Current Date

Search
Close this search box.
Search
Close this search box.

നബിയുടെ പേരിൽ സ്വലാത്തും സലാമും ചൊല്ലൽ

അല്ലാഹു പറയുന്നു. إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما (الأحزاب 56)
(നിശ്ചയം, അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്തു ചൊല്ലുന്നു. സത്യവിശ്വാ സികളേ, നിങ്ങളും അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുക.)

സ്വലാത്തിന്റെ വിവക്ഷ
അബുൽ ആലിയ പറഞ്ഞതായി ബുഖാരി ഉദ്ധരിക്കുന്നു: “മലക്കുകളുടെ അടുക്കൽ വെച്ച് തിരുമേനിയെക്കുറിച്ച് നടത്തുന്ന പ്രകീർത്തനമാണ് അല്ലാഹുവിന്റെ സ്വലാത്ത് മലക്കുകളുടെ സ്വലാത്താകട്ടെ പ്രാർത്ഥനയും.

അബൂ ഈസാ തിർമിദി പറഞ്ഞു: “സുഫ്യാനു സൗരിയിൽ നിന്നും മറ്റനേകം പണ്ഡിതൻമാരിൽ നിന്നും ഉദ്ധരിക്കപ്പെടുന്നു. സർവാധിനാഥന്റെ സ്വലാത്ത് എന്നാൽ കാരുണ്യമെന്നർത്ഥം. മലക്കുകളുടെ സ്വലാത്ത് എന്നാൽ പാപമോചനാർത്ഥനയെന്നും ഇബ്നുകസീർ പറയുന്നു: “തന്റെ ദാസനായ പ്രവാചകന് ഉപരിലോകത്തുള്ള സ്ഥാനമെന്താണെന്ന് അഥവാ, അദ്ദേഹം സാമീപ്യം സിദ്ധിച്ച മലക്കുകളുടെ അടുക്കൽ പ്രകീർത്തിക്കപ്പെടുകയും മലക്കുകൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തുചൊല്ലുകയും ചെയ്യുന്നുണ്ടെന്ന് സ്വന്തം അടിയാറുകളെ അറിയിക്കുകയാണ് അല്ലാഹു ഈ സൂക്തം മുഖേന ഉദ്ദേശിച്ചിട്ടുള്ളത്. അനന്തരം അധോലോകത്തുള്ളവരോട് തിരുമേനിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലാൻ അവൻ ആജ്ഞാപിച്ചു. ഉപരിലോകത്തും അധോലോ കത്തുമുള്ള ഇരു വിഭാഗത്തിന്റെയും പ്രകീർത്തനം ഒന്നിച്ചു മേളിക്കാൻ വേണ്ടി .
ഈ വിഷയകമായി വന്ന ഹദീസുകൾ ധാരാളമാണ്. അവയിൽ ചിലത് താഴെ ഉദ്ധരിക്കാം.

1. അബ്ദുല്ലാഹിബ്നു അംറുബിൽ ആസി (റ)ൽ നിന്ന് നിവേദനം. പ്രവാചകൻ പറഞ്ഞു. ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അതിനു പകരമായി അല്ലാഹു അവന്റെ മേൽ പത്തു സ്വലാത്ത് ചൊല്ലും.” (മുസ്ലിം)

2. ഇബ്നുമസ്ഊദിൽ നിന്ന് നിവേദനം: പ്രവാചകൻ പറഞ്ഞു: “അന്ത്യദിനത്തിൽ എന്നോട് ഏറ്റവും അടുത്ത വ്യക്തി എന്റെ മേൽ ഏറ്റവുമധികം സ്വലാത്തു ചൊല്ലുന്നവനായിരിക്കും.” (തിർമിദി – അദ്ദേഹം ഈ ഹദീസ് ഹസനാണെന്നു പറഞ്ഞിരിക്കുന്നു.)

3. അബൂഹുറയ്റയിൽ നിന്ന് നിവേദനം. പ്രവാചകൻ പറഞ്ഞു: എന്റെ ഖബറിനെ നിങ്ങൾ ഉത്സവ(സ്ഥല)മാക്കരുത്. എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലിക്കൊൾക. കാരണം, നിങ്ങൾ എവിടെയായിരുന്നാലും അതെനിക്ക് ലഭിക്കും. (അബൂദാവൂദ്)

“നബി(സ)യുടെ പേരിൽ സ്വലാത്തു ചൊല്ലുമ്പോൾ സ്വലാത്തും സലാമും ഒന്നിച്ചു തന്നെ പറയണം. അവയിലൊന്നിൽ മാത്രം പരിമിത മായിപ്പോവരുത്. സല്ലല്ലാഹു അലൈഹി എന്നു മാത്രമോ “അലൈഹിസ്സലാം’ എന്നുമാത്രമോ പറയരുത്.

4. അബൂഹുറയ്റയിൽ നിന്ന് നിവേദനം. പ്രവാചകൻ പറഞ്ഞു: “ഞങ്ങൾ അഹ് ലുബൈതിന്റെ മേൽ സ്വലാത്തു ചൊല്ലുമ്പോൾ പരിപൂർണമായ അളവിൽ അത് അളക്കപ്പെടുന്നത് ആർക്കെങ്കിലും സന്തോഷകരമാണെങ്കിൽ അവൻ ഇങ്ങനെ പറഞ്ഞു കൊള്ളട്ടെ.
اللهم صل على محمد النبي وأزواجه أمهات المؤمنين وذريته واهل بيته كما صليت على آل إبراهيم إنك حميد مجید (ترمذی)

(അല്ലാഹുവേ, ഇബ്രാഹീമിന്റെ കുടുംബത്തിന് നീ കാരുണ്യം ചെയ്തപോലെത്തന്നെ മുഹമ്മദ് നബിക്കും സത്യവിശ്വാസികളുടെ മാതാക്കളായ അദ്ദേഹത്തിന്റെ പത്നിമാർക്കും സന്താനങ്ങൾക്കും കുടുംബത്തിനും നീ കാരുണ്യം ചെയ്യേണമേ.)

സ്വലാത്ത് എപ്പോഴെല്ലാം
നബി(സ)യുടെ പേര് അനുസ്മരിക്കുമ്പോഴെല്ലാം സ്വലാത്ത് നിർബന്ധമാണെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിമതം. ത്വഹാവിയും ഹലീമിയും അവരിലുൾപ്പെടുന്നു. അബൂഹുറയ്റയിൽ നിന്ന് ‘ഹസനായ പരമ്പരയിൽ തിർമിദി ഉദ്ധരിച്ച ഹദീസാണ് അവരുടെ തെളിവ്.
തിരുമേനി പറഞ്ഞു: “ആരുടെയെങ്കിലുമടുക്കൽ വച്ചു ഞാൻ അനുസ്മരിക്കപ്പെടുമ്പോൾ എന്റെ മേൽ സ്വലാത്തു ചൊല്ലിയിട്ടില്ലെങ്കിൽ അവനു നാശം“.
“എന്റെ നാമം അനുസ്മരിക്കപ്പെടുമ്പോൾ സ്വലാത്ത് ചൊല്ലാത്തവനാണ് ജനങ്ങളിൽ ഏറ്റവും വലിയ ലുബ്ധ“ നെന്ന് നബി (സ) അരുളിയതായി അബൂദർറിൽ നിന്നുദ്ധരിക്കപ്പെടുന്ന ഹദീസാണ് അവരുടെ മറ്റൊരു തെളിവ്.

സദസ്സിൽ നബി(സ)യുടെ മേൽ ഒരു പ്രാവശ്യം സ്വലാത്തു ചൊല്ലൽ നിർബന്ധമാണെന്നും പിന്നീട് ചൊല്ലൽ നിർബന്ധമല്ല, പ്രത്യുത, അഭികാമ്യമാ യിട്ടുള്ളത് മാത്രമാണെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. അബൂഹുറയ്റയിൽ നിന്ന് തിർമിദി ഉദ്ധരിക്കുന്ന ഹദീസാണ് തെളിവ്.
റസൂൽ (സ) പറഞ്ഞു: “അല്ലാഹുവിനെ സ്മരിക്കുകയോ നബിയുടെ മേൽ സ്വലാത്തുചൊല്ലുകയോ ചെയ്യാതെ സമ്മേളിച്ച വിഭാഗത്തിന് അന്ത്യദിനത്തിൽ എന്തെങ്കിലുമൊരു നഷ്ടം സംഭവിക്കാതിരിക്കില്ല. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അവരെ ശിക്ഷിച്ചേക്കാം. അവനുദ്ദേശിക്കുകയാണെങ്കിൽ അവർക്ക് പൊറുത്തുകൊടുക്കുകയും ചെയ്തേക്കാം.”
തിർമിദി ഇത് ഹസനാണെന്നു പറഞ്ഞിരിക്കുന്നു.

മലക്കുകളുടെ അടുക്കൽ വെച്ച് തിരുമേനിയെക്കുറിച്ച് നടത്തുന്ന പ്രകീർത്തനമാണ് അല്ലാഹുവിന്റെ സ്വലാത്ത് മലക്കുകളുടെ സ്വലാത്താകട്ടെ പ്രാർത്ഥനയും.

സ്വലാത്തും സലാമും എഴുതൽ
നബിയുടെ പേരെഴുതുമ്പോഴെല്ലാം അതിനോടൊപ്പം സ്വലാത്തും സലാമും കൂടി എഴുതൽ ഉത്തമമാണെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ പ്രബലമായ ഹദീസുകളൊന്നും തെളിവായി വന്നിട്ടില്ല.
ഖത്വീബുൽ ബഗ്ദാദി പറയുന്നു: “ഇമാം അഹ് മദുബ്നു ഹമ്പലി(റ)ന്റെ ഹസ്തലിഖിതങ്ങൾ ഞാൻ കാണുകയുണ്ടായി. സ്വലാത്തില്ലാതെ തന്നെ അതിലദ്ദേഹം നബി(സ)യുടെ പേർ ധാരാളമായി എഴുതിയിട്ടുണ്ട്. എന്നാൽ നബി(സ)യുടെ പേരുച്ചരിക്കുന്ന വേളയിൽ അദ്ദേഹം സ്വലാത്തു ചൊല്ലാറുണ്ടായിരുന്നു എന്നാണ് എന്റെ അറിവ്.

ഒന്നിച്ചു പറയൽ
നവവി പറഞ്ഞു: “നബി(സ)യുടെ പേരിൽ സ്വലാത്തു ചൊല്ലുമ്പോൾ സ്വലാത്തും സലാമും ഒന്നിച്ചു തന്നെ പറയണം. അവയിലൊന്നിൽ മാത്രം പരിമിത മായിപ്പോവരുത്. സല്ലല്ലാഹു അലൈഹി എന്നു മാത്രമോ “അലൈഹിസ്സലാം’ എന്നുമാത്രമോ പറയരുത്.

പ്രവാചകൻമാരുടെ മേൽ സ്വലാത്ത്
പ്രവാചകൻമാരുടെയും മലക്കുകളുടെയും മേൽ സ്വതന്ത്രമായി സ്വലാത്തു ചൊല്ലുന്നത് ഉത്തമമായി ഗണിക്കപ്പെട്ടിരിക്കുന്നു. പ്രവാചകൻമാരല്ലാത്തവരുടെ പേരിലും സ്വലാത്ത് അനുവദനീയമത്രെ.

اللهم صل على محمد النبي وأزواجه أمهات المؤمنين….
(അല്ലാഹുവേ, മുഹമ്മദ് നബിയുടെയും സത്യവിശ്വാസികളുടെ മാതാക്കളായ അദ്ദേഹത്തിന്റെ പത്നിമാ രുടെയും……. മേൽ നീ കാരുണ്യം ചെയ്യേണമേ) എന്ന തിരുവചനം മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ പ്രവാചകന്മാരല്ലാത്തവരുടെ പേരിൽ സ്വതന്ത്രമായി സ്വലാത്ത് ചൊല്ലുന്നത് കറാഹത്താണ്. അപ്പോൾ, ‘ഉമർ സല്ലല്ലാഹു അലൈഹി വസല്ലം’ എന്നു പറയാവതല്ല.

അതിന്റെ രൂപം
അബൂമസ്ഊദിൽ അൻസാരിയിൽ നിന്ന് മുസ്ലിം നിവേദനം ചെയ്യുന്നു. ബശീറുബ്നു സഅ്ദ് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ പേരിൽ സ്വലാത്തു ചൊല്ലാൻ അല്ലാഹു ഞങ്ങളോട് കല്പിച്ചിരിക്കുന്നു. എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി(സ) ചോദ്യം കേട്ടഭാവം പോലും നടിക്കാതെ കുറേനേരം നിശ്ശബ്ദനായി. പിന്നീട് പറഞ്ഞു.

اللهم صل على محمد وعلى آل محمد كما صليت على آل إبراهيم، وبارك على محمد وعلى آل محمد كما باركت على آل إبراهيم في العالمين إنك حميد مجيد
(അല്ലാഹുവേ, മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും ഇബ്റാഹീമിന്റെ കുടുംബത്തിന് നീ ചെയ്ത പോലെ കാരുണ്യം ചെയ്യേണമേ. ലോകരിൽ ഇബ്റാഹീമിന്റ് കുടുംബത്തെ നീ അനുഗ്രഹിച്ച പോലെ മുഹമ്മദിനെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. തീർച്ചയായും നീ സ്തുത്യർഹനും അതിശ്രേഷ്ഠനും തന്നെ എന്നു നിങ്ങൾ പറഞ്ഞുകൊള്ളുക. ‘സലാം’ നിങ്ങൾക്കറിയുന്നപോലെതന്നെ.

അബ്ദുല്ലാഹിബ്നു മസ്ഊദ് പറഞ്ഞതായി ഇബ്നുമാജയുടെ റിപ്പോർട്ട്
“നിങ്ങൾ റസൂലിന്റെ (സ) പേരിൽ സ്വലാത്തു ചൊല്ലുമ്പോൾ അത് ഭംഗിയായി ചെയ്യുക. കാരണം, അതൊരുപക്ഷേ അദ്ദേഹത്തിന് കാണിക്കപ്പെട്ടേക്കാമെന്നത് നിങ്ങൾക്കറിയില്ല. എന്നാൽ അതെങ്ങനെയാണെന്ന് ഞങ്ങൾക്ക് പഠിപ്പിച്ചുതരിക എന്ന് ജനങ്ങൾ അദ്ദേഹത്തോടാവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇപ്രകാരം പറഞ്ഞുകൊള്ളുക.

اللهم اجعل صلواتك ورحمتك وبركاتك على سيد المرسلين وإمام المتقدمين وخاتم الشيين محمد عبدك ورسولك إمام الخير وقائد الخير ورسول الرحمة اللهم ابعله مقاما يغيطة به الأولون اللهم صل على محمد وعلى آل محمد كما صليت على إبراهيم وعلى آل إبراهيم إلك حميد مجيد اللهم بارك على محمد وعلى آل محمد كما باركت على إبراهيم وعلى آل إبراهيم إنك حميد مجيد

(അല്ലാഹുവേ, നിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും പ്രവാചകന്മാരുടെ നേതാവും മുൻഗാമികളുടെ നായകനുമായി അന്ത്യപ്രവാചകനിൽ നിക്ഷേപിക്കുമാറാകേണമേ, നിന്റെ ദാസനും ദൂതനും നന്മയുടെ നേതാവും പുണ്യത്തിന്റെ നായകനും സ്നേഹദൂതനുമാകുന്നു മുഹമ്മദ് നബി, അല്ലാഹുവേ, നീ, ആദിപുണ്യവാന്മാർ അദ്ദേഹത്തിൽ സന്തുഷ്ടരാകുംവണ്ണമുള്ള സ്ഥാനത്തെത്തിക്കുക. അല്ലാഹുവേ, മുഹമ്മദ് നബിക്കും മുഹമ്മദ് കുടുംബത്തിനും നിന്റെ രക്ഷയുണ്ടാവട്ടെ. ഇബ്രാഹീമിനും ഇബ്റാഹീം കുടുംബത്തിനും നിന്റെ രക്ഷയുണ്ടായതു പോലെ, നീ സ്തുതീയനും ശ്രേഷ്ഠനുമാണല്ലോ. അല്ലാഹുവേ, മുഹമ്മദ് നബിയെയും മുഹമ്മദിന്റെ കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ, ഇബ്റാഹീമിനെയും ഇബ്റാഹീം കുടുംബത്തെയും നീ അനുഗ്രഹിച്ചതു പോലെ. നീ സ്തുതീയനും ശ്രേഷ്ഠനുമാണല്ലോ.)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles