Wednesday, November 12, 2025

Current Date

അവസാനം, നമ്മെയും പ്രിയപ്പെട്ടവർ ഖബ്റിലേക്കിറക്കി വെക്കും!

the eagerness of early Muslim women to seek religious knowledge, many of whom became respected scholars in Islamic history; and second, the value of patience in facing life’s inevitable losses

ഒരിക്കലൊരു സ്ത്രീ നബി (സ) യെ സമീപിച്ച് ‌പരിഭവം പറഞ്ഞു: നബിയേ, പുരുഷന്മാരെല്ലാം അങ്ങയുടെ ഹദീസ് കേൾക്കാൻ എന്നും വരുന്നു. ഞങ്ങൾ സ്ത്രീകൾക്കും ഒരു ദിവസം നിശ്ചയിച്ച് അല്ലാഹു പഠിപ്പിച്ച കാര്യങ്ങൾ പഠിപ്പിച്ചു തരൂ. നിർദേശം നബി (സ) സ്വീകരിക്കുകയും ഒരുമിച്ചുകൂടേണ്ട സ്ഥലവും സമയവും നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ ആ സ്ത്രീകൾ ഒരുമിച്ചുകൂടുകയും നബി (സ) അവിടെച്ചെന്ന് പാഠങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ നബി (സ) പറഞ്ഞു: നിങ്ങളിൽ ആരുടെയെങ്കിലും ജീവിതകാലത്തുതന്നെ സന്താനങ്ങളിൽ മൂന്നു പേർ മരണപ്പെടുകയും നിങ്ങൾ ക്ഷമിക്കുകയും ചെയ്താൽ നരകപ്രവേശം അല്ലാഹു നിങ്ങൾക്ക് വിലക്കുന്നതാണ്! ഉടനെ ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് ചോദിച്ചു: നബിയേ, രണ്ടു മക്കളാണെങ്കിലോ? നബി തങ്ങൾ പ്രതിവചിച്ചു: രണ്ടുമക്കളാണെങ്കിലും!

രണ്ടു പ്രധാന ഗുണപാഠങ്ങൾ ഈ ഹദീസ് നൽകുന്നുണ്ട്. ഒന്നാമതായി, അക്കാലത്തെ മുസ്ലിം സ്ത്രീകൾ വിജ്ഞാനസമ്പാദനത്തോട് പുലർത്തിയിരുന്ന അഭിവാഞ്ജയാണ്. ഗാർഹിക കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുമ്പോൾ തന്നെ, മതം പഠിക്കാനും തങ്ങൾക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണല്ലോ ആ സ്ത്രീ നബിയെ സമീപിച്ചത്. നമ്മുടെ പാരമ്പര്യവും അതാണ്. പണ്ഡിതകളായ ഒത്തിരി സ്ത്രീകളെ ചരിത്രത്തിൽ കാണാം. വളരെ പ്രധാനപ്പെട്ട ചില ഉദാഹരണങ്ങൾ മാത്രം ചുവടെ ചേർക്കുന്നു.

ഇബ്നു ഖൽദൂൻ ദമസ്കസിൽ ചെന്നപ്പോൾ, ഹനഫീ മദ്ഹബിൽ വലിയ പ്രാവീണ്യം നേടിയ സ്ത്രീയായ സൈനബ് അഹ്മദ് എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചത്രെ! സ്വഹീഹുൽ ബുഖാരിയിൽ നിപുണയായ കരീമ അൽ മർവസിയ്യ എന്നവരുടെ മസ്ജിദുൽ ഹറാമിൽ നടന്ന ദർസിൽ ഖത്വീബുൽ ബഗ്ദാദി അടക്കമുള്ള പ്രമുഖ പണ്ഡിതർ പലരും പങ്കെടുത്തിരുന്നു! ഇബ്നുൽ ഖയ്യിമിന്റെ അധ്യാപകരുടെ കൂട്ടത്തിൽ നിഅ്മ അലി, കരീമ അബ്ദുൽ വഹാബ് എന്നിവർ പ്രധാനികളാണ്! ഉമ്മുൽ അറബ് ഫാത്വിമ എന്നവരിൽ നിന്ന് ഇബ്നു തൈമിയ്യ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്! ഇബ്നുൽ ജൗസിയും വനിതാ പണ്ഡിതകളിൽ നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ടത്രെ! സ്ത്രീകൾക്ക്, തങ്ങളുടെ സ്ത്രീത്വവും ദീനും കാത്തുതന്നെ ഒരേ സമയം നല്ലൊരു മാതാവും നല്ലൊരു പണ്ഡിതയും ആവാമെന്ന് ചുരുക്കം!

രണ്ടാമതായി ഈ സംഭവം പകരുന്നൊരു പാഠം, ഈ ദുനിയാവ് നഷ്ടങ്ങളുടേതും പ്രയാസങ്ങളുടേതുമാണ് എന്നതാണ്. പ്രിയപ്പെട്ട ഒരാളെയെങ്കിലും ഖബ്റിലേക്ക് ഇറക്കിവെക്കാത്ത, അത്തരമൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരാത്ത ആരാണ് നമുക്കിടയിലുണ്ടാവുക!? അവസാനം, നമ്മെയും നമ്മുടെ പ്രിയപ്പെട്ടവർ യാത്ര പറഞ്ഞ് ഖബ്റിലേക്കിറക്കി വെക്കും. അല്ലാഹുവിന്റെ തീരുമാനത്തിൽ അനിഷ്ടം കാണിക്കുന്നത് നിഷ്ഫലവുമാണ്. അത് ദുഃഖം വർധിപ്പിക്കാനും ക്ഷമയുടെ പ്രതിഫലം കുറക്കാനും മാത്രമാണ് സഹായിക്കുക.

പക്ഷേ, ക്ഷമയുടെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമത് ലഭിക്കും. മകനെ നഷ്ടമായ മാതാവിനും മകളെ നഷ്ടമായ പിതാവിനും മാതാപിതാക്കളെ നഷ്ടമായ മക്കൾക്കും എല്ലാം. അതുകൊണ്ട്, ക്ഷമ കൈക്കൊള്ളുക. അല്ലാഹു പകരം തരാതിരിക്കില്ല. നബി തങ്ങളുടെ വിയോഗം ഓർക്കുക, അതിലും വലിയ നഷ്ടമെന്താണ് ഇനി വിശ്വാസിക്ക് വരാനുള്ളത്!?

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Summary: A woman once approached Prophet Muhammad (PBUH) asking for a special day for women to learn from him, as men frequently gathered to hear his teachings. The Prophet agreed, and during one such gathering, he said that any woman who loses three children and bears it with patience will be protected from Hell; when asked if this applied to two children, he confirmed it did. This incident highlights two key lessons: first, the eagerness of early Muslim women to seek religious knowledge, many of whom became respected scholars in Islamic history; and second, the value of patience in facing life’s inevitable losses. Islam teaches that enduring grief with faith and trust in Allah’s will brings immense spiritual reward and comfort.

Related Articles