Current Date

Search
Close this search box.
Search
Close this search box.

പുരുഷന് ‘ഖിവാമത്’ നല്‍കിയത് ഇസ്‌ലാമിന്റെ സ്ത്രീ വിവേചനമോ?

സ്ത്രീകളെ കുറിച്ചും സ്ത്രീക്ക് മേലുള്ള പുരുഷന്റെ ‘ഖിവാമതി’നെ (രക്ഷകര്‍തൃത്വം, മേല്‍നോട്ടം) കുറിച്ചും ഇസ്‌ലാമിക ശരീഅത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം -‘പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാണത്.’ (അന്നിസാഅ്: 34) -സ്ത്രീകളെ അപമാനിക്കുകയും അവരോട് വിവേചനം കാണിക്കുകയും ചെയ്യുന്നതായി അവര്‍ വാദിക്കുന്നു. വിശുദ്ധ ഖുര്‍ആനെ വളച്ചൊടിച്ച് സ്ത്രീ-പുരുഷ സമത്വം എന്ന മിഥ്യ ധാരണ അവതരിപ്പിക്കുന്നവരാണവര്‍. ഇവ്വിഷയകമായ സംശയം ദുരീകരിക്കുന്നതിന് ഇസ്‌ലാമിക ശരീഅത്തിലെ സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് പ്രതിപാദിക്കേണ്ടതുണ്ട്.

ഒന്ന്: ഇസ്‌ലാമില്‍ മനുഷ്യര്‍ക്കിടയിലെ ശ്രേഷ്ഠത പരിഗണിക്കുന്നത് തഖ്‌വയുടെ അടിസ്ഥാനത്തിലാണ്. അല്ലാഹു പറയുന്നു: ‘ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠപാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’ (അല്‍ഹുജറാത്ത്: 13)

രണ്ട്: ദാമ്പത്യം സ്നേഹവും പ്രണയവും സമാധാനവും നിറഞ്ഞതാണെന്ന് ഇസ്‌ലാം അടിവരയിടുന്നു. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതെത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.’ (അര്‍റൂം: 21)

മൂന്ന്: എന്നിരുന്നാലും, കാര്യങ്ങള്‍ വ്യവസ്ഥയോടെ മുന്നോട്ടുപോകണമെന്ന് അല്ലാഹു കാണുന്നു. കപ്പലിന് കപ്പിത്താന്‍ വേണമെന്നതുപോലെ. കാര്യങ്ങള്‍ ഏറ്റെടുക്കുന്ന, മേല്‍നോട്ടം വഹിക്കുന്ന ഒരാള്‍ ഉണ്ടായിരിക്കണമെന്നത് ഇസ്‌ലാമിക നിയമമാണ്. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: ‘മൂന്ന് പേര്‍ യാത്ര പുറപ്പെടെകയാണെങ്കില്‍ അവരില്‍ ഒരുവനെ അമീറാക്കെട്ടെ (നേതൃത്വം നല്‍കുന്നവന്‍).’ അവരില്‍ അമീര്‍ ആകുന്നത്, കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നയാളും നേതൃത്വം കൊണ്ട് നന്നെ കുറച്ച് പ്രയോജനം സ്വീകരിക്കുന്നയാളുമാണ്. പ്രധാന വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അഭിപ്രായം തേടാന്‍ ഒരു നേതാവില്ലെന്നത് ഏതൊരു സമൂഹത്തിനും ഭൂഷണമല്ല. സമൂഹത്തിന് കേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രമില്ലെന്നത് ആ സമൂഹത്തിന്റെ ശൈഥില്യത്തിലേക്കും പതനത്തിലേക്കുമാണ് നയിക്കുക.

നാല്: സമൂഹനിര്‍മിതിയുടെ ആദ്യ ഭാഗമാണ് കുടുംബം. മനുഷ്യജീവിതത്തിലെ ഒന്നാമത്തെ സ്ഥാപനവുമാണത്. പ്രാരംഭ സ്ഥാനമെന്ന നിലയില്‍ മനുഷ്യജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും കുടുംബം സ്വാധീനിക്കുന്നു. പ്രാധാന്യത്തിന്റെ കാര്യത്തില്‍ അത് മാനുഷിക ഘടകങ്ങള്‍ സ്ഥാപിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക കാഴ്ചപ്പാടില്‍, ഈ പ്രപഞ്ചത്തിലെ ഉദാത്തമായ മൂല്യങ്ങളാണ് മാനുഷിക മൂല്യങ്ങള്‍. എന്നാല്‍, കുടുംബത്തെക്കാള്‍ മൂല്യം കുറഞ്ഞ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളില്‍, ആ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച യോഗ്യരായവരായിരിക്കും ഉണ്ടാവുക. കാര്യങ്ങള്‍ നിര്‍വഹിക്കാനും കൈകാര്യം ചെയ്യാനും അവര്‍ക്ക് പ്രകൃത്യാ ലഭിച്ചതിന് പുറമെ അവര്‍ പരിശീലക്കപ്പെടുന്നു. കുടുംബത്തെക്കാള്‍ മൂല്യം കുറഞ്ഞ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പരിഗണിക്കുമ്പോള്‍ ഉദാത്തമായ മാനുഷിക മൂല്യങ്ങള്‍ സ്ഥാപിക്കുന്ന കുടുംബമെന്ന സ്ഥാപനത്തില്‍ എന്തുകൊണ്ടും ഈ നിയമങ്ങള്‍ ഇത് പിന്തുടരേണ്ടതല്ലേ? കുടുംബത്തിന്റെയും സ്ത്രീയുടെയും മേല്‍നോട്ടം ഏറ്റെടുക്കുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള സമത്വത്തെ ബാധിക്കുന്നില്ലെന്ന് ഇത് അടിസ്ഥാനമാക്കി നമുക്ക് പറയാന്‍ കഴിയും.

ഇസ്‌ലാം ഇത്തരത്തില്‍ വ്യവസ്ഥ ചെയ്യുന്നത് വിവിധ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്. ഒന്ന്, സ്ത്രീയുടെയും പുരുഷന്റെയും ശേഷിയും പ്രകൃതവും പരിഗണിച്ച് കൊണ്ടാണ്. അല്ലാഹുവിന്റെ സൃഷ്ടിയാണ് ആണും പെണ്ണും. ആണിനും പെണ്ണിനും പ്രത്യേകമായ ഉത്തരവാദിത്തം ചുമതലയേല്‍പ്പിച്ച അല്ലാഹു ഒരാളോടും അനീതി ചെയ്യുകയില്ല. ഗര്‍ഭം ചുമക്കുക, പ്രസവിക്കുക, മുലയൂട്ടുക എന്നിവ സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളില്‍ പെട്ടതാണ്. ഈ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിന് സഹായിക്കാന്‍ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ പുരുഷന് നല്‍കപ്പെട്ടുവെന്നതാണ് നീതി. രണ്ട്, ഭൗതിക വശം പരിഗണിച്ചുകൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘(പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാണത്’. ഇസ്‌ലാമിക ശരീഅത്തില്‍ കുടുംബത്തിന് ചെലവിന് കൊടുക്കല്‍ പുരുഷന്റെ ഉത്തരവാദിത്തമാണ്. കുടുംബത്തിന് ചെലവിന് കൊടുക്കല്‍ പുരുഷന്റെ ഉത്തരവാദിത്തമാണെങ്കില്‍ കുടുംബത്തിന്റെ മേല്‍നോട്ടം പുരുഷന്റെ അവകാശമാണ്. ഏതൊരു സംവിധാനത്തിലും നിരീക്ഷണാധികാരവും മേല്‍നോട്ടാധികാരവുമില്ലാതെ ഒരു വ്യക്തി ചെലവിന് നല്‍കാന്‍ ഏല്‍പിക്കപ്പെടുന്നതില്‍ ന്യായമില്ല. മൂന്ന്, ബൗദ്ധികമായ വശം പരിഗണിച്ചുകൊണ്ടാണ്. കുടുംബത്തിനകത്തെ ‘ഖിവാമത്തി’ന്റെ കാര്യത്തില്‍ ചിന്തിക്കുന്നവര്‍ക്ക് വിവിധങ്ങളായ സാധ്യതകള്‍ മുന്നോട്ടുവെക്കാനുണ്ടായിരിക്കും. ഒന്ന്, പുരുഷന്‍ കുടുംബത്തിലെ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുപോവുക. രണ്ട്, സ്ത്രീ കുടുംബത്തിലെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടുപോവുക. മൂന്ന്, പുരുഷനും സ്ത്രീയും തുല്യ പങ്കാളിത്തത്തോടെ മേല്‍നോട്ടം ഏറ്റെടുക്കുക. നാല്, സമയം നിശ്ചയിച്ച് ‘ഖിവാമത്’ മാറി മാറി ഏറ്റെടുക്കുക. അഞ്ച്, ‘ഖിവാമത്’ വിഭജിച്ചുനല്‍കി, ഓരോരുത്തര്‍ക്കും വൈദഗ്ധ്യമുള്ള മേഖല തെരഞ്ഞുടെക്കുക.

എന്നാല്‍, ‘ഖിവാമതി’ലെ പങ്കാളിത്തം പൊതുവായതോ നിശ്ചിത സമയത്തില്‍ മാറി മാറി വരുന്നതോ വൈദഗ്ധ്യം പരിഗണിച്ചുള്ളതോ ആയാല്‍ അത് തീര്‍ച്ചയായും അരാജകത്വത്തിലേക്കും സംഘര്‍ഷത്തിലേക്കുമാണ് നയിക്കുക. ഓരോ കക്ഷിയും മറ്റുള്ളവര്‍ക്കുമേല്‍ അധികാരം പ്രയോഗിക്കാന്‍ താല്‍പര്യപ്പെടും. അനുഭവങ്ങള്‍ നേതൃത്വത്തിലെ, മേല്‍നോട്ടത്തിലെ പങ്കാളിത്ത പാകപിഴകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാല്‍, ഏതൊരു സമൂഹമായാലും സംവിധാനമായാലും അതിന്റെ ഉന്നതമായ ഉത്തരവാദിത്തം ഒരാളില്‍ കേന്ദ്രീകരിക്കണം. എന്നാലത്, പുരുഷനല്ലാതെ സ്ത്രീകളില്‍ കേന്ദ്രീകരിക്കുന്നത് സ്ത്രീകളുടെ പ്രകൃതത്തോട് യോജിക്കുന്നില്ല. ഇത് ജീവിതത്തില്‍ അസന്തുലിതാവസ്ഥയാണ് സൃഷ്ടിക്കുക. ഇവിടെ എടുത്തുപറയാനുള്ള കാര്യമെന്തന്നാല്‍, പുരുഷന് സ്ത്രീകളുടെ മേല്‍ ‘ഖിവാമതു’ണ്ടെന്നത് ഒരിക്കലും സ്ത്രീക്ക് മേല്‍ അധികാരം പ്രയോഗിക്കാനും ആധിപത്യം സ്ഥാപിക്കാനും പുരുഷന് അവകാശം നല്‍കുന്നില്ലെന്നതാണ്. അത് സ്ത്രീകളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും നിസാരവത്കരിക്കലാണ്. ‘ഖിവാമതെ’ന്നത് സ്‌നേഹത്തെയും, കാരുണ്യത്തെയും, വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ക്ഷേമത്തിനും നന്മ കൊണ്ടുവരുന്നതിനുമുള്ള ഉത്തരവാദിത്തങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

വിവ: അര്‍ശദ് കാരക്കാട്
അവലംബം: mugtama.com

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles