Current Date

Search
Close this search box.
Search
Close this search box.

എനിക്കു നീ മതി

only-you.jpg

ഒരാള്‍ ഭാര്യയോടു പറയുന്നു: എനിക്ക് നീ മതി; നീ മാത്രം. ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ഭക്ഷണവും വസ്ത്രവും കുറഞ്ഞാലും പ്രശ്‌നമില്ല. ഭര്‍ത്താവിന്റെ ആ വാക്കു കൊണ്ട് അവള്‍ അതെല്ലാം മറക്കുകയും ഭര്‍ത്താവിനെ സ്‌നേഹിക്കുകയും ചെയ്യും. എനിക്കു നീ മതിയെന്ന് പറഞ്ഞ് ഭാര്യയെ തൃപ്തിപ്പെടുത്തുന്ന പുരുഷന്‍ പകരം അവളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. അവളുടെ ദേഹമെന്ന പോലെ നോട്ടവും സംസാരവും തന്റെ തൃപ്തിക്കനുസരിച്ചേ ആകാവൂ എന്ന്. മറ്റൊരു പുരുഷനെ ആഗ്രഹത്തോടു കൂടി നോക്കുകയോ, അവന്റെ മൊബൈല്‍ ഫോണ്‍ സംസാരം കേട്ട് ആസ്വദിക്കുകയോ ചെയ്യരുത്.

അല്ലാഹുവേ, എനിക്കു നീ മതി എന്ന് ഒരു ദാസന്‍ പറഞ്ഞാല്‍ അതിനെ മുകളില്‍ പറഞ്ഞ ഒന്നിനോടും ഉപമിക്കാന്‍ കഴിയില്ല. അത് ആത്മാര്‍ത്ഥതയോടെയാണ് പറഞ്ഞതെങ്കില്‍ അല്ലാഹുവിനുണ്ടാകുന്ന സ്‌നേഹം നമുക്ക് അളക്കാന്‍ കഴിയില്ല. അത്ര അപാരമാണത്.

എനിക്കു നീ മതി നാഥാ എന്നു പറയുന്നതിന്റെ അര്‍ഥം, ഞാന്‍ നിന്നിലേ ഭരമേല്‍പിക്കുകയുള്ളൂ, നിന്നോടു മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ, നിന്നില്‍ ഞാന്‍ ആരെയും പങ്ക് ചേര്‍ക്കുകയില്ല എന്നാണ്. അല്ലാഹുവിന്റെ താല്‍പര്യവും തന്റെ താല്‍പര്യവും തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന് ബോധ്യമായാല്‍ തന്റേത് ബലി കഴിച്ച് അല്ലാഹുവിന്റേതിനെ ബലപ്പെടുത്തുകയാണ് വേണ്ടത്. എനിക്ക് അല്ലാഹു മതി എന്ന പ്രഖ്യാപനം അല്ലാഹു ഇഷ്ടപ്പെടുക അഥവാ അതിന്നു വില കല്‍പിക്കുക നമ്മുടെ മനസ് ഈ രീതിയില്‍ പാകപ്പെടുമ്പോഴാണ്.

മനസ്സിന്റെ വിശുദ്ധിക്കാണ് അല്ലാഹുവിങ്കല്‍ പരിഗണന ലഭിക്കുക. വിശുദ്ധിയുള്ളവനില്‍ നിന്നുണ്ടാവുന്ന അബദ്ധങ്ങള്‍ അല്ലാഹു മാപ്പാക്കും. അങ്ങനെയുള്ള ഒരു സ്രഷ്ടാവിനെ വിട്ട് മനുഷ്യരെന്തിന് മറ്റുള്ളവരെ സമീപിക്കണം? എല്ലാം കേള്‍ക്കുന്നവന്‍, എല്ലാം കാണുന്നവന്‍, തെറ്റുകള്‍ ഏറ്റുപറഞ്ഞാല്‍ കനിയുന്നവന്‍, എല്ലാറ്റിനും കഴിവുള്ളവന്‍ തുടങ്ങിയ ഗുണവിശേഷണങ്ങള്‍ക്കുടയവനെ രക്ഷകനായി സ്വീകരിച്ചവര്‍ക്ക് കിട്ടുന്ന മനസമാധാനം മറ്റൊരിടത്തു നിന്നും ലഭിക്കുകയില്ല.

ഏകദൈവ വിശ്വാസം മനുഷ്യന്റെ കര്‍മശേഷി വര്‍ധിപ്പിക്കും. അത് സുരക്ഷിത്വത്വ ബോധം പ്രദാനം ചെയ്യുന്നു എന്നതാണ് കാരണം. എപ്പോള്‍, എവിടെ നിന്ന് വിളിച്ചാലും സഹായിക്കാന്‍ കഴിയുന്ന രക്ഷകന്‍ തനിക്കുണ്ട് എന്ന ബോധം മനസ്സില്‍ നിലനില്‍ക്കുന്നതോടെ ഭയം ഇല്ലാതാവുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. അത് രണ്ടും കര്‍മോത്സുകതക്ക് കാരണമാകും. രക്ഷിക്കാനും തിരുത്താനും ആരുമില്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു പുരോഗതിയും ഉണ്ടാക്കാന്‍ കഴിയില്ല.

എനിക്ക് അല്ലാഹു മതി എന്ന് ഉറച്ചു വിശ്വസിച്ചവര്‍ക്ക് അത്ഭുതങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി നില്‍ക്കുന്നുണ്ട്. അതെന്തു കൊണ്ടെന്നാല്‍ വലിയ പ്രതീക്ഷ ആ പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്നു. മറ്റാരെയും കിട്ടാത്തതിനാല്‍ അല്ലാഹു മതി എന്നു തീരുമാനിക്കുകയല്ല മനുഷ്യന്‍ ചെയ്യുന്നത്. ആരാധിക്കാന്‍ എമ്പാടും ആള്‍ ദൈവങ്ങളും അവിടങ്ങളില്‍ ഭക്തന്‍മാര്‍ തിങ്ങിക്കൂടുന്നതും ഏകദൈവ വിശ്വാസി കാണുന്നു. അവയെല്ലാം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം തെരെഞ്ഞെടുത്തത് അവന്റെ കഴിവിലുള്ള വിശ്വാസവും പ്രതീക്ഷയും കൊണ്ടാണ്. പ്രതീക്ഷകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമാണ്. പ്രവാചകന്‍മാരെ മൊത്തത്തില്‍ അല്ലാഹു പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”തീര്‍ച്ചയായും അവര്‍ ഉത്തമ കാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും ആശിച്ചു കൊണ്ടും പേടിച്ചു കൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ഖുര്‍ആന്‍- 21:90) ഈ മാര്‍ഗം തെരെഞ്ഞെടുക്കലാണ് ബുദ്ധി.

Related Articles