Current Date

Search
Close this search box.
Search
Close this search box.

നന്ദിയില്ലാത്തവര്‍ നന്മയില്ലാത്തവര്‍

ഒരിക്കല്‍ ഒരു സ്വൂഫീ ചിന്തകന്‍ ഹാറൂണ്‍ റഷീദിനോട് ചോദിച്ചു :താങ്കള്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്. കൈവശമുള്ള വെള്ളം തീര്‍ന്നു. എത്ര അന്വേഷിച്ചിട്ടും വെള്ളം കണ്ടെത്താനായില്ല. അവസാനം തളര്‍ന്നുവീണു . തൊണ്ട വരണ്ട് പിടയുകയാണ് . അപ്പോള്‍ താങ്കള്‍ക്ക് ഒരു ഗ്ലാസ് വെള്ളം തന്നാല്‍ എന്ത് വില നല്‍കും? എന്റെ സാമ്രാജ്യത്തിനന്റെ പാതി നല്‍കും. ഹാറൂണ്‍ റഷീദ് അറിയിച്ചു. രണ്ടുമൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും ആ ദാര്‍ശനികന്‍ ഹാറൂണ്‍ റഷീദിനെ സമീപിച്ചു . അയാള്‍ ചോദിച്ചു.: താങ്കള്‍ക്ക്മൂ ത്രമൊഴിക്കാനുണ്ട്. എത്ര ശ്രമിച്ചിട്ടും മൂത്രം പുറത്തു പോകുന്നില്ല. താങ്കള്‍ അസഹ്യമായ വേദനയാല്‍ കിടന്ന് പിടയുന്നു. അപ്പോള്‍ താങ്കള്‍ക്ക് മൂത്രം പോകാനുള്ള മരുന്നു നല്‍കിയാല്‍ എന്തു പ്രതിഫലം നല്‍കും? എന്റെ സാമ്രാജ്യത്തിന്റെ പാതി.  ഹാറൂണ്‍ റഷീദ് അറിയിച്ചു . അപ്പോള്‍ ആ സ്വൂഫീ ചിന്തകന്‍ പറഞ്ഞു :ഒരു ഗ്ലാസ് വെള്ളം കഴിച്ച് അത് മൂത്രമൊഴിക്കാനുള്ള വില എത്രയെന്ന് ബോധ്യമായോ?

ജീവിതകാലം മുഴുവന്‍ ശുദ്ധവായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്നതിന്റെ ചെലവൊന്നു കൂട്ടി നോക്കൂ. കണക്കാക്കാനാവാത്ത വിധം ഭീമമായിരിക്കും. പിച്ചവെക്കാന്‍ പോലുമറിയാതെ പിറന്നുവീഴുന്ന പിഞ്ചു പൈതല്‍ പിന്നീട് വളര്‍ന്നു വലുതായി മരണം വരിക്കും വരെ ഇവിടെ സംവിധാനിക്കപ്പെട്ട സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു. ശ്വസിക്കാനുള്ള വായുവോ കുടിക്കാനുള്ള വെള്ളമോ കിടക്കാനുള്ള ഇടമോ ആരും കൂടെ കൊണ്ടുവന്നിട്ടില്ല. മനുഷ്യ വംശത്തിന്റെ സുഖമമായ നിലനില്‍പ്പിന് അനിവാര്യമായ സകല സാഹചര്യങ്ങളും സംവിധാനങ്ങളും സാധന സാമഗ്രികളും കണക്കുകൂട്ടാന്‍ കഴിയാവുന്ന കാലത്തിനപ്പുറം ഇവിടെ സ്ജ്ജീകരിക്കപ്പെട്ടിരിക്കുന്നു. പുതുതായി എന്തെങ്കിലും ഉണ്ടാക്കേണ്ട പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. ആര്‍ക്കും അതിനൊട്ടു സാധ്യവുമല്ല. പ്രപഞ്ചത്തിലുള്ള പലതരം പദാര്‍ത്ഥങ്ങള്‍ എടുത്തു രൂപമാറ്റം വരുത്താനല്ലാതെ പുതുതായൊന്നും നിര്‍മ്മിക്കാന്‍ ആര്‍ക്കും കഴിയില്ല. വിവിധ വസ്തുക്കള്‍ വ്യത്യസ്തരീതിയില്‍ സംയോജിപ്പിച്ച് വീടുണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിര്‍മ്മാണ കര്‍മ്മം നടക്കുന്നില്ല . അതിനാല്‍ മനുഷ്യന്‍ ഒന്നിന്റെയും സ്രഷ്ടാവല്ല . ഉപഭോക്താവ് മാത്രമാണ്.

സ്വന്തം അധ്വാന പരിശ്രമങ്ങളില്ലാതെ ലഭ്യമായ വായുവും വെള്ളവും വെളിച്ചവും ഉള്‍പ്പെടെ പ്രകൃതി വിഭവങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്ന മനുഷ്യന്‍ പലപ്പോഴും അവയുടെ ദാതാവിനെ ഓര്‍ക്കാറില്ല. ദിവ്യാനു ഗ്രഹങ്ങളുടെ നടുവില്‍ ജനിച്ചുവളര്‍ന്നതിനാല്‍ അധിക പേര്‍ക്കും അവയുടെ വില അറിയുകയില്ല. കാഴ്ച നഷ്ടപ്പെടുമ്പോഴേ കണ്ണു തന്നവന്റെ കാരുണ്യത്തെക്കുറിച്ച് ഓര്‍ക്കുകയുള്ളു. കൊല്ലങ്ങളോളം കൂരിരുളില്‍ കഴിഞ്ഞവര്‍ക്കാണ് വെളിച്ചത്തിനന്റെ വില ശരിക്കും അറിയുക. നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അസംഖ്യം അനുഗ്രഹങ്ങള്‍ അറിയുകയോ അനുസ്മരിക്കുകയും ചെയ്യാതിരിക്കാന്‍ കാരണം അവയോടുള്ള നമ്മുടെ അഭേദ്യ ബന്ധവും നിത്യ സമ്പര്‍ക്കവുമത്രെ.
നാം അനുനിമിഷം ശ്വസിച്ചു കൊണ്ടിരിക്കുന്നു. അതിന് സാധിക്കാതെ വെന്റിലേറററില്‍ കഴിയുമ്പോഴാണ് അതിന്റെ വില അറിയുക. എത്ര കോടി രൂപ കിട്ടിയാലും കാണാനും കേള്‍ക്കാനും ശ്വസിക്കാനും തിന്നാനും കുടിക്കാനുമുള്ള കഴിവ് വില്‍ക്കുകയില്ല. അവയോരോന്നും എത്രമാത്രം അമൂല്യമാണെന്ന് അല്പം ആലോചിക്കുന്ന ആര്‍ക്കും ബോധ്യമാകും.

ഉപകാരത്തിന് നന്ദി കാണിക്കാത്തവരെ നാം ക്രൂരന്മാരും കൊള്ളരുതാത്തവരുമായി കണക്കാക്കുന്നു. മൂല്യ നിഷ്ഠയുള്ള മാന്യന്മാര്‍ ഉപകാര സ്മരണയും കൃതജ്ഞതാ ബോധവും ഉള്ളവരായിരിക്കും. ദൈവദത്തമായ ശരീരവും സമ്പത്തും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്‍ അവയുടെ ദാതാവിനോട് നന്ദി കാണിക്കുന്നില്ലെങ്കില്‍ അത് ഹീനതയും കൊടിയ പാതകവുമാണ്. ഉപകാരം ചെയ്യുന്നവരോട് നന്ദി കാണിക്കാനുള്ള മൂല്യബോധം നമുക്ക് ലഭിക്കേണ്ടത് പ്രപഞ്ച നാഥനോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ നിന്നാണ്. അപ്പോള്‍ നമുക്ക് സഹജീവികളോടും നന്ദിയുള്ളവരാകാന്‍ നിഷ്പ്രയാസം സാധിക്കും.

Related Articles