Vazhivilakk

ഇന്തോ അറബ് ബന്ധം സുകൃതങ്ങളുടെ ചരിത്ര പാത

വെളിച്ചം പെയ്തിറങ്ങുന്ന, അതിരുകളില്ലാത്ത പ്രകാശഭൂമിയായി ‘റോഡ് റ്റു മക്ക’ യില്‍ ലിയോപോള്‍ഡ് വെയിത്സ് (മുഹമ്മദ് അസദ് ) അറേബ്യയെ പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യയാവട്ടെ അതിപ്രാചീനങ്ങളായ വേദോപനിഷത്തുകളുടെയും ഋഷി പുംഗവന്മാരുടെയും ഉത്തുംഗമായ വളര്‍ത്തു ഭൂമിയാണ്. അറബികളും കേരളീയരും തമ്മിലുള്ള ബന്ധത്തിന്റെ അടിവേരുകള്‍ക്ക് അറ്റം കാണാനാവാത്ത ആഴങ്ങളുണ്ടെന്ന് ഫിലിപ്പ് കെ.ഹിറ്റിയുടെ വാദമുഖങ്ങള്‍ മാത്രം വിലക്കെടുത്താല്‍ (ഹിസ്റ്ററി ഒഫ് അറേബ്യ) ബോധ്യപ്പെടും.

ഏതൊരു ജനവിഭാഗങ്ങളുടെയും ചരിത്രപരമായ സാത്മ്യം അളക്കാന്‍ അംഗീകൃതങ്ങളായ മൂന്ന് മാനദണ്ഡങ്ങളുണ്ട്. വിശ്വാസാചാരങ്ങളിലെ അറ്റുപോയ കണ്ണികള്‍ കണ്ടെത്തല്‍, ഭാഷാശാസ്ത്ര പഠനം, പുരാവസ്തു ഖനനം. ഇപ്പറഞ്ഞവയിലെല്ലാം അറേബ്യയും ഇന്ത്യയും തമ്മിലുള്ള ചാര്‍ച്ച അതീവതാളപ്പൊരുത്തത്തിന്റേതാണ്.

ഇബ്രാഹിം നബിയുടെ (അബ്രഹാം) പാരമ്പര്യം ഇന്ത്യയിലെ ഹിന്ദു സഹോദരങ്ങള്‍ അവകാശപ്പെടുന്നതായി പൗരാണിക അറബു സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ജലപ്രളയ നായകനായ മനുവും, ഖുര്‍ആനും ബൈബിളും പറയുന്ന പ്രവാചകന്‍ നൂഹും (നോഹ) ഒരാളാണെന്ന് പറയപ്പെടുന്നു. മുഹമ്മദ് നബി (സ)ക്ക് ബിര്‍സത്തല്‍ ഹിന്ദ് എന്നു പേരുള്ള ഒരനുയായി ഉള്ളതായി രേഖയുണ്ട്. ഒരിക്കല്‍ ചെറുതായി കാറ്റ് വീശിയപ്പോള്‍ ‘ഈ മന്ദമാരുതന്‍ ഇന്ത്യയില്‍ നിന്നു വരുന്നതു പോലെ തോന്നുന്നുവല്ലോ’ എന്ന് പ്രവാചകന്‍ പ്രസ്താവിക്കുകയുണ്ടായി. മക്കയിലെ ചന്തകളില്‍ ചില ഇന്ത്യന്‍ വര്‍ത്തകരെ കണ്ട മുഖ പരിചയം കാരണം ബല്‍ ഹാരീസ് ഗോത്രക്കാരെ കണ്ടപ്പോള്‍ ‘ഇന്ത്യക്കാരെപ്പോലുള്ള ഇവര്‍ ആരാണെ’ന്ന് തിരുദൂതര്‍ അന്വേഷിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചേരമാന്‍ പെരുമാള്‍, ബാബാ രത്തന്‍ എന്നിവരുടെ മക്കാ യാത്ര, ഒരിന്ത്യന്‍ രാജാവ് പ്രവാചകന് ഇഞ്ചി നിറച്ച ഭരണി സമ്മാനമായി കൊടുത്തയച്ചത്…

ഇന്ത്യയുമായി ബന്ധപ്പെട്ട പേരുകള്‍ അറബിയിലും അറേബ്യയുമായി ബന്ധപ്പെട്ട പേരുകള്‍ ഇന്ത്യന്‍ ഭാഷകളിലും സുലഭമാണ്. നമ്മുടെ അമ്മ അറബികളുടെ ഉമ്മ,നമ്മുടെ അപ്പന്‍ അറബികളുടെ അബു, നമ്മുടെ കരയാമ്പൂ അറബികളുടെ കരന്‍ ഫുലു, നമ്മുടെ താംബൂലം അറബികളുടെ തംബല. നമ്മുടെ പുളി അവര്‍ക്ക് ഇന്ത്യന്‍ കാരക്ക (തമര്‍ ഹിന്ദ് ) ആണ്.അതാണ് പിന്നീട് ഇംഗ്ലീഷുകാര്‍ കടം കൊണ്ടത് (Tamarind)

അറബിയില്‍ നിന്ന് ഇങ്ങോട്ട് കടല്‍ കടന്നു വന്ന ഭാഷാപ്രയോഗങ്ങളും നിരവധിയാണ്. നീതിന്യായക്കോടതിയുമായി ബന്ധപ്പെട്ടവ മാത്രം നോക്കുക: വക്കീല്‍, വക്കാലത്ത്, അസ്സല്‍, നക്കല്‍, മുക്ത്യാര്‍, ജപ്തി… ഇന്ത്യയെന്ന നാമം അറബ് പേര്‍ഷ്യന്‍ സങ്കര സംഭാവനയാണെന്ന് ജവഹര്‍ലാല്‍ നെഹ്രു ചൂണ്ടിക്കാട്ടിയിട്ടുണ്ട് (ഇന്ത്യയെ കണ്ടെത്തല്‍) മുഹമ്മദു നബിയുടെ ഭാര്യ ഖദീജക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളുടെ പേര് ഹിന്ദ് അഥവാ ഇന്ത്യ എന്നത്രെ!

പൂഞ്ഞാര്‍ നാണയങ്ങള്‍, തരിസാ പള്ളിശാസനം, ഇരിക്കൂര്‍ മാടായി പള്ളി ലിഖിതങ്ങള്‍ എന്നിങ്ങനെ ചരിത്രാവശിഷ്ടങ്ങളുംപുരാവസ്തു ഖനനങ്ങളും നിരവധി. അറേബ്യയിലാവട്ടെ ഇന്ത്യന്‍ പാത്രങ്ങള്‍, ആയുധങ്ങള്‍, മരത്തടികള്‍, തുളസി, വെറ്റില, കവുങ്ങ് തുടങ്ങിയവയുടെ സാന്നിധ്യം… എന്നാല്‍ അറബികളോട് പൊതുവേ നാം നീതി പുലര്‍ത്തിയിട്ടില്ല. അവരുടെ നന്മകള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ചരിത്രകാരനായ ഡോ: എം.ഗംഗാധരനെ ഉദ്ധരിക്കട്ടെ:

കേരളവും ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കാലം വ്യാപാരം നടത്തിയത് അറബികളാണ്. പോര്‍ച്ചുഗീസുകാരെക്കാള്‍ പത്തു നൂറ്റാണ്ടുകാലം നല്ല നിലയില്‍ അവര്‍ കച്ചവടം നടത്തി.ആ കച്ചവടത്തില്‍ നീചമായ രീതിയില്‍ ഇടപെടുകയാണ് പോര്‍ച്ചുഗീസുകാര്‍ ചെയ്തത്. പോര്‍ച്ചുഗീസ് കാലഘട്ടം ചരിത്ര ഗ്രന്ഥങ്ങളില്‍ വിവരിക്കുമ്പോള്‍ അറബികളുടെ സംഭാവനകളെക്കുറിച്ച് വിശദമായ പഠനം പോലും നടന്നിട്ടില്ല. നമ്മുടെ നാട്ടില്‍ ആദ്യമായി വര്‍ഗീയത പ്രചരിപ്പിച്ചത് പോര്‍ച്ചുഗീസ്‌കാരാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത കപ്പല്‍ തീവെച്ചു നശിപ്പിച്ചതാണ് അവരുടെ ചരിത്രം. കേരള ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നെല്ലാം പോര്‍ച്ചുഗീസ് കാലഘട്ടം വെട്ടിക്കളയുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. പകരം അറബികളുടെ സംഭാവനകളെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്തി അത് കേരള ചരിത്രത്തിന്റെ ഭാഗമാക്കണം (മാധ്യമം: 29.5.97)

Facebook Comments
Show More

Related Articles

Close
Close