Vazhivilakk

കുറവുകളില്‍ അസംതൃപ്തരാവുന്നവരോട്

എത്രയേറെ വിരക്തിയും വിരസതയും നിറഞ്ഞ ജീവിതങ്ങളാണ് നമുക്ക് ചുറ്റിലും. ആര്‍ക്കാണ് ഇവിടെ ജീവിത സാഫല്യം( fulfillment) ലഭിയ്ക്കുന്നത്. അല്‍പമെങ്കിലും സംതൃപ്തിയും സന്തോഷവും സമാധാനവും ജീവിതത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ മരണം പോലും ഏത് അവസ്ഥയിലായിരിക്കും എന്ന് ഭാവനയില്‍ നമുക്ക് കാണാന്‍ കഴിയും. യാന്ത്രികജീവിതമല്ല മനുഷ്യന് വേണ്ടത്. ഓരോ നിമിഷങ്ങളെ പോലും അതിന്റെ മൂല്യമറിഞ്ഞുകൊണ്ട് അസ്വദിച്ചുള്ളതാവണം. ദുഃഖങ്ങളില്‍ തളച്ചിടാന്‍ ഒരു നല്ല ജീവിതത്തെ തിരഞ്ഞെടുത്തവരോട് സഹതപിക്കാനെ കഴിയൂ.

കൗണ്‍സെല്ലിങ്ങും അല്ലാതെയും ആളുകളെയും അവരുടെ പ്രശ്‌നങ്ങളെയും കേള്‍ക്കുന്നതിനാല്‍ പറയുകയാണ്, ഒരുവിധം മനുഷ്യരൊന്നും സ്വന്തം ജീവിതം കൊണ്ടും തനിക്ക് ലഭിച്ചത് കൊണ്ടും സംതൃപ്തരല്ല. നിങ്ങള്‍ക്ക് തോന്നുന്നോ അവര്‍ക്ക് മറ്റൊരു ജീവിതം ലഭിച്ചാല്‍ അവര്‍ സംതൃപ്തരാവുമെന്ന്. നെവര്‍, ഒരിക്കലുമില്ല. ഒരു മൈന്‍ഡ്‌സെറ്റ് ആണ് അത്. അപ്പോഴും അവര്‍ മറ്റെന്തോ കുറവുകള്‍ പരതി കണ്ടെത്തും. സത്യം പറഞ്ഞാല്‍ ഒന്നിന്റെയും കുറവല്ല അവരെ നിരാശരാക്കുന്നത്. തന്നിലല്ല മറ്റെന്തിലൊക്കെയോ ആണ് കണ്ണുകള്‍.

മതങ്ങളും യാന്ത്രികതയില്‍ കുരുക്കിയിടുകയാണ് മനുഷ്യരെ. വൈവിധ്യങ്ങളിലും ക്രിയാത്മകതയിലുമാണ് ദൈവം. അത് അറിയാന്‍ സൃഷ്ടികളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. ഈ 700 കോടി ജനങ്ങളില്‍ ഒരു മനുഷ്യന്റെ വിരളടയാളം മറ്റൊരാള്‍ക്ക് ഇല്ല. എത്ര വിസ്മയകരമാണ് അന്ന് ഓര്‍ത്ത് നോക്കൂ. ഒരാളെ പോലെ മറ്റൊരാള്‍ക്ക് ആവാന്‍ കഴിയില്ല.

എന്നാല്‍ ഒരേ ചട്ടകൂടിലേയ്ക്ക് നിര്‍ബ്ബന്ധപൂര്‍വ്വം ഒതുക്കുമ്പോള്‍, ഒരേ അച്ചിലിട്ട് എല്ലാ മനുഷ്യരെയും വാര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കണം ദൈവം ആഗ്രഹിച്ചത് അങ്ങനെ ആയിരുന്നെങ്കില്‍ മനുഷ്യര്‍ക്ക് ചോയ്‌സുകള്‍ നല്‍കുമായിരുന്നോ?. തിരഞ്ഞെടുക്കാനുള്ള അവസരവും അവകാശവും നല്‍കുമായിരുന്നോ?.

എന്തുകൊണ്ട് ദൈവം അതിന് ശ്രമിച്ചില്ല. മനുഷ്യന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിശ്വാസം പോലും. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ആര്‍ക്കും കയ്യടക്കി വെക്കാനുള്ളതല്ല. നമുക്ക് സമ്പൂര്‍ണ്ണരായ ആള്‍ക്കാരെ കണ്ടെത്തലാണ് ജോലി. ആരാണ് ഇവിടെ പെര്‍ഫെക്ട് ആയിട്ടുള്ളത്. ദൈവം സൃഷ്ടിച്ച സൃഷ്ടികളില്‍ തന്നെ അപൂര്‍ണ്ണതയുണ്ട് അത് തന്നെയാണ് നമ്മെ ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നതും.

സ്വന്തം പങ്കാളിയിലെ കുറവുകളെ നോക്കി അസംതൃപ്തരാവുന്നവരെ കണ്ട് അന്തം വിടാറുണ്ട്. മുഖപുസ്തകത്തില്‍ പരിചയം കാണിച്ച് വരുന്ന ഒട്ടുമിക്ക പുരുഷന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ പലതിനും പോര എന്ന പരാതിയാണ്. മറ്റൊരാളുടെ ഭാര്യയായിരുന്നു ഇയാളുടെ ഭാര്യ എങ്കില്‍ ഇയാള്‍ സംതൃപ്തനാവുമായിരുന്നോ?

ഒന്നേ മറുപടി പറയാനുള്ളൂ. വൈകാരികമായ ഒരു അറ്റാച്ച്‌മെന്റും മനപൊരുത്തവും ഉണ്ടാക്കി എടുക്കാതെ ഒരു പെണ്ണിനെ കെട്ടി ഭാര്യയാക്കി, മക്കളുണ്ടായി, മെഷീന്‍ പോലെ മക്കള്‍ക്ക് വേണ്ടി കുടുംബത്തിന് വേണ്ടി അധ്വാനിച്ചു അവരെ സുരക്ഷിതരാക്കി, അതിനിടയില്‍ ഒരിടം മക്കളുടെയും ഭാര്യയുടെയും മനസ്സില്‍ ഉണ്ടാക്കണമെങ്കില്‍ താന്‍ എന്താണെന്ന് അവരെക്കൂടെ അറിയിക്കണം. തന്റെ ആഗ്രഹങ്ങള്‍ ഇഷ്ടങ്ങള്‍ തുറന്ന് സംസാരിക്കണം.

മനസ്സ് തുറന്ന് അടുക്കുമ്പോള്‍ പരസ്പരം അറിയാനും ഇമോഷണല്‍ സപ്പോര്‍ട്ട് നല്കാനും കൂടെ നില്‍ക്കാനും എളുപ്പമാണ്. അങ്ങനെ ഒരു ബോണ്ട് ഉണ്ടെങ്കില്‍ വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍ ദമ്പതികള്‍ സംതൃപ്തരും സന്തോഷവന്മാരും ആയിരിക്കും.

Facebook Comments
Show More

Related Articles

Check Also

Close
Close
Close