Current Date

Search
Close this search box.
Search
Close this search box.

റമദാന് ശേഷമുള്ള ജീവിതം

ramadan7410.jpg

ഇസ്‌ലാമിലെ എല്ലാ ആരാധനകാര്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട തലം അത് മനുഷ്യനെ സംസ്‌കരിക്കാനും ഏറ്റവും മാതൃക വ്യക്തിത്വത്തിന്റെ ഉടമയാക്കി മാറ്റാനും സഹായിക്കുന്നു എന്നതാണ്. അതിന് കഴിയാത്ത ഇബാദത്തുകള്‍ ഫലരഹിതമായ കര്‍മങ്ങളായിട്ടാണ് വിശുദ്ധ ഖുര്‍ആനും പ്രവാചകനും ഉണര്‍ത്തുന്നത്.

മനുഷ്യന്റെ ജീവിതത്തില്‍ ഒരുപാട് തിന്മകളും പോരായ്മകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ ഇബാദത്തുകള്‍ക്ക് സാധിക്കണം. റമദാനില്‍ ചെയ്ത നന്മകള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളമുണ്ടായി എന്നത് നമ്മള്‍ പരിശോധിക്കണം. സഹാബത്തുകളുടെ ഇബാദത്തുകള്‍ അവരുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും.

റോമന്‍ സാമ്രാജ്യവുമായുണ്ടായ യര്‍മൂക് യുദ്ധത്തില്‍ ഇരു വിഭാഗവും എതിര്‍വിഭാഗത്തിന്റെ വിജയരഹസ്യങ്ങളും മറ്റു സന്നാഹങ്ങളും പരിശോധിക്കാന്‍ വേണ്ടി ചാരന്മാരെ നിയോഗിച്ചിരുന്നു. മുസ്‌ലിംകളുടെ ഭാഗത്തെ നീക്കങ്ങളറിയാന്‍ ഇബ്‌നു ഉസാരിഫിനെയായിരുന്നു റോമക്കാര്‍ നിയോഗിച്ചിരുന്നത്. തുടര്‍ന്ന് അദ്ദേഹം റോമന്‍ സൈന്യത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് മുസ്‌ലിംകള്‍ പകല്‍ പരമാവധി നോമ്പനുഷ്ടിക്കന്നവരും രാത്രി ദീര്‍ഘനേരം നമസ്‌കരിക്കുന്നവരും നന്മ പ്രവര്‍ത്തിക്കുകയും തിന്മ തടയുകയും ചെയ്യുന്നവരാണ് എന്നാണ്. പകല്‍ അവര്‍ പോരാടുന്നു രാത്രി ദൈവത്തോട് സഹായം തേടുന്നു. ഇവരോട് പോരാടുന്നതിനേക്കാള്‍ നല്ലത് പരാജയപ്പെട്ട് ഭൂമിയുടെ അടിഭാഗത്തേക്ക് പോകലാണ് എന്നാണ് ഇബ്‌നു ഉസാരിഫ് പറഞ്ഞത്.

ഉമര്‍ (റ) ഖാദിസിയ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ ശത്രുക്കളെ ഉപരോധിച്ച മുസ്ലിംകള്‍ക്കയച്ച കത്തില്‍ പറയുന്നു- നിങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നത് ശത്രുക്കളുടെ കഴിവിലോ സന്നാഹതത്തിലോ അല്ല. മറിച്ച് മുസ്ലിംകളില്‍ തന്നെയുള്ള തിന്മ ചെയ്യുന്നവരെക്കുറിച്ചാണ്. ശത്രുക്കളുടെ ധിക്കാരവും തോന്നിവാസവും മുസ്ലിംകള്‍ക്കുണ്ടായാല്‍ നിങ്ങള്‍ ഒരിക്കലും സഹായിക്കപ്പെടാന്‍ പോകുന്നില്ല എന്നാണ് അദ്ദേഹം കത്തില്‍ ഉണര്‍ത്തുന്നത്. പകല്‍ മുസ്ലിംകള്‍ ഇടപെടുന്ന വ്യക്തിജീവിതത്തില്‍ നന്മയും പരിശുദ്ധിയും കാത്തുസൂക്ഷിക്കണം.

മനുഷ്യനില്‍ കുറ്റകൃത്യങ്ങളുണ്ടാക്കുന്ന സ്വഭാവത്തെ നാലായി തിരിക്കാം എന്നാണ് ഇമാം ഗസ്സാലി പറയുന്നത്. ഇതില്‍ ഒന്ന് മനുഷ്യനുണ്ടായാല്‍ അവന്‍ എളുപ്പത്തില്‍ കുറ്റവാളിയാകും. അതില്‍ ഒന്ന് താന്‍ ഒരു യജമാനനാണെന്ന അഹംബാവമാണ്. രണ്ട്- പൈശാചിക സ്വഭാവമാണ്. അതായത് അസൂയ,വഞ്ചന,വിദ്വേഷം,നിഷേധം എന്നിവയാണ്. മൂന്ന്-മൃഗീയ സ്വഭാവം മനുഷ്യന്‍ ഉണ്ടാവലാണ്. അതായത് ലൈംഗീകതയും വായകൊണ്ട് ചെയ്യുന്ന തോന്നിവാസങ്ങളുമാണ്. നാലാമത്തേത് മനുഷ്യന്റെ ക്രൂരസ്വഭാവങ്ങള്‍. മറ്റൊരു മനുഷ്യന്റെ സമ്പത്തും ജീവനും കവര്‍ന്നെടുക്കുന്ന സ്വഭാവങ്ങള്‍ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ഉള്ള സ്വഭാവങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നോമ്പ് കൊണ്ട് ആയോ എന്നാണ് നാം പരിശോധിക്കേണ്ടത്.

ഒരാളില്‍ നിന്ന് ജനങ്ങള്‍ ഒരു നന്മയും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അത്തരം ആളുകളാണ് ഏറ്റവും ദുഷിച്ച ആളുകള്‍ എന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. തഖ്‌വയെ ഉപയോഗപ്പെടുത്തി നോമ്പില്‍ നിന്ന് നേടിയെടുത്തി ജീവിതം സുരക്ഷിതമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് സര്‍വശക്തന്‍ നമ്മെ സഹായിക്കുമാറാകട്ടെ.(ആമീന്‍)

Related Articles