Faith

എത്ര ശക്തമാണ് ചില പ്രണയങ്ങള്‍!

കാമുകന്‍ ഓടിക്കിതച്ചെത്തി പ്രണയിനിയോട് പറഞ്ഞു
‘ദൈവം വാക്കുകളെല്ലാം തിരിച്ചെടുക്കുന്നു, വെറും അഞ്ചെണ്ണം മാത്രം നമുക്ക് ബാക്കി വെച്ചേക്കുമത്രേ.. പെട്ടെന്ന് തെരെഞ്ഞെടുക്കൂ..
പ്രളയം എല്ലാം വലിച്ചെടുക്കുമ്പോ സ്വന്തം കുഞ്ഞിനെ മാറോടു ചേര്‍ക്കും പോലെ അവള്‍ പറഞ്ഞു
‘ദൈവം’
‘സ്‌നേഹം’
‘ജീവിതം’
അവന്‍ പൂര്‍ത്തിയാക്കി
‘ഞാന്‍’
‘നീ’
(കടപ്പാട്  ഖലീല്‍ ജിബ്രാന്‍)

എല്ലാം കടലെടുക്കുമ്പോഴും മനുഷ്യകുലത്തെ ആകമാനം കൊതിപ്പിച്ച ത്രസിപ്പിച്ച അതിലേറെ അമ്പരിപ്പിച്ച വാക്കാണ് ജീവിതം. എവിടെ തുടങ്ങിയെന്നോ എവിടെ എത്തുമെന്നോ അറിയാതെ… ഇങ്ങനെ. ജീവിതത്തെ കുറിച്ച് സംസാരിച്ചു നേതി നേതി (ന ഇതി ന ഇതി – ഇതല്ല ഇതല്ല) എന്ന് പറഞ്ഞു പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയും ആസ്വദിച്ചും തളര്‍ന്നും മുന്നോട്ടു പോവുന്നതിനിടയില്‍ എന്നെങ്കിലും നിങ്ങള്‍ ഖുര്‍ആനിനെ സമീപിച്ചെങ്കില്‍, അത് മുന്നോട്ടു വെക്കുന്ന ഉത്തരങ്ങള്‍ നിങ്ങളെ സ്തബ്ദരാകും എന്ന് തീര്‍ച്ച. അത്രയേറെ കരുത്തോടെയും ഉറപ്പോടെയും ആണ് അത് സത്യങ്ങള്‍(?) വിളിച്ചു പറയുന്നത്. ഒന്നുകില്‍ നിങ്ങള്‍ക്കതിനെ അന്ധമായി വിമര്‍ശിച്ചു (അതിനുള്ള ഇന്ധനം നിലവിലുള്ള ഇസ്‌ലാമിക സമൂഹത്തോട്, വ്യക്തികളോട്, രാജ്യങ്ങളോടുള്ള അതൃപ്തി തന്നെ) വലിച്ചെറിയാം. പക്ഷെ ഖുര്‍ആന്‍ ആറ്റിക്കുറുക്കി തരുന്ന ജീവിത അവബോധം ഒട്ടേറെ ചോദ്യങ്ങളെ അപ്രസക്തമാക്കുന്നു. നിങ്ങള്‍ക്കു വിയോജിക്കാമെങ്കിലും അതിന്റെ ഉദ്ദേശശുദ്ധിയെ അവഗണിക്കാനാവില്ല തന്നെ.

പരിപൂര്‍ണനായ സ്രഷ്ടാവിന്റെ (പൂര്‍ണത എന്നത് നിങ്ങളെ അമ്പരിപ്പിക്കേണ്ട ഒരു വാക്കാണ്, സ്‌നേഹത്തിന്റെ പൂര്‍ണത, നീതിയുടെ പൂര്‍ണത, അറിവിന്റെ പൂര്‍ണത… ഇത് തരാനാവുന്ന, തരാനായി കാത്തിരിക്കുന്ന, ആ സ്‌റ്റേജ് ഷോവിന്റെ പണിപൂര്‍ത്തിയായി സ്‌ക്രിപ്റ്റ് നിങ്ങളെ ഏല്‍പിച്ചു സാകൂതം നിങ്ങളുടെ കര്‍മങ്ങളിലേക്ക് ഉറ്റുനോക്കുന്ന ദൈവം) ദൃഷ്ടാന്തങ്ങളെ കുറിച്ചാണ് ഖുര്‍ആന്‍ നിങ്ങളോടു സംസാരിക്കുന്നത്.

അവന്റെ ഏകാന്തതക്കു കൂട്ടെന്നൊക്കെ കാല്‍പനികമായി വിവക്ഷിക്കുന്നില്ലെങ്കിലും സൃഷ്ടി സംഭവിച്ചു ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട മനുഷ്യനോട് ഖുര്‍ആന്‍ ചരിത്രം പറയുന്നു. പറുദീസയുടെ സമാധാനത്തിലായിരുന്നു മനുഷ്യന്‍, കൂടെ ആശ്വാസമായി മനുഷ്യത്തിയും. നീതിയുടെ പൂര്‍ണതയില്‍! ആഗ്രഹങ്ങളുടെ/ ഇഛകളുടെ പഴങ്ങള്‍ തേടിപ്പോയി കുറ്റബോധത്താല്‍ പശ്ചാത്താപ വിവശനായിപ്പോയ മനുഷ്യന്‍ സ്വയം അനര്‍ഹനായി ബഹിഷ്‌കൃതനായി എന്നോ അല്ലാഹു ഇറക്കി വിട്ടോ എന്നോ നിരൂപിച്ചോളൂ. പക്ഷെ എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോ അതിനെ പിന്‍പറ്റിയാല്‍ നിര്‍ഭയനായി നിങ്ങളുടെ കൂട്ടിലേക്ക് തിരിച്ചു ചെല്ലാം എന്ന വല്ലാത്തൊരു വാഗ്ദാനവും നല്‍കിയാണവന്‍ ഇറക്കി വിട്ടത്. ആ സ്‌നേഹത്തിന്റെ കാമ്പ് തിരിച്ചറിഞ്ഞോരെല്ലാം മാര്‍ഗദര്‍ശനം പിന്‍പറ്റും. അത് തിരിച്ചറിയാത്തവര്‍ അല്ലാഹുവിനെയും അവന്റെ കാരുണ്യത്തെയും സ്‌നേഹത്തെയുമൊക്കെ തെളിയിക്കാന്‍ ക്വട്ടേഷന്‍ എടുക്കുന്നു. ഒരുപക്ഷെ പേടിപ്പിക്കുന്ന ദൈവത്തെ കേട്ട് പരിചയിച്ചവരോട് ആ സ്‌നേഹത്തെ കുറിച്ചല്ലേ വീണ്ടും വീണ്ടും പറയേണ്ടത്. നിങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവം അത്ര അങ്ങിട് നന്നായില്ല എന്നൊക്കെ പരാതി പറയുന്ന മുനുഷ്യസ്‌നേഹികളായ പല സുഹൃത്തുക്കളുമുണ്ടു താനും. അവരുടെയൊക്കെ കലിപ്പ് സാമ്പ്രദായിക മതങ്ങളുടെ മനുഷ്യ വിരുദ്ധ സമീപനങ്ങളോടും അതിന്റെ മാര്‍ക്കറ്റിങ് മാനേജര്‍മാരോടുമാണ്. അതിന്റെ ഒക്കെ കുഴപ്പം അവരുടെ ദൈവത്തിനും കൂടി ആയിരിക്കണം എന്ന ന്യായം. അതായത് ഒരു മികച്ച ദൈവത്തെ കാത്തിരിക്കുന്ന ചില യുക്തിവാദികളെങ്കിലും ഉണ്ടെന്ന് !

ഇടയ്ക്കു ഒരു നാടുവിടല്‍ ബഷീറിന്റെ ശീലമായിരുന്നു കുറേ നാടുചുറ്റി മടുക്കുമ്പോ ഉമ്മയുള്ള കൂരയിലേക്കു മടക്കം. ഒരു നട്ട പാതിരക്കു വീട്ടിലെത്തുമ്പോ ചിമ്മിനി കൂടിന്റെ അരണ്ട വെളിച്ചത്തില്‍ വേദ പുസ്തകവും കയ്യിലേന്തി ഉമ്മ. തിരിച്ചു വരാനുള്ള മകനെയും കാത്ത്.
‘കയ്യും മൂടും കഴുകി കഞ്ഞി എടുത്തു കുടിച്ചോളൂ, അടുപ്പിനടുത്ത് മൂടി വച്ചിട്ടുണ്ട് ‘
‘അതിനു ഉമ്മ എങ്ങിനെ അറിഞ്ഞു, ഞാനിന്നു വരുമെന്ന് ?’
‘നീ പോയ ശേഷം എല്ലാ ദിവസവും ഞാനതു വച്ചിട്ടുണ്ട് മോനെ’
ഇതിനപ്പുറം സ്‌നേഹം നിങ്ങള്‍ക്ക് അനുഭവിക്കേണമെങ്കില്‍ ഇനി പരലോകത്തു ചെല്ലേണ്ടിവരും.

അവിടെ അഗ്‌നിപരീക്ഷയില്‍ വിജയിച്ചു, പിശാചിന്റെ ദുര്‌ബോധനങ്ങളെ പരാജയപ്പെടുത്തി ഭൂമിയില്‍ നന്മയും നീതിയൊക്കെ സ്ഥാപിക്കാന്‍ മെനെക്കെട്ട വിയര്‍പ്പുമായി കയറിവരുന്ന സ്വന്തം സൃഷ്ടികളെ കാത്തു നില്‍ക്കുന്ന നമ്മുടെ സ്വന്തം സൃഷ്ടാവ്. വിയര്‍പ്പിന് കസ്തൂരിയുടെ സുഗന്ധം അറിയാതെ വന്നു പോവില്ലേ, അവന്റെ സാന്നി ധ്യത്തില്‍?

അത് കൊണ്ടാണ് കാട്ടു തീയില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനാവാതെ അലറി കരഞ്ഞു ആകാശത്തു വട്ടം ചുറ്റുന്ന പക്ഷിയെ നോക്കി പ്രവാചകന്‍ മൊഴിഞ്ഞതു, ‘ആ അമ്മ പക്ഷിയെക്കാള്‍ നിങ്ങളെ സ്‌നേഹിക്കുന്ന ഒരു രക്ഷിതാവ് നിങ്ങള്‍ക്കുണ്ടെന്ന്’. അവന്റെ ഉണ്മ, സ്‌നേഹം ഒക്കെ തിരിച്ചറിഞ്ഞാല്‍ ജീവിതത്തില്‍ ചില നിലപാടുകള്‍ ഒരാള്‍ സ്വീകരിച്ചേക്കും, നിങ്ങളതിനെ മത നിയമങ്ങള്‍ എന്നൊക്കെ വിളിച്ചേക്കാം.

ആര്‍ക്കു വേണം സ്വാതന്ത്ര്യം?
റിലീസിംഗ് ഓര്‍ഡറുമായി വന്ന ജയിലറിനോടായിരുന്നു ബഷീറിന്റെ ചോദ്യം!
പകച്ചു പോയിട്ടുണ്ടാവണം ജയിലറിന്റെ കൗമാരം.
നാരായണിയുടെ പ്രണയത്തിന്റെ സുഗന്ധത്തെ കുറിച്ചെന്തറിയാം ജയിലര്‍ക്ക്?
മതിലിനപ്പുറം ആകാശത്തുയരുന്ന ദിവ്യ പ്രണയത്തിന്റെ സൂചകങ്ങളില്‍ മാത്രമായിരുന്നല്ലോ ബഷീര്‍ കണ്ണ് നട്ടിരുന്നത്!
മതനിയമങ്ങളാകുന്ന ജയിലില്‍ തളച്ചിടപ്പെട്ട ജീവിതത്തില്‍ നിന്നും വിശ്വാസികളെ സ്വതന്ത്രരാക്കാന്‍ കഷ്ട്ടപ്പെടുന്ന ബുദ്ധിമാന്മാരായ കൂട്ടുകാരെ ദിവ്യ പ്രണയത്തിന്റെ സമാധാനം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇക്കൂട്ടരോട് റിലീസിംഗ് ഓര്‍ഡറു മായി ചെന്നാല്‍ അവരും ചോദിച്ചേക്കും.
ആര്‍ക്കു വേണം നിങ്ങളുടെ സ്വാതന്ത്ര്യം?

ഇലാഹിയായ പ്രണയത്തിന്റെ സുഗന്ധം അനുഭവിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും ഈ കെട്ട കാലത്തില്‍ നിന്നും മറ്റൊരു സമാധാന ലോകത്തേക്ക് പറന്നുയരാനുള്ള കരുത്ത് നല്‍കുന്നതിലാണ് വിശ്വാസികളുടെ നിലനില്‍പും പോരാട്ടവും.

എല്ലാവരോടും കൂടി സ്രഷ്ടാവ് ആവശ്യപ്പെടുന്നതെന്ത്? നിങ്ങളുടെ ജീവിതം സംസ്‌കരിച്ചു പറുദീസയിലേക്കു തിരിച്ചു വരാനുള്ള ഗുണങ്ങള്‍ സ്വന്തമാക്കൂ എന്ന്. പക്ഷെ അതൊരു ഒന്നൊന്നര ഗുണങ്ങളാണ്. മോഹിപ്പിക്കുന്ന ഒരു കച്ചവടമായൊക്കെ ഖുര്‍ആന്‍ അതിനെ പൊലിപ്പിച്ചിട്ടുമുണ്ട്. പക്ഷെ അവിടെയും നീതിയാണതിന്റെ അടിസ്ഥാനം. കച്ചവടത്തില്‍ ആര്‍ത്തി പൂണ്ടു ഭൂമിയില്‍ അക്രമം സൃഷ്ടിച്ചു പറുദീസാ നേട്ടം സ്വായത്തമാക്കാമെന്നു ആരെങ്കിലും കരുതിയാല്‍ അതൊരു ദുരന്തം തന്നെ. സന്തുതിലത്വം ഒക്കെ കടന്നു വരുന്നത് ഈ പരിപ്രേക്ഷ്യത്തിലാവും. ഭൂമിയില്‍ നീതി കൊതിക്കുന്ന, അത് സ്ഥാപിക്കാന്‍ പരിശ്രമിക്കുന്ന ഒരാള്‍ക്കല്ലാതെ പൂര്‍ണമായ നീതിയുടെ ഇടത്തെക്കുറിച്ചു സ്വപ്നം കാണാനെങ്കിലും അവകാശമുണ്ടോ? അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കണമെങ്കില്‍ നമ്മളുടെ ജനിതക ഘടന പോലും മാറേണ്ടി വരും. സമാധാനം സമാധാനം എന്ന വാക്ക് മാത്രമല്ല ആ ഒരവസ്ഥയും ഉണ്ടാവണമല്ലോ? ഇങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരമായി വരുന്ന പരലോകവും അതിന്റെ നാഥനായ, പ്രണയിക്കാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹനായ ഒരസ്തിത്വവും നിങ്ങളെ കൊതിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ തിന്നൂ, കുടിക്കൂ രമിക്കൂ, നിങ്ങള്‍ക്ക് വേണ്ടതൊക്കെ ചെയ്യൂ മരണം മാത്രമല്ലോ നിങ്ങള്‍ക്കു തടസ്സം. മരണത്തിന്റെ വാതില്‍ തുറന്നു കടന്നു പോവാനുള്ള ഈ യാത്രക്കാരെ ഒന്ന് സഹിക്കുക. കൂട്ടത്തില്‍ നമുക്കൊന്നിച്ചു ചെയ്യാനുള്ളതൊക്കെ കലമ്പലില്ലാതെ ചെയ്തു പോവാം. ദൈവനിഷേധമാണ,് മത നിര്‍മ്മാര്‍ജ്ജനമാണ് ഈ ലോകം സുന്ദരമാക്കാനുള്ള പോംവഴി എന്ന് തീരുമാനിച്ചു നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്ന സഹോദരന്മാരോട് ഇത്രമാത്രമേ പറയേണ്ടതുള്ളൂ. എനിക്കറിയാം ഒരുപാടൊരുപാട് സങ്കല്‍പങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തെ കുറിച്ച് മെനയാം, മനനം ചെയ്‌തെടുക്കാം. പക്ഷെ ഖുര്‍ആന്‍ പറയുന്ന ഒന്നിലേക്കാണല്ലോ ഞാന്‍ നിങ്ങളെ ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുന്നത് , അതുകൊണ്ടാണിങ്ങനെ എഴുതേണ്ടിവരുന്നത്. ഇതില്‍ ഒരു പാടൊരുപാട് അനുബന്ധ ചോദ്യങ്ങള്‍ ഉയരേണ്ടതുണ്ട്. മാലാഖമാര്‍ പോലും ചോദ്യമുന്നയിച്ച ഒരു കാലഘട്ടം പറഞ്ഞല്ലേ ഖുര്‍ആന്‍ മനുഷ്യ ചരിത്രം നമ്മോടു പറയുന്നത്? അത് കൊണ്ട് ചോദ്യം ചോദിക്കാനുള്ള കരുത്തെങ്കിലും കാട്ടണം എന്നെ ഖുര്‍ആന്‍ വായനക്കാരോട് അപേക്ഷിക്കാനുള്ളൂ.

ഇങ്ങിനെ ഒരു ജീവിത ദര്‍ശനം കൈ മുതലാക്കി നന്മകള്‍ തേടി യാത്ര ചെയ്യുന്ന ഒരു സാര്‍ത്ഥ വാഹക സംഘം. അതിന്റെ ഗുണവും മണവുമൊക്കെ സഹ ജീവികള്‍ക്ക് അനുഭവവേദ്യം ആയില്ലെങ്കില്‍ കുറ്റം മറ്റുള്ളവരെ പറഞ്ഞിട്ടെന്തു കാര്യം? ചെന്നെത്തേണ്ടുന്ന സ്ഥലത്തെ കുറിച്ച്, പോകേണ്ട ദിക്കിനെ കുറിച്ച് സൂചന കിട്ടിയാല്‍ അതില്‍ സര്‍വാത്മനാ സമര്‍പ്പിക്കുന്ന അനുയായികളുടെ രഹസ്യം ചികയുന്ന വിമര്‍ശകര്‍ ബദ്‌റിലും ഖന്‍ദഖിലുമൊക്കെ തിരഞ്ഞു ചെന്നിട്ടുണ്ട്. അവരൊക്കെ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്.

ചിലതിനോടൊക്കെ പ്രണയത്തിലായവരുടെ കരുത്തിനെ എളുപ്പമൊന്നും പരാജയപ്പെടുത്താനാവില്ല. യഥാര്‍ത്ഥത്തില്‍ പ്രണയിക്കേണ്ടവനെയാണ് പിടിച്ചതെങ്കില്‍ പിന്നെന്തു പറയാന്‍. അത് കൊണ്ട് പ്രണയിക്കാന്‍ തയ്യാറാവുകയല്ലേ, കൂട്ടരേ…

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker