Sunday, November 16, 2025

Current Date

മുൻകാലക്കാരായ ചില മഹത്തുക്കളുടെ സൂക്ഷ്മതാ പാഠങ്ങൾ 

റസൂലിൻ്റെ വഴിയെ - 129

The article highlights the Prophet’s (PBUH) teaching that true piety lies in avoiding doubtful matters between halal and haram, as doing so safeguards one’s faith and honor.

നുഅ്മാൻ ബ്‌നു ബശീർ (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ‌”തീർച്ചയായും ഹലാൽ (അനുവദനീയമായവ) വ്യക്തമാണ്. ഹറാമും (നിഷിദ്ധമായവ) വ്യക്തമാണ്. അവ രണ്ടിനുമിടയിൽ അവ്യക്തമായ ചിലതുണ്ട്; അധികജനങ്ങൾക്കും അവയെ കുറിച്ച് അറിയുകയില്ല. അതിനാൽ ആരെങ്കിലും ഈ അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തൻ്റെ ദീനും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു. അവ്യക്തമായവയിൽ വീണുപോയാൽ അവൻ ഹറാമിൽ വീണുപോകുന്നതുമാണ്. ഒരു സുരക്ഷിതവേലിക്ക് ചുറ്റും മേയ്ക്കുന്ന മൃഗങ്ങൾ അതിന്റെ അകത്തേക്കു കയറി മേയുന്ന ഇടയൻ്റെ കാര്യം പോലെയാണത്; അറിയുക! എല്ലാ രാജാക്കന്മാർക്കും അവരുടെ അതിർത്തികളുണ്ട്; അറിയുക! അല്ലാഹുവിൻ്റെ അതിർത്തി അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! തീർച്ചയായും ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക; ഹൃദയമാകുന്നു അത്.”

ഹലാലിനും ഹറാമിനുമിടയിലുള്ള ഈ ദൂരം മുറിച്ചുകടക്കാതിരിക്കാൻ ആവശ്യം ഭയഭക്തിയും സൂക്ഷ്മതയുമാണ്. സൂക്ഷ്മതയെക്കുറിച്ച് പണ്ഡിതർ പറഞ്ഞത്, ഹറാമിൽ ചെന്നുപെടുമോ എന്ന പേടിയിൽ ഹലാൽ പോലും ചെയ്യാതിരിക്കുക എന്നാണ്! സഅ്ദുബ്നു അബീ വഖാസ് (റ), ഹുദൈഫതുബ്നുൽ യമാൻ (റ) എന്നിവർ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ആരാധനയെക്കാൾ എനിക്കിഷ്ടം അറിവാണ്. ദീനിലെ ഏറ്റവും മനോഹരമായൊരു കാര്യം സൂക്ഷ്മതയാണ്! മുൻകാലക്കാരായ ചില മഹത്തുക്കളുടെ അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മതാ പാഠങ്ങൾ കാണാം.

ഖലീഫ ഉമറി (റ) ന് ബഹ്റൈനിൽ നിന്ന് മിസ്കും അൻബറും സമ്മാനമായി ലഭിക്കുകയുണ്ടായി. വിശ്വാസികൾക്കിടയിൽ ഇത് തുല്യമായി വീതിച്ചുകൊടുക്കാൻ ഒരു സ്ത്രീ വേണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ ആതിഖ ബീവി വന്ന്, ഞാൻ അളന്നു തിട്ടപ്പെടുത്താമെന്നും ഞാനതിൽ മിടുക്കിയാണെന്നും പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: അത് വീതിക്കുന്ന വേളയിൽ നിന്റെ കയ്യിൽ മിസ്ക് പുരളുകയും അത് നീ കഴുത്തിൽ പുരട്ടിക്കളയുകയും ചെയ്താൽ അതിന്റെ സുഗന്ധം എല്ലാ വിശ്വാസികൾക്കും പകരം എനിക്കു മാത്രം ലഭിക്കുമോ എന്ന് ഞാൻ ഭയക്കുന്നു!

ഉമറുബ്നുൽ അബ്ദുൽ അസീസിന് ഒരിക്കൽ തേൻ കുടിക്കാൻ പൂതിയുണ്ടായി. കാര്യമറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ അദ്ദേഹമറിയാതെ ഒരു മനുഷ്യനെ അയച്ച് തേൻ വാങ്ങിവരുത്തി. സന്തോഷപൂർവം ഭർത്താവിന് കൊണ്ടുകൊടുക്കുകയും ചെയ്തു. ഇതെവിടെനിന്ന് കിട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. തപാൽ സൗകര്യത്തിന് ഉപയോഗിക്കുന്ന മൃഗത്തിൽ ഒരാളെ അയച്ച് വാങ്ങിച്ചതാണെന്ന് ബീവി പറഞ്ഞു. ഉടനെ അദ്ദേഹം പ്രതികരിച്ചു: നമ്മുടെ സ്വകാര്യ ആവശ്യത്തിന് വിശ്വാസികളുടെ പൊതുസൗകര്യം ഉപയോഗിക്കാൻ പാടില്ല. ശേഷം ആ മനുഷ്യനെ വിളിച്ച് പറഞ്ഞു: ഈ തേൻ അങ്ങാടിയിൽ തന്നെ തിരിച്ചുകൊടുത്ത് പണം വാങ്ങുക. ആ മൃഗത്തെ നമ്മൾ ഉപയോഗിച്ച കണക്കിനുള്ള വൈക്കോൽ ആ പണം കൊണ്ട് അതിന് വാങ്ങിനൽകുകയും ചെയ്യുക! ഇങ്ങനെയൊക്കെയാണ് മുൻഗാമികൾ അവർ നേടിയ സ്ഥാനങ്ങളൊക്കെയും നേടിയത്!

അബ്ബാസ് ബ്ൻ സഹ്‌മ് എന്നവർ നിവേദനം ചെയ്യുന്നു: സച്ചരിതരായ സ്ത്രീകളിൽ ഒരാൾ റൊട്ടിക്ക് മാവ് കുഴച്ചുകൊണ്ടിരിക്കെയാണ് ഭർത്താവ് മരണപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ മാവിൽ നിന്ന് കയ്യുയർത്തി അവർ പറഞ്ഞു: ഇനിയിപ്പോ ഈ ഭക്ഷണത്തിൽ മറ്റൊരാൾക്കു കൂടെ പങ്കുണ്ട്! മരണപ്പെട്ടയാളുടെ എല്ലാം അനന്തരസ്വത്താണല്ലോ. തന്റെ ഭർത്താവിന്റെ അനന്തരസ്വത്ത് വീതിക്കാതെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഭക്ഷണം പോലും മുഴുമിപ്പിക്കാതിരിക്കാൻ മാത്രം സൂക്ഷ്മാലുക്കളായിരുന്നു അവരൊക്കെ!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Summary: The article highlights the Prophet’s (PBUH) teaching that true piety lies in avoiding doubtful matters between halal and haram, as doing so safeguards one’s faith and honor. It stresses that real God-consciousness means exercising utmost caution even in permissible things to prevent slipping into sin. Through examples from early Muslim leaders like Caliph Umar (RA) and Umar ibn Abdul Aziz, it shows how they upheld integrity and moral sensitivity in every action, reminding that righteousness is not only in worship but in careful, ethical living rooted in sincerity and fear of Allah.

Related Articles