Current Date

Search
Close this search box.
Search
Close this search box.

തവക്കുല്‍ ദൈവാര്‍പ്പണം

സര്‍വ്വശക്തനായ അല്ലാഹുവിന്റെ കഴിവുകളും നാം ഓരോരുത്തരുടെയും കഴിവുകേടുകളും തിരിച്ചറിയുമ്പോള്‍ ഒരു വിശ്വാസിയില്‍ ഉണ്ടാവുന്ന ഗുണമാണ് തവക്കുല്‍. അഥവാ തന്റെ സര്‍വ്വകാര്യങ്ങളും ദൈവത്തിങ്കല്‍ അര്‍പ്പിക്കല്‍.

‘എന്താണ് ഈമാന്‍?’ എന്ന ചോദ്യത്തിന് ‘തവക്കുല്‍ ‘ എന്നുത്തരം പറഞ്ഞ പണ്ഡിതന്മാരുണ്ട്. ഇമാം ഗസാലി (റ) യുടെ അഭിപ്രായത്തില്‍ ‘സമീപസ്ഥരു’ടെ ഉയര്‍ന്ന പദവിയാണ്തവക്കുല്‍. വിശ്വാസ കാര്യങ്ങളോട് അത്രയും ചേര്‍ന്നു നില്‍ക്കുന ഗുണമാണ് തവക്കുല്‍.അതോടൊപ്പം തവക്കുല്‍ ജീവഗന്ധി കൂടിയാണ്. ഓരോ നിമിഷവും നമ്മില്‍ ദൈവാര്‍പ്പണം നടക്കേണ്ടതുണ്ട്.

നബി(സ) അരുള്‍ ചെയുന്നു: ‘നിങ്ങള്‍ അല്ലാഹുവിങ്കല്‍ അര്‍പ്പിക്കേണ്ട വിധം അര്‍പ്പിച്ചാല്‍ (ഹഖതവക്കുലിഹി) നിങ്ങര്‍ക്കവന്‍ പക്ഷികള്‍ക്ക് ആഹാരം നല്‍കുന്ന വിധം ആഹാരം നല്‍കുന്നതാണ്. അവ കാലത്ത് വിശന്നു കൊണ്ടുപോവുകയും വൈകുന്നേരം വയര്‍ നിറച്ചു മടങ്ങുകയും ചെയ്യുന്നു’ (തിര്‍മിദി)

അല്ലാഹു തനിക്ക് നല്ലത് മാത്രമേ വിധിക്കൂ,സംഭവിച്ചതെല്ലാം നല്ലതിനാണ് (കുല്ലു ഖൈര്‍) എന്നിങ്ങനെ നിതാന്തമായശുഭപ്രതീക്ഷയാണ് തവക്കുലിന്റെ കാതല്‍.

അതോടൊപ്പം പ്രവര്‍ത്തനം തവക്കുലിന് എതിരല്ല, അതിന്റെ അനിവാര്യതയാണ്.
അതുകൊണ്ടാണ് ഉപര്യുക്ത നബി വചനത്തില്‍ പക്ഷി കൂട്ടില്‍ ഇരിക്കാതെ ആഹാരം തേടി പുറപ്പെടുന്നത്. അപ്പോള്‍ നമ്മളും അല്ലാഹുവിങ്കല്‍ തവക്കുല്‍ ആക്കിക്കൊണ്ടു തന്നെ ബുദ്ധിയും ചിന്തയും സമയവും സമ്പത്തും ഉപയോഗിച്ച് ഇരു ലോക വിജയത്തിനു വേണ്ടിപണിയെടുക്കണം. ഒരിക്കല്‍ ഒട്ടകത്തെ അഴിച്ചുവിട്ട് ‘ഞാന്‍ അതിനെ അല്ലാഹുവിങ്കല്‍ തവക്കുല്‍ ചെയ്തു’ എന്നു പറഞ്ഞ അനുചരനോട് ‘ഒട്ടകത്തെ കെട്ടി തവക്കുലാക്കുക’ എന്ന് പ്രവാചകന്‍ തിരുത്തിയ സംഭവം വിശ്രുതമാണ്.

തവക്കുലിന്റെ കാര്യത്തില്‍ സമുദായം പണ്ടുമുതലേ രണ്ടു വിധത്തിലാണ്. ഒരു വിഭാഗം എല്ലാം ‘തവക്കുല്‍’ ചെയ്ത് അനങ്ങാതിരിക്കുന്നു. ശരീഅത്തിന്റെ ഭാഷയില്‍ ഇത് തവക്കുല്‍ അല്ല, തവാക്കുല്‍ ആണ്. അഥവാ അലസതയും മടിയും ചേര്‍ന്ന ഒരു തരം വിഡ്ഢിത്തം. പിഴച്ചസൂഫിസംവഴി കടന്നുവന്നതാണിത്. മറ്റൊരു വിഭാഗം നാവുകൊണ്ടു മാത്രം തവക്കുല്‍ ഉരുവിടുന്നു.അവര്‍ ഐഹികസന്നാഹങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചവരാണ്. കേവല ഭൗതികവാദത്തിന്റെ ഇരകളാണവര്‍. അല്ലെങ്കില്‍ ഈമാന്‍ യഥാവിധി ഉള്ളില്‍ ഇറങ്ങാത്തവര്‍. ജീവിതത്തില്‍ തവക്കുല്‍ ചെലുത്തുന്ന ശാന്തിയും സമാധാനവും ഇപ്പറഞ്ഞ ഇരുകൂട്ടരുംഅറിയുന്നില്ല. അതു കൊണ്ടു തന്നെ കൊച്ചു പ്രതിസന്ധികളില്‍ പോലും ഇവര്‍ പതറിപ്പോകും.

എന്നാല്‍ ഹദീസുകളില്‍ പറഞ്ഞതു പ്രകാരമുള്ള,വിധി വിശ്വാസത്തെ യഥാവിധി സമന്വയിപ്പിക്കുന്ന യഥാര്‍ത്ഥ തവക്കുല്‍ (ഹഖതവക്കുലിഹി) ശീലിച്ചാല്‍ അമ്പരപ്പിക്കുന്നഫലം ലഭിക്കും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിനോട് ഭക്തിയുള്ളവര്‍ക്ക് വിഷമങ്ങളില്‍ നിന്ന് മോചനം നേടാന്‍ അവന്‍ വഴിയൊരുക്കും.അവര്‍ ഊഹിക്കാത്ത മാര്‍ഗത്തിലൂടെ വിഭവങ്ങള്‍ ലഭിക്കും. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് അവന്‍ തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. സകലതിനും അവന്‍ ഒരു കണക്ക് നിശ്ചയിച്ചിരിക്കുന്നു’ (അത്ത്വലാഖ്: 2 3)

ഒരിക്കല്‍ നബി(സ) വിചാരണ കൂടാതെ സ്വര്‍ഗ പ്രവേശനം ലഭിക്കുന്ന മഹാ സൗഭാഗ്യവാന്മാരായ ഒരു വിഭാഗത്തെ പറ്റി പറയുകയുണ്ടായി. അവരുടെ മുഖ്യ സവിശേഷതയായി തിരുദൂതര്‍ എണ്ണിയത് തവക്കുല്‍ ആയിരുന്നു. അഥവാ ‘മന്ത്രിക്കാത്തവരും മന്ത്രിക്കാന്‍ ആവശ്യപ്പെടാത്തവരും ശകുനം നോക്കാത്തവരും തങ്ങളുടെ രക്ഷിതാവിങ്കല്‍ സര്‍വ്വസ്വവും സമര്‍പ്പിക്കുന്നവരുമായിരിക്കും അവര്‍ ‘ എന്നാണ് നബിവചനം (ബുഖാരി, മുസ് ലിം)

Related Articles