‍ ചേര്‍ന്ന് വിദ്യാഭ്യാസം തുടരാന്‍ ഏറെ മോഹമുണ്ടായിരുന്നു. ഒരു ജോലികിട്ടിയതോടെ പഠനം തുടരാന്‍ സാധിച്ചു. അതോടെ രക്ഷിതാക്കള്‍ എന്റെ മതംമാറ്റം ഗൗരവത്തിലെടുക്കുകയും എന്നെ വീട്ടില്‍ നിന്ന് അകറ്റുകയും ചെയ്തു. തുടര്‍ന്ന് ആറുമാസം ഞാന്‍ കഠിനതണുപ്പില്‍ എച്ചില്‍ ഭക്ഷിച്ച് തെരുവില്‍ കഴിഞ്ഞു. 1999-ലെ കനത്ത ഹിമപാതത്തില്‍ ഞാന്‍ വെളിയിലായിരുന്നു. മുസ്‌ലിംകളുമായി ബന്ധപ്പെടാന്‍ ഞാന്‍ ദീര്‍ഘദൂരം നടന്നു. കറുത്ത വര്‍ഗക്കാരുടെ പ്രദേശത്തേക്ക് ജുമുഅക്ക് പോകുന്നതില്‍ നിന്ന് എന്നെ പോലീസ് തടഞ്ഞു. കല്ലെറിയുകയും തുപ്പുകയും പീഡിപ്പിക്കുകയും ചെയ്തു.

അല്‍പകാലത്തിനുശേഷം ഞാന്‍ ഒരു സുഹൃത്തുമായി കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: ”ഞങ്ങളുടെ മഫ്‌ളര്‍ കടയുടെ സമീപം ഒരു മസ്ജിദ് നിര്‍മിച്ചു തരാമെങ്കില്‍ മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ താങ്കള്‍ക്കിവിടെ കഴിയാം.” എന്റെ അമ്മാവനില്‍ നിന്ന് ആശാരിപ്പണി വശമാക്കിയിരുന്ന ഞാന്‍ ഈ കരാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. 2000 ച.അടി വിസ്തീര്‍ണമുണ്ടായിരുന്ന കടയുടെ രണ്ടാം നില ഒരു സ്റ്റോറായിരുന്നു. ഓരോ ദിവസവും മണിക്കൂറുകള്‍ ചിലവഴിച്ച് അവിടെ കൂട്ടിയിരുന്ന വസ്തുവകകളും ചവറും നീക്കം ചെയ്ത്, ഒരു മാസം കൊണ്ട് വാതിലും ജനലും മതിലും പണിത് പെയിന്റടിച്ച് കാര്‍പെറ്റും വിരിച്ച് പണി പൂര്‍ത്തിയാക്കി. അങ്ങിനെ ചിക്കാഗോ സിറ്റിയിലെ ഒന്നാമത്തെ മസ്ജിദ് സ്ഥാപിച്ചു. എനിക്ക് ആദ്യമായി ലഭിച്ച ഒരു മുഴുസമയ ജോലിയായിരുന്നു അത്. ഏകദേശം ആറുമാസത്തിനുശേഷം രണ്ട് സുഹൃത്തുക്കളുടെ കൂടെ ഒരു തൃപ്തികരമായ ജോലിയില്‍ ചേര്‍ന്നു. എന്റെ പഴയ പ്രതിശ്രുത വധു രംഗത്തുണ്ടായിരുന്നില്ലെങ്കിലും ശരിയായ മുസ്‌ലിംകളായി ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞാന്‍ അവളെ മറ്റാരേക്കാളും ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നെങ്കിലും ഒരു വ്യക്തിയുമായി ബന്ധംപുലര്‍ത്തുന്നതിലും മുഖ്യം ഒരു പൂര്‍ണ മുസ്‌ലിമാവുക എന്നതാണ്. 1999-ല്‍ ഞാന്‍ കോളേജിലെ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി. ഞാന്‍ ഹല്‍ഖകളില്‍ പോയിത്തുടങ്ങുകയും സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തു. മുസ്‌ലിംകളുമായി നിരന്തര ബന്ധം സ്ഥാപിച്ചു.

ഹജ്ജ് യാത്ര
2000-ല്‍ ഞാന്‍ ഹജ്ജിന്ന് പുറപ്പെട്ടു. ഒരിക്കലും മറക്കാന്‍ വയ്യാത്ത ഒരനുഭവമായിരുന്നു അത്. ഞാന്‍ മദീനയും ഇതര സ്ഥലങ്ങളും സന്ദര്‍ശിച്ചു. ദൈവാസ്തിത്വത്തെ കുറിച്ച സത്യവും ഇസ്‌ലാമിന്റെ ചരിത്രസാക്ഷ്യങ്ങളുമാണ് ഞാന്‍ ഹജ്ജില്‍നിന്ന് പഠിച്ചത്. ജനങ്ങളെയും നാടുകളെയും പറ്റി ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നത് മാത്രമേ നമുക്കറിവുള്ളു. ഇസ്‌ലാമിന്റെ ചരിത്രപൈതൃകം ഞാന്‍ മക്കയിലും മദീനയിലും സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടു. ഞാന്‍ ചരിത്രത്തില്‍ ജീവിക്കുന്നതായി എനിക്കുതോന്നി. ഓരോ ഹദീസും അവിടെ ജീവനിടുന്നതായി തോന്നി. പ്രവാചകന്‍ ഒരിക്കല്‍ ശ്വസിച്ച വായു ഞാന്‍ രുചിച്ചറിഞ്ഞു. മലമേടുകളില്‍ ഞാന്‍ സഹാബിമാരെയാണ് കണ്ടത്. ബദറിലെ ഏറ്റുമുട്ടലിന്റെ ഗന്ധം ഞാന്‍ മണത്തറിഞ്ഞു. നാം ഓരോരുത്തരും നശിപ്പിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ഥ ഇസ്‌ലാമിനെ തൊട്ടറിയാന്‍ എനിക്ക് സാധിച്ചു. എന്റേതെന്ന് പറയാന്‍ ഭാര്യയോ കുടുംബമോ ഇല്ലാതെ ഞാന്‍ തനിച്ചാണെങ്കിലും ഇസ്‌ലാം ഒരു ജീവിതരീതിയോ മതമോ അല്ലെന്നും പൂര്‍ണ ജീവിതം തന്നെയാണെന്നും ഞാന്‍ മനസ്സിലാക്കി. ഇസ്‌ലാം അവതരിപ്പിക്കുന്നതല്ല മുസ്‌ലിംകള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുസ്‌ലിംകളുടെ ചര്യകൊണ്ട് ഇസ്‌ലാമിനെ തീരുമാനിക്കാന്‍ പ്രയാസമാണെന്നും ഇസ്‌ലാമിന്റെ വെളിച്ചത്തിലാണ് മുസ്‌ലിംകളെ നിര്‍ണയിക്കേണ്ടതെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഞാന്‍ എന്തായിത്തീരണമെന്ന് തീരുമാനിക്കാനുള്ള മഹത്തായ ഒരവസരമാണ് എനിക്ക് കൈവന്നിരിക്കുന്നത്. എന്റെ ഭൂതകാലം വൈരുധ്യമേറിയതായിരുന്നെങ്കിലും ഞാന്‍ എന്നും മോഹിച്ച സ്വപ്ന ദൗത്യം ദുരിതാശ്വാസ പ്രവര്‍ത്തനമായിരുന്നു. ഞാന്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഗ്ലോബല്‍ റിലീഫ് ഫൗണ്ടേഷനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. വാക്കുകള്‍ കൊണ്ട് ഞാന്‍ എന്റെ ജീവിതം വിശദീകരിച്ചെങ്കിലും എന്റെ ഹൃദയം വെളിപ്പെടുത്താന്‍ എനിക്ക് ഒരു ഉപാധിയുമില്ല. ഞാന്‍ തരണം ചെയ്യേണ്ടിവന്ന ഏതാനും ദുര്‍ഘടങ്ങള്‍ വിവരിക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷെ, ഇതിലും തീവ്രമായ ദുരിതങ്ങള്‍ നിങ്ങള്‍ നേരിട്ടിരിക്കുമെന്നെനിക്കറിയാം. പലരും അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നുവെന്ന് വെളിപ്പെടുത്തുകമാത്രമാണ് എന്റെ ഉദ്ദേശ്യം.

മൊഴിമാറ്റം: മുനഫര്‍ കൊയിലാണ്ടി

 

Related Articles