Current Date

Search
Close this search box.
Search
Close this search box.

ദിക്റിന്റെ മര്യാദകൾ

ദിക്റു കൊണ്ടുദ്ദേശിക്കുന്നത് മനഃസംസ്കരണവും ഹൃദയ ശുദ്ധീകരണവും മനോജാഗ്രതയുമാണ്. ഖുർആൻ പറയുന്നു.
وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر (العنكبوت 45)
(നമസ്കാരം നിലനിർത്തുക. നിശ്ചയം, നമസ്കാരം നിഷിദ്ധങ്ങളെയും മ്ലേഛവൃത്തികളെയും തടയുന്നു. ദൈവസ്മരണയാണ് ഏറ്റവും വലുത്.)

അതായത്, നിഷിദ്ധങ്ങളെയും മ്ലേഛവൃത്തികളെയും തടയുന്നതിൽ ദൈവസ്മരണയാണ് നമസ്കാരത്തേക്കാൾ വലിയ പങ്ക് വഹിക്കുന്നത്. കാരണം, ദൈവത്തെ സ്മരിക്കുന്നവൻ തന്റെ നാഥന് വേണ്ടി ഹൃദയത്തിന്റെ കവാടങ്ങൾ തുറക്കുകയും, ദിക്റു കൊണ്ട് നാവിനെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ അല്ലാഹു തന്റെ പ്രകാശം അവനിലേക്ക് വ്യാപിപ്പിക്കും. അപ്പോൾ അവന്റെ ഈമാൻ മേൽക്കുമേൽ വർധിക്കുകയും വിശ്വാസം കൂടുതൽ സുദൃഢമാവുകയും, സത്യം പുൽകി എന്ന നിലയിൽ ഹൃദയം കൂടുതൽ സ്വസ്ഥതയും സമാധാനവുമുള്ളതായിത്തീരുകയും ചെയ്യുന്നതാണ്.

الذين آمنوا وتطمين قلوبهم بذكر الله ألا بذكر الله تطمئن القلوب (الرعد ۲۸)
(വിശ്വസിച്ചവരുണ്ടല്ലോ. അവർ ദൈവസ്മരണയിൽ സമാധാനചിത്തരായിത്തീരും. അറിയുക; ദൈവസ്മരണകൊണ്ടാണ് ഹൃദയങ്ങൾ സമാധാനപൂർണമാകുന്നത്.

സത്യത്തിന്റെ മാർഗത്തിൽ ഹൃദയങ്ങൾ സമാധാനപൂർണമായാൽ പിന്നീടത് അത്യുത്തമമായ മാതൃകകളെ പ്രാപിക്കാൻ വെമ്പും. ദേഹേഛകളുടെ പ്രലോഭനങ്ങളിലേക്ക് അത് തിരിഞ്ഞുനോക്കുകയില്ല. വികാരങ്ങളുടെ പൂർത്തീകരണത്തിന് അത് ശ്രമിക്കുകയില്ല. ദിക്റിന്റെ പ്രാധാന്യവും മനുഷ്യ ജീവിതത്തിൽ അതിന്റെ നിർണായകമായ പങ്കും ഇവിടെ വെച്ച് നമുക്ക് മനസ്സിലാക്കാം. നാവിന്റെ കേവലമായ ഉച്ചാരണം കൊണ്ട് ഈ ലക്ഷ്യങ്ങൾ സാധിതപ്രായമാകുമെന്ന് ബുദ്ധിയുള്ളവരാരും പറയുകയില്ല. കാരണം, ഹൃദയവുമായി ബന്ധവും യോജിപ്പുമില്ലാതെയുള്ള നാവിന്റെ ചലനം വളരെ പരിമിതമായ പ്രതിഫലനം മാത്രമേയുണ്ടാക്കുകയുള്ളൂ. ദിക്റിന്റെ സമയത്ത് മനുഷ്യൻ പാലിക്കേണ്ട മര്യാദകൾ അല്ലാഹു നിർദേശിച്ചു തന്നിട്ടുണ്ട്. അവൻ പറയുന്നു.

واذكر ربك في نفسيك تضرعا وخيفة ودون الجهر من القول بالغدو والآصال ولا تكن من الغافلين (الأعراف ٢٠٥)
(പ്രഭാതത്തിലും പ്രദോഷത്തിലും ഉച്ചത്തിൽ പറയാതെ, വിനയത്തോടെ നിശ്ശബ്ദമായി മനസ്സിൽ നിന്റെ നാഥനെ സ്മരിക്കുക. അശ്രദ്ധരിൽ നീ അകപ്പെട്ടു പോകരുത്.)

ദിക്കുകൾ ഉച്ചത്തിലല്ല, രഹസ്യമായിട്ടാണ് പറയേണ്ടതെന്ന് ഈ ഖുർആൻ സൂക്തം സൂചിപ്പിക്കുന്നു. ഒരിക്കൽ യാത്ര ചെയ്യുമ്പോൾ ഒരു വിഭാഗമാളുകൾ ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത് നബി (സ) കേൾക്കുകയുണ്ടായി. അവിടന്ന് പറഞ്ഞു: “ജനങ്ങളേ, (ഉച്ചത്തിൽ പറയുന്നത് നിർത്തുക. നിങ്ങൾ വിദൂരസ്ഥനും ബധിരനുമായവനോടല്ല പ്രാർത്ഥിക്കുന്നത്. മറിച്ച്, നിങ്ങൾ പ്രാർത്ഥിക്കുന്നവൻ സമീപസ്ഥനും കേൾക്കുന്നവനുമാണ്. നിങ്ങളുടെ ഒട്ടകത്തിന്റെ പിരടിയേക്കാൾ നിങ്ങളോട് അടുത്തവനാണ് അവൻ. “

അതേപോലെ, ദിക്റിന്റെ അവസരത്തിൽ പ്രതീക്ഷയും ഭക്തിയുമാണ് മനുഷ്യനുണ്ടായിരിക്കേണ്ടതെന്നും പ്രസ്തുത ഖുർആൻ സൂക്തം നിർദേശിക്കുന്നു.

ദൈവസ്മരണയിൽ മുഴുകുന്നവൻ വസ്ത്ര ശുദ്ധിയും ദേഹശുദ്ധിയും വരുത്തുന്നതും സുഗന്ധ ദ്രവ്യങ്ങളുപയോഗിക്കുന്നതും ഉത്തമമാണ്. അത് മനസ്സിന് കൂടുതൽ ഉണർവ് നേടിക്കൊടുക്കും. അതേ പോലെ കഴിയുന്നത്ര ഖിബ് ലയുടെ അഭിമുഖമായി ഇരിക്കുന്നതും മര്യാദയിൽ പെട്ടതുതന്നെ. കാരണം, സദസ്സുകളിൽ ഉത്തമമായത് ഖിബ് ലക്ക് അഭിമുഖമായിട്ടുള്ളതാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles