Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

Allah will accept the prayer

മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും അവരെ ആപത്തു കളിൽ നിന്നും ദോഷങ്ങളിൽ നിന്നും രക്ഷിക്കാനും കഴിവുള്ളത് സൃഷ്ടാവായ അല്ലാഹുവിനു മാത്രമാണ്. അതിനാൽ നമ്മുടെ എന്താവശ്യവും സാധിക്കാനും ദോഷങ്ങൾ തടുക്കാനും അല്ലാഹുവോടു മാത്രമേ പ്രാർഥിക്കാവൂ. (നിങ്ങൾ എന്നോടു പ്രാർഥിക്കുവിൻ. ഞാൻ നിങ്ങൾക്കുത്തരം നൽകാം) എന്ന് അല്ലാഹു ഖുർആനിൽ പറയുന്നു. (എന്റെ ദാസന്മാർ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാൽ പറയുക: ഞാൻ സമീപസ്ഥനാണ്. എന്നോട് പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാൻ ഉത്തരം നല്കും എന്നും ഖുർആനിൽ കാണാം. അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാർഥിക്കുന്നത് നിഷിദ്ധമാണ്. (ആ രാധ നാലയങ്ങൾ അല്ലാഹുവിന്റെ ഉടമയിലാണ്. ആകയാൽ അല്ലാഹുവോടൊപ്പം മറ്റൊരാളോടും നിങ്ങൾ പ്രാർഥിക്കരുത്). മനുഷ്യർ ബോധപൂർവമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങൾ പൊറുക്കാനും സൽകർമമനുഷ്ഠിച്ച് ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാർഥിക്കുന്നതു പോലെ ഐഹികമായ ആവശ്യങ്ങൾ നിറവേറ്റാനും അവനോട് പ്രാർഥിക്കാം. രോഗം സുഖപ്പെടാനും, ദാരിദ്ര്യവും കഷ്ടപാടും നീങ്ങാനും, പരീക്ഷയിൽ വിജയിക്കാനും ജീവിതത്തിൽ സന്തോ ഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാർഥിക്കാവുന്നതാണ്. വിവിധ കാര്യങ്ങൾക്ക് നബി (സ) അല്ലാഹുവോട് പ്രാർഥിച്ചതായും പ്രാർഥനകൾ പഠിപ്പിച്ചതായും ഹദീഥുകളിൽ നിന്ന് ഗ്രഹിക്കാം. അല്ലാഹുവിൽ പൂർണമായ വിശ്വാസത്തോടെയും പ്രാർഥനക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാർഥിക്കേണ്ടത്. ദുഷ്കർമങ്ങളിൽ നിന്നും നിഷിദ്ധ സമ്പാദ്യങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ട് പരിശുദ്ധ ഹൃദയത്തോടെ പ്രാർഥിക്കുന്നവർക്കാണ് പ്രാർഥനക്കുത്തരം ലഭിക്കുക.

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു വിധത്തിലായിരിക്കുമെന്ന് റസൂൽ (സ) അറിയിച്ചിട്ടുണ്ട്. ഒന്നുകിൽ പ്രാർഥിച്ച കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കിൽ മറ്റൊരനുഗ്രഹം നല്കുകയോ ദോഷം തടുക്കുകയോ ചെയ്യും. അല്ലാത്തപക്ഷം അത് പരലോകത്ത് നല്കാനായി നീട്ടിവെക്കും. മൂന്നു തരത്തിലായാലും പ്രാർഥനകൊണ്ട് ഗുണം സിദ്ധിക്കുമെന്നർഥം.

വിവിധ പ്രാർഥനകൾ പോലെ വ്യത്യസ്ത സന്ദർഭങ്ങളിൽ അല്ലാഹുവിനെ സ്മരിക്കുകയും പ്രകീർത്തിക്കുകയും ചെയ്യാനായി റസൂൽ(സ) പഠിപ്പിച്ച ദിക്കുകളും തസ്ബീഹുകളുമുണ്ട്. അവയിലൂടെ അല്ലാഹുവിനെ സ്മരിക്കുകയും സ്തുതിക്കുകയും വേണം. ഖുർആൻ പറയുന്നു. (സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രകീർത്തിക്കുകയും ചെയ്യുക.)

പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാൻ കൂടുതൽ അർഹമായ സന്ദർഭങ്ങളും ശ്രേഷ്ഠസമയങ്ങളുമുണ്ട്. നിർബന്ധ നമസ്കാരങ്ങൾക്കു ശേഷം, നോമ്പു തുറക്കുമ്പോൾ, രാത്രിയുടെ അന്ത്യയാമങ്ങളിൽ തുടങ്ങിയവ അതിൽപെടുന്നു.

നമസ്കാരാനന്തര പ്രാർഥന ഉത്തരം ലഭിക്കാൻ ഏറെ അർഹമാണ്. അബൂഉമാമ (റ) പറയുന്നു. (അല്ലാഹുവിന്റെ ദൂതരേ, ഉത്തരം ലഭിക്കാൻ കൂടുതൽ അർഹമായ പ്രാർഥന ഏതാണ് എന്ന ചോദ്യം വന്നു. നബി (സ) പറഞ്ഞു: പാതിരാ നേരത്തും നിർബന്ധ നമസ്കാരങ്ങൾക്കു ശേഷവും. – തിർമിദി ) കൈ ഉയർത്തി പ്രാർഥിക്കുന്നതാണ് നല്ലത്.
عن سلمان أنه قال : إن ربكم تبارك وتعالى حي كريم يستحي من عبده إذا رفع يديه أن يردهما صفرا (أبوداود)
(സൽമാനിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: നിങ്ങളുടെ നാഥൻ ലജ്ജാശീലനാണ്, ഉദാരനാണ്. തന്റെ നേരെ അടിമ ഉയർത്തിയ കൈ വെറുതെ മടക്കാൻ അവൻ ലജ്ജിക്കുന്നു.)

അല്ലാഹുവിനെ സ്തുതിച്ചും അവനെ പ്രകീർത്തിച്ചും നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലിയും വേണം പ്രാർഥന തുടങ്ങാൻ. വിനയവും വിധേയത്വവും പ്രകടിപ്പിച്ചും ഹൃദയസാന്നിദ്ധ്യം ഉറപ്പുവരുത്തിയുമാവണം അത്. കുറ്റകരമായ കാര്യത്തിനോ ബന്ധവിച്ഛേദത്തിനോ ആവരുത് പ്രാർഥന. ഉത്തരം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചും ഉത്തരം ലഭിക്കുന്നതു വൈകിപ്പോകുന്നു എന്ന ദുഷ്ചിന്തയില്ലാതെയും വേണം അത്. പ്രാർഥന അവസാനിപ്പിക്കുന്നതും ഹംദും സ്വലാത്തും ചൊല്ലി ക്കൊണ്ടാവണം. പ്രാർഥനക്കുശേഷം കൈകൊണ്ട് മുഖം തടവലും സുന്നത്താണ്.

നമസ്കാരാനന്തരമുള്ള പ്രാർഥന ഒറ്റക്കു നടത്തുന്നതാണ് നബി (സ)യുടെ സുന്നത്ത്. നബി (സ) യോ സഹാബിമാരോ നമസ്കാരാനന്തരം കൂട്ടുപ്രാർഥന നടത്തിയതിന് തെളിവില്ല.

അഞ്ചു വിഭാഗം ആളുകളുടെ പ്രാർഥന ഉത്തരം കിട്ടാൻ ഏറെ സാധ്യതയുള്ളതാണ്. പിതാവ് മക്കൾക്കു വേണ്ടി, നോമ്പുകാരൻ, യാത്രക്കാരൻ, മർദ്ദിതൻ, നീതിമാനായ ഭരണാധികാരി എന്നിവരാണ് അവർ. നബി (സ) പറയുന്നു:

ثلاث دعوات مستجابات لا شك فيهن دعوة الوالد ودعوة المسافر ودعوة المظلوم (أحمد، أبوداود، الترمذي)
(മൂന്നു പ്രാർഥനകൾ നിസ്സംശയം ഉത്തരം ലഭിക്കാൻ അർഹമാണ്. പിതാവിന്റെ പ്രാർഥന, യാത്രക്കാരന്റെ പ്രാർഥന, മർദ്ദിതന്റെ പ്രാർഥന. മറ്റൊരു ഹദീഥിൽ പറയുന്നു:

ثلاثة لا ترد دعوتهم : الصائم حين يفطر والإمام العادل ودعوة المظلوم يرفعها الله فوق الغمام ويفتح لها أبواب ألسماء ويقول الرب وعزتي لأنصرنك ولو بعد حين (الترمذي)
(മൂന്നുപേർ, അവരുടെ പ്രാർഥന തള്ളപ്പെടുകയില്ല. നോമ്പുകാരൻ നോമ്പ് മുറിക്കുമ്പോൾ, നീതിമാനായ ഭരണാധികാരി, മർദ്ദിതന്റെ പ്രാർഥനയും, അല്ലാഹു അത് മേഘങ്ങൾക്കുപരി ഉയർത്തും. ആകാശ കവാടം അതിനുവേണ്ടി തുറന്നു കൊടുക്കും. അല്ലാഹു പറയും: എന്റെ പ്രതാപമാണ്, അല്പം കഴിഞ്ഞാണെങ്കിൽ പോലും നിന്നെ ഞാൻ സഹായിക്കും, തീർച്ച.)

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles