Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ പൈശാചിക വല്‍കരിക്കുന്നതാണ് അത് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്

sara-prais.jpg

ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം താനനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി പാശ്ചാത്യ ലോകത്ത് ഇസ്‌ലാമിനെ കുറിച്ച് നിലനില്‍ക്കുന്ന ധാരണ തിരുത്തലാണെന്ന് ആസ്‌ത്രേലിയന്‍ യുവതി സാറ പ്രൈസ് പറയുന്നു. അതിനുള്ള പോരാട്ടത്തിലാണ് അവര്‍. പടിഞ്ഞാറ് വ്യാപകമായിരിക്കുന്ന ഇസ്‌ലാമോഫോബിയയെ നേരിടുന്നതിന് തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ ഏറെ സഹായകമാണെന്നാണ് അവള്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തനത്തിനുള്ള തന്റെ പഠനം അതിന് സഹായകമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

ആസ്‌ത്രേലിയയിലെ ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിലാണ് പ്രൈസ് വളര്‍ന്നത്. അവര്‍ 2013-ല്‍ മലേഷ്യയില്‍ വരുന്നതിന് മുമ്പ് അവര്‍ ഒരു മുസ്‌ലിമിനെ കണ്ടുമുട്ടുകയോ ഇസ്‌ലാമിനെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. അക്രമത്തിന് പ്രേരണ നല്‍കുകയും സ്ത്രീയെ അവമതിക്കുകയും ചെയ്യുന്ന ഒരു പൈശാചിക മതമാണ് ഇസ്‌ലാം എന്ന പാഠമാണ് കുടുംബത്തില്‍ നിന്ന് അവള്‍ക്ക് കിട്ടിയത്. എന്നാല്‍ യൂണിവേഴ്‌സിറ്റിയിലെ ഹിജാബ് ധാരിണികളായ തന്റെ കൂട്ടുകാരുടെ പെരുമാറ്റം സാംസ്‌കാരിക ഞെട്ടലാണ് അവരിലുണ്ടാക്കിയത്. തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യത്തോടെ വിവിധ വിഷയങ്ങള്‍ പഠിക്കുന്നവരായിരുന്നു അവര്‍. ജോലിയുടെയും പഠനത്തിന്റെ തിരിക്കുകള്‍ക്കിടയില്‍ ദിവസവും അഞ്ച് തവണ ദൈവത്തെ ഓര്‍ക്കാന്‍ സമയം മാറ്റിവെക്കുന്നവരായിരുന്നു അവര്‍. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച അവളുടെ ധാരണകളെ തിരുത്തുന്നതായിരുന്നു അവയെല്ലാം.

കോലാലമ്പൂരിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെത്തിയപ്പോള്‍ സാറ കൂട്ടുകാരികളോടുള്ള സംസാരത്തില്‍ ഇസ്‌ലാം ഒരു വിഷയമായി കടന്നു വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവരില്‍ നിന്നുണ്ടായേക്കാവുന്ന അക്രമണോത്സുക പ്രതികരണം ഭയന്നായിരുന്നു അത്. പിന്നീട് അവര്‍ യേശുക്രിസ്തുവിനെ കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നത് കേള്‍ക്കാനിടയായതാണ് അവര്‍ക്ക് പ്രചോദനമായത്. ഖുര്‍ആന്‍ യേശുവിനെ കുറിച്ച് നല്ലതാണ് പറയുന്നതെന്ന് കൂട്ടുകാരികളില്‍ നിന്ന് മനസ്സിലാക്കിയതോടെ ബൈബിളിന്റെയും ഖുര്‍ആനിന്റെയും അടിസ്ഥാനത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അത് പ്രേരണ നല്‍കി.

മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ മകള്‍ മറീനയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് 23 കാരിയായ പ്രൈസിന് ഏറെ പറയാനുണ്ട്. നൂറ്റാണ്ടുകളോളം പടിഞ്ഞാറ് സ്ത്രീയോട് മോശമായി പെരുമാറിയപ്പോള്‍, ഇസ്‌ലാം സ്ത്രീയെ ആദരിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ മറീനയില്‍ നിന്നാണ് അവര്‍ മനസ്സിലാക്കിയത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്‌ലാമിക നാടുകളില്‍ യൂണിവേഴ്‌സിറ്റികളും വലിയ കലാലയങ്ങളും സ്ഥാപിച്ച മഹതികളെ കുറിച്ചും അവര്‍ സംസാരിച്ചിരുന്നു.

ഇസ്‌ലാം പൈശാചിക മതമാണെന്നുള്ള വാദം കള്ളമാണെന്ന് തന്റെ അന്വേഷണം തുടര്‍ന്നപ്പോള്‍ പ്രൈസിന് മനസ്സിലാക്കാന്‍ സാധിച്ചു. 2014 നവംബര്‍ അവസാനത്തോടെ അവര്‍ തന്റെ ഇസ്‌ലാം പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബത്തിന്റെ രോഷം ഭയന്നാണ് സത്യസാക്ഷ്യം പ്രഖ്യാപിക്കാന്‍ ഇത്രയും വൈകിയതെന്നും അവര്‍ പറയുന്നു. പ്രൈസിന്റെ നമസ്‌കാരത്തെ പോലും അക്രമണ പ്രവണതയായി കാണുന്ന അവരുടെ കുടുംബം ഇപ്പോഴും അവളൊരു ഭീകരവാദിയായി മാറുമെന്നാണ് കരുതുന്നത്.

സത്യസാക്ഷ്യം വചനങ്ങള്‍ ഉച്ചരിച്ചതിന് ശേഷം സമ്മിശ്രവികാരമാണ് താനനുഭവിക്കുന്നതെന്ന് പ്രൈസ് പറയുന്നു. ഉള്ളില്‍ സന്തോഷം അനുഭവിക്കുമ്പോഴും സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും കടുത്ത വെല്ലുവിളിയും അവര്‍ അഭിമുഖീകരിക്കുന്നു. ബന്ധുക്കളും കൂട്ടുകാരും അവളെ അവഹേളിച്ചു. ഹിജാബ് ധരിച്ചു കൊണ്ട് തങ്ങളോടൊപ്പം വരരുതെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് മുന്നില്‍ അവള്‍ക്ക് ആദ്യമായി വിട്ടുവീഴ്ച്ച കാണിക്കേണ്ടി വന്നു. മദ്യപാനത്തില്‍ നിന്നും നിശാക്ലബ്ബുകളില്‍ നിന്നും വിട്ടുനിന്നത് കൂട്ടുകാരില്‍ നിന്നും അകറ്റി. ആരുടെയും സഹായമില്ലെങ്കിലും ഇസ്‌ലാമില്‍ നിന്ന് മടങ്ങുന്ന പ്രശ്‌നമില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ബിരുദാനന്തര ബിരുദപഠനം തുടരുന്ന സാറ പ്രൈസ്.

ശുഭ പ്രതീക്ഷയോടെയാണ് അവര്‍ ഭാവിയെ നോക്കിക്കാണുന്നത്. കാരണം അല്ലാഹു വിശ്വാസിയാവാന്‍ അവളെ തെരെഞ്ഞെടുത്തിരിക്കുന്നു. കുടുംബത്തിന്റെ നിലപാടില്‍ മാറ്റം വരുമെന്നും ഇസ്‌ലാമിനെ കുറിച്ച ധാരണ തിരുത്താന്‍ തനിക്ക് സാധിക്കുമെന്നാണ് അവള്‍ പ്രതീക്ഷിക്കുന്നത്. തന്നെ സംബന്ധിച്ചടത്തോളമുള്ള ‘ജിഹാദ്’ അതാണെന്നാണ് അവള്‍ പറയുന്നത്. ഇസ്‌ലാം സ്വീകരിച്ച് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്ന പ്രൈസിന് തന്റെ നാടായ ആസ്‌ത്രേലിയയോടുള്ള താല്‍പര്യവും സ്‌നേഹവും സംസാരത്തില്‍ പ്രകടമായിരുന്നു. എന്നാല്‍ നിലവില്‍ മുസ്‌ലിംകള്‍ക്കെതിരെ അവിടെ നിലനില്‍ക്കുന്ന വംശീയ വിരോധത്തിന്റെ പശ്ചാത്തലത്തില്‍ അവിടേക്ക് മടങ്ങാനവര്‍ ആഗ്രഹിക്കുന്നില്ല. ഇസ്‌ലാമിനെ കുറിച്ച കൂടുതല്‍ പഠിക്കാന്‍ ഏതെങ്കിലും അറബ് രാജ്യത്ത് പ്രവര്‍ത്തിക്കാനാണ് അവരിഷ്ടപ്പെടുന്നത്. അതിലൂടെ കൂടുതല്‍ അറിവും പ്രവര്‍ത്തന പരിചയവും നേടിയിട്ട് നാട്ടിലേക്ക് മടങ്ങാനാണ് അവര്‍ക്ക് താല്‍പര്യം.

വിവ: നസീഫ്

Related Articles