Current Date

Search
Close this search box.
Search
Close this search box.

ദിക്റിന്റെ സദസ്സ്

ദിക്റിന്റെ സദസ്സിൽ സംബന്ധിക്കുന്നത് സുന്നത്താണ്.
1. ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “നിങ്ങൾ സ്വർഗപ്പൂന്തോപ്പിനരികിലൂടെ നടക്കുകയാണെങ്കിൽ അതിൽ ഭാഗഭാക്കാവുക. സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, ഏതാ സ്വർഗപ്പൂന്തോപ്പ്?’ അവിടന്ന് പറഞ്ഞു: “ദിക്റിന്റെ സദസ്സ്. കാരണം, ദിക്റിന്റെ സദസ്സുകൾ അന്വേഷിച്ചു നടക്കുന്ന ചുറ്റി സഞ്ചരിക്കുന്ന കുറേ മലക്കുകളുണ്ട് അല്ലാഹുവിന്. അവർ ഈ സദസ്സിൽ വന്നാൽ സദസ്യരെ ചുറ്റിപ്പൊതിഞ്ഞു നിൽക്കും.

2. മുആവിയയിൽനിന്ന് നിവേദനം: “നബി (സ) തന്റെ സഖാക്കളുടെ ഒരു സദസ്സിലേക്ക് പുറപ്പെട്ടു. അവിടന്ന് ചോദിച്ചു: ‘നിങ്ങളെന്താണിരിക്കുന്നത്?’ അവർ പറഞ്ഞു: ‘അല്ലാഹു ഞങ്ങൾക്ക് സന്മാർഗം കാണിച്ചുതരുകയും അതുവഴി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തതിന് ഞങ്ങളവനെ സ്മരിക്കുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അവിടുന്ന് പറഞ്ഞു: അല്ലാഹുവാണ, അതിനു വേണ്ടി മാത്രമാണോ നിങ്ങളിരിക്കുന്നത് ? ഞാൻ ഇങ്ങനെ ചോദിക്കുന്നത് നിങ്ങളെപ്പറ്റി തെറ്റിദ്ധാരണ യുണ്ടായതുകൊണ്ടൊന്നുമല്ല. പ്രത്യുത, അല്ലാഹു മലക്കുകളെക്കാൾ നിങ്ങളുടെ കാര്യത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് ജിബ്രീൽ എന്നോട് പറഞ്ഞു. (മുസ്ലിം).

3. അബൂഹുറയ്റ(റ)യിൽ നിന്നും അബൂസഈദിൽ ഖുദ് റിയിൽ നിന്നും മുസ്ലിം ഉദ്ധരിക്കുന്നു: “അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്ന ഏതൊരു ജന വിഭാഗത്തെയും മലക്കുകൾ വലയം ചെയ്യാതിരിക്കുകയില്ല. അനുഗ്രഹമവരെ പൊതിയും; അതവർക്ക് സമാധാനം നൽകും. അല്ലാഹു തന്റെ സമീപസ്ഥരുടെ മുമ്പിൽ വെച്ച് അവരെ സ്മരിക്കുകയും ചെയ്യും.

‘ലാ ഇലാഹ ഇല്ലല്ലാ’യുടെ ശ്രേഷ്ഠത

1. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “വൻകുറ്റങ്ങളിൽ നിന്ന് ഒഴിവായി ആത്മാർത്ഥതയോടെ ഒരടിമ لاَ إِلَهَ إِلاَّ الله എന്ന് പറഞ്ഞാൽ (ആ വാക്ക്) അല്ലാഹുവിന്റെ സിംഹാസനത്തോളമെത്തുമാറ് ആകാശത്തിന്റെ കവാടങ്ങൾ അവനുവേണ്ടി തുറക്കപ്പെടും” (തിർമിദി). അദ്ദേഹം പറഞ്ഞു: “ഈ ഹദീസ് ഹസനും ഗരീബുമാണ്.”

2. അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങളുടെ ഈമാൻ പുതുക്കിക്കൊണ്ടിരിക്കുക.’ ആരോ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് ഞങ്ങളുടെ ഈമാൻ പുതുക്കുക?’ അവിടന്ന് പറഞ്ഞു: لاَ إِلَهَ إِلاَّ الله എന്ന വാക്ക് നിങ്ങൾ കൂടുതലായി പറഞ്ഞുകൊണ്ടിരിക്കുക. (ഹസനായ പരമ്പരയിൽ അഹ്മദ് ഉദ്ധരിച്ചത്.)

3. ജാബിറി(റ)ൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ദിക്റിൽ ശ്രേഷ്ഠമായത് لاَ إِلَهَ إِلاَّ الله എന്നതാണ്. ദുആയിൽ ശ്രേഷ്ഠമായത്
ٱلْحَمْدُ لِالله എന്നുമാണ്.” (നസാഈ, ഇബ്നുമാജ, ഹാകിം ഇതിന്റെ പര പര കുറ്റമറ്റതാണെന്ന് ഹാകിം പറഞ്ഞു.

‘തസ്ബീഹ്’, ‘തഹ്മീദ്’

1. അബൂ ഹുറയ്റ(റ)യിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: “നാവിന് വളരെ ലഘുവായതും, ത്രാസിൽ ഘനം തൂങ്ങുന്നതും കരുണാനിധിയായ അല്ലാഹുവിന് വളരെ പ്രിയപ്പെട്ടതുമായ രണ്ട് വാക്യങ്ങളുണ്ട്. അതാണ് ‘ سُبْحَانَ اللَّهِ وَبِحَمْدِهِ എന്നതും سُبْحَانَ اللَّهِ العظيم എന്നതും. ( ബുഖാരി, മുസ്ലിം, തിർമിദി)

2. അബൂഹുറയ്റ (റ)യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: سبحان الله والحمد لله ولا إله إلا الله والله أكبر എന്ന് പറയുന്നതാണ് ഭൂമിയിലുള്ള എല്ലാറ്റിനെക്കാളും എനിക്കിഷ്ടം. (മുസ്ലിം, തിർമിദി)

3. അബൂദർറി(റ)ൽ നിന്ന് നിവേദനം. റസൂൽ (സ) പറഞ്ഞു: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്യം ഏതാണെന്ന് ഞാൻ അറിയിച്ചു തരട്ടയോ? അത് سُبْحَانَ اللَّهِ وَبِحَمْدِهِ എന്നതാണ്.” (മുസ്ലിം, തിർമിദി).

തിർമിദിയുടെ വാചകം ഇങ്ങനെയാണ്: “അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്യം, അവൻ തന്റെ മലക്കുകൾക്കുവേണ്ടി തിരഞ്ഞെടുത്തതാണ്. അതായത് سُبْحَانَ ربي وَ بِحَمْدِهِ سُبْحَانَ ربي وَ بِحَمْدِهِ എന്ന് .“

4. ജാബിറി(റ)ൽ നിന്ന് നിവേദനം. പ്രവാചകൻ പറഞ്ഞു: سُبْحَانَ اللّهِ العظيم وَ بِحَمْدِهِ എന്ന് ആരെങ്കിലും പറഞ്ഞാൽ അവന് സ്വർഗത്തിൽ ഒരു ഈത്തപ്പന നടുന്നതാണ്.

5. അബൂസഈദി(റ)ൽ നിന്നു നിവേദനം. നബി (സ) പറഞ്ഞു: “ശാശ്വതമായ സദ് വൃത്തികൾ നിങ്ങൾ അധികരിപ്പിക്കുക. ആരോ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഏതാണവ? തിരുമേനി പറഞ്ഞു: الله اكبر ولا اله إلا الله وسبحان الله والحمد الله ولا حول ولا قوة إلا بالله

6. അബ്ദുല്ലാ(റ)യിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: നിശാപ്രയാണത്തിന്റെ രാത്രിയിൽ ഞാൻ ഇബ്റാഹിമി(അ)നെ കണ്ടു. അദ്ദേഹം പറഞ്ഞു: ഓ, മുഹമ്മദ്, നിന്റെ സമുദായത്തിനു എന്റെ സലാം പറയുക. അവരോട് പറയണം: സ്വർഗം വിശാലമായി പരന്നുകിടക്കുന്ന നല്ല മണ്ണുള്ളതും ശുദ്ധജലമുള്ളതുമാണ് . سبحان الله والحمد لله ولا إله إلا الله والله أكبر എന്നിവയാണ് അതിലെ ചെടികൾ. (തിർമിദി, ത്വബ്റാനി)
لا حول ولا قوة إلا بالله എന്നുകൂടിയുണ്ട് ത്വബ്റാനിയുടെ റിപ്പോർട്ടിൽ.

7. നബി(സ)യിൽ നിന്ന് ഉദ്ധരിക്കുന്നതായി മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു. നാല് വാക്യങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്. അതിൽ ഏതുകൊണ്ട് ആരംഭിക്കുന്നതിനും വിരോധമില്ല. سبحان الله والحمد لله ولا إله إلا الله والله أكبر എന്നിവയാണിത്.

8. ഇബ്നു മസ്ഊദിൽനിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഒരാൾ രാത്രിയിൽ സൂറതുൽ ബഖറയിലെ അവസാനത്തെ രണ്ട് സൂക്തങ്ങൾ പാരായണം ചെയ്താൽ അതുമതി അവന്.” (ബുഖാരി, മുസ്ലിം)

അതായത്, ആ രാത്രിയിൽ നിന്നു നമസ്കരിക്കുന്നതിന് പകരമായി അത് മതിയാകും. ആ രാത്രിയിൽ ആപത്തിൽനിന്ന് സുരക്ഷിതനാവാൻ അതു മതി എന്നാണതിന്റെ അർത്ഥമെന്നും അഭിപ്രായമുണ്ട്. രാത്രി നമസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യേണ്ടതിന്റെ കുറഞ്ഞ പരിധി എന്ന ശീർഷകത്തിലാണ് ഇബ്നുഖുസൈമ ഈ ഹദീസുദ്ധരിക്കുന്നത്.

9. അബൂസഈദിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “ഒരു രാത്രിയിൽ ഖുർആന്റെ മൂന്നിലൊന്നു പാരായണം ചെയ്യാൻ നിങ്ങൾക്ക് സാധിക്കുകയില്ലേ? ഇത് അവർക്ക് വളരെ വിഷമമായി. അവർ ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിൽ ആർക്കാണത് സാധിക്കുക?’ അവിടന്നു പറഞ്ഞു: “സൂറത്തുൽ ഇലാസ് ഖുർആന്റെ മൂന്നിലൊന്നാണ്. (ബുഖാരി, മുസ്ലിം, നസാഇ)

10. അബൂഹുറയ്റ(റ)യിൽ നിന്നു നിവേദനം. നബി(സ) പറഞ്ഞു لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير എന്ന് ആരെങ്കിലും ഒരു ദിവസം നൂറ് പ്രാവശ്യം ചൊല്ലിയാൽ അവന് നൂറ് നന്മകൾ രേഖപ്പെടുത്തുകയും വൈകുന്നേരം വരെ പിശാചിന്റെ ഉപദ്രവത്തിൽനിന്ന് അവനെ സംരക്ഷിക്കുകയും ചെയ്യും. ഇത് കൂടുതൽ ചെയ്തവനല്ലാതെ ഇതിനെക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. (ബുഖാരി, മുസ്ലിം, തിർമി ദി, നസാഇ, ഇബ്നുമാജ)

മുസ്ലിമിന്റെയും തിർമിദിയുടെയും നസാഇയുടെയും റിപ്പോർട്ടിൽ ഇത് കൂടിയുണ്ട്. എന്നാരെങ്കിലും ദിവസത്തിൽ നൂറ് പ്രാവശ്യം പറഞ്ഞാൽ കടലിലെ നുരകളോളം പാപമുണ്ടെങ്കിലും അതവന് പൊറുത്തു കൊടുക്കുന്നതാണ്.

പശ്ചാത്താപത്തിന്റെ മേന്മ

അനസി(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ഒരു ഖുദ്സിയായ ഹദീസിൽ, നബി(സ) പറയുന്നതായി ഞാൻ കേട്ടു. “മനുഷ്യാ, നീ എന്നിൽ പ്രതീക്ഷകൾ അർപ്പിക്കുകയും എന്നോട് ചോദിക്കുകയുമാണെങ്കിൽ എല്ലാം നിനക്കു നാം നിർവിശങ്കാ പൊറുത്തുതരുന്നതാണ്. ഓ, മനുഷ്യാ, നിന്റെ പാപങ്ങൾ ആകാശമേഘങ്ങളോളമെത്തിയെന്നിരിക്കട്ടെ. എന്നിട്ട് നീ എന്നോട് പൊറുത്തുതരാൻ അർഥിക്കുകയാണെങ്കിൽ നിസ്സംശയം നിനക്ക് ഞാൻ പൊറുത്തു തരും. ഓ മനുഷ്യാ, നീ ഭൂമി നിറയുമാറ് പാപവുമായി എന്റെ അടുത്തുവരികയാണെങ്കിൽ, എന്നിൽ ഒന്നും പങ്കുചേർക്കാതെയാണ് എന്നെ കണ്ടുമുട്ടുന്നതെങ്കിൽ, ഭൂമി നിറയുമാറ് പാപമോചനവുമായി ഞാൻ നിന്റെയടുത്തു വരുന്നതാണ്.” (തിർമിദി) ഈ ഹദീസ് ഹസനും ഗരീബുമാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.

അബ്ദുല്ലാഹിബ്നു അബ്ബാസിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ആരെങ്കിലും പശ്ചാത്താപം പതിവാക്കിയാൽ അവന്റെ എല്ലാ ദുഃഖത്തിൽ നിന്നും അല്ലാഹു മോചനം നൽകും. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷപ്പെടുത്തും. അറിയാത്ത മാർഗങ്ങളിലൂടെ അല്ലാഹു അവന് ഭക്ഷണം നൽകും. (അബൂദാവൂദ്, നസാഇ, ഇബ്നുമാജ, ഹാകിം-ഇതിന്റെ പരമ്പരകു മറ്റതാണെന്ന് ഹാകിം പറഞ്ഞു.)

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles