Current Date

Search
Close this search box.
Search
Close this search box.

ആക്ഷേപാര്‍ഹമായ അഭിപ്രായ വ്യത്യാസം

difrent.jpg

ശാഖാപരമായ കാര്യങ്ങളിലും ചില അടിസ്ഥാനങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അനിവാര്യതയും കാരുണ്യവും വിശാലതയുമാണെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങളെ ആക്ഷേപിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളുടെ അര്‍ഥമെന്താണ്? അതിനുള്ള മറുപടിയാണ് ചുവടെ ചേര്‍ക്കുന്നത്.

1. തമ്മില്‍ പോരിന്റെയും ദേഹേച്ഛയുടെയും ഫലമായുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍. വേദക്കാരായ ജൂത ക്രിസ്ത്യാനികളെയും ഇതര വിഭാഗങ്ങളെയും അതിന്റെ പേരില്‍ അല്ലാഹു ആക്ഷേപിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളും ന്യായങ്ങളും ഉണ്ടായിരിക്കെ അഭിപ്രായ വ്യത്യാസത്തിലേക്ക് കടക്കുന്നതിന്റെ കാരണം ഐഹികതയോടും സ്വന്തത്തോടുമുള്ള അവരുടെ താല്‍പര്യമാണ്. അല്ലാഹു പറയുന്നു: ”ആദിയില്‍ എല്ലാ ജനവും ഒരേ മാര്‍ഗത്തിലായിരുന്നു. (പിന്നീട് ഈ അവസ്ഥ നിലനിന്നില്ല. ഭിന്നതകളുടലെടുത്തു). അപ്പോള്‍ അല്ലാഹു ധര്‍മാനുഷ്ഠാനത്തിന്റെ ശുഭപര്യവസാനമറിയിക്കുന്നവരായും, അധര്‍മാചരണത്തിന്റെ കെടുതികളെക്കുറിച്ചു താക്കീതു ചെയ്യുന്നവരായും പ്രവാചകന്മാരെ നിയോഗിച്ചയച്ചു. ധര്‍മത്തെക്കുറിച്ച് ജനത്തിനിടയില്‍ ഉടലെടുത്തിരുന്ന ഭിന്നിപ്പുകളില്‍ തീര്‍പ്പുകല്‍പിക്കേണ്ടതിനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു. (ആദിയില്‍ മനുഷ്യര്‍ക്ക് സത്യം അറിയിച്ചുകൊടുക്കാത്തതിനാലായിരുന്നില്ല ഈ ഭിന്നിപ്പുകളുടലെടുത്തത്) സത്യജ്ഞാനം ലഭിച്ചുകഴിഞ്ഞവരാണ് ഭിന്നിച്ചത്. വ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ ലഭിച്ചിട്ടും അവര്‍ സത്യം തള്ളിക്കളഞ്ഞ് ഭിന്നമാര്‍ഗങ്ങള്‍ വെട്ടിത്തുറന്നത്, അവരുടെ തമ്മില്‍പ്പോരു നിമിത്തമാകുന്നു.” (അല്‍ബഖറ: 213)
”വേദം ലഭിച്ചവര്‍ ഈ ദീനില്‍നിന്ന് വ്യതിചലിച്ച് ഭിന്നമാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ കാരണം, തങ്ങള്‍ക്കു ജ്ഞാനം അവതരിച്ചുകിട്ടിയിട്ടും അവര്‍ പരസ്പരം പോരിനൊരുമ്പെട്ടതുമാത്രമാകുന്നു.”ലുഇംറാന്‍: 19)
”തീര്‍ച്ചയായും നാം ഇസ്രയേല്‍ മക്കള്‍ക്ക് വേദപുസ്തകമേകി. ആധിപത്യവും പ്രവാചകത്വവും നല്‍കി. ഉത്തമ വസ്തുക്കളില്‍ നിന്ന് അന്നം നല്‍കി. ലോകത്ത് നാമവരെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കുകയും ചെയ്തു. അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്.” (അല്‍ ജാഥിയ: 16,17)

2. അനൈക്യത്തിലേക്കും വിഭാഗീയതയിലേക്കും സംഘട്ടനത്തിലേക്കും നയിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍. കക്ഷികളായി തിരിഞ്ഞ് പരസ്പരം പോരടിക്കുന്നതിലേക്ക് അത് നയിക്കുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചകനും ശക്തമായ താക്കീത് നല്‍കിയിട്ടുള്ള വിഷയമാണത്. അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കാനും ഇസ്‌ലാമില്‍ സ്ഥൈര്യത്തോടെ നിലകൊള്ളാനും കല്‍പിച്ച ശേഷം അല്ലാഹു പറയുന്നത് കാണുക: ”ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ ുറുകെപ്പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്.” (ആലുഇംറാന്‍: 103)
മുന്‍കഴിഞ്ഞ സമുദായങ്ങളെ ബാധിച്ച ഭിന്നിപ്പിനെ കുറിച്ച് നമുക്ക് അല്ലാഹു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു: ”്‌നിങ്ങള്‍, സുവ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ ലഭിച്ചശേഷം ഭിന്നിച്ച് വിവിധ കക്ഷികളായവരെപ്പോലെയാകരുത്.” (ആലുഇംറാന്‍: 105)
മറ്റൊരിടത്ത് പറയുന്നു: ”പരസ്പരം കലഹിക്കാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ ദുര്‍ബലരായിത്തീരുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും.” (അല്‍അന്‍ഫാല്‍: 46)

മതത്തില്‍ ഛിദ്രതയുണ്ടാക്കി കക്ഷികളും വിഭാഗങ്ങളുമായി മാറിയ ബഹുദൈവാരാധകരെയും വേദക്കാരിലെ വഴിപിഴച്ചു പോയവരെയും അതിശക്തമായ ഭാഷയില്‍ ഖുര്‍ആന്‍ ആക്ഷേപിക്കുന്നുണ്ട്. ”സ്വന്തം മതത്തെ ഛിദ്രീകരിക്കുകയും പല കക്ഷികളായിത്തീരുകയും ചെയ്തവരുണ്ടല്ലോ, നിശ്ചയം, നിനക്ക് അവരുമായി ഒരു ബന്ധവുമില്ല.” (അല്‍അന്‍ആം: 159)

വിയോജിപ്പും മറുപടിയും
ഒരു സമ്മേളനത്തില്‍ മേല്‍പറഞ്ഞ വിഷയം ഞാന്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു. ശാഖാപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ അനുഗ്രഹമാണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഒരാള്‍ ”നിസ്സംശയം നിന്റെ റബ്ബ് ഇച്ഛിച്ചുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെത്തെന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. നിന്റെ നാഥന്റെ കാരുണ്യം സിദ്ധിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗങ്ങളില്‍നിന്നു രക്ഷപ്പെടൂ.” (ഹൂദ്: 118-119) എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ഈ ഖുര്‍ആന്‍ സൂക്തം ഞാന്‍ പറഞ്ഞതിനെ ശക്തിപ്പെടുത്തുന്ന തെളിവാണ്. കാരണം അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയെന്നത് ദൈവനിശ്ചയമാണ്. അല്ലാഹുവിന്റെ യുക്തിയുമായി ബന്ധപ്പെട്ട കാര്യമാണത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും എന്നതിനുള്ള തെളിവാണത്. കാരണം അല്ലാഹു ഒരു കാര്യം നടപ്പാക്കാന്‍ നിശ്ചയിച്ചാല്‍ ആര്‍ക്കുമത് തടയാനാവില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യണ്യത്തിനര്‍ഹരായവര്‍ അഭിപ്രായ വ്യത്യാസക്കാരില്‍ നിന്ന് ഒഴിവായിരിക്കുമെന്നാണല്ലോ പറയുന്നത്. അപ്പോള്‍ അഭിപ്രായ വ്യത്യാസം കാരുണ്യത്തിന് നിരക്കാത്തതാണെന്നല്ലേ പറയുന്നത്.
ഞാന്‍ പറഞ്ഞു: അഭിപ്രായ വ്യത്യാസം സ്ഥായിയായ ഗുണമായി കൊണ്ടു നടക്കുന്നവരെ സംബന്ധിച്ചടത്തോളം അത് ശരിയാണ്. അവരെ സംബന്ധിച്ചടത്തോളം അഭിപ്രായ വ്യത്യാസം എപ്പോഴെങ്കിലും ഉണ്ടാകുന്ന ഒന്നായിരിക്കില്ല. വിശ്വാസകാര്യങ്ങളിലും അടിസ്ഥാനങ്ങളിലുമല്ലാതെ അത് സംഭവിക്കുന്നില്ല. ജൂതന്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വിവിധ മതങ്ങള്‍ക്കിടയിലെയും അവക്കിടയില്‍ തന്നെയുള്ള വിവിധ കക്ഷികള്‍ക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അത്തരത്തിലുള്ളതാണ്. എന്നാല്‍ ശാഖാപരമായ കാര്യങ്ങള്‍ക്കിത് ബാധകമാണെന്ന് പറയാന്‍ ഖണ്ഡിതമായ തെളിവുകളൊന്നുമില്ല.

വിവ: നസീഫ്‌

Related Articles