Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് പ്രവാചകന്‍ മനുഷ്യപാപങ്ങള്‍ ഏറ്റെടുത്തില്ല?

muhammed-jesus.jpg

മനുഷ്യരുടെ പാപമുക്തിക്ക് വേണ്ടി എന്തുകൊണ്ട് മുഹമ്മദ് നബി ബലിയാടായില്ല? അദ്ദേഹം ലോകത്തിനാകെ കാരുണ്യമാണ് എന്ന് അദ്ദേഹത്തെ കുറിച്ച് അനുയായികള്‍ കരുതുന്നില്ലേ? തീര്‍ച്ചയായും പ്രവാചകന്‍(സ) ലോകത്തിന് കാരുണ്യമായാണ് നിയോഗിതനായത്. എന്നാല്‍ അദ്ദേഹം ആരുടെയും പാപങ്ങള്‍ക്ക് വേണ്ടി ബലിയാടായില്ല. അതിനുള്ള ലളിതമായ കാരണം ഇസ്‌ലാം ആദിപാപം എന്ന സങ്കല്‍പം അംഗീകരിക്കുന്നില്ല എന്നതാണ്. ചില സൂചനകളിലൂടെ അത് മനസ്സിലാക്കാം. ആദ്യമായി, ഇസ്‌ലാം ക്രിസ്തുമതത്തെ പോലെ ആദിപാപം എന്ന സങ്കല്‍പത്തില്‍ വിശ്വസിക്കുന്നില്ല. ആദമിന്റെ പിഴവ് അദ്ദേഹത്തിന്റെ മാത്രം പിഴവായിരുന്നു. പാപങ്ങളും പിഴവുകളും ഇസ്‌ലാമില്‍ പാരമ്പര്യമായി ലഭിക്കുന്നതല്ല. ഓരോരുത്തരുടെയും ഭാഗധേയം നിര്‍ണയിക്കുന്നത് അവരവരുടെ പ്രവര്‍ത്തനങ്ങളാണ്. അതിന് വിചാരണ ചെയ്യപ്പെടുന്നതും അവരവര്‍ മാത്രമാണ്. ഖുര്‍ആനില്‍ പലയിടങ്ങളിലും ആദമിന്റെ ഹവ്വയുടെയും കഥ വിവരിക്കുന്നിടത്ത് ഖുര്‍ആന്‍ പറയുന്നത്:
”പിന്നീട് ആദമിനോടു നാം പറഞ്ഞു: നീയും പത്‌നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്‍ക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്തുപോയാല്‍ നിങ്ങള്‍ അതിക്രമകാരികളുടെ കൂട്ടത്തില്‍ പെട്ടുപോകും. ഒടുവില്‍ പിശാച് അവരിരുവരിലും ആ വൃക്ഷത്തോട് മോഹം ജനിപ്പിച്ച്, നമ്മുടെ കല്‍പന പാലിക്കുന്നതില്‍നിന്ന് തെറ്റിച്ചു. അവരെ തങ്ങളുടെ നിലവിലുള്ള അവസ്ഥയില്‍നിന്ന് പുറംതള്ളുകയും ചെയ്തു. അപ്പോള്‍ നാം കല്‍പിച്ചു: ഇനി നിങ്ങള്‍ ഇവിടെനിന്ന് ഇറങ്ങിപ്പോകുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലംവരേക്കുള്ള താമസവും ജീവിതവിഭവങ്ങളുമുണ്ട്. ആ സമയം ആദം തന്റെ റബ്ബിങ്കല്‍നിന്ന് ചില വചനങ്ങള്‍ പഠിച്ച് പശ്ചാത്തപിച്ചു. റബ്ബ് അതു സ്വീകരിച്ചു. എന്തുകൊണ്ടെന്നാല്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമത്രെ അവന്‍. നാം പറഞ്ഞു: നിങ്ങളെല്ലാം ഇവിടന്ന് ഇറങ്ങിപ്പോകുവിന്‍. പിന്നീട് നിങ്ങള്‍ക്ക് എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല. എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവര്‍ നരകാവകാശികളാകുന്നു. അതിലവര്‍ ശാശ്വതമായി വസിക്കുന്നവരാകുന്നു” (അല്‍-ബഖറ: 35-39)

ദൈവത്തിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയപ്പോള്‍ ആദമിനും ഹവ്വക്കും ദൈവം പൊറുത്തുകൊടുത്തു. ആദം തന്റെ സന്തതിപരമ്പരയിലേക്ക് യാതൊരു പാപവും കൈമാറിയതുമില്ല. നിരപരാധികളായ പിന്‍ഗാമികള്‍ ആദമിന്റെ പാപഭാരം ചുമക്കുന്നത് ഒരു ദൈവികനീതി അല്ലല്ലോ. രണ്ടാമതായി, ഇസ്‌ലാം പഠിപ്പിക്കുന്നത് എല്ലാ മനുഷ്യരും ശുദ്ധപ്രകൃതി (ഫിത്‌റത്)യിലാണ് ജനിക്കുന്നത് എന്നാണ്. പ്രകൃത്യാ മനുഷ്യനുള്ള നിരപരാധിത്വമാണ് അത്. പാപങ്ങള്‍ സംഭവിക്കുന്നത് സ്വകരങ്ങള്‍ പ്രവര്‍ത്തിച്ചതിനാലും സ്വതാല്‍പര്യങ്ങളില്‍ നിന്നുമാണ്. എല്ലാ കുഞ്ഞും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നതെന്ന് പ്രവാചകന്‍ മുഹമ്മദ് നബി(സ)യും തന്റെ അധ്യാപനങ്ങളിലൂടെ പഠിപ്പിക്കുന്നു.

മൂന്നാമതായി, ദൈവം അങ്ങേയറ്റം കാരുണ്യവാനും അനുകമ്പയുള്ളവനാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വന്തം ജീവന്‍ കൊടുത്താല്‍ മാത്രമേ ദാസന്മാര്‍ക്ക് പാപമചോനം നല്‍കുകയുള്ളൂ എന്ന് ദൈവം ശഠിക്കുകയില്ല. അതുകൊണ്ട് മുഹമ്മദ് ആയാലും യേശു ആയാലും പാപമോചനത്തിനായി ജീവന്‍ ബലി നല്‍കുന്നത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ പെട്ടതല്ല. അല്ലാഹു പറയുന്നു:
”(പ്രവാചകരേ) പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരുവിന്‍. അവന്നു കീഴ്‌പ്പെട്ടവരാകുവിന്‍. നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി. നിങ്ങള്‍ അറിയാതെ, ആകസ്മികമായി ദൈവികശിക്ഷ വന്നുപതിക്കും മുമ്പായി നിങ്ങളുടെ റബ്ബിങ്കല്‍ നിന്നവതീര്‍ണമായ വേദത്തിലെ സദ്വചനങ്ങളെ പിന്തുടരുകയും ചെയ്യുവിന്‍.” (അസ്സുമര്‍: 53, 54)

നാലാമതായി, ഇസ്‌ലാം പഠിപ്പിക്കുന്നത് ഓരോ മനുഷ്യനും അവനവന്റെ സംസ്‌കരണത്തിന് ബാധ്യസ്ഥനാണ് എന്നാണ്. അബ്രഹാമിനോ മോശക്കോ യേശുവിനോ മുഹമ്മദിനോ നമ്മെ രക്ഷിക്കാനാവില്ല. അവര്‍ക്ക് സ്വന്തത്തെ ദൈവിക കോപത്തില്‍ നിന്ന് രക്ഷിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:
”അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല. ആര്‍ എന്തു നന്മ ചെയ്തുവോ അതിന്റെ ഫലം അവനുതന്നെയാകുന്നു. വല്ല തിന്മയും ചെയ്താല്‍ അതിന്റെ നാശവും അവനുതന്നെ. (വിശ്വാസികളേ, ഇവ്വിധം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക:) നാഥാ, മറവികൊണ്ടോ, അറിവില്ലായ്മകൊണ്ടോ വന്നുപോയ തെറ്റുകളുടെ പേരില്‍ ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങള്‍ക്കുമുമ്പുണ്ടായിരുന്നവരില്‍ ചുമത്തിയതുപോലെ നീ ഞങ്ങളില്‍ വലിയ ഭാരം ചുമത്തരുതേ. ഞങ്ങളുടെ പരിപാലകാ, ഞങ്ങള്‍ക്കു വഹിക്കാനാവാത്ത ഭാരം ഞങ്ങളെ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്കു മാപ്പുനല്‍കേണമേ, പൊറുത്തുതരേണമേ, ഞങ്ങളോടു കരുണ കാണിക്കേണമേ, നീ ഞങ്ങളുടെ രക്ഷകനല്ലോ. നിഷേധികള്‍ക്കെതിരില്‍ ഞങ്ങള്‍ക്കു നീ തുണയരുളേണമേ!” (അല്‍-ബഖറ: 286)

അഞ്ചാമതായി, ദൈവത്തിലേക്ക് എത്താന്‍ സ്ത്രീക്കും പുരുഷനും ഒരു ഇടനിലക്കാരന്റെയോ വിശുദ്ധന്റെയോ ആവശ്യമില്ല. ദൈവം നമ്മുടെ കണ്ഠനാഡിയേക്കാള്‍ സമീപസ്ഥനാണ്. നമ്മെ നിരീക്ഷിക്കുന്ന കാര്യത്തില്‍ മാത്രമല്ല പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന കാര്യത്തിലും അല്ലാഹു സദാ ജാഗരൂകനാണ്. അല്ലാഹു പറയുന്നു:
”പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ.” (അല്‍-ബഖറ: 186)

ഖുര്‍ആനില്‍ നിന്നുള്ള ഈ ദൈവിക വചനങ്ങള്‍ മുന്നില്‍ വെക്കുമ്പോള്‍ നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മറ്റാളുകള്‍ ബലിയാടാവുന്നത് ഇസ്‌ലാമിന്റെ അധ്യാപനത്തില്‍ പെട്ടതല്ലെന്ന് മനസ്സിലാക്കാം. ദൈവിക സന്ദേശം ഗ്രഹിക്കാന്‍ ഇസ്‌ലാം എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. എല്ലാവരും ജനിക്കുന്നത് പരിശുദ്ധരായാണ്. നാം സ്വര്‍ഗസ്ഥരാവുന്നത് നമ്മുടെ നന്മകള്‍ കൊണ്ടാണ്. നാം നരകാവകാശികളാകുന്നത് നമ്മുടെ തിന്മകള്‍ കൊണ്ടും. ആര്‍ക്കും ആരുടെയും തിന്മകളെ ഏറ്റെടുക്കാനാവില്ല. നന്മ കല്‍പിക്കാനും തിന്മ വിലക്കാനും നാം ബാധ്യസ്ഥരാണെങ്കിലും അന്യരുടെ പ്രവര്‍ത്തന ഫലങ്ങളല്ല, നമ്മുടെ പ്രവര്‍ത്തന ഫലങ്ങളാണ് നാം അനുഭവിക്കേണ്ടി വരിക. സ്വന്തം പ്രവര്‍ത്തന ഫലങ്ങള്‍ മെച്ചപ്പെടുത്താനാണ് ഭൂമിയില്‍ നാം പണിയെടുക്കേണ്ടത്.

വിവ: അനസ് പടന്ന

Related Articles