ഇസ്ലാമിക വീക്ഷണത്തില്‍ നിന്നുകൊണ്ട് ഒരുപാട് വ്യത്യസ്ത കാര്യങ്ങളെ കുറിക്കാന്‍ ജനങ്ങള്‍ പൊതുവെ ഉപയോഗിക്കുന്ന വാക്കുകളാണ് സൂഫിസം, വഹാബിസം എന്നിവ. അവയെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളെ വ്യക്തമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
സൂഫിസം: ആത്മാന്വേഷണം
തുടക്കത്തില്‍, ആത്മീയതയിലും, അല്ലാഹുവിലുള്ള സമര്‍പ്പണത്തിലും കേന്ദ്രീകരിക്കപ്പെട്ട ഒരു ഇസ്ലാമിക വൈജ്ഞാനിക ശാഖയായിട്ടാണ് സൂഫിസം (തസ്സവുഫ്) സമാരംഭിക്കുന്നത്. പ്രവാചകന് മുഹമ്മദ് നബി(സ)യുടെ അനുചരവൃന്ദത്തില്പെട്ട ‘അസ്ഹാബുസ്സുഫ്ഫ’ എന്ന വിളിക്കപ്പെടുന്ന സംഘത്തില്‍ നിന്നാണ് സൂഫിസം എന്ന പേര് ഉത്ഭവിച്ചതെന്ന് ചില സൂഫികള്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്(സ)യുടെ പള്ളിയില്‍ ഏത് സമയവും ഉണ്ടാകുമായിരുന്ന ഒരു ദരിദ്രസംഘമായിരുന്നു അവര്‍. അതുകൊണ്ടു തന്നെ വളരെ ഞെരുങ്ങിയായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും, ആത്മീയതയുടെയും അല്ലാഹുവിലുള്ള സമര്‍പ്പണത്തിന്റെയും കാര്യത്തില്‍ അവര്‍ അത്യുന്നതരായിരുന്നു. പ്രവാചക അനുചരരില്‍ പ്രമുഖനും, ഹദീഥ് നിവേദകനുമായിരുന്ന അബൂ ഹുറൈറ അവരില്‍ ഒരാളായിരുന്നു.
നിര്‍വചന പ്രകാരം, പരുപരുത്ത കമ്പിളിക്കുപ്പായം (സൂഫ്) ധരിച്ചിരുന്ന, ദൈവഭക്തരായ ഒരു കൂട്ടം പണ്ഡിതരുടെ സംഘത്തെയും സൂഫികള്‍ എന്ന് വിളിക്കും. അബ്ദുല്‍ ഖാദില് ജീലാനി, ബിശ്റുല്‍ ഹാഫി എന്നിവര്‍ ഈ ഗണത്തില്‍പ്പെടും. ഈ പണ്ഡിതന്മാരൊന്നും തന്നെ പരമ്പരാഗത ഫഖീഹുകള്‍ ആയിരുന്നില്ല. മറിച്ച് വളരെ ആത്മാര്‍ത്ഥയോടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി, അനുയായികളെ അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തി, ലളിതവും ആത്മീയവുമായ ജീവിതത്തിന്റെ ഓര്‍മ്മകള്‍ ബാക്കിവെച്ച് ഈ ലോകത്തോട് വിടപറഞ്ഞ മഹാന്മാരായിരുന്നു അവര്‍.
അനന്തരം, സൂഫിസം വിദ്യാര്‍ത്ഥികള്‍ (മുരീദ്) ഒരു അധ്യാപകനെ (ശൈഖ്) പിന്തുടരുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി വികാസം പ്രാപിച്ചു. ‘ത്വരീഖത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക വിദ്യാഭ്യാസ സമ്പ്രദായമാണ് ശൈഖ് വിദ്യാഭ്യാര്ത്ഥികളെ അഭ്യസിപ്പിക്കുക. അല്ലാഹുവിനേയോ, അവന്റെ നാമങ്ങളില്‍ ഒന്നിനേയോ ഒരു നിശ്ചിത എണ്ണം ഉരുവിട്ട്, ഒരു നിശ്ചിത എണ്ണം ദിവസം വ്രതമെടുത്ത്, രാത്രി കാലങ്ങളില്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി, ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ വായിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ആത്മീയതയുടെ ഒരു നിശ്ചിത തലത്തില്‍ എത്തിച്ചേരുക എന്നതാണ് ഈ സമ്പ്രദായത്തിന്റെ ലക്ഷ്യം. ശൈഖുമായി ചേരുന്നതിന് മുമ്പ്, വിദ്യാര്‍ത്ഥി ശൈഖിന് അനുസരണപ്രതിജ്ഞ (ബൈഅത്ത്) ചെയ്യുകയും, ശൈഖിന്റെ മറ്റു വിദ്യാര്‍ത്ഥികളുമായി ആഴത്തിലുള്ള സാഹോദര്യബന്ധം ഉണ്ടാക്കുകയും വേണം.
പിന്നീട്, ആത്മീയ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചിരുന്ന രീതികളെ അടിസ്ഥാനമാക്കി ‘തുറുഖ് സൂഫിയ്യ’ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക സംഘടിത ഗ്രൂപ്പുകള്‍ സൂഫി ശൈഖുകള്‍ ആരംഭിച്ചു. ചരിത്രം പരിശോധിച്ചാല്‍, ഇത്തരം സംഘങ്ങള്‍, ഇസ്ലാമിക നവോത്ഥാന സംരഭങ്ങളിലും, അധിനിവേശ സൈന്യങ്ങള്ക്കെതിരെയുള്ള ജിഹാദിലും വളരെ വലിയ പങ്ക് വഹിച്ചിട്ടുള്ളതായി കാണാന്‍ സാധിക്കും. (ആഫ്രിക്കയിലെ ‘അല്‍-മഹ്ദിയ്യൂന്’, അന്തലൂസിയയ്യിലെ ‘അല്‍-മുറാബിത്തൂന്‍’ എന്നിവ ഉദാഹരണമാണ്)
ഇന്ന് ഒരുപാട് സൂഫി സംഘങ്ങള്‍ (തുറുഖ്) ഉയര്‍ന്ന് വന്നിട്ടുണ്ട്. സമകാലിക സൂഫികളെ ഞാന്‍ രണ്ടായി തരം തിരിക്കാം:
1. ഇസ്ലാമിക വീക്ഷണത്തില്‍ ശരിയും തെറ്റുമായ കാര്യങ്ങളെ കുറിച്ച് പൂര്‍ണ്ണമായ ബോധ്യത്തോടെ, നബി തിരുമേനി(സ)യുടെ സുന്നത്തിന് അനുസരിച്ച്, തങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കാന്‍ സൂഫീ സംഘങ്ങളില്‍ (തുറുഖ്) ചേരുന്ന സൂഫികളാണ് ഒരു വിഭാഗം. അവര്‍ തങ്ങളുടെ സൂഫിസത്തെ ‘അസ്സൂഫിയ്യ അല്മുഹഖഖ’ (പ്രാമാണിക സൂഫിസം) എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. നമസ്കാരം നിര്‍വഹിക്കാനും, വ്രതമനുഷ്ഠിക്കാനും, അല്ലാഹുവിനെ സ്മരിക്കാനുമാണ് അവര്‍ തങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അവലംബിക്കുന്നത്. എല്ലാ കാര്യങ്ങളും ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അധ്യാപനങ്ങള്‍ അനുസരിച്ചാണ് നിര്‍വഹിക്കപ്പെടുന്നത്. ഉദാഹരണമായി, ആഴ്ച്ചകളോളം അവര്‍ മസ്ജിദില്‍ ഏകാന്തതയില്‍ കഴിയും. പ്രവാചകന്(സ) ഹിറാ ഗുഹയില്‍ ആഴ്ച്ചകളോലും ഏകാന്തനായി സമയം ചെലവിട്ടിരുന്നതാണ് അവര്ക്കിതില് മാതൃക. വട്ടത്തിലിരുന്ന് അല്ലാഹുവിന്റെ നാമം ഉരുവിടുന്നത് അവരുടെ ഒരു രീതിയാണ്. പ്രവാചകന്റെ(സ) അനുചരന്മാര് അത്തരം രീതികള്‍ അവലംബിച്ചതായ റിപ്പോര്‍ട്ടുകള്‍ അവര്‍ ഉദ്ദരിക്കുന്നുണ്ട്.
2. വേറെ ചില സൂഫികളുണ്ട്. പ്രവാചകന്റെ(സ) തിരുസുന്നത്തിന്റെ ഒരംശം പോലും ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാവാത്തവരാണ് ഇക്കൂട്ടര്‍. അവരെ സംബന്ധിച്ചിടത്തോളം, അവരുടെ സൂഫി സംഘങ്ങള്‍, സമൂഹത്തിലേക്കിറങ്ങി ചെല്ലാനും, തിന്നാനും, പുകവലിക്കാനും, പ്രത്യേക ആഘോഷ വേളകളില്‍ ചില പ്രസിദ്ധ ശൈഖുമാരുടെ ശവകൂടീരങ്ങള്‍ക്ക് ചുറ്റും ആടിപ്പാടാനുമുള്ള ഒരു സംവിധാനമാണ്. ആ ശവകൂടീരങ്ങള്‍ക്ക് ചുറ്റും അവര്‍ നൃത്തം ചെയ്യുകയും മെഴുകുതിരികള്‍ കത്തിച്ച് വെക്കുകയും ചെയ്യും. അല്ലാഹുവിനും അവര്‍ക്കുമിടയില്‍ ഈ ശൈഖുമാര്‍ മധ്യസ്ഥത നില്‍ക്കാനും, അവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാനും വേണ്ടിയാണത്രെ അവര്‍ ഇതെല്ലാം ചെയ്യുന്നത്. അങ്ങനെ അല്ലാഹു അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും അനിസ്ലാമികവും, ഇസ്ലാമിക വിശ്വാസ സംഹിതയെ അപകടപെടുത്തുന്നതുമാണ്.
മുകളിലെ വര്‍ഗ്ഗീകരണം പൂര്‍ണ്ണമല്ലെന്ന് അറിയാം. സമകാലിക സൂഫീ സംഘങ്ങളിലെ രണ്ട് ‘ആത്യന്തതകള്’ മാത്രമാണ് ഞാന്‍ തുറന്ന് കാണിച്ചത്. അവക്കിടയില്‍, നന്മയും തിന്മയും ഇടകലര്ന്നവയുമുണ്ട്. വഹാബികള്‍ പറയുന്നത് പോലെ എല്ലാ സൂഫിസവും തിന്മ നിറഞ്ഞതാണെന്ന വാദം സത്യമല്ല. അതുപോലെ തന്നെ എല്ലാ സൂഫിസവും നന്മ നിറഞ്ഞതാണെന്ന വാദും ശരിയല്ല. കാരണം സൂഫികള്‍ ചെയ്യുന്ന ഒരുപാട് കാര്യങ്ങളില്‍ വ്യക്തമായ തെറ്റുകളുണ്ട്. പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്. അല്ലാഹുവിനെ സ്മരിക്കാന്‍ വേണ്ടി നിങ്ങളൊരു സൂഫിവൃത്തത്തില് ചേരുകയാണെങ്കില്‍, തിരുസുന്നത്തിന് നിരക്കാത്ത ഒന്നും തന്നെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അത് അനുവദനീയമാണ്.
എല്ലാ സൂഫിസത്തെയും ബിദ്അത്താണെന്ന് മുദ്രകുത്തുന്നത് ശരിയായ നിലപാടല്ല. കാരണം ചിലര്‍ പറയുന്നത് പോലെ ‘സഹാബാക്കള്‍ ഒരിക്കലും സ്വയം സൂഫികള്‍ എന്ന് വിളിച്ചിട്ടില്ല’. അതുപോലെ തന്നെ തങ്ങള്‍ ഫഖീഹുകളാണ്, ഉസൂലികളാണ്, മുഫസ്സിറുകളാണ് അല്ലെങ്കില്‍ മുഹദ്ദിസ്സുകളാണ് എന്ന് ഒരിക്കലും സഹാബാക്കള്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചിട്ടില്ല. ഇതെല്ലാം തന്നെ ഹിജ്റ രണ്ടാം നൂറ്റാണ്ടിന് ശേഷം നിലവില്‍ വന്ന വിജ്ഞാനശാഖകളാണ്. ഇക്കൂട്ടത്തില്‍പ്പെട്ടതാണ് സൂഫിസവും.
വഹാബിസം; പ്രമാണ ശുദ്ധീകരണം
19-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബുമായി ബന്ധപ്പെട്ടാണ് വഹാബിസം എന്ന ഇസ്ലാമിക പ്രസ്ഥാനം രൂപമെടുക്കുന്നത്. ഇസ്ലാമിനെ അതിന്റെ യഥാര്‍ത്ഥ പരിശുദ്ധിയില്‍ സംരക്ഷിക്കാനും, അക്കാലത്ത് അറേബ്യയിലെ സൂഫികളുടെ പ്രവര്‍ത്തനഫലമായി ഇസ്ലാമിലേക്ക് ചേര്‍ക്കപ്പെട്ട നവീനാചാരങ്ങളില് നിന്നും ഇസ്ലാമിനെ ശുദ്ധീകരിക്കാനും വേണ്ടി അറേബ്യയിലെ ഒരു നവോത്ഥാന പ്രസ്ഥാനത്തിന് ഇമാം ബിന്‍ അബ്ദുല്‍ വഹാബ് നേതൃത്വം നല്കി.
കര്‍മ്മശാസ്ത്രത്തില്‍ ഹമ്പലി ചിന്താസരണിയാണ് ഇമാം ബിന്‍ അബ്ദുല്‍ വഹാബ് പിന്തുടര്ന്നത്. പ്രത്യേകിച്ച് ഇമാം ഇബ്നു തൈമിയ്യയുടെ അഭിപ്രായങ്ങള്‍. അറേബ്യന്‍ ഭൂമികയില്‍ നിന്നും ഒരുപാട് തിന്മകളെ നീക്കം ചെയ്ത വഹാബി പ്രസ്ഥാനം (സലഫി പ്രസ്ഥാനം എന്നാണ് ഇന്ന് പൊതുവെ വിളിക്കപ്പെടുന്നത്) ഇസ്ലാമിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവസാനം, അറേബ്യയെ സഊദ് കുടുംബത്തിന്റെ കീഴില്‍ ഐക്യത്തോടെ കൊണ്ടുവന്നതും വഹാബി പ്രസ്ഥാനമാണ്. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ വിദ്യാര്‍ത്ഥികളായിരുന്നു യഥാര്‍ത്ഥത്തില്‍ സഊദ് കുടുംബം.
ജനങ്ങളുമായി വളരെ പാരുഷമായി, തീവ്രമായി ഇടപെടുന്നതിനെ കുറിക്കുന്നതാണ് വഹാബിസവും സലഫിസവുമെന്ന് ചിലര്‍ ധരിച്ച് വെച്ചിട്ടുണ്ട്. അത് സത്യമല്ല. വളരെയധികം മതഭക്തിയുള്ളവരും, ദയാലുക്കളുമാണ് സലഫികളില്‍ ഏറെപ്പേരും. തീവ്രസ്വഭാവമുള്ളവരും, കാര്ക്കശ്യപ്രകൃതക്കാരും അവര്ക്കിടയിലുണ്ടെന്നതും ശരിയാണ്.
പ്രവാചകന് (സ) ചെയ്യാത്ത ഏത് തരത്തിലുള്ള ആരാധാന രൂപത്തെയും, രീതിയെയും വളരെയധികം ജാഗ്രതയോടെ നിരോധിക്കുക എന്നതാണ് വഹാബികളുടെ രീതി. ഉദാഹരണമായി, വട്ടത്തില്‍ ഇരുന്ന് അല്ലാഹുവിന്റെ നാമം ഉരുവിടുന്നതും, ഖുര്‍ആന്‍ സംഘമായി ഇരുന്ന് ഓതുന്നതും, വഹാബികളുടെ വീക്ഷണത്തില്‍ പാപമാണ്.
പണ്ഡിതന്മാര്ക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങളുടെ മണ്ഡലത്തില്‍ വരുന്ന വിഷയങ്ങളാണ് ഇവയൊക്കെ. ഇത്തരം വിഷയങ്ങളില്‍ പരസ്പര സഹിഷ്ണുതയോടെ വര്‍ത്തിക്കലാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ കാര്യം. പക്ഷെ, പരസ്പരം കൂടിച്ചേര്‍ന്നുള്ള നൃത്തം, മഖ്ബറകളില്‍ മെഴുകുതിരി കത്തിച്ച് വെക്കല്‍, ഒരു ജോലിയും ചെയ്യാതെ മസ്ജിദുകളില്‍ ഒതുങ്ങിക്കൂടല് തുടങ്ങിയ തരത്തിലുള്ള ചില സൂഫീ സരണികളുടെ അനുഷ്ഠാന പ്രവര്‍ത്തനങ്ങള്‍ വ്യക്തമായും നിരോധിക്കപ്പെട്ടത് തന്നെയാണ്.
പേരുകളുടെയും, മുദ്രകളുടെയും അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അളക്കേണ്ടത് എന്നാണ് അവസാനമായി പറയാനുള്ളത്.
വിവ: ഇര്‍ഷാദ് കാളാച്ചാല്‍