Current Date

Search
Close this search box.
Search
Close this search box.

പ്രാർഥന സ്വീകരിക്കപ്പെടാനുള്ള മര്യാദകൾ

പ്രാർഥനക്ക് ചില മര്യാദകൾ പാലിക്കേണ്ടതുണ്ട് . അവ താഴെ പറയുന്നു.

1. അനുവദനീയങ്ങൾ കാംക്ഷിക്കുക. ഹാഫിള് ഇബ്നു മർദവൈഹി ഇബ്നു അബ്ബാസിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ നബി(സ)യുടെ അരികിൽ വച്ച് ഈ ആയത്ത് ഓതി يا أيها الناس كلوا مما في الأرض حلالا طيبا (البقرة 168)

(ജനങ്ങളെ, നിങ്ങൾ ഭൂമിയിലുള്ള അനുവദനീയമായ നല്ല വസ്തുക്കൾ തിന്നുകൊള്ളുക.) ഉടനെ സഅ്ദുബ്നു അബീവഖാസ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും, തിരുമേനി പറഞ്ഞു: സഅ്ദേ, നിന്റെ ഭക്ഷണം ശുദ്ധമാക്കുക. എങ്കിൽ നിന്റെ പ്രാർത്ഥനക്കുത്തരം ലഭിക്കും. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനിൽ സത്യം. നിഷിദ്ധമായ ഒരു പിടി ഭക്ഷണം കഴിക്കുന്ന മനുഷ്യന്റെ നാല്പത് ദിവസത്തെ കർമങ്ങൾ സ്വീകരിക്കപ്പെടുകയില്ല. ഒരാളുടെ മാംസം വളർന്നിരിക്കുന്നത് നിഷിദ്ധമായ ഭക്ഷേണവും പലിശയും കൊണ്ടാണെങ്കിൽ നരകമാണ് അവന് അർഹമായത്.

നബി (സ) പറഞ്ഞതായി അബൂഹുറയ്റയിൽ നിന്ന് മുസ്ലിമും അഹ്മദും ഉദ്ധരിക്കുന്നു: “ജനങ്ങളേ, അല്ലാഹു വിശുദ്ധനാണ്. ശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. അല്ലാഹു അവന്റെ പ്രവാചകൻമാരോട് ഉപദേശിച്ചത് തന്നെ മുഅ്മിനുകളോടും ഉപദേശിച്ചിരിക്കുന്നു.

يا أيها الرسل كلوا من الطيبات واعملوا صالحا إنّي بما تعملون عليم (المؤمنون 51)
(പ്രവാചകൻമാരേ, ശുദ്ധമായതിൽ നിന്ന് ഭക്ഷിച്ചുകൊള്ളുക. സദ് വൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഞാൻ സൂക്ഷമമായി അറിയുന്നുണ്ട്.)

يا أيها الذين آمنوا كلوا من طيبات ما رزقناكم (البقرة ١٧٢)
(സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ ശുദ്ധമായതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുക.)

പിന്നീട് തിരുമേനി ഒരു മനുഷ്യന്റെ കാര്യം അനുസ്മരിച്ചു. അവൻ ദീർഘമായ യാത്ര ചെയ്ത് മൂടി ജടപിടിക്കുകയും വസ്ത്രങ്ങൾ മുഷിയുകയും ചെയ്തിരിക്കുന്നു. നിഷിദ്ധമായതാണ് അവന്റെ ഭക്ഷണം. അവന്റെ വസ്ത്രങ്ങളും നിഷിദ്ധമാണ്. അവന്റെ വാഹനവും നിഷിദ്ധമാണ്. എന്നിരിക്കേ അവൻ ആകാശത്തിലേക്ക് കൈ ഉയർത്തിക്കൊണ്ട് എന്റെ റബ്ബേ, എന്റെ റബ്ബേ എന്നിങ്ങനെ പ്രാർത്ഥിക്കും. പക്ഷേ, എങ്ങനെയാണവന്ന് ഉത്തരം ലഭിക്കുക?

2. ഖിബ് ലയെ അഭിമുഖീകരിച്ചുകൊണ്ടായിരിക്കുക. നബി (സ) മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ പുറപ്പെട്ടു. അങ്ങനെ അവിടന്ന് ഖിബ് ലയെ അഭിമുഖീകരിച്ചുകൊണ്ട് പ്രാർത്ഥിച്ചു.

3. ശ്രഷ്ഠമായ സമയവും ഉത്തമാവസരങ്ങളും തിരഞ്ഞെടുക്കുക. അറഫാ ദിവസം, റമദാൻ മാസം, വെള്ളിയാഴ്ച രാത്രിയുടെ അവസാനയാമം, പ്രഭാതസമയം, സുജൂദിന്റെ അവസരം, മഴ വർഷിക്കുമ്പോൾ, ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഹൃദയം നിർമലമായിരിക്കുന്ന സമയം എന്നിവ ഉദാഹരണങ്ങളാണ്.

അബൂഉമാമയിൽനിന്ന് റിപ്പോർട്ട്, “ആരോ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഏത് പ്രാർത്ഥനയാണ് ഏറ്റവും കേൾക്കപ്പെടുന്നത്? തിരുമേനി പറഞ്ഞു: രാത്രിയുടെ അവസാനത്തിലും നിർബന്ധ നമസ്കാരങ്ങളുടെ അവസാനത്തിലും.” (തിർമിദി)

നബി (സ) പറഞ്ഞതായി അബൂഹുറയ്റയിൽ നിന്നു നിവേദനം: “അടിമ തന്റെ നാഥനുമായി ഏറ്റവും അടുത്ത് നിൽക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്. അപ്പോൾ നിങ്ങൾ കൂടുതലായി പ്രാർഥിക്കുക. ഉത്തരം ലഭിക്കാൻ ഏറ്റവും അടുത്തതാണത് (മുസ്ലിം). ഇവ്വിഷയകമായി ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.

4. കൈ രണ്ടും ചുമലിന് നേരെ ഉയർത്തുക. ഇബ്നുഅബ്ബാസിൽ നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: കൈ രണ്ടും ചുമലിന് മുകളിലോ അവയ്ക്ക് നേരെയോ ഉയർത്തിക്കൊണ്ടാണ് ചോദിക്കേണ്ടത് പൊറുത്തുതരാൻ വേണ്ടി അർത്ഥിക്കുമ്പോൾ ഒരു വിരൽ മാത്രം ഉയർത്തണം. പരസ്പരം ശപിക്കുമ്പോൾ കൈ മുഴുവൻ പരത്തുകയാണ് വേണ്ടത്.

നബി (സ) പറഞ്ഞതായി മാലിക് ബ്നു യസാറിൽ നിന്ന് നിവേദനം: “നിങ്ങൾ അല്ലാഹുവോട് ചോദിക്കുകയാണെങ്കിൽ ഉള്ളംകൈകൊണ്ട് ചോദിക്കുക. പുറംകൈകൊണ്ട് ചോദിക്കരുത്.“

നബി(സ) പറഞ്ഞതായി സുലൈമാനിൽ നിന്ന് ഉദ്ധരിക്കുന്നു. അത്യുന്നതനായ നിങ്ങളുടെ നാഥൻ സമീപസ്ഥനും ഉദാരനുമാണ്. തന്റെ അടിമ അവനിലേക്ക് കൈ ഉയർത്തിയാൽ അത് വെറുതെ മടക്കുന്നത് അവൻ ലജ്ജിക്കുന്നു.

5. ഹംദും സ്വലാത്തും കൊണ്ടാരംഭിക്കുക. ഫുദാലത്ബിനു അബീദിൽനിന്ന് അബൂദാവൂദും തിർമിദിയും നസാഇയും ഉദ്ധരിക്കുന്നു. അല്ലാഹുവെ പുകഴ്ത്തുകയോ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ ഒരാൾ തന്റെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്നതായി നബി(സ) കേട്ടു. തിരുമേനി പറഞ്ഞു. അയാൾക്ക് ധൃതികൂടി പിന്നീട് അദ്ദേഹത്തെ വിളിച്ച് ഇങ്ങനെ പറഞ്ഞു:
إذا صلى أحدكم فليبدأ بتمجيد ربه جل وعز والثناء عليه، ثم يصلي على النبي صلى الله عليه وآله وسلم، ثم يدعو بعد بما شاء

(നിങ്ങളിൽ ആരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ നാഥനെ സ്തുതിച്ചുകൊണ്ടും പുകഴ്ത്തി ക്കൊണ്ടും നബി(സ)ക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും ആരംഭിക്കട്ടെ. പിന്നീട് അവൻ ആഗ്രഹിക്കുന്നത് ചോദിക്കാം.)

6. ഹൃദയസാന്നിധ്യവും അല്ലാഹുവോടുള്ള ആശ്രിതത്വവും വിനയവും പ്രദർശിപ്പിക്കുക. കൂടുതൽ ഉച്ചത്തിലോ നന്നേ ശബ്ദമില്ലാതെയോ ആവാതിരിക്കുക. അല്ലാഹു പറയുന്നു.

ولا تجهر بصلاتك ولا تخافت بها وابتع بين ذلك سبيلاً
(നിന്റെ പ്രാർത്ഥനയിൽ നീ ശബ്ദമുയർത്തരുത്. നന്നേ ശബ്ദം താഴ്ത്തുകയും ചെയ്യരുത്. അവക്കിടയിലുള്ള (മധ്യ) മാർഗം സ്വീകരിക്കുക.) വീണ്ടും അല്ലാഹു പറയുന്നു.

ادعوا ربكم تضرعا وخفية إنه لا يحب المعتدين (الأعراف 55)
(നിങ്ങളുടെ നാഥനോട് ശബ്ദം താഴ്ത്തി വിനയത്തോടെ പ്രാർത്ഥിക്കുക. നിശ്ചയം അതിക്രമകാരികളെ അവൻ ഇഷ്ടപ്പെടുന്നില്ല.)

تضرعا എന്നതിന് അവന്റെ അനുസരണത്തിന് വിധേയമായിക്കൊണ്ടും കീഴ്പ്പെട്ടുകൊണ്ടും എന്നും خفية എന്നതിന് ഉറക്കെ ശബ്ദിക്കാതെ പ്രകടനഭാവമില്ലാതെ, ഭക്തിനിർഭര ഹൃദയത്തോടും, അവന്റെ ഏകത്വത്തിലും യജമാനത്വത്തിലുമുള്ള ദൃഢവിശ്വാസത്തോടും കൂടി എന്നും ഇബ്നുജരീർ വ്യാഖ്യാനിച്ചിട്ടുണ്ട്.

സ്വഹീഹൈനി(ബുഖാരി, മുസ്ലിം)യിൽ ഇങ്ങനെ വന്നിരിക്കുന്നു. അബൂമൂസൽ അശ്അരി (റ) യിൽ നിന്ന് റിപ്പോർട്ട്. അദ്ദേഹം പറഞ്ഞു: ഒരിക്കൽ ജനങ്ങൾ ശബ്ദമുയർത്തി പ്രാർത്ഥിച്ചു. അപ്പോൾ തിരുമേനി(സ) പറഞ്ഞു: ‘ജനങ്ങളേ, നിർത്തുക. നിങ്ങൾ ബധിരനോടോ വിദൂരസ്ഥനോടോ അല്ല പ്രാർത്ഥിക്കുന്നത്. കാഴ്ചയും കേൾവിയുമുള്ളവനോടാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്. വാഹനത്തിൽ നിങ്ങൾ തലവയ്ക്കുന്ന വസ്തുവേക്കാൾ നിങ്ങൾക്ക് അടുത്തവനോടാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്. ഓ, അബ്ദുല്ലാഹിബ്നു ഖൈസ്, സ്വർഗത്തിലെ ഭണ്ഡാരത്തെപ്പറ്റി നിനക്ക് ഞാൻ പറഞ്ഞു തരട്ടെയോ? لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ എന്നതാണത്.

നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്നു ഉമറിൽനിന്ന് അഹ്മദ് ഉദ്ധരിക്കുന്നു: “ഹൃദയങ്ങൾ പാത്രങ്ങളാണ്. ചിലതിൽ മറ്റു ചിലതിനേക്കാൾ കൂടുതൽ സൂക്ഷിക്കാൻ സാധിക്കും. നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണെങ്കിൽ ഉത്തരം കിട്ടുമെന്ന ദൃഢവിശ്വാസത്തോടെ പ്രാർത്ഥിക്കുക. കാരണം അശ്രദ്ധനായി പ്രാർത്ഥിക്കുന്ന അടിമക്ക് അവൻ ഉത്തരം നല്കുകയില്ല.”

7. കുറ്റത്തിനോ ചാർച്ച മുറിക്കുന്നതിനോ, അല്ലാത്തതിനോ വേണ്ടിയുള്ള പ്രാർത്ഥന. അബൂസഈദിൽ നിന്നും അഹ്മദ് ഉദ്ധരിക്കുന്നു. “നബി(സ) പറഞ്ഞു:
കുറ്റത്തിനോ കുടുംബബന്ധം മുറിക്കുന്നതിനോ അല്ലാത്ത കാര്യത്തിന് മുസ്ലിം പ്രാർത്ഥിക്കുകയാണെങ്കിൽ മൂന്നിൽ ഒരു രൂപത്തിൽ അല്ലാഹു അതവന് നല്കാതിരിക്കില്ല. ഒന്നുകിൽ പ്രാർത്ഥിച്ചത്. ഉടനെ നൽകും. അല്ലെങ്കിൽ അതിനു വേണ്ട പരലോകത്തേക്ക് സൂക്ഷിച്ചുവെയ്ക്കും. അതുമല്ലെങ്കിൽ തത്തുല്യമായ ഒരു തിന്മ അവനിൽ നിന്ന് അല്ലാഹു തിരിച്ചുകളയും.’ ഇതുകേട്ടപ്പോൾ അവർ പറഞ്ഞു. “എങ്കിൽ ഞങ്ങൾ കൂടുതൽ ചോദിക്കും.“ തിരുമേനി പറഞ്ഞു: “കൂടുതൽ നല്കുന്നവനാണ് അല്ലാഹു.

8. ഉത്തരം ലഭിക്കുന്നതു വരെ പിന്തിച്ചു നിർത്താതിരിക്കുക. അബൂഹുറയ്റയിൽ നിന്ന് മാലിക് ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: “ഞാൻ പ്രാർത്ഥിച്ചു. എന്നിട്ടെനിക്ക് ഉത്തരം കിട്ടിയില്ല’ എന്നുപറഞ്ഞ് ധൃതി കൂട്ടാതിരുന്നാൽ അല്ലാഹു നിങ്ങൾക്ക് ഉത്തരം നല്കും.

9. ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കുക. അബൂഹുറയ്റയിൽ നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു. “നബി (സ) പറഞ്ഞു: ‘അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തുതരണം, നീ ഉദ്ദേശിക്കുന്നുവെങ്കിൽ കരുണ ചെയ്യണം എന്നിങ്ങനെ ആരും പറയരുത്. ചോദിക്കുമ്പോൾ ദൃഡമായിത്തന്നെ ചോദിക്കട്ടെ. കാരണം, അല്ലാഹുവിനെ ഒരു കാര്യത്തിനും നിർബന്ധിക്കുന്നവനായി ആരുമില്ല.

10. ബഹുവചനങ്ങൾ ഉപയോഗിക്കുക. ഉദാഹരണം ,
ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
(നാഥാ, ഞങ്ങൾക്ക് നീ ഇഹത്തിലും പരത്തിലും നന്മ കൈവരുത്തേണമേ, ഞങ്ങളെ നരകശിക്ഷയിൽ നിന്ന് നീ സംരക്ഷിക്കേണമേ.)

നബി (സ) പ്രാർത്ഥനകളിൽ ബഹുവചനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ചിലപ്പോൾ അങ്ങനെയല്ലാതെയും പ്രാർത്ഥിക്കാറുണ്ട്. ഇബ്നുമാജയുടെ സുനനിൽ ഇങ്ങനെ വന്നിരിക്കുന്നു: “ഒരാൾ തിരുനബി(സ) യുടെ അരികിൽ വന്നു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഏത് പ്രാർത്ഥനയാണ് കൂടുതൽ ശ്രേഷ്ഠം തിരുമേനി പറഞ്ഞു: ‘ഇഹത്തിലും പരത്തിലും സൗഖ്യവും വിട്ടുവീഴ്ചയും ലഭിക്കാൻ വേണ്ടി നിന്റെ നാഥനോടുള്ള പ്രാർത്ഥന’ അദ്ദേഹം പിന്നീട് രണ്ടാം ദിവസവും മൂന്നാം ദിവസവും വന്ന് ഇതേ ചോദ്യം ആവർത്തിച്ചു. തിരുമേനി അതേ മറുപടി തന്നെ കൊടുത്തു. പിന്നീട് അവിടന്ന് പറഞ്ഞു. ഇഹത്തിലും പരത്തിലും വിട്ടുവീഴ്ചയും സൗഖ്യവും ലഭിച്ചാൽ നീ വിജയിച്ചു. മറ്റൊരു റിപ്പോർട്ടനുസരിച്ചു. നബി (സ് ഇത്രയും കൂടി പറഞ്ഞു:
اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالْآخِرَةِ

(അല്ലാഹുവേ, ഇഹത്തിലും പരത്തിലും സൗഖ്യം ലഭിക്കാൻ നിന്നോട് ഞാൻ ചോദിക്കുന്നു) എന്ന പ്രാർത്ഥിക്കുന്നതിനേക്കാൾ സ്രേഷ്ടമായ ഒരു പ്രാർത്ഥനയും അടിമക്ക് പ്രാർത്ഥിക്കാനില്ല.

11. പ്രാർത്ഥന തനിക്കോ കുടുംബത്തിനോ സാമ്പത്തിനോ എതിരായിട്ടാകാതിരിക്കുക.
ജാബിറിൽ നിന്നു നിവേദനം, പ്രവാചകൻ (സ) പറഞ്ഞു: നിങ്ങൾ സ്വന്തം ശരീരത്തിന്നെതിരിലോ, സമ്പത്തിന്നെതിരിലോ, സന്താനങ്ങൾക്കെതിരിലോ, സേവകർക്കെതിരിലോ പ്രാർത്ഥിക്കരുത്. കാരണം, അങ്ങനെ വല്ലതും നല്കുന്നതിനുവേണ്ടി നിങ്ങൾ ചോദിക്കുന്ന സമയം അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി യോജിച്ചു വന്നാൽ ഉടനെ അതിന് ഉത്തരം ലഭിക്കും.

12. പ്രാർത്ഥന മൂന്നുതവണ ആവർത്തിക്കുക ഇബ്നുമസ്ഊദിൽ നിന്നു റിപ്പോർട്ട്. അദ്ദേഹം പറഞ്ഞു: “പാപമോചനത്തിനായി പ്രാർത്ഥിക്കുമ്പോഴും മൂന്ന് തവണ ആവർത്തിക്കുന്നത് തിരുമേനി ഇഷ്ടപ്പെട്ടിരുന്നു.” (അബൂദാവൂദ്)

13. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ ആദ്യം തനിക്കുവേണ്ടി പ്രാർത്ഥിക്കുക. അല്ലാഹു പറയുന്നു .
ربنا اغفر لنا ولإخوانا الذين سبقونا بالإيمان (الحشر 10)
(അല്ലാഹുവേ, ഞങ്ങൾക്കും, വിശ്വാസികളായി ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവർക്കും നീ പൊറുത്തുതരേണമേ.)

ഉബയ്യുബ്നു കഅ്ബിൽ നിന്ന് റിപ്പോർട്ട്. അദ്ദേഹം പറഞ്ഞു: “തിരുമേനി ആരെയെങ്കിലും അനുസ്മരിക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണെങ്കിൽ ആദ്യം തന്നിൽനിന്ന് ആരംഭിക്കുമായിരുന്നു.” (തിർമിദി സ്വഹീയായ പരമ്പരയിൽ ഉദ്ധരിച്ചത്.)

14. പ്രാർത്ഥനാനന്തരം മുഖം തടവുകയും, അല്ലാഹുവെ സ്തുതിക്കുകയും തിരുമേനിയുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക.
മുഖം തടവുന്നതിനെപ്പറ്റി വിവിധ മാർഗങ്ങളിലൂടെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പക്ഷേ, അവയെല്ലാം ദുർബലമാണ്. എന്നാലും അവ കൂടിച്ചേർന്നാൽ ഹസനായ ഹദീസിന്റെ സ്ഥാനത്തെത്തുമെന്നാണ് ഹാഫിള് ഇബ്നു ഹജറിന്റെ അഭിപ്രായം.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles