Current Date

Search
Close this search box.
Search
Close this search box.

ദിക്ർ – ദുആകൾ ഉച്ചത്തിൽ പാടുണ്ടോ?

വിശുദ്ധ ഖുർആനിൽ ദിക്ർ എന്ന പദം 98 തവണയും ദകറ, തദ്കിറ തുടങ്ങിയ ദിക്റിൻ്റെ രൂപഭേദങ്ങൾ 155 തവണയും ആവർത്തിച്ചതായി പണ്ഡിതർ രേഖപ്പെടുത്തുന്നു. ഇവയ്ക്ക് പുറമെ ഹദീസുകളിലും ഒട്ടനവധി തവണ ദിക്ർ വരുന്നുണ്ട്. വിശുദ്ധ ഖുർആനും തിരുസുന്നത്തും ദിക്റിന് എന്തുമാത്രം പ്രാധാന്യം നൽകിയിട്ടുണ്ട് എന്ന വസ്തുത ബോധ്യപ്പെടാൻ ഈ ആധിക്യം തന്നെ മതി.

ദിക്റിൻ്റെ പരിധി വളരെ വലുതാണ്. അല്ലാഹുവെ അനുസരിച്ചു കൊണ്ട് അടിമ ചെയ്യുന്ന മുഴുവൻ പ്രവർത്തനങ്ങളും ദിക്ർ ആണ്. എന്നാൽ ഇവിടെ പ്രതിപ്രാദിക്കുന്നത് അത്തരം സമഗ്രതയെ പറ്റിയല്ല. പ്രത്യുത നാം സാധാരണ മനസ്സിൽ ഓർക്കുന്നതും ചുണ്ടുകൊണ്ട് ഉരുവിടുന്നതുമായ ദിക്റിനെ പറ്റിയാണ്.

സദാ ദിക്റിൽ മുഴുകുന്ന വ്യക്തിക്ക് അല്ലാഹുവുമായി സുദൃഢമായ ആത്മീയ ബന്ധം സ്ഥാപിക്കാനാവും. തജ്ജന്യമായ ശാന്തിയും സമാധാനവും മനക്കരുത്തും ഇച്ഛാശക്തിയും കൈവരിയുകയും ചെയ്യും.

നബി(സ)യും അനുചരന്മാരും ഒരിക്കൽ യാത്ര ചെയ്യുമ്പോൾ ഒരു വിഭാഗം ആളുകൾ ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത് കേട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: “ജനങ്ങളേ! ഉച്ചത്തിൽ പറയുന്നത് നിർത്തുക. നിങ്ങൾ വിദൂരസ്ഥനും ബധിരനുമായവനോടല്ല പ്രാർത്ഥിക്കുന്നത്. പ്രത്യുത നിങ്ങൾ പ്രാർത്ഥിക്കുന്നവൻ സമീപസ്ഥനും കേൾക്കുന്നവനുമാണ്. നിങ്ങളുടെ ഒട്ടകത്തിൻ്റെ പിരടിയേക്കാൾ നിങ്ങളോട് അടുത്തവനാണവൻ”

വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു: “രാവിലെയും വൈകുന്നേരവും അത്യന്തം വണക്കത്തോടും ഭയഭക്തിയോടും കൂടി നിൻ്റെ നാഥനെ മനസ്സിൽ സ്മരിച്ചു കൊണ്ടിരിക്കുക. ഉച്ചത്തിലല്ലാത്ത വാക്കുകളിൽ. അക്കാര്യത്തിൽ നീ അശ്രദ്ധനായിക്കൂടാ” (അൽ അഅറാഫ്: 205)

ദിക്ർ- ദുആകളുടെ മര്യാദകൾ വിവരിക്കുന്ന ഭാഗത്ത് ഫിഖ്ഹുസ്സുന്ന: യിൽ ഉപര്യുക്ത ഹദീസും ഖുർആൻ വചനവും ചേർത്തതായി കാണാം.

ഇസ് ലാമിലെ ആരാധനാകർമങ്ങളുടെ രൂപവും ഭാവവുമെല്ലാം അല്ലാഹു നിശ്ചയിച്ചതാണ്. നബി(സ)യുടെ സുന്നത്തിലൂടെയാണ് (തിരു ചര്യ ) നാം അതെല്ലാം മനസ്സിലാക്കുന്നത്.

എന്നാൽ ദീർഘകാലമായി ബഹുമത സമൂഹത്തിൽ ജീവിക്കുന്നതിനാൽ മറ്റു മതങ്ങളിലെ വിശ്വാസ / ആചാര / അനുഷ്ഠാന രീതികൾ പലതും മുസ് ലിംകളിലേക്ക് കടന്നു വന്നിട്ടുണ്ട്.

ഉദാഹരണത്തിന് ക്രൈസ്തവ, ഹൈന്ദവ മതങ്ങളിൽ പ്രചുര പ്രചാരം നേടിയ ഒരു ആരാധനാ രീതിയാണ് ധ്യാനോത്സവവും ഭജനോത്സവവും.

ക്രമ പ്രവൃദ്ധമായി ഇതേ രീതി നമ്മിൽ ചിലർ അനുകരിക്കുന്നുണ്ട്. വമ്പിച്ച പ്രചാരണം നൽകി എവിടെയെങ്കിലും ഒത്തുകൂടി ദിക്ർ – ദുആകൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന പതിവ് അടുത്ത കാലത്തായി മുസ് ലിംകളിലേക്കും കടന്നു വന്നിരിക്കുന്നു! തീർച്ചയായും അല്ലാഹുവോ റസൂലോ കൽപ്പിക്കാത്ത, പ്രവാചകൻ്റെ കാലത്ത് ഇല്ലാത്ത, സ്വഹാബത്തോപൂർവ്വസൂരികളോ ചെയ്യാത്ത രീതിയാണിത്. അതിനാൽ നാം ജാഗ്രത പുലർത്തണം.

സുന്നത്തിൻ്റെ പരിധികൾ പാലിച്ചുകൊണ്ടു മാത്രം ദിക്ർ – ദുആകളിൽ ഏർപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കണം. രാപ്പകലുകളുടെ ഏകാന്തതകളിലിരുന്ന് മനസ്സ് തുറന്ന്, മിഴികൾ നനഞ്ഞ്, തഹ് ലീലിലും തസ്ബീഹിലും ഹംദിലും സ്വലാത്തിലും ഇസ്തിഗ്ഫാറിലും തൗബയിലും മുഴുകി അല്ലാഹുവുമായി സംവദിക്കുക! തീർച്ചയായും അവൻ നമ്മെ കേൾക്കുക തന്നെ ചെയ്യും!

പിൻകുറിപ്പ്: നബി(സ) എല്ലാ വർഷവും റമദാനിലെ അവസാനത്തെ10 ദിവസം പളളിയിൽ ഇഅത് കാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു. മരണപ്പെട്ടവർഷം അവിടുന്ന് 20 നാൾ ഇ അതികാഫ് അനുഷ്ഠിച്ചിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles