Current Date

Search
Close this search box.
Search
Close this search box.

പ്രഭാത- പ്രദോഷ വേളകളിലെ തസ്ബീഹ്

പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും അതിനെ സൃഷ്ടിച്ച നാഥന്റെ പരിശുദ്ധിയെ വാഴ്ത്തി കൊണ്ടിരിക്കുന്നുവെന്ന് വി.ഖുർആനിക ( ഹദീദ് 1) സൂചിപ്പിക്കുമ്പോൾ, അതിനു ഏറ്റവും അർഹതയുള്ളവൻ ‘ഉൽകൃഷ്ട സൃഷ്ടി’യെന്ന ഖ്യാതിയുള്ള മനുഷ്യർ തന്നെയാണ് എന്ന് പലരും മറന്നു പോകുന്നു. ജീവിതപ്പാച്ചിലിനിടയിൽ പ്രപഞ്ച നാഥന്റെ അനുഗഹങ്ങൾ കണ്ടെറിഞ്ഞ് അവനെ വാഴ്തുന്നതിന് പകരം നന്ദികേടിൽ അലങ്കാരം കാണിക്കുന്നതിലാണ് പലർക്കും താല്പര്യം.

വിശുദ്ധ ഖുർആൻ നിരവധി സ്ഥലങ്ങളിൽ തസ്ബീഹ് നടത്താൻ നമ്മോട് കല്പിക്കു മ്പോഴെല്ലാം പ്രത്യേകമായി പറഞ്ഞ രണ്ട് സമയങ്ങൾ നമുക്ക് കാണാം ഉദാ : സൂറത്തുൽ അഹ്സാബിന്റെ 42-ാം വചനത്തിൽ- “وَسَبِّحُوهُ بُكۡرَةࣰ وَأَصِیلًا” (പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ധാരാളം വാഴ്ത്തുക). സൂറത്തുൽ ഫത്ഹിന്റെ 9-ാം വചനത്തിലും: ” وَتُسَبِّحُوهُ بُكۡرَةࣰ وَأَصِیلًا” എന്ന് അതേ കാര്യം തന്നെ പറഞ്ഞിരിക്കുന്നു. മറ്റൊരു രൂപത്തിൽ സൂറ: ഇൻസാന്റെ 25-ാം വചനത്തിൽ വിണ്ടും വന്നിരിക്കുന്നു; “وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةࣰ وَأَصِیلࣰا”

ഈ പദങ്ങൾ 4 സ്ഥലങ്ങളിലായി പടച്ച റബ്ബ് ആവർത്തിക്കുന്നതായി കാണാം. ഇവിടെയെല്ലാം പ്രഭാതത്തിലും പ്രദോഷത്തിലും ധാരാളമായി അല്ലാഹുവിനെ വാഴ്ത്തുക എന്നാണ് പറഞ്ഞിരിക്കുന്നത്.! മറ്റൊരു രൂപത്തിൽ സൂറ: റൂമിന്റെ 17-ാം സൂക്തത്തിൽ; فَسُبۡحَـٰنَ ٱللَّهِ حِینَ تُمۡسُونَ وَحِینَ تُصۡبِحُونَ ( പ്രഭാതത്തിലും സന്ധ്യാവേളയിലും നിങ്ങൾ അവനെ പ്രകീർത്തിക്കുക). മാത്രമല്ല, ജീവിതത്തിൽ പ്രതിസന്ധികൾ അനുഭവപ്പെടുന്ന സമയത്തും വി.ഖുർആൻ സൂറത്തുൽ കഹ്ഫിന്റെ 28-ാം വചനത്തിലൂടെ ഇതേ കാര്യം ഉണർത്തുന്നു; وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِینَ یَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِیِّ” സൂറ: ത്വാഹയുടെ 130-ാം വചനത്തിലും കാണാം.

പ്രഭാതത്തിലും പ്രദോഷത്തിലും നിങ്ങൾ അല്ലാഹുവിനെ പ്രകീർത്തിക്കുക. ഏകദേശം 10 ൽ അധികം സ്ഥലങ്ങളിൽ റബ്ബ് ഇതേ കാര്യം ഉണർത്തുന്നുണ്ട്. വിശേഷിച്ചും ഈ രണ്ടു സമയങ്ങളെ പ്രത്യേകം പരാമർശിച്ചിരിക്കുന്നു. ഈ രണ്ടു സമയത്തെക്കുറിച്ച് നാം ചിന്തിച്ചാൽ നമുക്കു മനസ്സിലാകും, പ്രഭാതം എന്നുള്ളത് ഇരുട്ടിന്റെ ആവരണത്തെ വകഞ്ഞു മാറ്റിക്കൊണ്ട് വെളിച്ചം കടന്നുവരുന്ന സന്ദർഭമാണ്.! അതേ സമയം സന്ധ്യാവേള വെളിച്ചം നമ്മളിൽ നിന്നും പിടപറയാൻ ആരംഭിക്കുന്ന സന്ദർഭവും.! ഈ രണ്ടു സന്ദർഭങ്ങളും നാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ചുറ്റുമുളള പ്രകൃതി ഏറ്റവും വലിയ മാറ്റത്തിന് വിദേയമാകുന്ന രണ്ട് സന്ദർഭങ്ങളാണെന്ന് മനസ്സിലാകും.! ഈ രണ്ടു സമയങ്ങളിലും സ്യഷ്ടാവിന്റെ കരവിരുത് കണ്ടറിഞ്ഞ് മനസ്സിലാക്കി ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്ന തസ്ബീഹാണ് നാഥൻ ആവിശ്യപ്പെടുന്നത്.!

എന്താണ് തസ്ബീഹ്? അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, പ്രകീർത്തിക്കുക എന്നതാണ്. ‘سبح’ എന്ന പദം അല്ലെങ്കിൽ അതിന്റെ മൂല പദം ആയിട്ട് പണ്ഡിതന്മാർ സൂചിപ്പിക്കുന്നത് ; ‘سباح’ എന്ന പദമാണ്. ‘سباح’ എന്നാൽ; വെള്ളത്തിൽ നീന്തുക, പൊന്തിക്കിടക്കുക, വേഗത്തിൽ സഞ്ചരിക്കുക മാത്രമല്ല, ‘ماء والهواء’ വെള്ളത്തിലൂടെയോ അല്ലെങ്കിൽ വായുവിലൂടെയോ ഒരാൾ സഞ്ചരിക്കുന്നതിനെയാണ് ഇങ്ങനെ പറയുക.! വെള്ളത്തിൽ നീന്തുന്ന ഒരാൾ തന്റെ സ്ഥാനം അയാൾ വെള്ളത്തിൽ കൃത്യമായി നിർത്തേണ്ടതുണ്ട്. സന്തുലിതത്വം തെറ്റിക്കഴിഞ്ഞാൽ അദ്ദേഹം താഴേക്ക് മുങ്ങി പോകും. അല്ലാഹുവിനെ സംബന്ധിച്ചിടുത്തോളം അവൻ എല്ലാ ന്യൂനതകൾക്കും അതീതനാണെന്ന് നാം പ്രഖ്യാപിക്കുകയാണ് യഥാർത്ഥത്തിൽ തസ്ബീഹ്. പടച്ച റബ്ബിന്റെ സൃഷ്ടിയിലുള്ള Perfection ആണ് അതിലൂടെ വിളിച്ചു പറയുന്നത്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും അവന്റെ മഹത്വത്തെ വാഴ്ത്തി കൊണ്ടിരിക്കുകയാണ്.

വിശുദ്ധ ഖുർആനിലെ ‘മുസ്വബ്ബിഹാത്ത്’ സൂറകളെല്ലാം നാം കണ്ടതാണ്.! മനുഷ്യരിൽപ്പെട്ട ചില ആളുകൾ അല്ലാഹുവിന്റെ മേൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സന്ദർഭത്തിൽ അല്ലാഹു ‘سبحان’ എന്ന പദം കൊണ്ട് അവരെ ഖണ്ഡിക്കുന്നതായി കാണാം.! ഉദാ: സൂറത്തു മർയം; ക്രൈസ്തവരുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. സൂറയിൽ പ്രത്യേകമായി ഊന്നിപ്പറയുന്ന ഒരു കാര്യം; അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന് പറയുന്ന അവരുടെ ഗുരുതരമായിട്ടുള്ള ആരോപണമാണ്. 88 മുതലുള്ള സൂക്തങ്ങൾ വായിക്കുകയാണെങ്കിൽ കാണാം; (وَقَالُوا۟ ٱتَّخَذَ ٱلرَّحۡمَـٰنُ وَلَدࣰا) ‘കാരുണ്യവാനായ അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു’ എന്നവർ പറഞ്ഞിരിക്കുന്നു. അവർ പറയുന്ന ആരോപണത്തിന്റെ ഗാംഭീര്യമാണ് തുടർന്ന് ഖുർആൻ പറഞ്ഞുവെക്കുന്നത്.

ഇത്രയും ഗുരുതരമായ ജല്പനം അവർ നടത്തിയപ്പോഴും അല്ലാഹു അവരെ ഖണ്ഡിക്കുന്നത് ഇതേ സൂറയിലെ തന്നെ 35-ാം വചനം കൊണ്ടാണ് അവിടെയും ഉപയോഗിച്ചിരിക്കുന്ന പദം “سبحان” എന്നതാണെന്ന് കാണാം. സന്താനത്തെ സ്വീകരിച്ചു എന്ന് പരാമർശിക്കുന്ന സ്ഥലങ്ങളിൽ ഒക്കെ തന്നെ ഏകദേശം 5 – ൽ പരം സ്ഥലങ്ങളിലും ഇതേ പദം ചേർക്കുന്നതായി കാണാം.! മാത്രമല്ല, മക്കാ മുശ് രിക്കുകൾ അല്ലാഹു പെൺ സന്താനത്തെ സ്വീകരിച്ചു എന്നു ഗുരുതരമായ ആരോപണം നടത്തിയപ്പോഴും പടച്ച റബ്ബ് അവരെ ഖണ്ഡിച്ചത് സൂറ: നഹ്‌ലിന്റെ 57-ാം വചനം കൊണ്ടാണ്; وَیَجۡعَلُونَ لِلَّهِ ٱلۡبَنَـٰتِ سُبۡحَـٰنَهُۥ ഇവിടെയും അതേ പദം ഉപയോഗിച്ചതായി കാണാം.! അതുകൊണ്ട്തന്നെ സൃഷ്ടികളുടെ ന്യൂനതകൾ സൃഷ്ടാവിലേക്ക് ആരോപിക്കുന്ന സന്ദർഭത്തിലെല്ലാം എന്റെ റബ്ബ് ഇതിൽ നിന്നെല്ലാം മുക്തനാണെന്നും, മുകളിൽ സൂചിപ്പിച്ച ആ രണ്ടു സമയങ്ങളിലുള്ള അവന്റെ സൃഷ്ടിവൈഭവവും മനസ്സിലാക്കി ഓരോ മനുഷ്യനും പ്രഖ്യാപിക്കലാണ് യഥാർത്ഥത്തിൽ തസ്ബീഹ്..!

Related Articles