Current Date

Search
Close this search box.
Search
Close this search box.

ഖുർആനിലെ നസ്ഖ്; ഒരു വിശകലനം

ആമുഖം

ഖുർആനിൽ നസ്ഖ് സംഭവിക്കുക എന്നതുകൊണ്ടുദ്ദേശ്യം, ആദ്യം അവതരിച്ച ഒരായത്തിലൂടെ സ്ഥാപിതമായ വിധിയെ അതിനു ശേഷം ഇറങ്ങിയ മറ്റൊരു ആയത്ത് കൊണ്ട് പൂർണമായോ ഭാഗികമായോ മാറ്റുകയോ രൂപഭേദം ചെയ്യുകയോ ആണ്. മുൻതലമുറകളിലെ പണ്ഡിതന്മാർ നസ്ഖിന് ഉപയോഗിച്ച ഭാഷാർഥത്തിൽ നിന്ന് വ്യതിരിക്തമായ സാങ്കേതിക നിർവചനങ്ങൾ പിൻഗാമികളായ പണ്ഡിതർ വികസിപ്പിച്ചു. ഈ വ്യത്യാസം നസ്ഖിന്റെ സ്വഭാവത്തെ സംബന്ധിച്ചും എത്ര ആയത്തുകൾ നസ്ഖ് ചെയ്യപ്പെട്ടു എന്നതിനെ കുറിച്ചുമുള്ള ഭിന്നാഭിപ്രായങ്ങളിലേക്ക് നയിച്ചു. നസ്ഖ് നിയമസാധുതയുള്ള വ്യാഖ്യാനരീതിയാണോ എന്നുവരെ ചർച്ചകളുണ്ടായി. 

നസ്ഖിന്റെ അർഥത്തിൽ വ്യക്തത വരുത്തുകയും സച്ചരിതരായ മുൻഗാമികൾ ഏതൊരർഥത്തിലാണ് അതിനെ ഉപയോഗിച്ചിരുന്നതെന്ന് കൃത്യത വരുത്തുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. നേരത്തെ അവതരിച്ച ഒരു വിധിയെ പൂർണമായും റദ്ദു ചെയ്യുക എന്നതിലുപരി, അതിനുള്ള അപവാദങ്ങൾ വ്യക്തമാക്കുക എന്ന അർഥത്തിലായിരുന്നു അവർ പലപ്പോഴും നസ്ഖ് എന്ന പദം പ്രയോഗിച്ചിരുന്നത്. ലഹരിയുടെ ക്രമപ്രവൃദ്ധമായ നിരോധനത്തിനോട് ബന്ധപ്പെടുത്തി നസ്ഖിനു പിന്നിലെ യുക്തി ഈ ലേഖനം അന്വേഷിക്കുകയും, ഖുർആനിന്റെ ദൈവികതയുടെ തെളിവായി അവതരിപ്പിക്കുകയും ചെയ്യുന്നു. അവസാനമായി, ‘ആയത്തുസ്സെയ്ഫ്’ ഖുർആനിലെ ‘സമാധാനത്തിന്റെ ആയത്തുകളെ’ ദുർബലപ്പെടുത്തിയെന്ന വാദത്തെ പരിശോധിക്കുകയും ചെയ്യുന്നു.

നസ്ഖ്: ഭാഷാർഥവും സാങ്കേതികാർഥവും

“ദൈവകൽപനയിലൂടെ നിലവിൽ വന്ന ഒരു വിധിയെ, പുതുതായി അവതരിക്കപ്പെട്ട മറ്റൊരു കൽപനയിലൂടെ അസാധുവാക്കുക എന്നതാണ് നസ്ഖ് കൊണ്ടുള്ള ഉദ്ദേശ്യം. രണ്ടാമത്തെ കൽപന അവതരിച്ചില്ലായിരുന്നുവെങ്കിൽ ആദ്യത്തെ വിധി തന്നെ നിലനിൽക്കുമായിരുന്നു1,” ഇതാണ് നസ്ഖിനെ സംബന്ധിച്ച് ഇമാം ജുവൈനി മുന്നോട്ടു വെച്ച നിർവചനം. ഇതിനെ പിൻഗാമികളായ പണ്ഡിതന്മാരും സ്വീകരിച്ചു. മറ്റൊരു രീതിയിൽ, നസ്ഖ് എന്നാൽ “ആദ്യം അവതരിച്ച ഒരായത്ത് ഉൾക്കൊള്ളുന്ന വിധിയെ പിന്നീട് മറ്റൊരായത്ത് കൊണ്ട് അസാധുവാക്കുകയോ റദ്ദാക്കുകയൊ ചെയ്യലാണ്.”

എന്നാൽ പിൽകാലത്ത് ചില പണ്ഡിതന്മാർ നസ്ഖിനെ നിരുപാധികമായി മനസിലാക്കുകയും നസ്ഖ് എന്നാൽ ആയത്ത് പൂർണമായി റദ്ദ് ചെയ്യപ്പെടുന്നതാണെന്ന് കരുതുകയും ചെയ്തു. അതിനായി ഇന്നയിന്ന ആയത്തുകൾ നസ്ഖ് ചെയ്യപ്പെട്ടു എന്ന രീതിയിൽ, മുൻഗാമികളായ പണ്ഡിതരിൽ നിന്നുള്ള ധാരാളം ഉദ്ധരണികൾ അവർ തെളിവായി സ്വീകരിച്ചു. എന്നാൽ, പിൽക്കാലത്ത് വന്ന പണ്ഡിത്മാർ മനസ്സിലാക്കിയതു പോലെ നിരുപാധികമായ സാങ്കേതികാർഥത്തിലായിരുന്നോ പൂർവികർ നസ്ഖിനെ മനസ്സിലാക്കിയിരുന്നത് എന്ന ചോദ്യം ഇവിടെ ഉരുത്തിരിയുന്നുണ്ട്.

പൂർവസൂരികൾ നസ്ഖിനെ ഉപയോഗിച്ച് പോന്നത് പിൻഗാമികളേക്കാൾ കുറച്ചു കൂടി വിശാലമായ രീതിയിലായിരുന്നുവെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമിൻ്റെ വീക്ഷണം. അദ്ദേഹം ഇങ്ങനെ  അഭിപ്രായപ്പെടുന്നു: “നാസിഖ്-മൻസൂഖ് കൊണ്ട് പൊതുവെ വിവക്ഷിക്കപ്പെടുന്നത് ഒരു വിധി അസാധുവാക്കുക എന്നതാണ്. അത് പിൻഗാമികളായ പണ്ഡിതന്മാരുടെ നിർവചനമാണ്. എന്നാൽ മുൻഗാമികൾ പൊതുവായ ഒരു നിയമത്തെ സവിശേഷമാക്കുന്നതിനും നിരുപാധികമായതിനെ സോപാധികമാക്കുന്നതിനും മാത്രമല്ല, മുൻനിയമത്തിന്നപവാദം, ഉപാധി, വിശേഷണം എന്നിവയെപോലും ചിലപ്പോൾ നസ്ഖ് എന്ന് വിളിച്ചിരുന്നു2.”

അഥവാ, അടിസ്ഥാന നിയമത്തിന് ഏത് തരത്തിലുള്ള മാറ്റം സംഭവിക്കുകയാണെങ്കിലും, ചിലപ്പോൾ  പൂർവികർ ആ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്ന് പറയുമായിരുന്നു. ചിലപ്പോൾ ആ മാറ്റം ഭാഗികമോ അപവാദം സൂചിപ്പിക്കലോ മാത്രമായിരിക്കും3. ഇത്തരത്തിൽ ഭാഗികമായുള്ള നസ്ഖ് പലതുണ്ട്: പ്രത്യേകമാക്കൽ (തഖ്സ്വീസ്വ്), സോപാധികമാക്കൽ (തഖ്‌യീദ്), വിശദീകരണം (തഫ്സീർ), വ്യക്തത വരുത്തൽ (തബ്‌യീൻ), മുൻനിയമത്തിനുള്ള അപവാദം (ഇസ്തിഥ്നാഅ്), നിബന്ധന വെക്കൽ (ശർത്വ്). പുതിയൊരു സാഹചര്യത്തെ പരിഗണിച്ച് മുൻപുള്ള നിയമം മാറ്റുകയോ നസ്ഖ് ചെയ്യുകയോ ആണ് ഈ സന്ദർഭങ്ങളിലൊക്കെ സംഭവിക്കുന്നത്. മറിച്ച്, അത് പൂർണമായും ദുർബലപ്പെടുകയോ, എടുത്ത് കളയപ്പെടുകയോ ചെയ്യുന്നില്ല. 

നസ്ഖിന്റെ യഥാർഥ അർഥവും ആലങ്കാരികാർഥവും തമ്മിലുള്ള വ്യതിരിക്തത തിരിച്ചറിയുന്നതിലൂടെ മുകളിൽ പറഞ്ഞവ തമ്മിലുള്ള സൂക്ഷ്മ വ്യത്യാസങ്ങളെ നമുക്ക് മനസസ്സിലാക്കാൻ കഴിയും. ഇബ്നു അഖീൽ അൽ മക്കി എഴുതുന്നു: “പ്രത്യേകമാക്കലും (തഖ്സ്വീസ്വ്), വ്യക്തത വരുത്തലും (തബ്‌യീൻ) നസ്ഖിന്റെ ലാക്ഷണികാർഥങ്ങളിൽ വരുന്നതാണ് എന്നാണ് എന്റെ പക്ഷം. കാരണം നസ്ഖ് കൊണ്ടുദ്ദേശ്യം മൂലനിയമം എടുത്തു കളയുകയെന്നാണ്. എന്നാൽ ഇവിടെ മുൻനിയമത്തിന്റെ ചില അപവാദങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നിയമത്തിന്റെ പൊതുവായ മാനത്തെ ദുർബലപ്പെടുത്തുന്നു എന്നതിനെ പരിഗണിച്ച് ഇവയെ നസ്ഖ് എന്ന് വിളിക്കുന്നു. എന്നാൽ ഇവ യഥാർഥ നസ്ഖ് അല്ല4.”

പ്രത്യേകമാക്കുന്നതോ അപവാദം നൽകുന്നതോ ആയിട്ടുള്ള നിയമത്തെ ചെറിയ ഒരു മാറ്റം സംഭവിച്ചു എന്ന് ദ്യോതിപ്പിക്കുവാനാണ് ഇവിടെ നസ്ഖിന്റെ ലാക്ഷണികാർഥം ഉദ്ദേശിച്ചുകൊണ്ട് വിശേഷിപ്പിക്കുന്നത്. പൂർവ നിയമം ഉൾകൊള്ളുന്ന ആയത്ത് അപ്പോഴും പ്രാബല്യത്തിലുണ്ട്, ഒരു പ്രത്യേക രീതിയിൽ പരിമിതമാക്കപ്പെട്ടു എന്ന് മാത്രം.

ഇത്തരത്തിൽ സൂക്ഷ്മമായ അർഥതലങ്ങളുള്ളതുകൊണ്ടു തന്നെ നസ്ഖിന്റെ ഭാഷാന്തരങ്ങൾക്ക് അതിന്റെ സാരത്തിനോട് പൂർണമായ നീതി പുലർത്താൻ സാധിക്കാറില്ല. കാലാന്തരത്തിലൂടെ സംഭവിച്ചിട്ടുള്ള സ്ഥൂലമല്ലാത്ത ഇത്തരം ഭാഷാവ്യതിയാനങ്ങൾ തിരിച്ചറിയുന്നതിലുള്ള വീഴ്ച, ഖുർആനും, അതിന്റെ വ്യാഖ്യാനങ്ങളും, പ്രാമാണിക പണ്ഠിതന്മാരുടെ അഭിപ്രായങ്ങളും മനസ്സിലാക്കുന്നതിൽ വലിയ ഇടർച്ചകൾക്ക് വഴി വെക്കും. ആദ്യകാല ഖുർആൻ പ്രാമാണിക പണ്ഠിതന്മാരിൽ പ്രമുഖനും നബിയുടെ (സ) വഫാത്തിനു ശേഷം പ്രധാന പണ്ഡിതനുമായിരുന്നു ഇബ്നു അബ്ബാസ്(റ). നബിയുടെ (സ) പിതൃവ്യ പുത്രൻ കൂടി ആണ് അദ്ദേഹം. “അല്ലാഹുവേ, ഇവന് നീ വേദജ്ഞാനം നൽകേണമേ” എന്ന് റസൂൽ(സ) അദ്ദേഹത്തിന്റെ മേൽ കൈവെച്ച് പ്രാർഥിച്ചതായി റിപ്പോർട്ടുണ്ട്5

ഇബ്നു അബ്ബാസ് (റ) നിരന്തരം നസ്ഖ് എന്ന പദം ഉപയോഗിക്കുമായിരുന്നു. എന്നാൽ അത് പലപ്പോഴും നസ്ഖിന്റെ ഭാഗികമോ പരിമിതമോ ആയ അർഥത്തിലോ ലാക്ഷണികാർഥത്തിലോ ആയിരിക്കും. ഇമാം ശാത്വിബി എഴുതുന്നു, “അപവാദങ്ങൾ പറയപ്പെട്ടിട്ടുള്ള ഖുർആനിലെ പല സംഗതികളെയും ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുകയും അവയെല്ലാം നസ്ഖ് ചെയ്യപ്പെട്ടു എന്നു പറയുകയും ചെയ്യുമായിരുന്നു എന്ന് ഇബ്നു അഖീൽ പറഞ്ഞിരിക്കുന്നു6.” അസ്സഖാവി എഴുതുന്നത് ഇപ്രകാരമാണ്, “നമ്മുടെ വീക്ഷണപ്രകാരം, ഇബ്നു അബ്ബാസ് (റ) ൻ്റെ കാലത്തിനും എത്രയോ ശേഷമാണ് നസ്ഖ്, പ്രത്യേകമാക്കൽ (തഖ്സ്വീസ്വ്), മുൻനിയമത്തിനുള്ള അപവാദം (ഇസ്തിഥ്നാഅ്) തുടങ്ങിയ സംജ്ഞകൾ വ്യവഹരിക്കപ്പെടാൻ തുടങ്ങിയത്. അതു കൊണ്ടുതന്നെ അവയ്ക്കെല്ലാം അദ്ദേഹം നസ്ഖ് എന്ന് തന്നെയായിരുന്നു പ്രയോഗിച്ചിരുന്നത്8.” അതേപോലെ ഖുർത്വുബി (റ) എഴുതുന്നു, “ആലങ്കാരികാർഥത്തിലും ലാക്ഷണികാർഥത്തിലും നസ്ഖ് കൊണ്ട് മുൻഗാമികൾ തഖ്സ്വീസ്വിനെ  അർഥമാക്കിയിരുന്നു.” 

ഇബ്നു അബ്ബാസ്(റ) നസ്ഖിനെ ഭാഗികമായ അർഥത്തിൽ ഉപയോഗിക്കുന്നതിന്റെ ഒരു ഉദാഹരണം ഇമാം ത്വബ്‌രിയുടെ തഫ്സീറിൽ കാണാൻ സാധിക്കും:

‘നിങ്ങളുടേതല്ലാത്ത വീടുകള്‍ക്കകത്ത് പ്രവേശിക്കാതിരിക്കുവിന്‍’ (24: 27) എന്ന ആയത്ത് നസ്ഖ് ചെയ്യപ്പെട്ടുവെന്നും,  ‘എന്നാല്‍, ആള്‍പ്പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഉള്ളതുമായ വീടുകളില്‍ പ്രവേശിക്കുന്നതില്‍ വിരോധമൊന്നുമില്ല’ (24: 29) എന്ന ആയത്തിൽ അതിന് അപവാദം പറയപ്പെട്ടു എന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞു. 

യഥാർഥത്തിൽ 24:27 ഒരു പൊതു നിയമം (മറ്റുള്ളവരുടെ വീടുകളിൽ അവരുടെ അനുവാദം കൂടാതെ പ്രവേശിക്കാവതല്ല) പറഞ്ഞു വെക്കുകയാണ് ചെയ്യുന്നത്. ശേഷമുള്ള രണ്ടാമത്തെ ആയത്തിൽ ഈ നിയമത്തിനുള്ള ഒരാക്ഷേപവും (ആൾപാർപ്പില്ലാത്ത വീടുകളിൽ നിങ്ങൾക്ക് പ്രവേശിക്കാം) സൂചിപ്പിക്കുന്നു. അക്കാലത്ത് യാത്രക്കാർക്ക് അത്തരം വാസശൂന്യമായ വീടുകൾ ഉപയോഗിക്കേണ്ടത് ആവശ്യമായിരുന്നിരിക്കണം. അതുകൊണ്ട് ആ പ്രത്യേക സന്ദർഭത്തെ പരിഗണിച്ച് കൊണ്ട് ആദ്യത്തെ പൊതുനിയമത്തിൽ നിന്നും ഒരൊഴിവാക്കൽ  നൽകുകയാണുണ്ടായത്. ആദ്യ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്ന് ഇബ്നു അബ്ബാസ്  (റ) പറയുന്നുവെങ്കിലും, ആയത്ത് പൂർണമായി എടുത്ത് കളയപ്പെട്ടു എന്ന് അതുകൊണ്ട്  അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച്, ആ നിയമത്തിൽ അപവാദം വന്നു എന്നും അത് പ്രത്യേകമാക്കപ്പെട്ടു എന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇവിടെ നസ്ഖ് അക്ഷരാർഥത്തിലല്ല, ലാക്ഷണികാർഥത്തിലാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. എന്നു മാത്രമല്ല, ഇവിടെ വിശേഷാവസ്ഥ പറഞ്ഞു വെക്കുകയാണെന്ന് ത്വബ്‍രി വ്യക്തമാക്കുക കൂടി ചെയ്യുന്നുണ്ട്. 

പല സന്ദർഭങ്ങളിലും നസ്ഖ് എന്ന സംജ്ഞ ഇബ്നു അബ്ബാസ് (റ) അതിന്റെ യഥാർഥ അർഥത്തിലല്ല ഉപയോഗിച്ചതെന്ന് ഇതിൽ നിന്നും, ഡസൻ കണക്കിനുള്ള മറ്റു ഉദാഹരണങ്ങൾ പരിശോധിക്കുമ്പോഴും നമുക്ക് കാണാൻ സാധിക്കും. പ്രശ്നമെന്താണെന്ന് വെച്ചാൽ, ഖുർആനിലെ ‘സമാധാനത്തിന്റെ ആയത്തുകൾ’ ദുർബലമാക്കപ്പെട്ടുവെന്ന പോലെയുള്ള തികച്ചും അടിസ്ഥാന രഹിതങ്ങളായ വാദങ്ങളെ സാധൂകരിക്കാൻ അജ്ഞരായ മുസ്ലികളും ഇസ്‌ലാം വിമർശകരും അദ്ദേഹത്തിന്റെ പ്രാമാണികതയെ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതാണ്.

ആയത്തുകളും ഖുർആൻ വ്യാഖ്യാനങ്ങളും കൃത്യമായ അപഗ്രഥനത്തിന് വിധേയമാക്കുന്നതിലൂടെ ഖുർആൻ പണ്ഡിതർക്ക് അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ സാധാരണക്കാർക്ക് പലപ്പോഴും ഇവ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങളെ തിരിച്ചറിയാൻ കഴിയുകയല്ല. വിവാദവിഷയകമോ തർക്കമയമോ ആയ സന്ദർഭങ്ങളിൽ, അദ്ദേഹത്തെ പോലുള്ളവരുടെ ഇത്തരം ഉദ്ധരണികൾ ഉപയോഗിക്കുന്നത് ആശയക്കുഴപ്പത്തിനും ദുർവ്യാഖ്യാനത്തിനും കാരണമാവും.

ഇത് ആധുനിക കാലത്ത് ഉത്ഭവിച്ച ഒരു പ്രശ്നമല്ല. കാലങ്ങളായി ചില ഖുർആൻ വ്യാഖ്യാതാക്കൾ പൂർവകാല പണ്ഡിതരുടെ നസ്ഖിന്റെ ഉപയോഗങ്ങളെ പിൽക്കാലത്ത് രൂപപ്പെട്ട് വന്ന അവരുടേതായ സാങ്കേതിക സംജ്ഞകളെ ബലപ്പെടുത്താൻ ഉപയോഗിച്ച് വരുന്നുണ്ട്. തഫ്സീർ പാരമ്പര്യങ്ങളിലേക്ക് നിരാധാരമായ വാദങ്ങളെ കടത്തുവാനുള്ള പഴുത് കൂടി ആണത്. എന്തു തന്നെയായാലും, പ്രായോഗികപഥത്തിലേക്ക് കൊണ്ടുവരാൻ താൽപര്യമില്ലാത്ത ആയത്തുകളെ നിസ്സാരമായി ദുർബലപ്പെടുത്തുന്ന രീതിയിൽ ദുരുപയോഗപ്പെടുത്തുവാൻ ശേഷിയുള്ളതാണ്  ഇത്തരം ശ്രമങ്ങൾ എന്ന് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. 

പൌരാണിക പണ്ഡിതനായിരുന്ന ഇമാം സർക്കശി തന്റെ ചില സമകാലികരെ ഇവ്വിഷയത്തിൽ വിമർശിക്കുന്നത് കാണാൻ സാധിക്കും. പിൽക്കാലത്തു നസ്ഖിന് വന്നുചേർന്ന സാങ്കേതികാർഥത്തെ അവർ കൂടുതലായി അവലംബിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമർശനം:

ഖുർആൻ മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളെയെല്ലാം ദുർബലപ്പെടുത്തുകയും (നസ്ഖ് ചെയ്യുകയും) അതിജയിക്കുകയും ചെയ്തിരിക്കുന്നു. ഖുർആനിനു ശേഷം അതിനെ റദ്ദു ചെയ്യുന്നതായി ഒന്നും വരികയുമില്ല. അതിൽ നസ്ഖ് ചെയ്യുന്നതും (നാസിഖ്) നസ്ഖ് ചെയ്യപ്പെട്ടതുമായി (മൻസൂഖ്) അറിയപ്പെടുന്ന ആയത്തുകൾ വളരെ കുറച്ചാണ്. അവ തന്നെ നസ്ഖ് ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ അല്ലാഹു അവയെ കൃത്യമാക്കുകയും ചെയ്തിട്ടുണ്ട്…  ഒരുപാട് വ്യാഖ്യാതാക്കൾ കരുതുന്നത് പോലെ ഖുർആൻ നസ്ഖ് (സുന്നത്തിനാൽ) ചെയ്യപ്പെടുന്നതല്ല. മറിച്ച് അത് നീട്ടി വെക്കുന്നതോ, വൈകി വരുന്നതോ, ആവശ്യാനുസരണം വ്യക്തത വരുത്തുന്ന തരത്തിൽ അവ്യക്തമായതോ, മുൻകഴിഞ്ഞ നിർദേശത്തെ മാറ്റുന്നതായിട്ടുള്ള നിർദേശമോ, പൊതു തത്വത്തെയോ നിയമത്തെയോ പ്രത്യേകമാക്കുന്നതോ, ഒരർഥത്തോട് മറ്റൊരു സാരവും കൂട്ടിച്ചേർക്കുന്നതോ ആണ്. ഇത്തരത്തിൽ, നസ്ഖ് ചെയ്യപ്പെട്ടു എന്ന് കരുതപ്പെടുന്ന ഒരുപാട് ആയത്തുകൾ യഥാർഥത്തിൽ നസ്ഖ് ചെയ്യപ്പെട്ടവയല്ല. അകമേ പൊരുത്തമുള്ളതും മറ്റു വേദഗ്രന്ഥങ്ങളെ അതിജയിക്കുന്നതുമായ വേദഗ്രന്ഥമാകുന്നു അത്9. 

നസ്ഖിന്റെ അർഥത്തെ ചൊല്ലിയുള്ള അവ്യക്തതയുടെ ഉത്ഭവം നാം മനസ്സിലാക്കിയിരിക്കുന്നു. നസ്ഖ് ചെയ്യപ്പെട്ട ആയത്തുകളുടെ എണ്ണത്തിൽ പണ്ഡിതർക്കിടയിലുണ്ടായിട്ടുള്ള വലിയ പക്ഷാന്തരത്തിന്റെ കാരണവും ഇപ്പോൾ വ്യക്തമാണ്. നസ്ഖിന് വ്യത്യസ്തങ്ങളായിട്ടുള്ള നിർവചനങ്ങൾ ഉപയോഗിക്കുക മാത്രമായിരുന്നു അവർ ചെയ്തത്; വ്യത്യസ്ത വ്യാഖ്യാന ശാസ്ത്ര ധാരകൾ തമ്മിലും കാലാന്തരങ്ങൾക്കിടയിലും നസ്ഖിന് സംഭവിച്ചിട്ടുള്ള സൂക്ഷ്മമായ അർഥ വ്യത്യാസങ്ങളെ ഒരു പക്ഷേ അവർ പരിഗണിച്ചിട്ടുണ്ടാവില്ല. നസ്ഖ് ചെയ്യപ്പെട്ടു എന്ന് വാദിക്കപ്പെടാറുള്ള ആയത്തുകൾ തന്നെ നിയപ്രാബല്യത്തിൽ വരുന്ന രീതികൾ അവർ വ്യക്തമാക്കുന്നുണ്ട്. അത്തരത്തിൽ നസ്ഖിന്റെ സാങ്കേതികാർഥത്തിൽ നിന്നും അവ പുറത്തുകടക്കുന്നു. അവയെല്ലാം തുറന്ന് കാണിക്കുന്നത്, ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നതിലുപരി അവയ്ക്കിടയിലാണ് നസ്ഖ് പ്രവർത്തിക്കുന്നത്.

എന്നാൽ, ഇതിനേക്കാൾ നസ്ഖിന്റെ അർഥത്തെ സങ്കീർണമാക്കുന്ന രീതിയിലുള്ള സംവാദത്തിന്റെ അടരുകൾ പണ്ഡിതന്മാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ആയത്തിന്റെ എഴുത്ത് നസ്ഖ് ചെയ്യപ്പെടുകയും  ഹുക്മ് ബാക്കിയാവുകയും ചെയ്യുന്നതിനുള്ള സാധ്യത,  സുന്നത്തിന് ഖുർആനിനെ നസ്ഖ് ചെയ്യാൻ കഴിയുമോ തുടങ്ങിയവയാണ് ആ ചർച്ചകൾ. ഇവയൊന്നും ഈ ലേഖനം ചർച്ചക്ക് വിധേയമാക്കിയിട്ടില്ല. പലയിടങ്ങളിലും പരിശോധിക്കപ്പെട്ടു കഴിഞ്ഞതുമാണ് ഈ വിഷയങ്ങൾ10. നസ്ഖിന്റെ ഏത് നിർവചനത്തിനാണ് പണ്ഡിതസഭകളിൽ മേൽകൈ ലഭിക്കുന്നത് എന്നതല്ല യഥാർഥത്തിലുള്ള വിഷയം. മറിച്ച്, ഏത് നിർവചനമാണ് അല്ലാഹുവിന്റെ ഇംഗിതമനുസരിച്ച് ഖുർആനിനെ പ്രാവർത്തികമാക്കുവാൻ കൂടുതൽ സഹായിക്കുക എന്നതാണ് പരിഗണിക്കേണ്ടത്. 

നസ്ഖ് മുസ്‌ലിംകൾക്ക് ഒരൊഴിയാ ബാധ്യതയാണെന്നും, ക്ഷമാപണ സ്വഭാവത്തിൽ മാത്രം ചർച്ച ചെയ്യേണ്ടതാണെന്നുമൊക്കെ ഇത്തരം ചർച്ചകൾ കേൾക്കുമ്പോൾ തോന്നിയേക്കാം. വാസ്തവത്തിൽ, കൃത്യമായ യുക്തിയിലധിഷ്ഠിതമാണ് നസ്ഖ് എന്ന പ്രതിഭാസം. എന്ന് മാത്രമല്ല, അത് ഖുർആന്റെ ദൈവികതയെ തുറന്നു കാണിക്കുകയും ചെയ്യുന്നു. 

(തുടരും)

വിവ: അലീൽ അഹ്‍മദ്

അവലംബം: https://yaqeeninstitute.org/

References: 

  1.  ഇമാം അൽ ജുവൈനിയുടെ അൽ വറഖാത്ത് എന്ന ഗ്രന്ഥത്തിന് ജലാലുദ്ദീൻ മഹല്ലി രചിച്ച ശറഹിൽ നിന്നും
  2. ഇഅ്ലാമുൽ മുവഖ്ഖിഈൻ, ഇബ്നുൽ ഖയ്യിം അൽ ജൌസി
  3. Abrogation in the Qur’an and Islamic Law: A Critical Study of the Concept of “naskh” and Its Impact, ലുഅയ് ഫതൂഹി
  4. അൽ സിയാദ വൽ ഇഹ്സാൻ ഫീ ഉലൂമിൽ ഖുർആൻ, ഇബ്നു അഖീൽ അൽ മക്കി
  5. സ്വഹീഹുൽ ബുഖാരി
  6. അൽ മുവാഫഖാത്ത്, അശ്ശാത്വിബി
  7. ജമാലുൽ ഖുര്റാഅ് വ കമാലുൽ ഇഖ്റാഅ്, ഇമാം അസ്സഖാവി
  8. ജാമിഉൽ ബയാൻ അൻ തഅവീലിൽ ഖുർആൻ, ഇമാം ത്വബ്‌രി
  9. അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ, ഇമാം സർക്കശി
  10. ലുഅയ് ഫതൂഹിയുടെ Abrogation in the Qur’an and Islamic Law എന്ന ഗ്രന്ഥത്തിലെ Does the Mushaf contain all of the Qur’an, Abrogation in the Sunnah എന്നീ അധ്യായങ്ങൾ ഉദാഹരണം.

Related Articles