Current Date

Search
Close this search box.
Search
Close this search box.

ഇത്തിരി കൂടി വിനീതരാവുക

അഹങ്കാരിയായ മനുഷ്യന്‍ ഭൂമിയോട് പറഞ്ഞു: എന്ത് വില തന്നും നിന്നെ ഞാന്‍ സ്വന്തമാക്കും. ഭൂമി പറഞ്ഞു : ഒരു ചില്ലിക്കാശും തരാതെ നിന്നെ ഞാന്‍ സ്വന്തമാക്കും. ഏവര്‍ക്കും അറിയാവുന്ന പോലെ മനുഷ്യന്‍ പറഞ്ഞത് നടന്നില്ല . ഭൂമി പറഞ്ഞത് സംഭവിക്കുകയും ചെയ്തു.

കവി നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്.
മാളികമുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍

1970 ല്‍ അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരനായിരുന്നു നെല്‍സണ്‍ ബെന്‍കര്‍. 1600 കോടി ഡോളറും 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടവും 1000 പന്തയക്കുതിരകളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ 2014 ആയപ്പോഴേക്കും അയാള്‍ പരമ ദരിദ്രനായി മാറി. പാപ്പരായി വൃദ്ധസദനത്തില്‍ അഭയം തേടേണ്ടിവന്നു. അവിടെവച്ചാണ് അദ്ദേഹം മരണപ്പെട്ടത്.

മൂസാ നബിയുടെ കാലത്തെ ഖാറൂന്‍ കണക്കറ്റ സമ്പത്തിന്റെ ഉടമയായിരുന്നു. അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു : ഇതൊക്കെയും എന്റെ അറിവും കഴിവും കൊണ്ട് നേടിയതാണ്. ഏറെക്കഴിയും മുമ്പേ എല്ലാം തകര്‍ന്ന് തരിപ്പണമായി. ഖാറൂനും അയാളെപ്പോലെ ആകാന്‍ കൊതിച്ച വരും കൊടിയ ദുഃഖത്തിലുമായി.

ഇത്തരം അനേകം സംഭവങ്ങള്‍ അറിയാത്ത ആരുമുണ്ടാവില്ല. എന്നാല്‍ ഓര്‍ക്കുന്നവരും പാഠം പഠിക്കുന്നവരും വളരെ വിരളം. കവി പറഞ്ഞ പോലെയാണ് ജനം.

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ

ദൈവ നിഷേധികളുമായി സംസാരിക്കുമ്പോള്‍ അവര്‍ ശാസ്ത്രത്തിന്റെ മഹത്വത്തെയും നേട്ടത്തെയും സംബന്ധിച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയാറുണ്ട് .അഹങ്കാരത്തോടെ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ശാസ്ത്രം പുരോഗതി പ്രാപിച്ചുവെന്നതും സാങ്കേതിക വിദ്യ സമൃദ്ധമായിയെന്നതും ശരിതന്നെ. എന്നിട്ടും മനുഷ്യന്‍ എത്രമേല്‍ അജ്ഞനും നിസ്സഹായനും നിസ്സാരനുമാണെന്ന് കേരളം കണ്ട പ്രളയക്കെടുതികള്‍ തെളിയിക്കുന്നു.

ശാസ്ത്രജ്ഞന്മാര്‍ കാലാവസ്ഥാ പ്രവചനം നടത്താറുണ്ട് . എന്നാല്‍ പാതിപോലും പുലരാറില്ല എന്നതാണ് ശരി.
ഡാമുകള്‍ തുറക്കാന്‍ അവ നിറയുന്നതുവരെ കാത്തിരുന്നതാണല്ലോ കേരളത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളത്തില്‍ ആഴ്ത്തിയത്. ഡാമുകള്‍ തുറക്കാന്‍ വൈകിയതോ നിറഞ്ഞു കവിയുമെന്ന് മുന്‍ കൂട്ടി മനസ്സിലാക്കാന്‍ കഴിയാതിരുന്നതും. ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നര്‍ത്ഥം.

പ്രളയം കേരളത്തെ കശക്കിയെറിഞ്ഞപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ശാസ്ത്രജ്ഞന്‍മാരുള്‍പ്പെടെ ഏവര്‍ക്കും കഴിഞ്ഞുള്ളു. മനുഷ്യന്റെയും അവന്‍ നേടിയ എല്ലാ അറിവിന്റെയും ഈ പരിമിതി എത്ര നേരത്തെ തിരിച്ചറിഞ്ഞ് ഇത്തിരി കൂടി വിനീതരാവുന്നുവോ അത്രയും നല്ലത്. ഈ ലോകത്തും പരലോകത്തും.

Related Articles