Vazhivilakk

തലക്കനം കുറക്കുക

അഹങ്കാരിയായ മനുഷ്യന്‍ ഭൂമിയോട് പറഞ്ഞു:എന്ത് വില തന്നും നിന്നെ ഞാന്‍ സ്വന്തമാക്കും. ഭൂമി പറഞ്ഞു : ഒരു ചില്ലിക്കാശും തരാതെ നിന്നെ ഞാന്‍ സ്വന്തമാക്കും. ഏവര്‍ക്കും അറിയാവുന്ന പോലെ മനുഷ്യന്‍ പറഞ്ഞത് നടന്നില്ല .ഭൂമി പറഞ്ഞത് സംഭവിക്കുകയും ചെയ്തു.
കവി നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്.
മാളികമുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍

1970 ല്‍ അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരനായിരുന്നു നെല്‍സണ്‍ ബെന്‍കര്‍. 1600 കോടി ഡോളറും 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടവും 1000 പന്തയക്കുതിരകളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ 2014 ആയപ്പോഴേക്കും അയാള്‍ പരമ ദരിദ്രനായി മാറി. പാപ്പരായി വൃദ്ധസദനത്തില്‍ അഭയം തേടേണ്ടിവന്നു. അവിടെവച്ചാണ് അദ്ദേഹം മരണപ്പെട്ടത്. വലിയ സമ്പത്തിന്റെ ഉടമയായിരുന്ന അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു : ഇതൊക്കെയും എന്റെ അറിവും കഴിവും കൊണ്ട് നേടിയതാണ്. ഏറെക്കഴിയും മുമ്പേ എല്ലാം തകര്‍ന്ന് തരിപ്പണമായി. ഖാറൂനും അയാളെപ്പോലെ ആകാന്‍ കൊതിച്ച വരും കൊടിയ ദുഃഖത്തിലുമായി. ഇത്തരം അനേകം സംഭവങ്ങള്‍ അറിയാത്ത ആരുമുണ്ടാവില്ല. എന്നാല്‍ ഓര്‍ക്കുന്നവരും പാഠം പഠിക്കുന്നവരും വളരെ വിരളം. കവി പറഞ്ഞ പോലെയാണ് ജനം.
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതു
ദൈവ നിഷേധികളുമായി സംസാരിക്കുമ്പോള്‍ അവര്‍ ശാസ്ത്രത്തിന്റെ മഹത്വത്തെയും നേട്ടത്തെയും സംബന്ധിച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയാറുണ്ട് .അഹങ്കാരത്തോടെ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ശാസ്ത്രം പുരോഗതി പ്രാപിച്ചുവെന്നതും സാങ്കേതിക വിദ്യ സമൃദ്ധമായിയെന്നതും ശരിതന്നെ. എന്നിട്ടും മനുഷ്യന്‍ എത്രമേല്‍ അജ്ഞനും നിസ്സഹായനും നിസ്സാരനുമാണെന്ന് കേരളം കണ്ട പ്രളയക്കെടുതികള്‍ തെളിയിക്കുന്നു.

ശാസ്ത്രജ്ഞന്മാര്‍ കാലാവസ്ഥാ പ്രവചനം നടത്താറുണ്ട്. എന്നാല്‍ പലപ്പോഴും പാതിപോലും പുലരാറില്ല .ഡാമുകള്‍ തുറക്കാന്‍ അവ നിറയുന്നതുവരെ കാത്തിരുന്നതാണല്ലോ കേരളത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളത്തില്‍ ആഴ്ത്തിയത്. ഡാമുകള്‍ തുറക്കാന്‍ വൈകിയതോ നിറഞ്ഞു കവിയുമെന്ന് മുന്‍ കൂട്ടി മനസ്സിലാക്കാന്‍ കഴിയാതിരുന്നതും. ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നര്‍ത്ഥം. പ്രളയം കേരളത്തെ കശക്കിയെറിഞ്ഞപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ശാസ്ത്രജ്ഞന്‍മാരുള്‍പ്പെടെ ഏവര്‍ക്കും കഴിഞ്ഞുള്ളു. മനുഷ്യന്റെയും അവന്‍ നേടിയ എല്ലാ അറിവിന്റെയും ഈ പരിമിതി എത്ര നേരത്തെ തിരിച്ചറിഞ്ഞ് തലക്കനം കുറച്ചു ഇത്തിരി കൂടി വിനീതരാവുന്നുവോ അത്രയും നല്ലത്. അഹന്ത ആരെയും രക്ഷിക്കുകയില്ല എന്നോര്‍ക്കുക. ഈ ലോകത്തും പരലോകത്തും.

Facebook Comments
Show More

ശൈഖ് മുഹമ്മദ് കാരകുന്ന്

1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1982 മുതല്‍ 2007 വരെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയരക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന അസിസ്റ്റന്റ് അമീര്‍ കൂടിയാണ്. പ്രബോധനം വാരിക ചീഫ് എഡിറ്റര്‍, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു പതിനാല് വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവയില്‍ ആറെണ്ണം ഇംഗ്ലീഷിലേക്കും പതിനൊന്നെണ്ണം കന്നടയിലേക്കും നാലെണ്ണം തമിഴിലേക്കും ഒന്ന് ഗുജറാത്തിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . അഞ്ച് ഗ്രന്ഥങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള 2018 ലെ കെ . കരുണാകരന്‍ അവാര്‍ഡിന് അര്‍ഹനായി. സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Articles

error: Content is protected !!
Close
Close