Current Date

Search
Close this search box.
Search
Close this search box.

വേണം വര്‍ഗ്ഗീയതക്കെതിരായ പ്രതിരോധം

ഫാഷിസ്സ്റ്റ് ശക്തികള്‍ ഇന്ത്യയുടെ പരമാധികാരം കൈയടക്കിയതിന് ശേഷം വര്‍ഗ്ഗീയധ്രുവീകരണം അതിന്റെ പാരമ്യതയിലൂടെയാണ് കടന്ന്‌പോവുന്നതെന്ന് മാത്രമല്ല ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ അതിന്റെ ദാരുണമായ ഇരകളായികൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. മതേതരസമൂഹത്തിന് മാതൃകയാണെന്ന് അഭിമാനം കൊള്ളുന്ന കേരളത്തില്‍ പോലും സംഘ്പരിവാറിന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. മതേതര ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഈ പ്രവണതയെ തങ്ങളാല്‍ കഴിയുംവിധം പ്രതിരോധം തീര്‍ത്തില്ലങ്കില്‍ നമ്മുടെ രാജ്യം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും.

രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയധ്രുവീകരണം നമ്മുടെ നിലനില്‍പ്പിന് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ജാതി മത വംശീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് സംഘടിതമായി ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് വര്‍ഗ്ഗീയധ്രുവീകരണം കൊണ്ട് വിവിക്ഷിക്കുന്നത്. പിന്നോക്ക ജാതിക്കാരും മതന്യൂനപക്ഷ വിഭാഗക്കാരുമാണ് വര്‍ഗ്ഗീയധ്രുവീകരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍. ഫാഷിസത്തിന്റെ മര്‍മ്മത്തിന് പ്രഹരമേല്‍പിക്കാന്‍ കഴിയുന്ന ചെറുതെങ്കിലും ശക്തമായ ചില മാര്‍ഗ്ഗങ്ങള്‍ ചൂണ്ടികാണിക്കുകയാണ് ചുവടെ:

1. രാജ്യത്ത് വ്യാപകമായികൊണ്ടിരിക്കുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള പരാക്രമാങ്ങളെ മാനുഷികമായ ഇടപെടലുകളിലൂടെയും പ്രതിരോധ നടപടികളിലൂടെയും നേരിടുകയാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ട കാര്യം. ഇതിന് വേണ്ടി നന്മയില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത് പിടിച്ച്‌കൊണ്ട് ഒരു പൊതുവായ സ്ട്രാറ്റജി രൂപപ്പെടുത്തുകയും അത് അടിയന്തരമായി നടപ്പാക്കുകയാണ് ഏറ്റവും കരണീയം.

2. ദലിത് മറ്റ് പിന്നോക്ക മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പരാക്രമങ്ങളെ ഇരകള്‍ക്ക് നിയമപരമായും മാനസികമായ പിന്‍ബലം കൊണ്ടും സഹായിച്ച് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആള്‍കൂട്ട പരാക്രമങ്ങള്‍ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയൊരു തന്ത്രമായി രൂപപ്പെട്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തുടക്കം കുറിച്ച ഈ പ്രവണത ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം പതിന്മടങ്ങ് വര്‍ധിച്ചിരികകയാണ്. ഇത്തരം കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായി കേസ്‌പോലും രജിസ്റ്റര്‍ ചെയ്യുന്നില്ല.

3. നന്മയില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങളുടേയും കൂട്ടായ യത്‌നമാണ് ഫാഷിസത്തെ ചെറുത്ത് തോല്‍പിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. ഇതിന് പരസ്പരം അടുക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. മനുഷ്യരെന്ന നിലയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുക, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കാളിത്തം വഹിക്കുക. ഉല്‍സവ ആഘോഷങ്ങളില്‍ സഹകരണാത്മകമായ സമീപനം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പരസ്പരം തിരിച്ചറിയാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു.

4. നമ്മുടെ സമൂഹത്തില്‍ പലതരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ച്‌കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. രോഗം, ഭവനം, കുട്ടികളുടെ വിദ്യാഭ്യാസം, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിടളുടെ വിവാഹം തുടങ്ങി നിരവധി ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി നെട്ടോട്ടമോടുന്നവരെ സഹായിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പൊതുസമൂഹത്തിലേക്ക് തിരച്ച്‌കൊണ്ട് വരാന്‍ സഹായകമാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അത്തരക്കാരുടെ സഹായം ഉറപ്പ് വരുത്താന്‍ കഴിഞ്ഞേക്കും.

5. ശക്തമായ അയല്‍പക്ക ബന്ധം സൃഷ്ടിക്കുകയാണ് മറ്റൊരു വഴി. അജ്ഞതയില്‍ നിന്നാണ് ശത്രുത ആരംഭിക്കുന്നത്. പഴയ കാലങ്ങളില്‍ ഒരു പരിധിവരെ സമൂഹത്തില്‍ കാണാന്‍ കഴിഞ്ഞിരുന്ന നന്മയുടെ തുരുത്തുകളായിരുന്നു ഇത്. അത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച്പിടിക്കേണ്ട സന്ദര്‍ഭമാണിത്.

6. ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്ക് അദ്വീതമാണ്. ഒന്നിച്ചിരുന്നു കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നവര്‍, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവര്‍ ഇവരൊന്നും പരസ്പരം കടിച്ച് കീറുന്ന സമീപനം സ്വീകരിക്കുക അസംഭവ്യമായിരിക്കും.

ഇത്തരം ചെറുതെങ്കിലും ഫലപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തില്‍ ശക്തി പ്രാപിച്ച് വരുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ മഞ്ഞുരുക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് മുകളില്‍ പറഞ്ഞവ.

Related Articles