ഈയടുത്ത് കോപ്റ്റിക് പഠനങ്ങള്‍ നടത്തുന്ന ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെ ഒരു സമ്മേളനം വത്തിക്കാനില്‍ ചേര്‍ന്നിരുന്നു. ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ കരന് കിംഗ് നടത്തിയ ഒരു പരാമര്‍ശം സമ്മേളനത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. പ്രവാചകന് യേശു വിവാഹിതനായിരുന്നു എന്നാണ് അവര്‍ വാദിച്ചത്. ഈ ‘വെളിപ്പെടുത്തലി’ന് തെളിവ് അവര്‍ക്ക് കിട്ടിയ ഒരു പേപ്പിറസ് ചുരുളില്‍ ‘യേശു അവരോട് പറഞ്ഞു, എന്റെ ഭാര്യ…’ എന്ന് തുടങ്ങുന്ന ഒരു പരാമര്‍ശവും. പൗരാണിക കോപ്റ്റിക് ഭാഷയിലാണ് അത് എഴുതിയിരിക്കുന്നത്രെ. പ്രഫസര്‍ പറയുന്നത് ഈ പേപ്പിറസ് ചുരുള്‍ നാലാം നൂറ്റാണ്ടിലേതാണ് എന്നാണ്. ചില പണ്ഡിതന്മാര്ക്ക് പ്രഫസറുടെ ഈ കണ്ടെത്തല്‍ ഒരു ആധികാരിക അമൂല്യരേഖയാണെന്ന് അഭിപ്രായമുണ്ടെങ്കിലും, ഭൂരിപക്ഷം പേരും ആ രേഖ വ്യാജമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. അവര്‍ പറയുന്നതിതാണ്: പ്രഫസര്‍ പറയുന്നത് പോലെ പേപ്പിറസ് ഒരു പക്ഷേ നാലാം നൂറ്റാണ്ടിലേത് തന്നെയായിരിക്കാം. അന്നതില്‍ ഒന്നും എഴുതപ്പെട്ടിട്ടുണ്ടാവില്ല. സാമ്പത്തിക ലാഭത്തിന് വേണ്ടി ഇരുപതാം നൂറ്റാണ്ടിലോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലോ ആരോ എഴുതിച്ചേര്ത്തതാവണം ആ പരാമര്‍ശം. അതിനാല്‍ തിരിമറി നടന്ന ഈ രേഖ സ്വീകാര്യമല്ല എന്നാണ് അവരുടെ പക്ഷം( ദി ഏഷ്യന്‍ എയ്ജ്, സെപ്റ്റംബര്‍ 29). ഒടുവില്‍ വത്തിക്കാന്‍ തന്നെ അത് വ്യാജരേഖയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പൗരാണിക രേഖകള്‍ ഇന്ന് മധ്യ പൗരസ്ത്യ ദേശത്ത് നല്ല മാര്‍ക്കറ്റുള്ള ഉരുപ്പടിയാണെന്ന് റോയിട്ടേഴ്സിന്റെ കമന്റും ഇത്തരുണത്തില്‍ ഓര്‍ക്കാം.
ഇതുപോലുള്ള പരാമര്‍ശങ്ങള്‍ യേശുവിനെക്കുറിച്ചുണ്ടാവുന്നത് ആദ്യ തവണയൊന്നുമല്ല. കാലാകാലങ്ങളിലായി യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ച് ‘ക്രിസ്ത്യന്‍’ പണ്ഡിതന്മാര് ഇതുപോലുള്ള ‘വെളിപ്പെടുത്തലുകള്‍’ നടത്തിപ്പോന്നിട്ടുണ്ട്. ക്രിസ്തു വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും നേരത്തെത്തന്നെ വാദമുയര്‍ന്നിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ‘ഡാവിഞ്ചി കോഡ്’ എന്ന പുസ്തകത്തില്‍ ഇത് പരസ്യമാക്കിയിരുന്നു. മറ്റു പല വെളിപ്പെടുത്തലുകളും പിറകെ വന്നു. ബൈബിള്‍ യേശുവിലേക്കാണ് സാധാരണ ചേര്‍ത്ത് പറയാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബാര്‍ട്ട ഡി എഹര്‍മാന്‍ എന്ന ബൈബിള്‍ പുതിയനിയമത്തില്‍ അവഗാഹം നേടിയ പണ്ഡിതന് പറഞ്ഞത് സെന്റ് പോളിലേക്ക് ചേര്‍ത്ത് പറയുന്ന പതിമൂന്ന് സുവിശേഷങ്ങളില്‍ ആറെണ്ണം വ്യാജമാണെന്നാണ്. പീറ്റര്‍, പോള്‍, ജെയിംസ് എന്നൊക്കെ എഴുതിച്ചേര്‍ത്തത് അജ്ഞാതരായ ആരോ ആണെന്നും (ദ ടൈംസ് ഓഫ് ഇന്ത്യ മാര്‍ച്ച് 28, 2011). യേശു ക്രിസ്തുവിന്റെ വ്യക്തിജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സിനിമ വരെ നിര്‍മിച്ചിട്ടുണ്ട്. അതില്‍ ചിലതില്‍ യേശു ക്രിസ്തുവിനെതിരെ വളരെ മോശപ്പെട്ട ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇതൊക്കെ ചെയ്യുന്നത് ‘ക്രിസ്ത്യന്‍’ പണ്ഡിതന്മാരും കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും. കുറെ കാലമായി ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇതെല്ലാം കാണുമ്പോള്‍ തോന്നുക, ക്രൈസ്തവ ലോകം യേശുവിന്റെ വ്യക്തിത്വത്തെക്കുറിച്ചോ അദ്ദേഹത്തിന് ലഭിച്ച വേദത്തെക്കുറിച്ചോ ഇനിയും ഒരു തീര്‍പ്പില്‍ എത്തിയിട്ടില്ലെന്നാണ്; അവരദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ കൂടി. അവരുടെ വിശകലനങ്ങളും നിഗമനങ്ങളും പലപ്പോഴും യേശുവിനെ വ്യക്തിഹത്യ ചെയ്യുന്നതില്‍ പോലും എത്തുന്നുണ്ട്. സ്വന്തം പ്രവാചകനെ ഈ രീതിയിലാണ് നോക്കിക്കാണുന്നതെങ്കില്‍, അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയില്‍ മുസ്ലിംകള്ക്കുള്ള അടിയുറച്ച വിശ്വാസവും അദ്ദേഹത്തോടുള്ള അവരുടെ അത്യഗാധ സ്നേഹവും ക്രൈസ്തവ ലോകത്തിന് പിടികിട്ടാത്തതില്‍ അത്ഭുതമില്ല. മുഹമ്മദ് നബിക്കെതിരെയുള്ള നിസ്സാര നിന്ദ പോലും മുസ്ലിംകള്ക്ക് സഹിക്കാനാവില്ല. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ശരി, കലാ സാഹിത്യാദികളുടെ പേരിലായാലും ശരി. അവര്‍ ഒറ്റക്കെട്ടായി അതിനെതിരെ ശബ്ദമുയര്‍ത്തും. ക്രൈസ്തവ ലോകത്തിന് ഇത് അമ്പരപ്പുണ്ടാക്കുക സ്വാഭാവികം. തങ്ങളുടെ പ്രവാചകനെ ക്രൈസ്തവ ലോകം ഗൗരവത്തോടെ കാണുന്നില്ല എന്നതിനാല്‍ ഇക്കാര്യങ്ങളൊക്കെ അവരെ ബോധ്യപ്പെടുത്തുക പ്രയാസകരം തന്നെയാണ്. അതേസമയം അവരില്‍ സത്യം അറിയണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരും ഉണ്ട്. അവരോട് പറയാനുള്ള കാര്യം ഇതാണ്: യേശുവിന്റെ യാഥാര്‍ഥ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും നിങ്ങള്‍ക്ക് അറിയണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ഖുര്‍ആന്‍ വായിക്കുക. അന്ത്യപ്രവാചകന് ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ മഹത്വമെന്താണെന്നും കൂടി അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും.
(ദഅ്വത്ത് ത്രൈദിനം ഒക്ടോബര്‍ 5, 2012)
വിവ: അശ്റഫ് കീഴ്പറമ്പ്