Current Date

Search
Close this search box.
Search
Close this search box.

ധ്യാനവും ജപവുമാണ് ദിക്ർ

അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തുക, അവനെ പരിശുദ്ധപ്പെടുത്തുക, സ്തുതിക്കുക, പുകഴ്ത്തുക, പൂർണതയുടെയും ഗാംഭീര്യത്തിന്റെയും സൗന്ദര്യത്തിന്റെയും വിശേഷണങ്ങൾകൊണ്ട് അവനെ വർണിക്കുക തുടങ്ങി ഹൃദയംകൊണ്ടും നാവുകൊണ്ടുമുള്ള ധ്യാനവും ജപവുമാണ് ദിക്ർ .

1. ഇവ ധാരാളമായി ചെയ്യുവാൻ അല്ലാഹു കൽപിച്ചിട്ടുണ്ട്. അവൻ പറയുന്നു.
يا أيها الذين آمنوا اذكروا الله ذكرا كثيرا، وسبحوه بكرة وأصيلاً (الأحزاب ٤٢،٤١)
(വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ അധികമധികം സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും അവനെ വാഴ്ത്തുകയും ചെയ്യുക.)

2. അല്ലാഹുവിനെ സ്മരിക്കുന്നവരെ അവനും സ്മരിക്കും. അല്ലാഹു പറയുന്നു.
فاذکرونی اذكركم (البقرة ١٥٢)
(എന്നെ സ്മരിക്കുക. ഞാൻ നിങ്ങളെയും സ്മരിക്കും.)

ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഖുദ്സിയായ ഹദീസിൽ ഇങ്ങനെ വന്നിരിക്കുന്നു.
“എന്റെ അടിമ എന്നെപ്പറ്റി വിചാരിക്കുന്നപോലെ ഞാൻ പ്രവർത്തിക്കും,'( അതായത്, അല്ലാഹു സ്വീകരിക്കും എന്നു വിചാരിച്ചുകൊണ്ട് അടിമ പ്രാർഥിച്ചാൽ അവനത് സ്വീകരിക്കും. അവൻ പൊറുക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അർഥിച്ചാൽ പൊറുത്തുകൊടുക്കും.) അവൻ എന്നെ സ്മരിക്കു മ്പോൾ ഞാൻ അവന്റെ കൂടെയാണ്. അവൻ എന്നെ മനസ്സിൽ ഓർത്താൽ ഞാനും അവനെ മനസ്സിൽ ഓർക്കും. എന്നെ അവൻ പ്രമുഖ സദസ്സിൽ അനുസ്മരിച്ചാൽ അതിനേക്കാൾ വിശിഷ്ടമായ സദസ്സിൽ ഞാൻ അവനെയും അനുസ്മരിക്കും. എന്നോടവൻ ഒരു ചാൺ അടുത്താൽ അവനോടു ഞാൻ ഒരു മുഴം അടുക്കും. അവൻ ഒരു മുഴം എന്നോടടുത്താൽ ഞാൻ ഒരു മാറ് അവനോട് അടുക്കും. അവൻ എന്നിലേക്ക് നടന്ന് വന്നാൽ ഞാൻ അവനിലേക്ക് ഓടിച്ചെല്ലും.“

3. അല്ലാഹുവിനെ സ്മരിക്കുന്നവരെ അവൻ അസദൃശരെന്നും മുമ്പന്മാരെന്നും വിശേഷിപ്പിച്ചിരിക്കുന്നു. തിരുമേനി പറഞ്ഞു: “മുഫർരിദുകൾ (അസദൃശരായവർ) മുൻകടന്നു.’ അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ആരാണ് അസദൃശർ?’ തിരുമേനി പറഞ്ഞു: “അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്ന പുരുഷൻമാരും സ്ത്രീകളും.“

4. അല്ലാഹുവിനെ സ്മരിക്കുന്നവരാണ് യഥാർഥത്തിൽ ജീവനുള്ളവർ. അബൂമൂസയിൽ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: “അല്ലാഹുവിനെ സ്മരിക്കുന്നവരും വിസ്മരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള വ്യത്യാസമാണ്. (ബുഖാരി)

5. ദൈവസ്മരണയാണ് എല്ലാ സദ് വൃത്തികളുടെയും ശിരസ്സ്. അതിന് തൗഫീഖ് ലഭിച്ചവൻ അല്ലാഹുവിന്റെ സാമീപ്യപത്രം ലഭിച്ചവൻ തന്നെ. അതുകൊണ്ടാണ് തിരുമേനി സദാ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരുന്നത്. ഒരാൾ ഒരിക്കൽ തിരുമേനിയോട് പറഞ്ഞു: “ഇസ്ലാമിന്റെ നിയമങ്ങൾ എന്നെ സംബന്ധിച്ചേടത്തോളം വളരെ കൂടുതലാണ്. അതിനാൽ എനിക്ക് എപ്പോഴും പാലിക്കാൻ കഴിയുന്ന ഒരു കാര്യം പറഞ്ഞു തന്നാലും.” തിരുമേനി പറഞ്ഞു: “അല്ലാഹുവിന്റെ സ്മരണയാൽ നിന്റെ വായ് സദാ ആർദ്രമായിരിക്കട്ടെ. അവിടന്ന് സ്വഹാബികളോട് ചോദിച്ചു: “പ്രവൃത്തികളിൽ ഏറ്റവും ശ്രേഷ്ഠവും നിങ്ങളുടെ നാഥങ്കിൽ ഏറ്റവും പരിശുദ്ധവും പദവിയിൽ ഏറ്റവും ഉന്നതവും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനേക്കാൾ ഉത്തമവും. ശത്രുക്കളുമായി ഏറ്റുമുട്ടി, നിങ്ങൾ പരസ്പരം കഴുത്തറുക്കുന്നതിനേക്കാൾ ഏറ്റവും ഗുണകരവുമായ ഒരു കാര്യം ഞാൻ നിങ്ങൾക്കറിയിച്ചുതരട്ടയോ?’ അവർ പറഞ്ഞു: പ്രവാചകരേ, അറിയിച്ചു തന്നാലും.’ തിരുമേനി പറഞ്ഞു: “ദൈവസ്മരണയാണത്.”(തിർമിദി, അഹ്മദ്, ഹാകിം).

6. അത് വിജയമാർഗമാണ്. നബി (സ) പറഞ്ഞതായി മുആദിൽ നിന്നുദ്ധരിക്കുന്നു: “തന്നെ ദൈവ ശിക്ഷയിൽനിന്ന് രക്ഷിക്കാൻ ദൈവസ്മരണയെക്കാൾ ഉതകുന്ന ഒരു കർമവും മനുഷ്യൻ ചെയ്തിട്ടില്ല.”(അഹ്മദ്)

7. അഹ്മദ് ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തിക്കൊണ്ട് നിങ്ങൾ ഉരുവിടുന്ന തഹ് ലീലും തക്ബീറും തഹ് മീദും’ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ ചുറ്റും വട്ട മിടുന്നു. തേനീച്ചയുടെ ശബ്ദം പോലെയുള്ള ഒരു ശബ്ദത്തിൽ അവയുടെ ഉടമാവകാശിയെ അവ ഓർമിപ്പിക്കും. (ഇതുപോലെ തന്നെപ്പറ്റി ഓർമിപ്പിക്കുന്ന ഒന്നുണ്ടാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?”

സ്മരണയുടെ പരിധി
അല്ലാഹുവെ സ്മരിക്കുന്നത് ധാരാളമാക്കുവാനാണ് അവൻ കൽപിച്ചിരിക്കുന്നത്. ബുദ്ധിമാന്മാരെ പറ്റി അല്ലാഹു പറഞ്ഞത്. അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ച് പ്രയോജനപ്പെടുത്തുമെന്നാണ്.

الذين يذكرون الله قياما وقعودا وعلى جنوبهم (آل عمران ۱۹۱)
(നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുന്നവർ )

والذاكرين الله كثيرا والذاكرات أعد الله لهم مغفرة وأجرا عظيما (الأحزاب 35)
(അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.)

മുജാഹിദ് പറഞ്ഞു നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും അല്ലാഹുവിനെ സ്മരിച്ചാലല്ലാതെ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന – പുരുഷന്മാരിൽ ഉൾപ്പെടുകയില്ല.

അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്ന സ്ത്രീ പുരുഷന്മാരിൽ ഉൾപ്പെടുന്നതിന്റെ പരിധി ഏതാണന്ന് ഇബ്നു സ്വലാഹിനോട് ആരോ ചോദിച്ചു. അദ്ദേ ഹം പറഞ്ഞു: “നബിയിൽനിന്ന് ഉദ്ധരിക്കപ്പെടുന്ന സ്ഥിരപ്പെട്ട ദിക്കറുകള് രാവിലെയും വൈകുന്നേരവും രാപ്പകലുകളിലുള്ള വ്യത്യസ്ത സന്ദർഭങ്ങളിലും സമയങ്ങളിലും സാധാരണയായി പറയുകയാണെങ്കിൽ അവൻ അല്ലാഹുവിനെ കൂടുതൽ സ്മരിക്കുന്ന സ്ത്രീ പുരുഷന്മാരിൽ ഉൾപ്പെടും.“

ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് പറഞ്ഞതായി അലിയ്യുബ്നു അബീത്വൽഹ പറയുന്നു: “അല്ലാഹു തന്റെ അടിമകൾക്ക് നിർബന്ധമാക്കിയ എല്ലാ കാര്യങ്ങൾക്കും നിർണിത പരിധി നിശ്ചയിച്ചിട്ടുണ്ട്. അനുയോജ്യമായ അവസരങ്ങളിൽ ഒഴികഴിവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ദിക്കരിന്റെ കാര്യം അങ്ങനെയല്ല. അത് നിർത്തേണ്ട ഒരു പരിധിയും അല്ലാഹു നിശ്ചയിച്ചിട്ടില്ല. അതുപേക്ഷിക്കുന്നവൻ പരാജയപ്പെടുമെന്നല്ലാതെ, ഉപേക്ഷിക്കാൻ ആർക്കും ഒരിളവും നൽകിയിട്ടില്ല. അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്: “നിന്നും ഇരുന്നും കിടന്നും നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക. രാത്രിയും പകലും, കരയിലും കടലിലും, യാത്രയിലും സ്ഥിരതാമസത്തിലും, സമ്പന്നതയിലും വിപന്നതയിലും, ആരോഗ്യത്തിലും രോഗത്തിലും, രഹസ്യത്തിലും പരസ്യത്തിലും എല്ലാ അവസരങ്ങളിലും അവനെ സ്മരിക്കുക.

എല്ലാ അനുസരണവും ദിക്റാണ്
സഈദുബ്നു ജുബൈർ പറഞ്ഞു: അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരെല്ലാം അല്ലാഹുവിനെ സ്മരിക്കുന്നവരാണ്. വ്യാപകമായ ഇതിനെ മുൻഗാമികളിൽ ചിലർ പരിമിതമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർ ദിക്റിനെ ചില ഇനങ്ങളിൽ മാത്രം പരിമിതമാക്കി. അത്വാഅ് ഇക്കൂട്ടത്തിലാണ്. അദ്ദേഹം പറഞ്ഞു: ദിക്റിന്റെ സ്ഥാനങ്ങൾ ഹലാൽ-ഹറാമിന്റെ സ്ഥാനങ്ങളാണ്. അതായത് എങ്ങനെ വാങ്ങണം; കൊടുക്കണം ? എങ്ങനെ നോമ്പനുഷ്ഠിക്കണം? നമസ്കരിക്കണം? വിവാഹം, ത്വലാഖ്, ഹജ്ജ് എന്നിവ എങ്ങനെ നിർവഹിക്കണം എന്നിത്യാദി കാര്യങ്ങൾ. ഖുർതുബി പറഞ്ഞു: ദിക്റിന്റെ സ്ഥാനമെന്നാൽ വിജ്ഞാന സമ്പാദനത്തിന്റെയും ദൈവസ്മരണയുടെയും സ്ഥാനമെന്നർഥം. അല്ലാഹുവിന്റെ വാക്യങ്ങളും റസൂലിന്റെ സുന്നത്തുകളും പൂർവകാല സദ് വൃത്തരുടെ വൃത്താന്തങ്ങളും, ഐഹിക വിരക്തരും ബിദ്അത്തുകളിൽ നിന്നും കൃത്രിമങ്ങളിൽ നിന്നും വിമുക്തരും സ്വാർഥലാഭങ്ങളിൽനിന്ന് അകന്നുനിന്നവരുമായ പൂർവകാല ഇമാമുകളുടെ വാക്കുകളും അനുസ്മരിക്കുന്ന സ്ഥാനമാണത്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles