സത്യം വെളിപ്പെടുകയും അത് മുഖാമുഖം നില്‍ക്കുകയും ചെയ്താല്‍, എത്ര കാലം അത് തിരസ്‌കരിക്കാന്‍ നിങ്ങള്‍ക്കു കഴിയും? അത് നിഷേധിച്ചു കൊണ്ട് ഓടിപ്പോകാന്‍ കഴിയും?
യഥാര്‍ഥ വിളി സ്വീകരിക്കുന്നതില്‍ നിന്നും നിങ്ങളെ പിന്നോട്ട് വലിക്കുന്ന പലതരം ചങ്ങലകള്‍ പൊട്ടിക്കുന്ന നിമിഷമാണ്, നിങ്ങള്‍ ജീവിതത്തിന്റെ മര്‍മ്മത്തിലെത്തുന്നത്.
സര്‍വശക്തനായ ദൈവത്തിന്റെ വിളിക്കും, സ്വതന്ത്ര പാതക്കും അനുഗ്രഹത്തിന്നും പ്രീതിക്കും സമാനവും, അത് പോലെ സുപ്രധാനവുമായി മറ്റൊന്നിനെയും തോന്നാത്ത നിമിഷം!
നിങ്ങളുടെ ജീവിത്തിലുണ്ടായിരുന്ന എല്ലാ വ്യാജങ്ങളും ക്രമേണ മങ്ങാന്‍ തുടങ്ങുന്നു. ഒരവിശ്വാസിയെന്ന നിലയില്‍ ജീവിച്ചിരുന്ന നിങ്ങളുടെ എല്ലാ വിശ്വാസങ്ങളും ശീട്ട് കെട്ട് കണക്കെ വീണുപോവുന്നു. സത്യം തിരിച്ചറിയുമ്പോള്‍, ഇസ്‌ലാമിന്റെ സൗന്ദര്യം മനസ്സിലാക്കുമ്പോള്‍, ‘യുറീക്കാ’ സമാനമായൊരു നിമിഷത്തിലായിരിക്കും നിങ്ങള്‍!
പിന്നെ, അത് സ്വീകരിക്കാന്‍ താമസമുണ്ടകില്ല. സാമൂഹ്യ സമ്മര്‍ദ്ദങ്ങളെയും വിയോജിപ്പുകളെയും അവഗണിച്ചു കൊണ്ടുള്ള നിര്‍ഭയമായൊരു ചുവടു വെപ്പു മാത്രം. കാരണം സത്യത്തിന്ന് വേണ്ടി എപ്പോഴും നിങ്ങള്‍ക്ക് പൊരുതേണ്ടി വരും. അതില്‍ സ്ഥിര ചിത്തനാകേണ്ടതുണ്ട്. സ്വന്തം ബന്ധുക്കള്‍ എതിരാണെങ്കില്‍ പോലും.
എന്തോ അന്വോഷിച്ചു കൊണ്ട്, എന്റെ മുറിയിലെ കണ്ണാടിക്കു മുമ്പില്‍ സന്നിഗ്ദ്ധാവസ്ഥയില്‍ നിന്ന ദിവസം ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, പരാജയമായിരുന്നു ഫലം. പ്രത്യവലോകനത്തില്‍, ഞാനൊരിക്കലും ഒരു നിരീശ്വര വിശ്വാസിയായിരുന്നില്ല.
ദൈവമുണ്ടെന്നും, ഒരു ഹിന്ദുവായ എന്നെ സംബന്ധിച്ചിടത്തോളം, കല്ല് മുതല്‍ മരം വരെ, മരം മുതല്‍ നദി വരെ, നദി മുതല്‍ കിണര്‍ വരെ (തമാശയെങ്കിലും സത്യമാണ്), ആയിരം രൂപങ്ങളില്‍ അവന്റെ അസ്തിത്വം നിലകൊള്ളുന്നുവെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. ഇവയെല്ലാം എന്റെ ആരാധ്യ വസ്തുക്കളാണെന്നായിരുന്നു കുടുംബവും മറ്റു പാരമ്പര്യങ്ങളും എന്നെ പഠിപ്പിച്ചിരുന്നത്.
ദൈവിക സൃഷ്ടികളെല്ലാം – അത് പശുവായിരിക്കാം, വൃക്ഷമായിരിക്കാം, നദിയായിരിക്കാം, (എന്നോട് പറയപ്പെട്ടതനുസരിച്ച് കിണറായിരിക്കാം), വിഗ്രഹങ്ങളായിരിക്കാം, മനുഷ്യര്‍ തന്നെയുമായിരിക്കാം- ദൈവാംശം ഉള്‍ക്കൊള്ളുന്നവയാണെന്നും അതിനാല്‍ തന്നെ അവ ആരാധ്യങ്ങളാണെന്നും കരുതി, ഒരു ബഹുദൈവാരാധികയാകുന്നതില്‍ ഞാന്‍ അഭിമാനം കൊണ്ടിരുന്നു.
ഇതിനെതിരായ കാര്‍ക്കശ്യവും ദുര്‍വാശിയും നിമിത്തം ഇസ്‌ലാമിനെ ഞാന്‍ വെറുത്തിരുന്നു. ലോകം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിംകള്‍ പഴമയില്‍ ഒട്ടിപ്പിടിച്ചു കഴിയുകയാണെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ സംബന്ധിച്ചിടത്തോളം, അപ്രായോഗികവും ക്രൂരവും പഴഞ്ചനും യുക്തിരഹിതവുമായിരുന്നു അവരുടെ വിശ്വാസങ്ങള്‍. (ഒരു പക്ഷെ, ഞാന്‍ യുക്തി ശ്രദ്ധിച്ചില്ലെന്നതായിരിക്കാം കാരണം).
ഒരു പക്ഷെ, ഇത് എന്റെ കുറ്റമായിരിക്കില്ല. ഈ രീതിയില്‍ വീക്ഷിക്കാന്‍ എന്നെ പാകപ്പെടുത്തിയതായിരുന്നു. ഒരു മുന്‍ ധാരണ! ഇസ്‌ലാമിനെ കുറിച്ച് നിഷേധാത്മക നയം വെച്ചു പുലര്‍ത്തിയിരുന്ന സമൂഹത്തില്‍ നിന്നും പൈതൃകമായി ലഭിച്ചതായിരിക്കാം അത്.
ഹൈസ്‌കൂളില്‍ വെച്ചായിരുന്നു ആദ്യമായി ഇസ്‌ലാമിനെ ഞാന്‍ പരിചയപ്പെടുന്നത്. സതീര്‍ഥ്യരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ക്ലാസ്സില്ലാത്ത സമയങ്ങളില്‍, ഇസ്‌ലാമിനെ കുറിച്ച ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. സപ്ത: 11 സംഭവത്തിന്ന് ശേഷവും ഗുജറാത്ത് കലാപ കാലത്തുമായിരുന്നു അത്. ഹിന്ദു സംഘടനകള്‍ നടത്തിയിരുന്ന ഇസ്‌ലാം വിരുദ്ധ പ്രചാരണമായിരുന്നു പ്രധാന കാരണം.
ഏകദൈവ വിശ്വാസം, സ്ത്രീകളുടെ അവകാശങ്ങള്‍, അവരുടെ സ്ഥാനം, മറ്റു പ്രചാരത്തിലുള്ള മിത്തുകള്‍ എന്നിവ അകറ്റാന്‍ അവര്‍ ശ്രമിച്ചിരുന്നു.
എന്നിട്ടും അതൊന്നും എന്നെ തൃപ്തിപ്പെടുത്തിയില്ല. ഒരു ബഹു ദൈവാരാധക എന്ന നിലക്കുള്ള അഭിമാനവും വിശ്വാസങ്ങളും, അപ്പോഴും ഞാന്‍ നിലനിറുത്തുകയായിരുന്നു. മുസ്‌ലിം വിരുദ്ധയല്ലെങ്കിലും, നമ്മുടെ കുറെയാളുകള്‍, മറ്റൊരു വിശ്വാസത്തില്‍ മരിച്ചതിനാല്‍ മാത്രം ദുരിതമനുഭവിക്കുക എന്നത് എന്നില്‍ വിമ്മിട്ടമുണ്ടാക്കിയിരുന്നു. ഞാന്‍ കൂടുതല്‍ മതേതരവാദിയായി തീര്‍ന്നിരുന്നുവെന്നാണ് എനിക്ക് തോന്നിയത്.
ഞാന്‍ ഏകദൈവ വിശ്വാസിയായി മാറിയതിന്റെ കടപ്പാടില്‍ ഏറിയ കൂറും ആര്യസമാജത്തോടാണ്. കുറെ ആചാരക്രമങ്ങളോ, വിഗ്രഹാരാധനയോ അല്ല, പ്രത്യുത ഏകദൈവത്വമാണ് ഹിന്ദുമതം പ്രബോധനം ചെയ്യുന്നതെന്നു വിശ്വസിക്കുന്ന ഒരു ഹൈന്ദവ സംഘടനയാണിത്. അതിന്റെ സ്വാധീനതയിലായപ്പോള്‍, വിഗ്രഹാരാധന ഞാന്‍ നിറുത്തി. ആരാധനാക്രമങ്ങളും അമ്പലത്തില്‍ പോക്കും അവസാനിപ്പിച്ചു.
ഇസ്‌ലാമിലേക്കുള്ള ചുവടുകള്‍ എന്നു ഞാന്‍ വിളിക്കുന്നത് ഇക്കാര്യങ്ങളെയാണ്. ആര്യസമാജത്തിന്ന് അവരുടേതായ കുറവുകളുണ്ടെങ്കിലും, അതേ മാറാലയില്‍ തന്നെ കുരുങ്ങുകയായിരുന്നു ഞാന്‍.
വേദങ്ങള്‍, മനുസ്മൃതി, മറ്റു പുണ്യഗ്രന്ഥങ്ങള്‍ എന്നിവയുടെ വായന എന്നെ കൂടുതല്‍ ചിന്താകുഴപ്പത്തിലാക്കുകയായിരുന്നു. നിങ്ങളുടെ നിത്യ ജീവിതത്തിലെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനാകാത്ത കേവലം തത്വചിന്താപരമായിരുന്നു അവ.
കോളജില്‍ നിയമം പഠിക്കുമ്പോഴായിരുന്നു ഇസ്‌ലാമിന്റെ നൈര്‍മല്യം എന്നില്‍ ഉദയം കൊണ്ടത്. ഹിന്ദു ലോയിലെയും മുഹമ്മദന്‍ ലോയിലെയും, വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവ സംബന്ധമായ, ഒരു ചെറിയ കുടുംബ നിയമ കോഴ്‌സ് മാത്രമായിരുന്നു അത്.
പലതരം സാങ്കേതികത്വങ്ങള്‍, ചിന്താകുഴപ്പങ്ങള്‍, അഭിപ്രായ ഭിന്നതകള്‍, സന്നിഗ്ദ്ധത എന്നിവയാല്‍ ഹിന്ദു നിയമം അരിച്ചടുക്കപ്പെട്ടപ്പോള്‍, മറുവശത്ത്, സുവ്യക്തവും സൂക്ഷ്മവും അസന്നിഗ്ദ്ധവുമായാണ് ഇസ്‌ലാമിക നിയമം കാണപ്പെട്ടത്.
ഇതോടെ, രായ്ക്കുരാമാനം എന്റെ അഭിപ്രായം മാറി. നിശ്ചലമായി കണ്ടിരുന്നത് സുദൃഡതയുള്ളതായി എനിക്ക് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അതോടെ, തദ്വിഷയകമായി കൂടുതല്‍ വായിക്കാന്‍ താല്‍പര്യമുദിച്ചു. ഇസ്‌ലാമിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്ന സുഹൃത്തുക്കളുമായി ചാറ്റ് നടത്താന്‍ മണിക്കുറുകള്‍ തന്നെ ഞാന്‍ ചെലൊഴിച്ചു.
നിരവധി ലിങ്കുകള്‍ വായിക്കുകയും ഫോറം ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇസ്‌ലാമിനെ കുറിച്ച എന്റെ കാഴ്ചപ്പാട് മാറാന്‍ തുടങ്ങി. സുഹൃത്തുക്കളുമായുള്ള സംസാരത്തിലും ചര്‍ച്ചകളിലും അത് പ്രതിഫലിച്ചിരുന്നു.
എന്നാല്‍, ഈ മാറ്റത്തെ അവര്‍ വാഴ്ത്തുകയല്ല ചെയതത്. പ്രത്യുത, ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുക മാത്രം ലക്ഷ്യം വെച്ചിരുന്ന ‘മസ്തിഷ്‌ക പ്രക്ഷാളകരെ’ കുറിച്ച് എനിക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ഇതെല്ലാം എന്നെ അലട്ടുകയുണ്ടായി. അവരുടെ വിയോജിപ്പ് എന്നെ ഭയപ്പടുത്തി. സുഹൃത്തുക്കളും കുടുംബവും കര്‍ക്കശമായി വിയോജിക്കുന്ന കാര്യം ചെയ്യുക വഴി, അവരെ ഞാന്‍ വഞ്ചിക്കുകയാണോ എന്നും എനിക്കു തോന്നി.
പക്ഷെ, ഞാന്‍ മുമ്പ് പറഞ്ഞത് പെലെ, സത്യത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ നിങ്ങള്‍ക്ക് എത്ര കാലം കഴിയും? ഒരു അസത്യത്തോടൊപ്പം ജീവിക്കുകയും ധീരതയാവശ്യമുള്ള ഒരു സത്യം സ്വീകരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ക്കാവുകയില്ല. അല്ലാഹു പറയുന്നു:
‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്.’ (4:135)
അന്ന് എല്ലാ ഭീതികളും ഒലിച്ചുപോയി. കാരണം, ഞാന്‍ മതം മാറിയില്ലെങ്കില്‍, ഇനിയൊരിക്കലും അതുണ്ടാവുകയില്ലെന്നു എനിക്ക് തോന്നി. ഭൗതിക ലോകത്തിന്റെ സങ്കീര്‍ണതകളില്‍ ഒട്ടിപ്പിടിച്ചു കഴിയേണ്ടി വരികയും ചെയ്യും. സദ്കാര്യങ്ങളില്‍ നിന്നും നമ്മെ തടയുന്ന വ്യാജ മനോഗതങ്ങളാണല്ലോ അതിലുള്ളത്.
എന്റെ സുഹൃത്തുക്കളും കുടുംബവും ഇപ്പോഴും അറിഞ്ഞിട്ടില്ലെങ്കിലും, താമസിയാതെയോ, അല്‍പം വൈകിയോ ഞാനവരോട് പറയും. ഇന്‍ശാ അലലാഹ്, എന്റെ തീരുമാനം അവര്‍ ആദരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
അല്‍ഹംദു ലില്ലാഹ്, ഇന്ന് ഞാനൊരു മുസ്‌ലിമാണ്. വിശുദ്ധ ഖുര്‍ആനിനെയും മുഹമ്മദ് നബി(സ)യുടെ മാര്‍ഗ ദര്‍ശനങ്ങളെയും കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്‍ശാ അല്ലാഹ്, അവിടുത്തെ മാര്‍ഗത്തെ നല്ല നിലയില്‍ ഞാന്‍ അനുധാവനം ചെയ്യും.
ചില സുഹൃത്തുക്കളുടെയും ഒരു സംഘടനയുടെയും സഹായത്തോടെ ഞാന്‍ നമസ്‌കാരം പഠിച്ചു. അല്‍ ഹംദു ലില്ലാഹ്, ദിനംപ്രതി, 5 നേരം ഞാന്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുന്നു. എന്റെ തീരുമാനത്തില്‍ സ്ഥിരചിത്തത ലഭിക്കാന്‍ അല്ലാഹുവോട് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.
വിവ : കെ എ ഖാദര്‍ ഫൈസി