Current Date

Search
Close this search box.
Search
Close this search box.

സമാധാനത്തിന്റെ ആയത്തുകളെ ആയത്തുസ്സൈഫ് നസ്ഖ് ചെയ്തോ?

ഖുർആനിലെ നസ്ഖ്; ഒരു വിശകലനം- ഭാഗം മൂന്ന്

നസ്ഖുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമാണ് യുദ്ധകൽപന നൽകുന്ന ആയത്ത്  (ആയത്തുസ്സൈഫ്)1.  നമ്മൾ ഇതുവരെ മനസ്സിലാക്കിയ വസ്തുതകൾ ഉപയോഗിച്ച് ഈ ആയത്തിനെ എങ്ങനെ സമീപിക്കാം എന്ന് പരിശോധിക്കുകയാണ് ഈ ഭാഗം. 

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ് എന്നത് മുസ്‌ലിംകൾ  സാധാരണ വാദിക്കാറുള്ള കാര്യമാണ്. ഖുർആനിൽ ഡസൻ കണക്കിന് ആവർത്തിച്ചുവരുന്ന, ക്ഷമയെയും സഹാനുഭൂതിയെയും നന്മകളെയും പ്രോത്സാഹിപ്പിക്കുന്ന ആയത്തുകൾ ചൂണ്ടിയാണ് അവർ ആ വാദം ഉന്നയിക്കാറുള്ളത്. എന്നിരിക്കിലും, തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരായി ഖുർആനിൽ  വരുന്ന എന്തിനെയും, ഇസ്‌ലാം വിമർശകരും ചില മുസ്‌ലിംകൾ പോലും ബാലിശമായ രീതിയിൽ വ്യാഖ്യാനിച്ച് തള്ളാറുണ്ട്. സമാധാനത്തിന്റെ ആയത്തുകൾ ആയത്തുസ്സെയ്ഫ് കൊണ്ട് നസ്ഖ് ചെയ്യപ്പെട്ടു എന്നാണ് അവരുടെ അടിസ്ഥാനരഹിതമായ വ്യാഖ്യാനം. സൂക്ഷ്മ പരിശോധന നടത്തുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് അടിസ്ഥാന രഹിതമായ അവരുടെ ഈ വാദമെന്ന് പ്രത്യേകം പറയേണ്ടതില്ല. 

സമാധാനത്തിന്റെ ആയത്തുകൾ നസ്ഖ് ചെയ്യപ്പെട്ടു എന്ന വാദം തഫ്സീർ പാരമ്പര്യങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിലും അത് സർവാംഗീകൃതമല്ല. അബൂ ജഅ്ഫർ അന്നഹ്ഹാസ്, ഇബ്നുൽ ജൌസി, അസ്സുയൂത്വി പോലെയുള്ള പണ്ഡിതർ ഇരുപത് ഇടങ്ങളിലേ നസ്ഖ് അതിന്റെ യഥാർഥ അർഥത്തിൽ സംഭവിച്ചിട്ടുള്ളൂ എന്ന് അഭിപ്രായമുള്ളവരാണ്. അവയിലൊന്നും ആയത്തുസ്സെയ്ഫിനെ എണ്ണിയിട്ടില്ല2. വിചിത്രമെന്തെന്നു വെച്ചാൽ, ആയത്തുസ്സെയ്ഫ് ഏതാണെന്നതിൽ പോലും ഈ നസ്ഖ് വാദികൾക്ക് ഏകാഭിപ്രായമില്ല എന്നുള്ളതാണ്. എന്നാൽ സാധാരണയായി ഉദ്ധരിക്കപ്പെടാറുള്ളത് സൂറഃ അത്തൌബയിലെ അഞ്ചാം ആയത്താണ്.

അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ (ഹറമിലോ പുറത്തോ) എവിടെക്കണ്ടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.

തഫ്സീറുകളിൽ പിൽക്കാലത്താണ് ആയത്തുസ്സെയ്ഫ് എന്ന പ്രയോഗം വന്നത് എന്ന വസ്തുത സവിശേഷം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരിക്കലും അക്രമത്തിന്റെയോ കൈയ്യേറ്റത്തിന്റെയോ പ്രതീകമായിരുന്നില്ല വാൾ. പ്രത്യുത, അത് നീതിയെയായിരുന്നു കുറിച്ചിരുന്നത്. അങ്ങനെയാണെങ്കിൽ കൂടി റസൂലിന്റയും സ്വഹാബത്തിന്റെയും കാലത്ത് അത്തരമൊരു സംജ്ഞ പ്രചാരത്തിലുണ്ടായിരുന്നില്ല.  

ബഹുദൈവവിശ്വാസികളെ എവിടെക്കണ്ടാലും വധിച്ചുകൊള്ളുക എന്ന ഭാഗം പ്രത്യേകം അടർത്തിയെടുത്ത്, അതാണ് വിശ്വാസികളും അല്ലാത്തവരും തമ്മിലുള്ള ബന്ധത്തിലെ ആത്യന്തിക വിധി എന്ന രീതിയിൽ ആരോപണമുന്നയിക്കുകയാണ് ചില വിമർശകരും ആത്യന്തികവാദികളും. ലോകമെമ്പാടുമുള്ള അവിശ്വാസികൾക്കെതിരെ വിശുദ്ധയുദ്ധത്തിനുള്ള പ്രഖ്യാപനമായിട്ടാണ് അവർ ആ ആയത്തിനെ കാണുന്നത്. അത്തരമൊരു പ്രഖ്യാപനം അർഥശൂന്യവും അസംബന്ധവുമാണെന്നിരിക്കെത്തന്നെ,  ആ സൂറത്തിൽ പ്രസ്തുത ആയത്തിനോട് ചേർന്നു വന്നിട്ടുള്ള മറ്റെല്ലാ ആയത്തുകളും കണ്ണുമടച്ച് നിഷേധിക്കുന്നുവെങ്കിൽ മാത്രമേ ഇവ്വിധം ആ സവിശേഷ ഭാഗത്തെ നിരുപാധികം വ്യാഖ്യാനിക്കാൻ കഴിയുകയുള്ളൂ.

ശേഷം വരുന്ന പത്ത് മുതൽ പതിമൂന്ന് വരെയുള്ള ആയത്തുകളിൽ ഏതുതരം ബഹുദൈവവിശ്വാസികളെ കുറിച്ചാണ് മുകളിലെ ആയത്ത് സംസാരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. സമാധാന കരാറുകൾ നിരന്തരം ലംഘിച്ചിരുന്ന ആളുകളെ കുറിച്ചാണ് അവിടെ ചർച്ച. അവരോട് യുദ്ധം ചെയ്യുന്നതിന്റെ ഉദ്ദേശ്യം അവരുടെ അക്രമങ്ങൾക്ക് തടയിടുക എന്നുള്ളതാണ്. അപ്പോഴും പശ്ചാത്താപത്തിന്റെ വാതിലുകൾ അവർക്ക് മുൻപിൽ തുറന്ന് തന്നെ കിടപ്പുണ്ട്. 

വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍, ഈ ജനം പശ്ചാത്തപിക്കുകയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുടെ ദീനീസഹോദരങ്ങളാകുന്നു. കാര്യം ഗ്രഹിക്കുന്ന ജനത്തിനായി നാം നമ്മുടെ വിധികള്‍ വിവരിച്ചുകൊടുക്കുന്നു. 

അവര്‍ സന്ധിചെയ്ത ശേഷം സ്വന്തം പ്രതിജ്ഞകള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ അവഹേളിക്കുന്നതിലേര്‍പ്പെടുകയും തന്നെയാണെങ്കില്‍, സത്യനിഷേധത്തിന്റെ ആ മൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്തുകൊള്ളുക. എന്തുകൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരു വിലയുമില്ല. (യുദ്ധനടപടികൊണ്ടെങ്കിലും) അവര്‍ വിരമിച്ചെങ്കിലോ. പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍തന്നെ ആയിരുന്നിട്ടും?. (സൂറത്തുത്തൌബ: 10-13).

‘അവര്‍ വിരമിച്ചെങ്കിലോ’ എന്ന വാക്യം യുദ്ധത്തിന്റെ ഉദ്ദേശ്യം അവരുടെ അക്രമം അവസാനിപ്പിക്കാനാണെന്നും, ‘അക്രമം ആദ്യം തുടങ്ങിയത് അവര്‍ തന്നെ ആയിരുന്നിട്ടും’ എന്നത് പ്രതിസന്ധിയുടെ പ്രഭവം എവിടെ നിന്നാണെന്നും സൂചിപ്പിക്കുന്നു. ഇതിനൊക്കെ ഉപരി, ആയുധം താഴെ വെക്കുന്ന ഏത് ബഹുദൈവവിശ്വാസിക്കും അവർ ഇസ്‌ലാം സ്വീകരിച്ചോ ഇല്ലയോ എന്നതിനെ ഗൌനിക്കാതെ അഭയവും സുരക്ഷയും നൽകണമെന്ന് തൊട്ടുശേഷം വരുന്ന ആയത്തിൽ (9: 6) കൃത്യമാക്കുന്നുണ്ട്. 

ബഹുദൈവവിശ്വാസികളിലൊരുവന്‍ നിന്നോട് അഭയംതേടി വന്നാല്‍ ദൈവികവചനം കേള്‍ക്കാന്‍ അവന്ന് അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഈവിധം പ്രവര്‍ത്തിക്കേണ്ടത്.

ഖുർആനിൽ മറ്റിടങ്ങളിലൊക്കെ വ്യക്തമാക്കുന്നതുപോലെ, അക്രമത്തിനെതിരെയുള്ള യുദ്ധത്തിനേ ഇസ്‌ലാമിൽ ന്യായമുള്ളൂ. ‘ആയത്തുസ്സെയ്ഫ്’ വന്നിട്ടുള്ള ഇടത്തെ മുഴുവൻ ആയത്തുകളും ചേർത്ത് പരിശോധിക്കുമ്പോൾ ഇതേ തത്വം തന്നെയാണ് അവിടെയും കാണാൻ സാധിക്കുക. ഒരു ആയത്തിലെ ഒരു വാക്യം അതിനോട് ചേർന്നു വരുന്നതും അല്ലാത്തതുമായിട്ടുള്ള നൂറു കണക്കിന് ആയത്തുകളെ നസ്ഖ് ചെയ്തു എന്നു കരുതുക അസാധ്യമാണ്. 

കൌതുകകരമായ മറ്റൊരു വസ്തുത, അദ്ദഹ്ഹാഖ്, സുഫ്യാൻ, അസ്സുദ്ദി പോലെയുള്ള പൂർവികരായ ഖുർആൻ വ്യാഖ്യാതാക്കൾ ‘ബഹുദൈവവിശ്വാസികളെ എവിടെക്കണ്ടാലും വധിച്ചുകൊള്ളുക’ എന്ന വാക്യം ‘അനന്തരം ഔദാര്യം കാണിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാന്‍ (നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്)–യുദ്ധം ശമിക്കുന്നതുവരെ’3 (47:4) എന്ന ആയത്ത് കൊണ്ട് നസ്ഖ് ചെയ്യപ്പെട്ടു എന്ന് അഭിപ്രായപ്പെടുന്നവരാണ്. വധിക്കാനുള്ള നിരുപാധികമോ ആത്യന്തികമോ അല്ലെന്നും മറ്റു ആയത്തുകളാൽ പരിമിതപ്പെടുത്തപ്പെടതാണെന്നും അവർ മനസ്സിലാക്കിയിരുന്നു.

യുദ്ധത്തിനേയും സമാധാനത്തിനെയും കുറിച്ച് ആയത്തുസ്സെയ്ഫിനു മുൻപ് ഇറങ്ങിയ ആയത്തുകൾ സ്വഹാബികൾ മനസ്സിലാക്കിയിരുന്നതു പോലെ അതിനു ശേഷവും പ്രാബല്യത്തിലുണ്ടായിരുന്നു. അവിരാമം അമുസ്‌ലിംകളുമായി യുദ്ധത്തിലേർപ്പെടാൻ ഇസ്‌ലാം കൽപ്പിക്കുന്നുവെന്നോ സമാധാനം താൽപര്യപ്പെടുന്ന ആയത്തുകൾ നസ്ഖ് ചെയ്യപ്പെട്ടുവെന്നോ  ഉള്ള സങ്കൽപത്തെ ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാനപ്പെട്ട ആയത്തുകളെങ്കിലും നിഷേധിക്കുന്നു.

അല്ലാഹു പറയുന്നു: നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍, അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍, അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (2:190)

യുദ്ധം ചെയ്യുവാനുള്ള ന്യായത്തിന്റെ വിഷയത്തിലും യുദ്ധവേളയിൽ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ചും പ്രസക്തമായ അധ്യാപനമാണ് ഈ ആയത്ത് നൽകുന്നത്. അക്രമരാഹിത്യം എന്ന ഇസ്‌ലാമിക തത്വത്തിൽ അധിഷ്ഠിതമാണ് ഈ രണ്ട് അധ്യാപനങ്ങളും4. യുദ്ധനിയമങ്ങൾ മറികടക്കുന്നതിനെ കുറിച്ച് അത് മുന്നറിയിപ്പ് നൽകുന്നു. ഈ വിധി ശാശ്വതമായി നിലനിൽക്കും എന്നതിലേക്കുള്ള സൂചനയാണ് അല്ലാഹു ഒരിക്കലും അതിക്രമം ഇഷ്ടപ്പെടുന്നില്ല എന്ന ആയത്തിലെ ഭാഗം. ഇത് റസൂലിന്റെ പ്രബലമായ ഹദീസിനോടും പൊരുത്തപ്പെടുന്നതാണ്, “തീർച്ചയായും അല്ലാഹുവിന്റെ പക്കൽ ജനങ്ങളിൽ വെച്ച ഏറ്റവും അതിക്രമകാരികളായിട്ടുള്ളവർ മൂന്നാളുകളാണ്; ഹറമിൽ വെച്ച് കൊല നടത്തുന്നവർ, തന്നോട് യുദ്ധം ചെയ്യാത്തവനെ വധിക്കുന്നവൻ…”5   

ഈ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടതല്ല എന്ന് അഭിപ്രായമുള്ള നിരവധി മുൻകാല പണ്ഡിതരുടെ പ്രസ്താവനകൾ ഇമാം ത്വബരി ഉദ്ധരിക്കുന്നുണ്ട്. പണ്ഡിതശ്രേഷ്ഠനായ ഇബ്നു അബ്ബാസ് (റ) സാരം വിവരിക്കുന്നത് ഇപ്രകാരമാണ്:

അഥവാ സ്ത്രീകളെയും, കുട്ടികളെയും, സമാധാനം കാംക്ഷിക്കുകയും സ്വകരങ്ങൾ അടക്കി വെക്കുകയും ചെയ്ത ആളുകളെയും നിങ്ങൾ വധിക്കരുത്. അപ്രകാരം നിങ്ങൾ ചെയ്താൽ നിങ്ങൾ അക്രമകാരികളായി6.

ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ് അതിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്, “അത് സ്ത്രീകളെയും കുട്ടികളെയും കുറിച്ചും അക്കൂട്ടരിൽ നിന്ന് നിങ്ങളോട് യുദ്ധം ചെയ്യാത്തവരെ കുറിച്ചുമാണ്7.” ഇന്ന് നാം സാധാരണ പൌരർ, സൈനികേതരർ എന്നൊക്കെ വിശേഷിപ്പിക്കുന്നവരെ ആക്രമിക്കുന്നത് മേൽപറഞ്ഞ ആയത്ത് വിരോധിക്കുന്നതായിട്ടാണ് അവരൊക്കെ മനസ്സിലാക്കിയത്.

ആയത്തുസ്സെയ്ഫിനോടൊപ്പം അതിനോട് ചേർന്നു വരുന്ന ആയത്തുകളെയെല്ലാം സാന്ദർഭിക വശം വിശാലമായി വിശകലനം ചെയ്യുമ്പോൾ മേൽപറഞ്ഞ വ്യാഖ്യാനത്തിനോടാണ് അത് യോജിച്ച് വരുന്നത്. കായികമായുള്ള ഭീഷണിക്കുള്ള പ്രതികരണം എന്ന നിലക്ക് മാത്രമേ യുദ്ധത്തെ നീതീകരിക്കാൻ കഴിയുകയുള്ളൂ. പ്രാമാണിക പണ്ഡിതനായിട്ടുള്ള ഇബ്നു തൈമിയയുടെ അഭിപ്രായപ്രകാപരം,  ചരിത്രപരമായി ഭൂരിപക്ഷം മുസ്‌ലിം  കർമശാസ്ത്ര പണ്ഡിതരുടെയും നിയമോപദേശവും അത്തരത്തിലാണ്:

ധിക്കാരികളെങ്കിലും ആയുധമെടുക്കാത്ത  ജനതയോട് യുദ്ധം ചെയ്യാൻ അനുമതി നൽകുന്ന ദൈവകൽപനയില്ല. മാത്രമല്ല, അവിശ്വാസികളുടെ കാര്യത്തിൽ പോലും അവർ യുദ്ധം ചെയ്യുന്ന പക്ഷം മാത്രമേ അവരോട് യുദ്ധം ചെയ്യാൻ അനുവാദമുള്ളൂ.  ഇതാണ് ഖുർആനും സുന്നത്തും മുന്നോട്ട് വെക്കുന്ന വീക്ഷണവും ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും8.

ഈ വിഷയം ചർച്ച ചെയ്യാനായി ഇബ്നു തൈമിയ (റ) രചിച്ച ലഘുവായ പഠനത്തിൽ അമുസ്‌ലിംകളോട് അവർ യുദ്ധം ചെയ്തെങ്കിലേ അങ്ങോട്ട് യുദ്ധം ചെയ്യാൻ പാടുള്ളൂ എന്ന് പ്രസ്താവിക്കുന്നുണ്ട്. അതിനായി തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നത് മുകളിൽ പറഞ്ഞ സൂറഃ അൽബഖറയിലെ 190ാം ആയത്താണ്. ശേഷം, ഈ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടതാണ് എന്ന വാദത്തെ അദ്ദേഹം ഖണ്ഡിക്കുന്നുണ്ട്:

ഞാൻ പറയുന്നത്: ഇതു തന്നെയാണ് (2: 190ാം ആയത്ത് നസ്ഖ് ചെയ്യപ്പെട്ടിട്ടില്ല എന്ന അഭിപ്രായം) ഭൂരിപക്ഷ പണ്ഡിതമതം. ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പൽ  തുടങ്ങിയവരുടെ അഭിപ്രായം അതാണ്. വിരുദ്ധാഭിപ്രായം ദുർബലമാണ് താനും. തീർച്ചയായും നസ്ഖ് വാദിക്കുന്നവർ തെളിവ് കൊണ്ടുവരേണ്ടതാണ്. ഖുർആനിൽ ഈ ആയത്തിന് എതിരായി യാതൊന്നും കാണാൻ കഴിയില്ല. എന്നു മാത്രമല്ല, ആ അഭിപ്രായത്തിനോട് യോജിക്കുന്നതായിട്ട് ഖുർആനിൽ എന്താണുള്ളത്?! ഏതാണ് നസ്ഖ് ചെയ്യുന്നതായി പറയപ്പെടുന്ന ആയത്ത്?9

എങ്കിൽ കൂടി, വിമർശകരും ആത്യന്തിക വാദികളും തങ്ങളുടെ സിദ്ധാന്തത്തെ ന്യായീകരിക്കാനായി ചില പൌരാണിക തഫ്സീറുകളെ കൂട്ടുപിടിക്കാറുണ്ട്. ഉദാഹരണത്തിന്, ഈ ആയത്ത് വ്യാഖ്യാനിക്കുന്ന വേളയിൽ റബീഉബ്നു അനസ് (റ) യുടെ അഭിപ്രായം ഇമാം ത്വബ്‌രി രേഖപ്പെടുത്തുന്നുണ്ട്, “മദീനയിൽ വെച്ച് യുദ്ധത്തെ സംബന്ധിച്ച് അവതരിച്ച ആദ്യത്തെ ആയത്താണ് ഇത്. ഈ ആയത്ത് അവതീർണമായതിന് ശേഷം റസൂൽ (സ) തങ്ങളോട് യുദ്ധം ചെയ്തവരോട് തിരിച്ച് യുദ്ധം ചെയ്തു. തങ്ങളുടെ നേർക്ക് യുദ്ധം നയിക്കാത്തവരെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. എന്നാൽ, സൂറത്തുത്തൌബയിലെ അഞ്ചാമത്തെ ആയത്ത് ഇറങ്ങുന്നതു വരെയായിരുന്നു റസൂൽ (സ) ആ സമീപനം സ്വീകരിച്ചിരുന്നത്10.”

യുദ്ധത്തിന് പരിധികളും നിയന്ത്രണങ്ങളും വെക്കുന്ന ആയത്തുകളെ ആയത്തുസ്സെയ്ഫ് നസ്ഖ് ചെയ്തുവെന്ന് അവകാശപ്പെടുന്ന ഇതുപോലെയുള്ള ഇതര അഭിപ്രായങ്ങൾ ഇസ്‌ലാമിക പാരമ്പര്യത്തിൽ കാണാൻ സാധിക്കും. പക്ഷേ, പൂർവികർ നസ്ഖ് എന്ന പ്രായോഗം, പിൽക്കാലത്ത് നൽകപ്പെട്ട സാങ്കേതികാർഥത്തിനു പകരം ആലങ്കാരികമായും അയവുള്ള രീതിയിലും ഉപയോഗിച്ചിരുന്നുവെന്നത് നമ്മൾ നേരത്തെ മനസ്സിലാക്കിയതാണ്. അവരുടെ അഭിപ്രായപ്രകാരം അൽ ബഖറയിലെ 190ാം ആയത്ത് പൂർണമായാണോ അതോ ഭാഗികമായി മാത്രമാണോ നസ്ഖ് ചെയ്യപ്പെട്ടത്? അങ്ങനെയെങ്കിൽ ഏതർഥത്തിലാവും അവിടെ നസ്ഖ് സംഭവിച്ചിട്ടുണ്ടാവുക. 

ആക്രമണ ഭീഷണിയുള്ള സൈന്യങ്ങളിൽ നിന്നും മുൻകരുതൽ നടപടി സ്വീകരിക്കുവാനുള്ള അനുമതി പ്രകാരമാണ് 2: 190 നസ്ഖ് ചെയ്യപ്പെട്ടത് എന്ന അഭിപ്രായത്തിനോട് ബന്ധപ്പെടുത്തി  ഇമാം ബൈളാവി എഴുതുന്നു: 

യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരും അല്ലാത്തവരുമായ സകല ബഹുദൈവവിശ്വാസികളോട് പോരാടിക്കാനുള്ള കൽപന വരുന്നതിന് മുൻപുള്ളതായിരുന്നു ഈ കൽപന എന്ന് പറയപ്പെടുന്നു. ഈ ആയത്തിൽ പരാമർശിച്ച വിഭാഗം കൊണ്ടുദ്ദേശ്യം നിങ്ങളോട് പോരിനിറങ്ങുന്നവരും ആക്രമണം പ്രതീക്ഷിക്കപ്പെടുന്നവരുമാണ് എന്ന് അഭിപ്രായമുണ്ട്. 

കണിശമായ അക്ഷരാർഥത്തിൽ ഈ ആയത്തിനെ മനസ്സിലാക്കുന്ന പക്ഷം ഒരു പ്രത്യേക സമയം തങ്ങളെ നേരിട്ടാക്രമിക്കുന്നവരോട് പ്രതികരിക്കാൻ മാത്രമേ മുസ്‌ലിം കൾക്ക് അനുവാദമുണ്ടാവുകയുള്ളൂ. തങ്ങളുടെ അതിർത്തികളിൽ യുദ്ധസന്നാഹം നടത്തിക്കൊണ്ടിരിക്കുന്ന ശത്രുവിനെതിരിൽ മുൻകൂട്ടി നടപടി സ്വീകരിക്കുവാനുള്ള അനുവാദം അവർക്കുണ്ടാവുകയില്ല. അതു പ്രകാരം, ഈ ആയത്തിന്റെ അക്ഷരാർഥത്തെയാണ് തൌബയിലെ ആയത്ത് നസ്ഖ് ചെയ്യുന്നത്. ശത്രുപ്രദേശത്തേക്ക് കടന്നാക്രമണം നടത്തുന്നതിന് അനുവാദം നൽകുകയും ചെയ്യുന്നു.

ഹിംസാരാഹിത്യം എന്ന അടിസ്ഥാന തത്വം അപ്പോഴും നിലനിൽക്കുന്നുണ്ട്. പൊതുവായുള്ള പ്രതിരോധ സെെനിക തന്ത്രത്തിനു കീഴിൽ തന്നെ സ്വീകരിക്കുന്ന ആക്രമണശൈലിയാണത്. അവശ്യ ജിഹാദ് (ജിഹാദുത്ത്വലബ്) എന്നാണത് വിളിക്കപ്പെടാറുള്ളത്. അറബികൾക്കിടയിൽ പ്രചാരമുണ്ടായിരുന്ന വർത്തമാനമാണ്, “റോമക്കാർക്കെതിരിൽ സന്നാഹമൊരുക്കപ്പെടാത്ത പക്ഷം അവർ നിങ്ങൾക്കെതിരിൽ സന്നാഹങ്ങളൊരുക്കും11.” രണോത്സുകമായ സാമൂഹ്യസാഹചര്യത്തിൽ മികച്ച ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം. എന്നിരുന്നാലും ബഖറയിലെ ആയത്തിന്റെ അർഥതലം ഈ ആശയം കൂടി ഉൾകൊള്ളാൻ പര്യാപ്തമാണ്  എന്നതിനാൽ നസ്ഖ് അനിവാര്യമാവുന്നില്ല. ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവർ’ എന്നതുകൊണ്ട് ‘നിങ്ങളോട് യുദ്ധം ചെയ്യാൻ സന്നാഹമൊരുക്കുന്നവർ’ എന്നു കൂടി വിവക്ഷിക്കാവുന്നതാണ്12.

അയൽശക്തികളുടെ ആക്രമണങ്ങൾ മുൻകൂട്ടി ചെറുക്കുവാനായി നബി (സ) യും ആക്രമണ ശൈലി ഉപയോഗിച്ചിരുന്നു. മുസ്‌ലിം കളുടെ ദൂതനെ വധിച്ചതിലൂടെ റോമൻ സഖ്യ കക്ഷികൾ അവരാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. അതാണ് മുഅ്ത്വയിലേക്കും പിന്നീട് തബൂക്ക് യുദ്ധത്തിലേക്കും നയിച്ചത്. റോമൻ സൈന്യം മദീനയിലെത്തുന്നതു വരെ കാക്കുകയായിരുന്നില്ല റസൂൽ (സ). ആയത്തുസെയ്ഫ് യുദ്ധസംബന്ധിയായി ഇറങ്ങിയ മുൻകഴിഞ്ഞ ആയത്തുകളെ നസ്ഖ് ചെയ്തു എന്ന് കരുതുകയാണെങ്കിൽ തന്നെ, അത് ഇപ്പറഞ്ഞ രീതിയിൽ മുൻകരുതലായി അക്രമണ നടപടികൾ സ്വീകരിക്കാൻ അനുവദിക്കുന്ന പരിമിതവും ഭാഗികവുമായ അർഥത്തിലാണ്. 

അക്രമരാഹിത്യം എന്ന നിലപാടിൽ അപ്പോഴും മാറ്റമില്ല എന്ന് റസൂലിന്റെ വചനങ്ങൾ സൂചിപ്പിക്കുന്നു. സമാധാനകാംക്ഷികളായ അയൽരാജ്യക്കാരെ ആക്രമിക്കുന്നതിൽ നിന്ന് വിരോധിച്ചുകൊണ്ട് റസൂൽ (സ) പറയുന്നു, “നിങ്ങളെ ഉപദ്രവിക്കാത്ത പക്ഷം അബ്സീനിയക്കാരെയും തുർക്കിക്കാരെയും വെറുതെ വിട്ടേക്കുക13.” ഈ പ്രദേശങ്ങളൊന്നും ഭീഷണിയുയർത്താത്തതിനാൽ ആദ്യകാല മുസ്‌ലിംകൾ അവരെ ആക്രമിച്ചിരുന്നില്ല.

ന്യായമായ വ്യവസ്ഥകൾ നിർദേശിക്കപ്പെടുന്നെങ്കിൽ ശത്രുക്കളുമായി സമാധാന ഉടമ്പടിയിൽ ഏർപ്പെടാൻ മുസ്‌ലിം കളോട് മറ്റൊരു പ്രധാന ആയത്ത് നിർദേശിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

പ്രവാചകരേ, ശത്രുജനം സന്ധിയിലേക്കും സമാധാനത്തിലേക്കും ചായുന്നുവെങ്കില്‍ നീയും അതിനു സന്നദ്ധനാവുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയം, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (8: 61)

ഇബ്നു കസീറിന്റെ അഭിപ്രായപ്രകാരം ഈ ആയത്ത് നസ്ഖ് ചെയ്യപ്പെടാൻ പാടില്ലാത്തതാണ്. കാരണം ഒരു നിയമവിധി എന്ന നിലയിൽ റസൂൽ അതിനെ പിന്നീടും പ്രാവർത്തികമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു, “ശക്തി അതിശക്തനെങ്കിൽ അവനോട് സന്ധി ചെയ്യാൻ ആ ആയത്ത് പ്രകാരം അനുമതിയുണ്ട്. അപ്രകാരമാണ് റസൂൽ ഹുദൈബിയ സന്ധിയിലേർപ്പെട്ടത്. അതുകൊണ്ട്, ഈ ആയത്ത് നസ്ഖ് ചെയ്യപ്പെടുകയോ പരിമിതിപ്പെടുകയോ ചെയ്തിട്ടില്ല14.”

ചുവടെ ചേർക്കുന്ന തിരുവചനം കൊണ്ട് അദ്ദേഹം ഈ വാദത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, “തീർച്ചയായും എന്റെ കാലശേഷം സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടാവും. കഴിയുമെങ്കിൽ അവയിൽ സമാധാനവും സന്ധിയും പാലിക്കുക”15. സാധ്യമാവുന്ന ഏത് അവസരത്തിലും സമാധാനം തന്നെയാണ് അഭിലഷണീയം എന്നാണ് മേൽപറഞ്ഞ ആയത്തും അതുമായി ബന്ധപ്പെട്ട മറ്റു പ്രമാണങ്ങളും സൂചിപ്പിക്കുന്നത്.

അങ്ങോട്ട് ആക്രമിക്കൽ അഭികാമ്യമല്ലാത്ത വിധം ശത്രു അതിശക്തനാവുമ്പോൾ സന്ധി ചെയ്യൽ അനുവദനീയമാവുന്ന സന്ദർഭത്തെ കുറിച്ചാണ് ഇബ്നു കസീർ ഇവിടെ പറഞ്ഞിട്ടുള്ളത്. തിരിച്ചാക്രമണത്തിന് തങ്ങൾ സജ്ജരാവുന്നിടത്തോളം മുസ്‌ലിംകൾ സ്വീകരിക്കുന്ന തന്ത്രമായി ചിലർ സമാധാന ഉടമ്പടികളെ കണ്ടിട്ടുണ്ട്. മുസ്‌ലിം  ന്യൂനപക്ഷങ്ങളെ അരികുവൽകരിക്കുന്നതിനെ ന്യായീകരിക്കാൻ ഈ യുക്തിയെ ചിലർ ഇന്ന് ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ, ഒരു സന്ധി അനുവദനീയമാവുന്ന പ്രത്യേക സന്ദർഭത്തെ എടുത്തു പറയുക മാത്രമാണ് ഇബ്നു കസീർ ചെയ്തിട്ടുള്ളത്.

ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ പോലെയുള്ള പണ്ഡിതർ സ്വീകരിച്ച ഭൂരിപക്ഷാഭിപ്രായത്തെ പിന്തുണക്കുകയായിരുന്നു അദ്ദേഹം. “നേതാവ് ഉമ്മത്തിന് പ്രയോജനം കാണുന്ന പക്ഷം സമാധനക്കരാറിൽ ഏർപ്പെടൽ അനുവദനീയമാണ് എന്നാണ് അവരുടെ അഭിപ്രായം16.” മറ്റൊരു രീതിയിൽ പറഞ്ഞാൽ, മുസ്‌ലിം  സമൂഹത്തിന്റെ ക്ഷേമത്തിനും താൽപര്യങ്ങൾക്കും വഴിയൊരുക്കും എന്ന് മനസ്സിലാക്കിയാൽ, സന്ധി ഉടമ്പടികളിൽ ഏർപ്പെടാൻ ഉമ്മത്തിന്റെ നേതാക്കൾക്ക് അവകാശമുണ്ട്. അതിനാൽ ഈ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്ന് കരുതാവതല്ല. അതിലുപരി, ഇത് ആയത്തുസ്സെയ്ഫിന് നിയന്ത്രണങ്ങൾ വെക്കുന്നുണ്ട്. 

അവസാനമായി, മുസ്‌ലിം -അമുസ്‌ലിം  ബന്ധം നിയന്ത്രിക്കുന്ന ഒരു പൊതു നിയമം വിശദമാക്കുന്ന മൂന്നാമത്തെ പ്രധാന ആയത്തിനെയാണ് പരിശോധിക്കുന്നത്. മുൻപ് വിശദീകരിച്ച ആയത്തുകൾ പോലെ ഈ ആയത്തും നസ്ഖ് ചെയ്യപ്പെട്ടിട്ടില്ല. അല്ലാഹു പറയുന്നു:

മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു. (സൂറത്തുൽ മുംതഹിന: 8-9)

വിശ്വാസത്തിന്റെ പേരിലോ മറ്റോ തങ്ങളെ ഉപദ്രവിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യാത്ത അവിശ്വാസികളോട് നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ബഖറയിലെ 190ാം ആയത്ത് പ്രകാരം വിശ്വാസികൾ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. മുതഹിനയിലെ മേൽപറഞ്ഞ ആയത്തുകൾ നസ്ഖ് ചെയ്യപ്പെട്ടു എന്ന് അഭിപ്രായപ്പെടുന്നവരോട് ഇമാം ത്വബരി വിയോജിക്കുന്നുണ്ട്. 

(ആയത്തിനു നൽകപ്പെട്ട ചില വ്യാഖ്യാനങ്ങൾ ഉദ്ധരിച്ച ശേഷം) ഇവയിൽ ശരിയോട് ഏറ്റവും ചേർന്നു നിൽക്കുന്ന അഭിപ്രായം, ‘മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യാത്തവർ’ എന്നത് എല്ലാ വംശക്കാരെയും മതവിഭാഗക്കാരെയും ഉൾക്കൊള്ളുന്നതാണെന്നും അവരോട് നന്മ പുലർത്തണമെന്നും, ബന്ധം ചേർക്കണമെന്നും, നീതി പാലിക്കണമെന്നും അഭിപ്രായപ്പെട്ടവരുടേതാണ്. ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ’ എന്നത് തീർച്ചയായും പടച്ച തമ്പുരാൻ പൊതുവായി, ആ സവിശേഷതയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് പ്രസ്താവിച്ചിട്ടുള്ളത്; ഏതെങ്കിലുംപ്രത്യേക വിഭാഗക്കാരെ എടുത്തു പറഞ്ഞിട്ടില്ല. ഈ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നു പറയുന്നവരുടെ വാദത്തിന് യാതൊരു അർഥവുമില്ല17.

മതനിരപേക്ഷമായി, അക്രമി എന്ന വിശേഷിക്കപ്പെടാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ ആയത്തിലെ വാക്കുകൾ വിന്യസിച്ചിരിക്കുന്നത്. അസ്മാഅ് ബിൻത് അബീബക്ർ നിവേദനം ചെയ്ത ഹദീസ് ഇമാം ത്വബരി തന്റെ വാദത്തെ ദൃഢപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ട്:

എന്റെ മാതാവ് വിഗ്രഹാരാധകയായിരുന്നു. ഖുറൈശികളുമായി സന്ധിയിലായിരിക്കെ അവരെന്നെ സന്ദർശിക്കുവാൻ വന്നു. അപ്പോൾ റസൂൽ (സ) യോട് ഞാൻ ചോദിച്ചു, ‘അല്ലയോ റസൂലെ, എന്റെ ഉമ്മ എന്നെ കാണാൻ വന്നിരിക്കുകയാണ്, ഹൃദ്യമായൊരു പരിചരണം അവരാഗ്രഹിക്കുന്നുണ്ട്. ഞാനെന്തു ചെയ്യണം?’ റസൂൽ പ്രതിവചിച്ചു, ‘അതെ, നല്ല നിലക്കു തന്നെ നിങ്ങളുടെ ഉമ്മയെ പരിചരിച്ചു കൊള്ളുക18’.

അസ്മാഅ് (റ) യുടെ അന്വേഷണത്തിനുള്ള മറുപടിയായാണ് മുംതഹിനയിലെ എട്ടാം ആയത്ത് ഇറങ്ങിയതെന്ന് ഇതേ സംഭവത്തിന്റെ മറ്റൊരു നിവേദനത്തിൽ ഇബ്നു ഉയൈയ്ന കൂട്ടിച്ചേർക്കുന്നുണ്ട്. അവരുടെ മാതാവ് വിഗ്രഹാരാധകരിൽ പെട്ടവളും ശത്രുസമൂഹത്തിലെ അംഗവും ആയിരുന്നുവെന്നത് ഒരിക്കലും അവിടെ പ്രശ്നമായിരുന്നില്ല. അവരുടെ ഉമ്മ സമാധാനം കാംക്ഷിച്ചു കൊണ്ടായിരുന്നു വന്നത്,  അതു കൊണ്ട് തന്നെ നല്ല നിലക്ക് അവരോട് പെരുമാറേണ്ടതുണ്ട്, അത്ര മാത്രം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇമാം ഖുർത്വുബി പറഞ്ഞുവെക്കുന്നു, “ഈ ആയത്ത് ഖണ്ഡിതമായ വിധി പറഞ്ഞുവെക്കുന്നു എന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും… ഒരിക്കൽ ഒരമുസ്‌ലിം  പൌരൻ ഖാദി ഇസ്മാഈലുബ്നു ഇസ്ഹാഖിന്റെ വീട്ടിൽ പ്രവേശിച്ചു, അദ്ദേഹം അയാളെ സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തു. ഈ പെരുമാറ്റം അവിടെ സന്നിഹിതരായിരുന്നവർ വിമർശിച്ചു. അപ്പോൾ അദ്ദേഹം അവരെ ഈ ആയത്തുകൾ ഓതികേൾപ്പിക്കുകയാണുണ്ടായത്19.”

ഓരോ ആയത്തുകളും അവക്ക് അനുയോജ്യമായ ഇടങ്ങളിൽ പ്രാബല്യമുള്ളവയാണ്; അത് സംസാരിക്കുന്നത് സഹാനുഭൂതിയെയോ നീയിയെയോ, യുദ്ധത്തെയോ സമാധാനത്തയോ കുറിച്ചാവട്ടെ. ആദ്യം അനുഭൂതിയെയും വിട്ടുവീഴ്ചയെയും കുറിക്കുന്ന ആയത്തുകൾ അവതരിച്ചത് അടിസ്ഥാന നിലപാട് വ്യക്തമാക്കുവാനാണ്. ശേഷം  പൊതുതത്വത്തിന് യുദ്ധവുമായി ബന്ധപ്പെട്ട ആയത്തുകൾ ചില അപവാദങ്ങൾ നൽകി. വിദേശകാര്യ ബന്ധങ്ങളുടെ അടിസ്ഥാന സ്വഭാവം സമാധാനമായിരിക്കേണ്ടതാണ്. എന്നാൽ നിരപരാധികളെ സംരക്ഷിക്കുവാൻ ചില ഘട്ടങ്ങളിൽ യുദ്ധം അനിവാര്യമായി വരും. പൊറുക്കലും വിട്ടുവീഴ്ചയും ശരിയായ നിലപാട് തന്നെ; എന്നാലത്, ഇരകളുടെ നീതിയുടെ ചിലവിൽ ആവരുത്.

യുദ്ധത്തിന്റെ ആയത്തുകളെയും സമാധാന സംബന്ധിയായ ആയത്തുകളെയും കുറിച്ചുള്ള പൊതുധാരണയെ സംബന്ധിച്ച് സംക്ഷിപ്തമായ ഒരു വിവരണം അൽ അസ്ഹർ ഗ്രാന്റ് മുഫ്തി ശൈഖ് മഹ്മൂദ് ശൽതൂത് നൽകുന്നുണ്ട്. 

ക്ഷമയുടെയും പൊറുക്കലിൻ്റെയും ആയത്തുകൾ ധാർമികതയെ രൂപപ്പെടുത്തുന്നതാണ്. അഭിമാനത്തിനെയും അന്തസ്സിനെയും ഇടിവ് സംഭവിക്കാത്ത സന്ദർഭങ്ങളിലൊക്കെ അത് പാലിക്കേണ്ടതുമാണ്. ഓരോ സാഹചര്യത്തിനും അതിൻ്റേതായ നിയമവിധികളുണ്ട്. ഈ ആയത്തുകൾ നിർണിതവും അലംഘനീയവുമാണ്. 

വിവിധ സന്ദർഭങ്ങളെയും, വ്യക്തികളുടെയും കൂട്ടങ്ങളുടെയും അവസ്ഥാന്തരങ്ങളെയും, വ്യക്തികളുടെ ഓരോ സന്ദർഭങ്ങളിൽ ഏറ്റവും ഉചിതമായതിനെയും പരിഗണിച്ചു കൊണ്ടാണ് നിയമങ്ങൾ നിർമിക്കപ്പെടുന്നത്. അത്തരം നിയമങ്ങളിലെ വ്യതിരിക്തതകളെ വൈരുധ്യങ്ങളായും പരസ്പരം റദ്ദു ചെയ്യുന്നതായും ആരോപിച്ചു കൂടാ. സുബുദ്ധിയുള്ള ഏതൊരാൾക്കും ഇതൊരു വിവേകപൂർണവും കൃത്യതയുമുള്ള നിയമനിർമാണമായെ മനസ്സിലാക്കാൻ കഴിയൂ. അത് തങ്ങളുടെ അധികാര പരിധിയിൽ വരുന്നവരുടെ താൽപര്യങ്ങളെ സേവിക്കുന്നതും വ്യക്തികൾക്കും സമൂഹത്തിനും ആനന്ദദായകമായിട്ടുള്ള രീതിയിലാണ് പ്രവർത്തിക്കുന്നതുമാണ്20.

സമാധാനത്തിൻ്റെ ആയത്തുകളും സംഘർഷത്തിൻ്റെ ആയത്തുകളും പരസ്പര വിരുദ്ധമോ പരസ്പരം റദ്ദ് ചെയ്യുന്നതോ അല്ല. ഓരോ ആയത്തിനും അതിൻ്റേതായ ഉദ്ദേശ്യമുണ്ട്; അതിൻ്റേതായ സമയവും ഉപാധികളുമുണ്ട്. ജനങ്ങൾക്കിടയിൽ സമാധാനപൂർണവും നീതിപൂർവവുമായിട്ടുള്ള ബന്ധങ്ങൾ സ്ഥാപിതമാവുകയാണ് അവയുടെയൊക്കെ ആത്യന്തിക ലക്ഷ്യം. അല്ലെങ്കിൽ ബൈബിളിൽ പറഞ്ഞതു പോലെ, “സ്വർഗത്തിന് കീഴിലുള്ള ഏതൊരു കാര്യത്തിനും അതിൻ്റേതായ സമയവും കാലവുമുണ്ട്… യുദ്ധത്തിനൊരു സമയമുണ്ട്, സമാധാനത്തിന് മറ്റൊരു സമയവും21.”

(അവസാനിച്ചു)

വിവ: അലീൽ അഹ്‍മദ്

ആദ്യ ഭാഗം വായിക്കാൻ

രണ്ടാം ഭാഗം വായിക്കാൻ

References:

 1. വാളിന്റെ ആയത്ത് എന്നാണ് ഈ പ്രയോഗത്തിന്റെ ഭാഷാർഥം
 2. http://www.oxfordislamicstudies.com/article/opr/t236/e0979
 3. ജാമിഉൽ ബയാൻ അൻ തഅവീലിൽ ഖുർആൻ, ഇമാം ത്വബ്‌രി
 4. “War, Islam, and the Sanctity of Life: Non-Aggression in the Islamic Code of Combat,” ഹസൻ ശിബിലി
 5. മുസ്നദ് അഹ്മദ്
 6. ജാമിഉൽ ബയാൻ അൻ തഅവീലിൽ ഖുർആൻ, ഇമാം ത്വബ്‌രി
 7. ജാമിഉൽ ബയാൻ അൻ തഅവീലിൽ ഖുർആൻ, ഇമാം ത്വബ്‌രി
 8. കിതാബുന്നുബുവ്വാത്ത്, ഇബ്നു തൈമിയ
 9. ഖാഇദ മുഖ്തസറ ഫീ ഖിതാലിൽ കുഫ്ഫാർ വ മുഹന്നദത്തുഹും വ തഹ്‌രീമി ഖത്‌ലഹും ലി മുജ്ജറദി കുഫ്‌രിഹിം, ഇബ്നു തൈമിയ
 10. ജാമിഉൽ ബയാൻ അൻ തഅവീലിൽ ഖുർആൻ, ഇമാം ത്വബ്‌രി
 11. സിയറു അഅ്ലാമിന്നുബലാഅ്, ഇമാം ദഹബി
 12.  തയ്സീറുൽ കരീമിർറഹ്മാൻ ഫീ തഫ്സീരി കലാമിൽ മന്നാൻ, അബ്ദുർറഹ്മാനുബ്നു നസ്വീർ അസ്സഅ്ദി
 13. സുനനു അബീദാവൂദ്
 14. തഫ്സീറു ഇബ്നി കസീർ
 15. മുസ്നദ് അഹ്മദ്
 16. ബിദായത്തുൽ മുജ്തഹിദ് വ നിഹായത്തുൽ മുഖ്തസിദ്
 17. ജാമിഉൽ ബയാൻ അൻ തഅവീലിൽ ഖുർആൻ, ഇമാം ത്വബ്‌രി
 18. സ്വഹീഹുൽ ബുഖാരി
 19.  ജാമിഅ് ലി അഹ്കാമിൽ ഖുർആൻ, അൽ ഖുർത്വുബി
 20. War and Peace in Islam: The Uses and Abuses in Jihad, ഗാസി ബിൻ മുഹമ്മദ്, ഇബ്റാഹീം കലീൻ, മുഹമ്മദ് ഹാഷിം കമാലി
 21. സഭാപ്രസംഗികൾ

Related Articles